ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

KERALAM

കേരള രാഷ്ട്രീയ ഡയറി

യൂറോപ്പ്യന്മാരുടെ വരവ് മുതല്‍ ഐക്യകേരളം വരെ

ശരിക്കും പറഞ്ഞാല്‍ 1498ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും വന്നതോടെയാണ് കേരളത്തിന്റെ ആധുനികചരിത്രം ആരംഭിക്കുന്നത്.

കഴിയുന്നെത്ര കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളിലെത്തിച്ച് ലാഭം ഉണ്ടാക്കുക, യൂറോപ്പിലെ സാധനങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോയി വില്ക്കുക തുടങ്ങിയ ലക്ഷ്യമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവിടെ നിലനിന്ന സാമൂഹ്യസ്ഥിതിയും രാജാക്കന്മാരുടെ അനൈക്യവും ആക്രമണവും എല്ലാം രാഷ്ട്രീയാധികാരം കൈക്കലാക്കാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് പ്രചോദനമായി. കോട്ട കെട്ടിയും വെടിമരുന്നും പീരങ്കിയും വലിയ തോക്കും പരിശീലനം സിദ്ധിച്ച പടയാളികളുമായി അവര്‍ കേരള രാജാക്കന്മാരെ വിറപ്പിച്ചു. ആനയും കാലാള്‍പ്പടയും അമ്പും വില്ലും വാളും പരിചയുമായി രാജാക്കന്മാര്‍ പോര്‍ട്ടുഗീസുകാരോട് ഏറ്റുമുട്ടി. അവരെല്ലാം വെടിമരുന്നിനും പീരങ്കിക്കും മുമ്പില്‍ അടിയറവ് പറഞ്ഞ് പിന്മാറി. പോര്‍ട്ടുഗീസുകാരുടെ ശക്തി കേരളരാജാക്കന്മാരെ അസ്വസ്ഥരാക്കി. കൊച്ചി ഉള്‍പ്പെടെയുള്ള വലുതും ചെറുതുമായ രാജ്യങ്ങള്‍ അവരോട് സൗഹൃദം കൂടി. കബ്രാള്‍, അല്‍മേഡ, അല്‍ബുക്കര്‍ക്ക് തുടങ്ങി ശക്തന്മാരുടെ നേതൃത്വത്തില്‍ കേരളത്തിലെത്തിയ പോര്‍ട്ടുഗീസ് സൈന്യം അവരുടെ ശക്തി തെളിയിക്കാന്‍ തുടങ്ങി. കച്ചവടത്തിന്റേയും കടലിന്റേയും ആധിപത്യം കഴിയുന്നെത്ര നേടി എടുക്കുകയായിരുന്നു ഇവരുടെയെല്ലാം ലക്ഷ്യം. കരാര്‍ വഴി പോര്‍ട്ടുഗീസുകാര്‍ പലേടത്തും കോട്ടകെട്ടി മേധാവിത്വം ഉറപ്പിച്ചു. 1503 സെപ്റ്റംബര്‍ 27ന് ശിലയിട്ട മാനുവല്‍ കോട്ട (Fort Manuel) ആണ് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ പണിത ആദ്യത്തെ കോട്ട. ഒരു യൂറോപ്പ്യന്‍ ശക്തി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോട്ടയും ഇതായിരുന്നു. പിന്നീട് കണ്ണൂരില്‍ കെട്ടിയ കോട്ടയ്ക്ക് സെന്‍റ് ആന്‍ജലോ കോട്ട (Fort St. Angelo) എന്നുപേരിട്ടു. പോര്‍ട്ടുഗീസ് താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവിടത്തെ രാജാവ് 1505ല്‍ ഫ്രാന്‍സിസ്കോ അല്‍മേഡയെ രാജപ്രതിനിധിയായി നിയമിച്ചു. അദ്ദേഹത്തിനുശേഷമാണ് അല്‍ഫോണ്‍സോ ഡി അല്‍ബുക്ക്വെര്‍ക്ക് എത്തി. ഇങ്ങനെ പലരും പിന്നീടും വന്നു. കൊച്ചിയിലെ ഭരണത്തിലാണ് പോര്‍ട്ടുഗീസുകാര്‍ ആദ്യം പിടിമുറുക്കിയത്. ക്രമേണ കൊച്ചി രാജാവ് അവരുടെ കൈയിലെ പാവയായി മാറി. അങ്ങനെ യൂറോപ്പ്യന്‍ ശക്തി ആദ്യമായി ഇവിടത്തെ ഭരണം കൈയ്യാളി.

കൊച്ചി കേന്ദ്രീകരിച്ച് കേരളം മുഴുവന്‍ വെട്ടിപ്പിടിക്കാനുള്ള തന്ത്രങ്ങള്‍ പോര്‍ട്ടുഗീസുകാര്‍ പയറ്റിക്കൊണ്ടിരുന്നു. എന്നാല്‍ ഇവരുടെ മതനയവും ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും ക്രിസ്തുമതത്തില്‍ ഉണ്ടാക്കിയ ചേരിതിരിവും ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ക്രിസ്ത്യന്‍ സമുദായത്തെ റോമിലെ പോപ്പിന്റെ കീഴില്‍ കൊണ്ടുവരാനുള്ള നീക്കം സുറിയാനി ക്രിസ്ത്യാനികളെ ക്ഷുഭിതരാക്കി. ഇതിന്റെ പേരില്‍ പലേടത്തും രൂക്ഷമായ സംഘട്ടനം നടന്നു. ഇതിന്റെ ഫലമായിരുന്നു ഉദയംപേരൂര്‍ സുനഹദോസ്, കൂനന്‍കുരിശ് കലാപം എന്നിവ.

വാണിജ്യരംഗത്ത് പോര്‍ട്ടുഗീസുകാര്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തി. കേരളീയ ഉല്പന്നങ്ങള്‍ക്ക് യൂറോപ്പില്‍ വമ്പിച്ച പ്രിയം ഉണ്ടാക്കി. യുദ്ധരംഗത്ത് പടിഞ്ഞാറന്‍ ഉപകരണങ്ങളും കുതിരപ്പടയും പോര്‍ട്ടുഗീസുകാര്‍ ഇവിടെ നടപ്പിലാക്കി. കോട്ടകെട്ടലിന്റേയും പള്ളിനിര്‍മ്മാണത്തിന്റേയും രംഗത്ത് പടിഞ്ഞാറന്‍ വാസ്തുവിദ്യ ഇവിടെ നടപ്പിലാക്കി. കേരളത്തിന്റെ പല ഭാഗത്തും പുതിയ നഗരങ്ങളുണ്ടാക്കി. അച്ചടിവിദ്യയും മതപഠനത്തിനുള്ള സെമിനാരികളും അവര്‍ കേരളത്തിന് സംഭാവന ചെയ്തു. പോര്‍ട്ടുഗീസ് ഭാഷയുമായിട്ടുള്ള ബന്ധം കേരളത്തിന് പുതിയ വിജ്ഞാനവാതിലുകള്‍ തുറന്നിട്ടു. മലയാളികള്‍ കുറെപ്പേര്‍ എങ്കിലും പോര്‍ട്ടുഗീസ് ഭാഷ പഠിച്ചു. പാശ്ചാത്യപണ്ഡിതന്മാര്‍ ഇന്ത്യയിലെ ഔഷധച്ചെടികളെപ്പറ്റി പഠനം നടത്തി. ഇന്ത്യന്‍ ഔഷധചെടികളെക്കുറിച്ച് ഗാഷ്യാ ഡാ ഓര്‍ത്താ രചിച്ച ഗ്രന്ഥം ഈ വിഷയത്തില്‍ ആദ്യത്തേതാണ്. "ചോദ്യോത്തരപുസ്തകം" സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തു. "ചവിട്ടുനാടകം" ഒരു ജനകീയ കലയായി വികസിപ്പിച്ചതും പോര്‍ട്ടുഗീസുകാരാണ്. കശുവണ്ടി, പുകയില, ആത്തിക്ക, പേരയ്ക്ക, പിറുത്തിച്ചക്ക, പപ്പ തുടങ്ങിയ കാര്‍ഷികോല്പന്നങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്ന് പ്രചരിപ്പിച്ചത് പോര്‍ട്ടുഗീസുകാരാണ്.

1604ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കേരളത്തിലെത്തി. അവര്‍ കോഴിക്കോട്ടെ സാമൂതിരി രാജാവുമായി ഉടമ്പടി ഒപ്പിട്ടു. ഡച്ചുകാരും ഒരു ഇന്ത്യന്‍ രാജാവുമായും ഉണ്ടാക്കിയ ആദ്യത്തെ കരാറാണിത്. കുറച്ചു കാലത്തേക്ക് പോര്‍ട്ടുഗീസുകാരും ഡച്ചുകാരും യൂറോപ്പ്യന്‍ ശക്തികളായി കേരളത്തിലുണ്ടായിരുന്നുള്ളൂ. അവര്‍ തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ക്യാപ്റ്റന്‍ കീലിംഗിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകള്‍ കോഴിക്കോട്ട് എത്തി. പിന്നീട് ഡന്മാര്‍ക്കുകാരും ഫ്രഞ്ചുകാരും മലബാറിലെത്തി. അങ്ങോട്ട് യൂറോപ്പ്യന്‍ ശക്തികളുടെ പോര്‍ക്കളമായി കേരളം മാറി. ഡച്ചുകാരായിരുന്നു പോര്‍ട്ടുഗീസുകാരുടെ പ്രധാന ശത്രു. അവര്‍ തമ്മിലുള്ള രൂക്ഷമായ പോരാട്ടമായിരുന്നു 1663 വരെ. ആ വര്‍ഷം കൊച്ചി ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരില്‍ നിന്നും പിടിച്ചെടുത്തു. അതോടെ പോര്‍ട്ടുഗീസുകാര്‍ ഗോവയിലേക്ക് പിന്മാറി. ഡച്ചുകാരായിരുന്നു പിന്നീട് കേരളത്തിലെ പ്രധാനശക്തി. അവരുടെ കേരളത്തില്‍ നടത്തിയിട്ടുള്ള യുദ്ധങ്ങളുടേയും കരാറുകളുടേയും അപ്പോള്‍ കേരളത്തിലല്ല ഇന്ത്യയിലും ലോകത്തും നടന്ന സംഭവങ്ങളുടേയും ചരിത്രമാണ് ഈ വെബ്സൈറ്റിലുള്ള "മലബാറിലെത്തിയ ഡച്ചുസംഘം" എന്ന ഭാഗം.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തന്ത്രത്തിലൂടെയാണ് കാര്യങ്ങള്‍ നീക്കിയത്. അവര്‍ ആദ്യമാദ്യം കേരളത്തിലെ രാജാക്കന്മാരോട് വലിയ കലാപങ്ങള്‍ക്കൊന്നും പോയില്ല. കരാറുകള്‍ ഉണ്ടാക്കിയും കോട്ട കെട്ടിയും അവര്‍ കച്ചവടം ഉറപ്പിച്ചു. ഫ്രഞ്ചുകാര്‍ മലബാറില്‍ മയ്യഴി എന്ന സ്ഥലം പിടിച്ചെടുത്ത് അവിടെ കേന്ദ്രീകരിച്ചു. മയ്യഴിയെ അവര്‍ പിന്നെ "മാഹി" എന്നാക്കി. ഡന്മാര്‍ക്കുകാര്‍ ഇടവാ ഏതാനും ഭാഗത്ത് കച്ചവടം നടത്തിയ ശേഷം വിടപറഞ്ഞു. ഇതിനിടയില്‍ കേരളത്തിന്റെ തെക്കുഭാഗത്തുള്ള വേണാട് എന്ന ചെറിയ രാജ്യത്ത് അധികാരത്തില്‍ വന്ന ശക്തനായ രാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ എന്ന സ്ഥലത്തു നടത്തിയ യുദ്ധത്തിലൂടെ ഡച്ചുകാരെ തോല്പിച്ചു. അതോടെ ഡച്ചുകാരുടെ ശക്തി കേരളത്തില്‍ ക്ഷയിക്കാന്‍ തുടങ്ങി. മാര്‍ത്താണ്ഡവര്‍മ്മ അയല്‍രാജ്യങ്ങള ഓരോന്നായി പിടിച്ചെടുത്ത് രാജ്യം വിസ്തൃതമാക്കിക്കൊണ്ടിരുന്നു. അദ്ദേഹം രാജ്യത്തിന്റെ വിസ്തൃതി കൊച്ചിക്ക് സമീപം വരെ എത്തിച്ചു. കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിവരെ നീണ്ട മാര്‍ത്താണ്ഡവര്‍മ്മയുടെ രാജ്യം പിന്നീട് "തിരുവിതാംകൂര്‍" എന്ന് അറിയപ്പെട്ടു. ആ രാജ്യത്തെ തന്ത്രശാലിയായ മാര്‍ത്താണ്ഡവര്‍മ തന്റെ കുലദൈവമായ ശ്രീപദ്മനാഭസ്വാമിക്ക് "തൃപ്പടിദാനം" എന്ന ചടങ്ങുവഴി സമര്‍പ്പിച്ചുകൊണ്ട്, തനിക്ക് രാജ്യമില്ലെന്നും താനും തന്റെ അനന്തര രാജാക്കന്മാരും "ശ്രീ പദ്മനാഭദാസന്മാര്‍" എന്ന് അറിയപ്പെടുമെന്നും പ്രഖ്യാപിച്ചു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ (ധര്‍മ്മരാജാവ്) അധികാരത്തില്‍ വന്നു. അദ്ദേഹത്തിന്റെ കാലത്താണ് മൈസൂറിലെ ടിപ്പുസുല്‍ത്താന്റെ മലബാര്‍ ആക്രമണം ശക്തമായത്. മലബാറിലെ പല രാജ്യങ്ങളും ടിപ്പുസുല്‍ത്താന്‍ പിടിച്ചെടുത്തു. അവിടെ നിന്നുള്ള പല രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും തിരുവിതാംകൂറില്‍ അഭയംപ്രാപിച്ചു. ഈ സമയത്ത് മൈസൂര്‍ ആക്രമണത്തെ തടയാനുള്ള ശക്തി ഡച്ചുകാര്‍ക്ക് ഇല്ലായിരുന്നു. അവര്‍ ഒരു മധ്യസ്ഥന്റെ റോളില്‍ അഭിനയിച്ചു. അതുകൊണ്ട് ടിപ്പുസുല്‍ത്താന്റെ ആക്രമണത്തിന് കുറവ് വന്നില്ല. ടിപ്പു തിരുവിതാംകൂര്‍ ലക്ഷ്യമാക്കി പടനയിച്ചു. കൊച്ചി മൈസൂറിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ടിപ്പുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ സമയത്ത് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ഉള്‍പ്പെടെയുള്ള കേരളത്തിലെ രാജാക്കന്മാര്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെയാണ് രക്ഷകരായി കണ്ടത്. ഇംഗ്ലീഷുകാര്‍ ഈ തക്കം ശരിക്കും ഉപയോഗിച്ചു.

1790 ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിലുള്ള മൂന്നാം മൈസൂര്‍ യുദ്ധം ആരംഭിച്ചു. ഇംഗ്ലീഷ് സൈന്യം ശ്രീരംഗപട്ടണം ആക്രമിച്ചു. അതോടെ ആലുവാ വരെ എത്തിയ ടിപ്പുവിന്റെ സൈന്യം മൈസൂറിലേക്ക് പിന്‍തിരിഞ്ഞു. കൊച്ചിയിലെ ശക്തന്‍ തമ്പൂരാനും സാമൂതിരിയും മലബാറിലെ മറ്റ് രാജാക്കന്മാരും ഇംഗ്ലീഷുകാരോട് കൂറ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ പ്രദേശങ്ങള്‍ ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തു.

1792 ഫെബ്രുവരി 22ന് ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാര്‍ വഴി മലബാറിലെ വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. ഇംഗ്ലീഷുകാര്‍ രാജാക്കന്മാര്‍ക്ക് സ്ഥാനമാനങ്ങളും പദവിയും പെന്‍ഷനും നല്‍കിയശേഷം മലബാറിനെ ഇംഗ്ലീഷുകാര്‍ ഒറ്റ ജില്ലയാക്കി, നേരിട്ട് ഭരിച്ചു. തിരുവിതാംകൂറും കൊച്ചിയുമായി ഇംഗ്ലീഷുകാര്‍ കരാര്‍ ഉണ്ടാക്കി. അതോടെ രണ്ട് രാജ്യങ്ങളും ഇംഗ്ലീഷ് മേല്‍ക്കോയ്മ അംഗീകരിച്ചു. രാജാക്കന്മാരുടെ ഭരണം നിയന്ത്രിക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റസിഡന്‍റ് എന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. ഈ കരാറുകളും പിന്നീട് ഉണ്ടാക്കിയ കരാറുകളും തിരുവിതാംകൂറിന്റെ രാഷ്ട്രീയാധികാരം നശിപ്പിച്ചു. വയനാടിനെ സംബന്ധിച്ച് കേരളവര്‍മ പഴശ്ശിരാജ നടത്തിയ കലാപം ആണ് പിന്നീട് ഇംഗ്ലീഷുകാര്‍ക്ക് നേരിടേണ്ടിവന്നത്. 1805 നവംബര്‍ 30ന് പഴശ്ശിയുടെ അന്ത്യത്തോടെ മലബാറില്‍ ഇംഗ്ലീഷുകാര്‍ക്ക് ഭീഷണി ഒന്നും ഇല്ലാതായി. എന്നാല്‍ 1809 തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവയും കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ചനും ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ കലാപം അതിവേഗം അവര്‍ അടിച്ചമര്‍ത്തി. അതിനുശേഷം കൊച്ചിയിലും തിരുവിതാംകൂറിലും രാജാക്കന്മാരാണ് ഭരിച്ചതെങ്കിലും രാഷ്ട്രീയാധികാരം ഏകദേശം നഷ്ടപ്പെട്ടിരുന്നു. 1812ല്‍ വയനാട്ടിലുണ്ടായ കുറച്ച്യ കലാപത്തേയും ഇംഗ്ലീഷുകാര്‍ അടിച്ചമര്‍ത്തി. 1858ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും മലബാറിന്റേയും ഭരണം പുതിയ രൂപത്തിലായി. തിരുവിതാംകൂറിലും കൊച്ചിയിലും രാജാക്കന്മാര്‍ ആണ് ഭരണം നടത്തിയിരുന്നത്. അവരുടെ മുകളില്‍ ഉള്ള റസിഡന്‍റോ, പൊളിറ്റിക്കല്‍ ഏജന്‍റോ ഉണ്ടായിരുന്നു. റസിഡന്‍റിനെ നിയന്ത്രിച്ചിരുന്നത് മദ്രാസ് പ്രവിശ്യയിലെ "ഗവര്‍ണര്‍" ആയിരുന്നു. മലബാറിലെ കളക്ടറുടെ ഭരണവും മദ്രാസ് ഗവര്‍ണറുടെ കീഴിലായിരുന്നു. 1912 വരെ കല്‍ക്കട്ടയിലായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. അവിടെ വൈസ്റോയി അഥവാ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നു ഇന്ത്യയിലെ മേധാവി. 1912ല്‍ പിന്നീട് തലസ്ഥാനം ഡല്‍ഹിക്ക് മാറ്റി.

1885ല്‍ ആരംഭിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിവേഗം രാജ്യം മുഴുവന്‍ വ്യാപിക്കുന്ന ദേശീയ സംഘടനയായി മാറിക്കൊണ്ടിരുന്നു. ആദ്യമാദ്യം വര്‍ഷത്തിലൊരിക്കല്‍ യോഗം കൂടി ചില പ്രമേയങ്ങള്‍ മാത്രം പാസാക്കിക്കൊണ്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ശേഷം അതിവേഗം ഒരു സമരസംഘടനയായി മാറി. ഗാന്ധിജി ഇന്ത്യയിലെത്തുകയോ "മഹാത്മാവ്" ആകുകയോ ചെയ്യുന്നതിനു മുന്പ് അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ രണ്ട് മലയാളികളുണ്ടായിരുന്നു. അത് സ്വദേശാഭിമാനി പത്രാധിപര്‍ രാമകൃഷ്ണപിള്ളയും, ബാരിസ്റ്റര്‍ ജി.പി. പിള്ളയും ആണ്. രാമകൃഷ്ണപിള്ളയാണ് ആദ്യമായി മോഹന്‍ദാസ് ഗാന്ധി എന്ന പുസ്തകം എഴുതിയത്. ഗാന്ധിജിയുടെ ജീവചരിത്രം ഇത്തരത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണെന്ന് പറയുന്നു. എന്നാല്‍ രാമകൃഷ്ണ പുസ്തകം എഴുതുന്നതിന് എത്രയോ മുമ്പ് ഗാന്ധിജിയുടെ ഇന്ത്യന്‍ രാഷ്ട്രീയം ഒരുങ്ങുകയും ദക്ഷിണാഫ്രിക്കന്‍ പ്രശ്നം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുകയും അതിന് പത്രങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ദേശവ്യാപകമായി പ്രചരണം കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് ആണ് ജി.പി. പിള്ള (ജി. പരമേശ്വരന്‍ പിള്ള). അദ്ദേഹമാണ് ബാരിസ്റ്റര്‍ ജി.പി. എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഗാന്ധിജി തന്റെ ആത്മകഥയില്‍ പറയുന്ന ഏക മലയാളിയും ജി. പരമേശ്വരന്‍ പിള്ളയാണ്. അദ്ദേഹം ദാദാഭായി നവറോജി, ഡബ്ല്യു.സി. ബാനര്‍ജി, സുരേന്ദ്രനാഥ ബാനര്‍ജി, ബാലഗംഗാധര തിലകന്‍, ഗോപാലകൃഷ്ണ ഗോഖലേ, സി. ശങ്കരന്‍ നായര്‍ തുടങ്ങിയ ദേശീയ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ച നേതാവും അവരുടെ സുഹൃത്തും ആയിരുന്നു. മലയാളിയായ ശങ്കരന്‍ നായര്‍, 1897ല്‍ അമരാവതി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് എത്തിയ മലയാളിയാണ്. അദ്ദേഹത്തിന് പിന്നീട് സര്‍. സ്ഥാനം ലഭിക്കുകയും വൈസ്റോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമാകുകയും ചെയ്തു. 1919 ജാലിയന്‍വാലാ വെടിവയ്പില്‍ പ്രതിഷേധിച്ചാണ് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവച്ചത്. ദേശീയ നേതാക്കളെ സംഭാവന ചെയ്യുക മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിന്റെ വികാരോജ്വലമായ ഏടുകള്‍ക്കും കേരളം അല്ലെങ്കില്‍ പ്രത്യേകിച്ച് മലബാര്‍ സാക്ഷിയായി. മലബാറിലാണ് കോണ്‍ഗ്രസ് ആദ്യം ശക്തപ്പെട്ടത്. 1928ല്‍ പയ്യന്നൂരില്‍ നടന്ന അഖില കേരള രാഷ്ട്രീയസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ്. കോണ്‍ഗ്രസിന്റെ ലക്ഷ്യം പൂര്‍ണസ്വരാജ് ആണെന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിക്കാന്‍ പ്രമേയം പാസാക്കിയത് ഈ സമ്മേളനത്തിലാണ്. സ്വാതന്ത്ര്യസമരകാലത്തു തന്നെ മലയാളികളുടെ ചിരകാലസ്വപ്നം ആയിരുന്നു ഐക്യകേരള രൂപീകരണം. ഇതിനുവേണ്ടി പല സമ്മേളനങ്ങളും ചര്‍ച്ചകളും പലപ്പോഴായി നടന്നു. സ്വാതന്ത്ര്യലബ്ധിയോടെ ഈ ആവശ്യത്തിനു ശക്തികൂടി.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ ഭൂവിഭാഗങ്ങളായി കിടന്ന കേരളം ഒന്നാകുമെന്നും തിരുവനന്തപുരം അതിന്റെ തലസ്ഥാനമാകുമെന്നും ആദ്യം പ്രവചിച്ചതില്‍ ഒരാള്‍ "സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" യായിരുന്നു. അദ്ദേഹത്തെ 1910 സെപ്തംബര്‍ 26ന് തിരുവിതാംകൂര്‍ രാജകീയ ഭരണകൂടം നാടുകടത്തി. അദ്ദേഹത്തിന് അഭയം നല്‍കിയത് മലബാര്‍ ആയിരുന്നു. പാലക്കാടും പിന്നീട് കണ്ണൂരിലും താമസിക്കുന്നതിനിടയ്ക്കാണ് "കാറല്‍ മാര്‍ക്സ്", "മോഹന്‍ദാസ് ഗാന്ധി" എന്നീ പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയത്. 1916 മാര്‍ച്ച് 28ന് അദ്ദേഹം കണ്ണൂരില്‍ വച്ച് അന്ത്യശ്വാസം വലിച്ചു. അവിടെ പയ്യാമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം കൊണ്ട അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത്. രാമകൃഷ്ണപിള്ള ഉയര്‍ത്തിയ "ഐക്യകേരളം" എന്ന വികാരം സ്വാതന്ത്ര്യലബ്ധി കാലത്താണ് ശക്തിപ്പെട്ടത്. 1928ല്‍ എറണാകുളത്ത് കൂടിയ നാട്ടുരാജ്യപ്രജാസമ്മേളനം "ഐക്യകേരളം" ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. അതിനുമുന്പ് 1921 മുതല്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. 1946ല്‍ കൊച്ചിയിലെ കേരളവര്‍മ്മ മഹാരാജാവും തന്നെ ഐക്യകേരളം എന്ന ആവശ്യം ഉന്നയിച്ചു. ആ വര്‍ഷം മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ കൂടിയ യോഗം "ഐക്യകേരള"സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. 1947 ഏപ്രിലില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചി മഹാരാജാവ് തന്നെ നേരിട്ട് എത്തി. പക്ഷെ ഈ സമയത്തെല്ലാം തിരുവിതാംകൂറിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. അവിടത്തെ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കുമെന്നും ഭൂപടത്തില്‍ ഒരു സ്വതന്ത്രരാജ്യമായി തിരുവിതാംകൂര്‍ സ്ഥാനം പിടിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനെതിരെ ശക്തിയായി പ്രതിഷേധം ഉയര്‍ന്നു. അതേസമയം ഐക്യകേരളത്തിനുവേണ്ടിയുള്ള ആവശ്യം ശക്തമായി ക്കൊണ്ടിരുന്നു. അതിനിടയില്‍ 1947 ജൂലൈ 25ന് ദിവാന്‍ സര്‍. സി.പി.യ്ക്കു വെട്ടേറ്റു. ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ തന്റെ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 19ന് സര്‍. സി.പി.യും അവസാനത്തെ ബ്രിട്ടീഷ് റസിഡന്‍റും തിരുവിതാംകൂര്‍ വിട്ടു. ഐക്യകേരളത്തിന്റെ മുന്നോടിയായി തിരുവിതാംകൂറിനേയും കൊച്ചിയേയും ഒന്നിപ്പിച്ച് ഒരു സംസ്ഥാനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരണത്തിനുമുമ്പ്

ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ച മലബാറിലും രാജാക്കന്മാര്‍ ഭരിച്ചിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും ഇന്ത്യയിലെ ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊള്ളുന്നതിനു എത്രയോ മുമ്പ് സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമായിരുന്നു. ഇതില്‍ എടുത്തുപറയാവുന്ന ആദ്യസംഭവം തിരുവിതാംകൂറില്‍ തലക്കുളത്ത് കാര്യക്കാരന്‍ വേലുത്തമ്പി നടത്തിയ ജനകീയ പ്രക്ഷോഭമാണ്. ബാലരാമവര്‍മ്മ മഹാരാജാവ് (1798-1810) കാലത്ത് ജയന്തല്‍ ശങ്കരന്‍ നമ്പൂതിരി, ശങ്കരന്‍ ചെട്ടി, മാത്തു തരകന്‍ എന്നിവരുടെ ഉപജാപഭരണത്തിനും അമിതമായ നികുതിവര്‍ദ്ധനവിനും അഴിമതിക്കും എതിരെ സഹികെട്ട ജനം തലക്കുളത്ത് കാര്യക്കാരന്‍ വേലുത്തമ്പിയുടെ നേതൃത്വത്തില്‍ സംഘടിച്ച് പ്രതിഷേധവുമായി തിരുവനന്തപുരത്ത് എത്തി. ഈ സമരം ഫലം കണ്ടു. അഴിമതിക്കാരെ മഹാരാജാവ് പിരിച്ചുവിട്ടു. വേലുത്തമ്പി ഭരണാധികാരിയായി. അവസാനം അദ്ദേഹം ദളവ (പ്രധാനമന്ത്രി) വരെയായി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ധാര്‍ഷ്ട്യത്തിന് എതിരെ വേലുത്തമ്പി ദളവയും കൊച്ചിയിലെ പ്രധാനമന്ത്രി പാലിയത്തച്ചനും രംഗത്തിറങ്ങിയതാണ് അടുത്ത സംഭവം. 1809 ജനുവരി 19ന് ഇവരുടെ സംയുക്ത സൈന്യം കൊച്ചിയിലെ റസിഡന്റ് കേണല്‍ മെക്കാളെയുടെ ഔദ്യോഗിക വസതി ആക്രമിച്ചു. പക്ഷേ, റസിഡന്റ് രക്ഷപ്പെട്ടു. ഇംഗ്ലീഷുകാര്‍ അതിവേഗം കലാപം അടിച്ചമര്‍ത്തി. പാലിയത്തച്ചനെ നാടുകടത്തി. വേലുത്തമ്പി മണ്ണടിക്ഷേത്രത്തില്‍വച്ച് ആത്മഹത്യ ചെയ്തു. അതിനുമുമ്പ് അദ്ദേഹം 1809 ജനുവരി 11ന് ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ "കുണ്ടറ വിളംബരം" ചരിത്രപ്രസിദ്ധമാണ്. ഈ സംഭവത്തിനുശേഷം തിരുവിതാംകൂറിലേയും കൊച്ചിയിലേയും ഭരണത്തില്‍ ഇംഗ്ലീഷുകാര്‍ പിടിമുറുക്കി. ഫലത്തില്‍ മലബാറില്‍ നേരിട്ടും, തിരുവിതാംകൂറിനേയും കൊച്ചിയേയും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റസിഡന്‍റുമാര്‍ വഴി ഭരിച്ചു. രണ്ടുസ്ഥലത്തും സിംഹാസനത്തില്‍ രാജാക്കന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് റസിഡന്‍റുമാര്‍ ആയിരുന്നു.

കൊച്ചിയിലെ 1834 ദിവാന്‍ എടമന ശങ്കരമേനോന്റേയും അഴിമതി ഭരണത്തിന് എതിരെ ജനങ്ങള്‍ സംഘടിച്ച് മദിരാശി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഒടുവില്‍ മേനോനെ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടുകയും വിചാരണയ്ക്കുശേഷം അഞ്ചുവര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തു. ദിവാന്‍ വെങ്കിട്ടറാവു (1856-1860)വിന് എതിരായും ജനരോഷം ഉയര്‍ന്നു. അദ്ദേഹത്തിനും നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി പിരിച്ചുവിട്ടു.

കേരളത്തിലെ ആദ്യത്തെ ജനകീയ വിപ്ലവം എന്നുവിശേഷിപ്പിക്കാവുന്നത് "മലയാളി മെമ്മോറിയല്‍" ആണ്. വിദ്യാസമ്പന്നരായ മലയാളികളെ തഴഞ്ഞ് പരദേശി ബ്രാഹ്മണരെ മാത്രം തിരുവിതാംകൂര്‍ രാജകീയ സര്‍വീസില്‍ നിയമിക്കുന്നതിനെതിരെ 1891 ജനുവരിയില്‍ നാനാജാതിമതസ്ഥരായ പതിനായിരം പേര്‍ ഒപ്പിട്ട് ശ്രീമൂലം തിരുനാളിന് നല്‍കിയ നിവേദനമാണ് മലയാളി മെമ്മോറിയല്‍. 1896 സെപ്റ്റംബര്‍ മൂന്നിന് ഡോ. പല്പുവിന്റെ നേതൃത്വത്തില്‍ 13176 പേര്‍ ഒപ്പിട്ട മറ്റൊരു മെമ്മോറിയലും മഹാരാജാവിന് സമര്‍പ്പിച്ചു. ഇതെല്ലാം കേരള സാമൂഹ്യരാഷ്ട്രീയാന്തരീക്ഷത്തില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിച്ചു.

മലബാറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

1885ല്‍ ബോംബേയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊണ്ടപ്പോള്‍ അതിലെ ആദ്യകാല നേതാക്കളായും പ്രവര്‍ത്തകരായും സര്‍. സി. ശങ്കരന്‍നായര്‍, ജി.പി. പിള്ള (ബാരിസ്റ്റര്‍ ജി.പി. പിള്ള), പി. രൈരുനമ്പ്യാര്‍, സി. കുഞ്ഞിരാമമേനോന്‍, മന്നത്ത് കൃഷ്ണന്‍നായര്‍, ഡോ. ടി.എം. നായര്‍, എസ്.കെ. നായര്‍, സി. കരുണാകര മേനോന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഇതില്‍ ഒറ്റപ്പാലം സ്വദേശിയായ സര്‍. സി. ശങ്കരന്‍ നായരാണ് 1897ല്‍ അമരാവതി കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായത്.

ഇതിനിടയില്‍ വടക്കേ ഇന്ത്യയില്‍ ആരംഭിച്ച ഭീകരപ്രസ്ഥാനങ്ങളുടെ സ്വാധീനം കേരളത്തിലുമുണ്ടായി. അതില്‍ ആകൃഷ്ടനായ ഒരാളായിരുന്നു പുനലൂരില്‍ വനംവകുപ്പില്‍ ജോലി ചെയ്തിരുന്ന വാഞ്ചി അയ്യര്‍ എന്ന യുവാവ്. തിരുനെല്‍വേലി കളക്ടറെ വെടിവച്ചുകൊന്നശേഷം വാഞ്ചി അയ്യര്‍ 1911ല്‍ ആത്മഹത്യ ചെയ്തു. 1908ല്‍ തിരുവനന്തപുരത്തുനിന്നും ഉപരിപഠനത്തിന് യൂറോപ്പിലേക്ക് പോയ ചെമ്പകരാമന്‍ പിള്ള (1891-1934) ബര്‍ലിനില്‍ സ്ഥിരതാമസമാക്കി. അവിടെ ഇന്ത്യക്കാരുടെ വിപ്ലവസംഘടന (ഇന്‍റര്‍നാഷണല്‍ പ്രോഇന്ത്യ കമ്മിറ്റി) രൂപീകരിച്ചു. ഒന്നാംലോക മഹായുദ്ധകാലത്ത് ജര്‍മ്മന്‍ നാവികക്കപ്പലായ "എംഡന്‍"ല്‍ അദ്ദേഹം ഇന്ത്യയിലെ ബ്രിട്ടീഷ് പ്രദേശങ്ങള്‍ ആക്രമിച്ചു. 1910ല്‍ ശ്രീമൂലം തിരുനാളിന്റെ വിളംബരത്തെ തുടര്‍ന്ന് നാടുകടത്തിയ സ്വദേശാഭിമാനി പത്രാധിപര്‍ അവസാനം എഴുതിയത് മലബാറിലാണ്. ഗാന്ധിജിയും കാറല്‍ മാര്‍ക്സിനേയും കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ദേശീയബോധത്തിന്റെ ചാലകശക്തിയായി മാറി. മലബാറിനെപ്പോലെ തിരുവിതാംകൂറില്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നില്ല. അതേസമയം പൗരാവകാശ പ്രക്ഷോഭങ്ങളും, നവോത്ഥാനപ്രസ്ഥാനങ്ങളും തിരുവിതാംകൂറില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു.

കെ.പി. കേശവമേനോന്‍ ഇംഗ്ലണ്ടില്‍ നിന്നും ബാരിസ്റ്റര്‍ പഠനത്തിനുശേഷം കോഴിക്കോട് എത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം മലബാറില്‍ ശക്തമായത്. ഇതിനിടയില്‍ മലബാറില്‍ രൂപംകൊണ്ട ഹോംറൂളിന്റെ ശാഖയും കോണ്‍ഗ്രസും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. ആനിബസന്‍റ്, സര്‍. സി.പി. രാമസ്വാമി അയ്യര്‍ തുടങ്ങിയവര്‍ ഹോംറൂള്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ മലബാറിലെത്തിക്കൊണ്ടിരുന്നു. മഞ്ചേരി രാമയ്യര്‍ ഇതിലെ സജീവപ്രവര്‍ത്തകനായിരുന്നു. ഒന്നാം മലബാര്‍ ജില്ലാ സമ്മേളനം 1916ല്‍ നടന്നത് മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ഉണര്‍വ് നല്‍കി. ഒന്നാംലോകമഹായുദ്ധകാലത്ത് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന സംഭവം മലബാറിലെ കോണ്‍ഗ്രസ്സിന് പുതിയ ആവേശം നല്‍കി. യുദ്ധഫണ്ട് പിരിക്കുന്നതിന് ആലോചിക്കാന്‍ കളക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ കെ.പി. കേശവമനോനെ മലാളത്തില്‍ പ്രസംഗിക്കാന്‍ ഇംഗ്ലീഷുകാരനായ കളക്ടര്‍ അനുവദിച്ചില്ല. ഇതോടെ കെ.പി. കേശവമേനോനും കോണ്‍ഗ്രസ്സുകാരും യോഗം ബഹിഷ്കരിച്ചു. "ഖിലാഫത്ത്" പ്രസ്ഥാനത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഗാന്ധിയും പിന്തുണ നല്‍ഖിയത് മലബാറിലെ മുസ്ലീങ്ങള്‍ക്കിടയില്‍ പുതിയ ആവേശം സൃഷ്ടിച്ചു. ഖിലാഫത്ത് പ്രചരണാര്‍ഥമാണ് ഗാന്ധിജി 1920ല്‍ ആദ്യമായി കേരളം സന്ദര്‍ശിച്ചത്. കോഴിക്കോട്ടായിരുന്നു രണ്ടുദിവസത്തെ സന്ദര്‍ശനം. എന്നാല്‍ മതത്തിന്റെ പേരില്‍ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും തമ്മില്‍ അകറ്റാന്‍ മലബാര്‍ ഭരണകൂടത്തിന് കഴിഞ്ഞു. അതിന്റെ ഫലമായി മുസ്ലീങ്ങളുടെ ഇടയില്‍ തീവ്രവാദം ഉടലെടുത്തു. ഹിന്ദുക്കളും മുസ്ലീങ്ങളും വിരോധികളായി. ഇത് പിന്നീട് മലബാര്‍ കലാപമായി മാറി. കലാപത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍ പോലീസ് ക്രൂരമായ മര്‍ദ്ദനവും അഴിച്ചുവിട്ടു. നിരവധിപേര്‍ മരിച്ചു. ഈ കലാപത്തിലെ കറുത്ത അധ്യായമാണ് വാഗണ്‍ ട്രാജഡി. അടച്ചുപൂട്ടിയ റെയില്‍വേ വാഗണില്‍ കൊണ്ടുപോയ തടവുകാരായ മാപ്പിളമാരില്‍ അറുപത്തിനാലുപേര്‍ ശ്വാസംമുട്ടി മരിച്ചു. മലബാര്‍ കലാപം കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനത്തെ അല്പകാലത്തേക്ക് ക്ഷീണിപ്പിച്ചു. മലബാര്‍ കലാപം നടക്കുമ്പോള്‍ തിരുവിതാംകൂറില്‍ ഫീസ് വര്‍ധനവിനെതിരെ രൂക്ഷമായ വിദ്യാര്‍ഥി സമരം നടക്കുകയായിരുന്നു. ശ്രീമൂലം തിരുനാള്‍ ആണ് അന്ന് മഹാരാജാവ്. ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനായി 1923 മാര്‍ച്ച് 18ന് "മാതൃഭൂമി" പത്രം ആരംഭിച്ചു. ഇത് ദേശീയ പ്രസ്ഥാനത്തിന്റെ പ്രചരണവേദിയായി മാറി.

തിരുവിതാംകൂറില്‍ 1919ല്‍ രൂപംകൊണ്ട "പൗരാവകാശ ലീഗ്" ലാന്‍ഡ് റവന്യൂ വകുപ്പില്‍ അവര്‍ണരായ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ തുടങ്ങിയവര്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ലീഗിന്റെ നേതൃത്വത്തില്‍ രാജകീയസര്‍ക്കാരിന് നിവേദനം നല്‍കി. ഇതേത്തുടര്‍ന്ന് വകുപ്പ് റവന്യൂ, ദേവസ്വം എന്നിങ്ങനെ രണ്ടായി വിഭജിച്ചു.

ദേശീയപ്രസ്ഥാനത്തിന് കരുത്ത് നല്‍കിയ പ്രധാന ചാലകശക്തി കേരളത്തിലാരംഭിച്ച സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളും, സമുദായ സംഘടനകളും ആയിരുന്നു. ഹിന്ദുസമുദായത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെയുള്ള പ്രതിഷേധം ശക്തമായി. ഒരുഭാഗം ആളുകള്‍ക്ക് ക്ഷേത്രത്തിലല്ല, ക്ഷേത്രവഴിയില്‍ക്കൂടി പോലും സഞ്ചരിക്കാന്‍ അനുവാദമില്ലായിരുന്നു. ഇതിനെതിരെ കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും ഗാന്ധിജിയുടേയും അനുഗ്രഹാശംസകളോടെ ആദ്യം തുടങ്ങിയ സമരമാണ് വൈക്കം സത്യാഗ്രഹം (1924-1926). 1928ല്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും സമസ്ത ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണമെന്ന ആവശ്യത്തിന് ശക്തികൂടി. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് (1931-1948) ആയതോടെ ഇതേപ്പറ്റി പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. മഹാരാജാവിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപനത്തിനുവേണ്ടിയുള്ള കളമൊരുക്കി. 1936ല്‍ അദ്ദേഹം ദിവാനായി. അതോടെ ക്ഷേത്രപ്രവേശനവിളംബരത്തിന് കളമൊരുങ്ങി. അതിനുവേണ്ടി രാജകുടുംബം പൂര്‍ണമായ സമ്മതം പ്രകടിപ്പിച്ചു. സമുദായസംഘടനകളിലും പുരോഹിതരില്‍ നിന്നും ഉണ്ടായ എതിര്‍പ്പുകളെല്ലാം തന്ത്രപൂര്‍വം സി.പി. തരണംചെയ്തു. 1936 നവംബര്‍ 12ന് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ക്ഷേത്രപ്രവേശനവിളംബരം നടത്തി. ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട രാജവിളംബരമായിരുന്നു അത്. ഈ സമയം കൊച്ചിയും മലബാറും സമസ്ത ഹിന്ദുക്കള്‍ക്കും ക്ഷേത്രം തുറന്നുകൊടുക്കുന്ന നടപടിയില്‍ നിന്നും മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു.

തിരുവിതാംകൂര്‍ സാമൂഹ്യപരിഷ്കരണങ്ങളിലൂടെ മുന്നേറിയപ്പോള്‍ കൊച്ചിയിലും മലബാറിലും കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുകയായിരുന്നു. ദേശീയതലത്തില്‍ നടന്ന സമരങ്ങളെല്ലാം മലബാറില്‍ പ്രതിഫലിച്ചു. 1921 മലബാര്‍ കലാപത്തിനുശേഷം മന്ദീഭവിച്ച മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം 1927 മുതല്‍ ശക്തമായിക്കൊണ്ടിരുന്നു. 1928ല്‍ പയ്യന്നൂരില്‍ നടന്ന അഖില്യോ രാഷ്ട്രീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. ഈ യോഗത്തില്‍വച്ചാണ് കോണ്‍ഗ്രസ് അഖില്യോ സമ്മേളനം "പൂര്‍ണ സ്വരാജ്" ആണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. 1930 മാര്‍ച്ചിലെ ഉപ്പുസത്യാഗ്രഹം, 1931ല്‍ ലണ്ടനിലെ വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടര്‍ന്ന് ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് ആരംഭിച്ച നിയമലംഘനപ്രസ്ഥാനം, വിദേശവസ്ത്രബഹിഷ്കരണം തുടങ്ങിയവ മലബാറിനെ ഇളക്കിമറിച്ചു. ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ചുള്ള സമരങ്ങളില്‍ തിരുവിതാംകൂറുകാരും, കൊച്ചിക്കാരും മലബാറില്‍ പോയി സമരം നടത്താനായിരുന്നു അഖില്യോ കോണ്‍ഗ്രസ്സിന്റെ തീരുമാനം.

1934ല്‍ മലബാറിലെ കോണ്‍ഗ്രസില്‍ ഇടതുപക്ഷം, വലതുപക്ഷം എന്നിങ്ങനെ രണ്ടുചേരികളുണ്ടായി. ഇതില്‍ ഇടതുപക്ഷ ചേരി ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടകമായി. ഈ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍പ്പെട്ടവരാണ് 1939ല്‍ മലബാറില്‍ കമ്യൂണിസ്റ്റുകാരായി മാറിയത്. 1917 മുതല്‍ വടക്കേ മലബാറിന്റെ ചില ഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഡാക്കയില്‍ ആരംഭിച്ച മുസ്ലീം ലീഗിന്റെ ശാഖകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ക്രമേണ ലീഗ് വളര്‍ന്നുകൊണ്ടിരുന്നു. 1937ല്‍ മലബാറില്‍ മുസ്ലീം ലീഗിന്റെ അധ്യക്ഷനായി കണ്ണൂര്‍ ആലി രാജാവ് അബ്ദുര്‍റഹിമാനെ തെരഞ്ഞെടുത്തു.

കൊച്ചിയില്‍ മലബാറിനെപ്പോലെ അല്ലെങ്കിലും 1919 മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1933 കൊടുങ്ങല്ലൂരിലെ കൃഷിക്കാരും തൊഴിലാളികളും കടത്തില്‍ നിന്നും മോചനം ലഭിക്കാന്‍ നടത്തിയ പ്രക്ഷോഭണം, 1936ല്‍ തൃശൂര്‍ നഗരത്തിലെ വൈദ്യുതിവിതരണം സ്വകാര്യകമ്പനിക്ക് നല്‍കുന്നതിനെതിരെയുള്ള സമരം തുടങ്ങിയവ അവിടെ നടന്നു.

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും
കൊച്ചി പ്രജാമണ്ഡലവും

സ്വാതന്ത്ര്യസമരം വരെ കൊച്ചി രാഷ്ട്രീയത്തെ നയിച്ചത് "കൊച്ചി പ്രജാമണ്ഡല"വും തിരുവിതാംകൂറിനെ "തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്" എന്നീ പാര്‍ട്ടികളാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1938 ഹരിപുര (ഗുജറാത്ത്) സമ്മേളനമാണ് രാജാക്കന്മാര്‍ ഭരിക്കുന്ന നാട്ടുരാജ്യങ്ങളില്‍ ഉത്തരവാദിത്വഭരണം ആവശ്യപ്പെടാന്‍ പ്രത്യേക പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭയും, അതില്‍ നിന്നും മന്ത്രിസഭയും, ദിവാനുപകരം ജനകീയ പ്രധാനമന്ത്രി, പരിമിതമായ അധികാരമുള്ള രാജാവ് ഇതൊക്കെ ആയിരുന്നു ഉത്തരവാദിത്വഭരണത്തിന്റെ ആദ്യകാലത്തെ പ്രധാനലക്ഷ്യങ്ങള്‍. ഇതേത്തുടര്‍ന്ന് 1938 ഫെബ്രുവരി 23ന് തിരുവനന്തപുരത്ത് പുളിമൂട്ടിലുള്ള രാഷ്ട്രീയ ഹോട്ടലില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് ജന്മമെടുത്തു. സി.വി. കുഞ്ഞുരാമന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പട്ടംതാണുപിള്ള, പി.എസ്. നടരാജപിള്ള, ആനിമസ്ക്രീന്‍, ടി.എം. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രഗല്‍ഭനായ ഭരണാധികാരിയും തിരുവിതാംകൂറിനെ നാനാമേഖലയിലും പൂരോഗതിക്ക് നയിച്ച ദിവാനായിരുന്നു സര്‍ സി.പി. രാമസ്വാമി അയ്യര്‍. ഒരുകാലത്ത് കോണ്‍ഗ്രസ് അഖില്യോ നേതാവ്, പിന്നീട് ഹോംറൂള്‍ പ്രസ്ഥാനനേതാവ് എന്നീ നിലയില്‍ ഇന്ത്യയ്ക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം ക്രമേണ ബ്രിട്ടീഷ് പക്ഷത്തായതോടെ കോണ്‍ഗ്രസ്സിന്റെ ബദ്ധവിരോധിയായി. ഭരണപരിഷ്കാരങ്ങള്‍ പോലെ കുതന്ത്രങ്ങള്‍ മെനയാനും നടപ്പിലാക്കാനും അദ്ദേഹം വിദഗ്ധനായിരുന്നു. അദ്ദേഹം ഒരു ഏകാധിപതിയെപ്പോലെയാണ് തിരുവിതാംകൂര്‍ ദിവാനായി പ്രവര്‍ത്തിച്ചത്. തന്റെ വാക്കുകള്‍ക്ക് എതിരെ ശബ്ദിക്കുന്നവരെ സി.പി. ശത്രുവായി കണ്ടു. നിയമസഭയും, ജുഡീഷറിയും, ഭരണരംഗവുമെല്ലാം അദ്ദേഹം നിയന്ത്രിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ജനനം അദ്ദേഹത്തെ അലോസരപ്പെടുത്തി. അതിനെ തകര്‍ക്കാന്‍ സി.പി. ശ്രമം തുടങ്ങി. പക്ഷേ ഓരോ ദിവസം കഴിയുന്തോറും സ്റ്റേറ്റ് കോണ്‍ഗ്രസ് ശക്തിപ്പെട്ടുകൊണ്ടിരുന്നു. തൈക്കാട് മൈതാനത്തിനു സമീത്തുള്ള ജോണ്‍ ഫിലിപ്പോസിന്റെ വീട്ടില്‍ക്കൂടിയ വിപുലമായ സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗം പട്ടംതാണുപിള്ള, ടി.എം. വര്‍ഗീസ്, കെ.ടി. തോമസ്, വി. അച്ചുതമേനോന്‍, ഇ. ജോണ്‍ ഫിലിപ്പോസ്, പി.കെ. കുഞ്ഞ്, പി.എസ്. നടരാജപിള്ള, ഇ.ജെ. ജോണ്‍, എ. നാരായണപിള്ള, സി. കേശവന്‍, എം.ആര്‍. മാധവവാര്യര്‍ എന്നിവരടങ്ങിയ പ്രവര്‍ത്തകസമിതി രൂപീകരിച്ചു. പിന്നീട് പട്ടംതാണുപിള്ളയെ പ്രസിഡന്‍റായും, കെ.ടി. തോമസ്, പി.എസ്. നടരാജപിള്ള എന്നിവരെ സെക്രട്ടറിമാരായും, പി.എന്‍. കൃഷ്ണപിള്ള, സി. നാരായണപിള്ള, കെ. സുകുമാരന്‍, ബോധേശ്വരന്‍, ആനി മസ്ക്രീന്‍ എന്നിവരെ പ്രചരണസമിതി അംഗങ്ങളായും നിശ്ചയിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ് വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മഹാരാജാവിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതോടെ ദിവാന്‍ സര്‍. സി.പി.യുടെ കണ്ണ് ചുവന്നു. പിന്നീട് അങ്ങോട്ട് സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ മര്‍ദ്ദനത്തിന്റേയും നേതാക്കളുടെ കൂട്ട അറസ്റ്റിന്റെയും വെടിവയ്പിന്റെയും ദിനങ്ങളായിരുന്നു. അഞ്ചുരൂപ പോലീസും ഗുണ്ടകളും സിംഷണ്‍പടയും കോണ്‍ഗ്രസ് സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗങ്ങള്‍ കലക്കി. നിരവധിപേര്‍ ആശുപത്രിയിലായി. പത്രാധിപന്മാര്‍ക്ക് മര്‍ദ്ദനമേറ്റു. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച പത്രങ്ങളെ നിരോധിച്ചു. ആഗസ്റ്റ് 31 ന് നെയ്യാറ്റിന്‍കര വെടിവയ്പില്‍ രാഘവന്‍ എന്ന യുവാവും ആറുപേരും വെടിയേറ്റുമരിച്ചു. കടയ്ക്കല്‍, കല്ലറപാങ്ങോട് സമരങ്ങള്‍, നിരോധനത്തിനെതിരെ അക്കാമ ചെറിയാന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന പ്രകടനം, വട്ടിയൂര്‍ക്കാവ് സമ്മേളനം തുടങ്ങിയ എത്രയോ സംഭവങ്ങള്‍ തിരുവിതാംകൂര്‍ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കി. ഇതിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1946 ഒക്ടോബറില്‍ പുന്നപ്രയിലും വയലാറിലും ഉണ്ടായ സമരം രൂക്ഷമായി. അവിടെ പോലീസും തൊഴിലാളികളും ഏറ്റുമുട്ടി. സര്‍ക്കാര്‍ ആലപ്പുഴയിലും ചേര്‍ത്തലയിലും പട്ടാളഭരണം പ്രഖ്യാപിച്ചു. ദിവാന്‍ പട്ടാളത്തിന്റെ നായകത്വം ഏറ്റെടുത്തു. പിന്നീട് നടന്ന വെടിവയ്പുകളില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചുവീണു. സ്വാതന്ത്ര്യലബ്ധി അടുത്തപ്പോള്‍ സര്‍ സി.പി. തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കാനുള്ള നടപടി തുടങ്ങി. ഇന്ത്യയിലും പാക്കിസ്ഥാനിലും ഉള്‍പ്പെടാതെ ലോകഭൂപടത്തില്‍ സ്വതന്ത്രരാജ്യമായി തിരുവിതാംകൂറിനെ നിലനിര്‍ത്താന്‍ കഴിയുമെന്നായിരുന്നു സി.പി.യുടെ സ്വപ്നം. ഇതിനുവേണ്ടി അദ്ദേഹം ഒരു ഭരണഘടന എഴുതിയുണ്ടാക്കി പ്രസിദ്ധീകരിച്ചു. പല രാജ്യങ്ങളിലും അംബാസിഡര്‍മാരേയും വാണിജ്യ ഏജന്‍റുമാരേയും നിയമിക്കാന്‍ നടപടി തുടങ്ങി. ഇതിനിടയിലാണ് 1947 ജൂലൈ 25ന് സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ വച്ച് സര്‍ സി.പി.ക്ക് വെട്ടേറ്റത്. പിന്നീട് മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. 1947 ആഗസ്റ്റ് 19ന് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരും അവസാനത്തെ ഇംഗ്ലീഷ് റസിഡന്റ് .........................................................ഉം തിരുവിതാംകൂറിനോട് വിടപറഞ്ഞു. അതോടെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി പി.ജി. നാരായണനുണ്ണിത്താന്‍ ഒഫിഷ്യേറ്റിങ് ദിവാനായി. സെപ്റ്റംബര്‍ നാലിന് തിരുവിതാംകൂറില്‍ ഉത്തരവാദിത്വഭരണം അനുവദിച്ചുകൊണ്ടും ഇതിനുവേണ്ടി പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്‍ക്കൊണ്ട ഭരണഘടന നിര്‍മാണസഭ രൂപീകരിക്കാനും ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷം നേടി. ഈ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ഭരണഘടന നിര്‍മാണസഭയെ നിയമനിര്‍മാണസഭയാക്കാന്‍ മഹാരാജാവ് തീരുമാനിച്ചു. അങ്ങനെ പട്ടംതാണുപിള്ള പ്രധാനമന്ത്രിയും, സി. കേശവന്‍, ടി.എം. വര്‍ഗീസ് എന്നിവര്‍ മന്ത്രിമാരുമായി തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയമന്ത്രിസഭ 1948 ഒക്ടോബര്‍ 22ന് അധികാരത്തില്‍ വന്നു.

കൊച്ചിയിലെ രാഷ്ട്രീയസ്ഥിതിയും
പ്രജാമണ്ഡലവും

ജനാധിപത്യഭരണം കൈവരിക്കുന്നതില്‍ വളരെ മുന്നിലായിരുന്നു കൊച്ചി. 1888ല്‍ ആണ് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലാദ്യമായി തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂറില്‍ "നിയമനിര്‍മാണസഭ" രൂപീകരിച്ചത്. 1904ല്‍ ജനഹിതം അറിയാന്‍ "ശ്രീമൂലം പ്രജാസഭ"യും രൂപീകരിച്ചു. ക്രമേണ ഈ രണ്ട് സഭകളിലും കരംതീരുവ, ബിരുദം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെക്കൂടി തെരഞ്ഞെടുത്തു. ശ്രീചിത്തിരതിരുനാളിന്റെ കാലത്ത് "ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍", "ശ്രീമൂലം അസംബ്ലി" എന്ന് നിയമസഭയ്ക്ക് രണ്ട് മണ്ഡലങ്ങളുണ്ടായി. 1925ല്‍ ആണ് കൊച്ചിയില്‍ ആദ്യമായി ലജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപംകൊണ്ടത്. 1938 ജൂണ്‍ 17ന് പാസാക്കിയ ഭരണഘടനാപരിഷ്കാരം വഴി ഒരു ദ്വിഭരണപദ്ധതി കൊച്ചിയില്‍ നിലവില്‍ വന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ മാതൃക പിന്തുടര്‍ന്നാണ് ഈ നടപടി. ലജിസ്ലേറ്റീവ് കൗണ്‍സിലിലെ അംഗങ്ങള്‍ ഭൂരിപക്ഷപ്രകാരം തിരഞ്ഞെടുക്കുന്ന ഒരു ജനകീയമന്ത്രിക്ക് കൃഷി, സഹകരണം, പൊതുമരാമത്ത്, പഞ്ചായത്ത്, വ്യവസായം എന്നിവ വിട്ടുകൊടുക്കാനായിരുന്നു ഈ പരിഷ്കാരം. ഈ സമയത്ത് കൊച്ചിയില്‍ നിയമസഭയില്‍ കൊച്ചിന്‍ കോണ്‍ഗ്രസ്, കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്നിങ്ങനെ രണ്ടു പാര്‍ട്ടികളാണ് ഉണ്ടായിരുന്നത്. കൊച്ചിന്‍ കോണ്‍ഗ്രസ് നേതാവ് അമ്പാട്ടു ശിവരാമമേനോന്‍ കൊച്ചിയിലെ ആദ്യത്തെ ജനകീയമന്ത്രിയായി. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് ഡോ. എ.ആര്‍. മേനോന്‍ മന്ത്രിയായി. എന്നാല്‍ അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് 1942ല്‍ അദ്ദേഹം രാജിവച്ചതിനെത്തുടര്‍ന്ന് ടി.കെ. നായര്‍ മന്ത്രിയായി.

കൊച്ചിയില്‍ ഉത്തരവാദിത്വഭരണം ആവശ്യപ്പെട്ട "കൊച്ചി രാജ്യപ്രജാമണ്ഡലം" എന്ന സംഘടന 1941ല്‍ ആണ് രൂപംകൊണ്ടത്. 1942ല്‍ പ്രജാമണ്ഡലത്തിന്റെ ആദ്യയോഗം ഇരിങ്ങാലക്കുടയില്‍ കൂടാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ അതിനെ നിരോധിച്ചു. പല നേതാക്കളും ജയിലിലായി. 1945ല്‍ കൊച്ചി നിയമസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 19ല്‍ 12 സീറ്റും അവര്‍ക്ക് ലഭിച്ചു. എന്നാല്‍ പ്രതിപക്ഷത്തിരിക്കാനാണ് പ്രജാമണ്ഡലം ആഗ്രഹിച്ചത്. അവരുടെ ലക്ഷ്യം ഉത്തരവാദിത്വഭരണമായിരുന്നു. പിന്നീട് പ്രജാമണ്ഡലം പ്രവര്‍ത്തകര്‍ നിയമസഭ ബഹിഷ്കരിച്ച് ഉത്തരവാദിത്വഭരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാജാവിന് മെമ്മോറിയല്‍ സമര്‍പ്പിച്ചു. പറമ്പി ലോനപ്പനും, കെ. ബാലകൃഷ്ണമേനോനും ചേര്‍ന്ന മന്ത്രിസഭയ്ക്ക് എതിരെ പ്രജാമണ്ഡലം കൊണ്ടുവന്ന അവിശുദ്ധപ്രമേയം പാസായതിനെത്തുടര്‍ന്ന് അവര്‍ രാജിവച്ചു. പിന്നീട് ക്രമസമാധാനവും ധനകാര്യവും ഒഴികെയുള്ള വകുപ്പുകള്‍ ജനകീയമന്ത്രിമാര്‍ക്ക് വിട്ടുകൊടുക്കാന്‍ മഹാരാജാവ് തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് മറ്റ് രണ്ട് ചെറിയ ഗ്രൂപ്പുകളുമായി സഹകരിച്ച് മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രജാമണ്ഡലം തീരുമാനിച്ചു. 1946 സെപ്റ്റംബര്‍ 9ാം തീയതി കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. പനമ്പള്ളി ഗോവിന്ദമേനോന്‍, സി.ആര്‍. ഇയ്യുണ്ണി, കെ. അയ്യപ്പന്‍, ടി.കെ. നായര്‍ എന്നിവരായിരുന്നു ഈ കൂട്ടുമന്ത്രിസഭയിലെ അംഗങ്ങള്‍.

എന്നാല്‍ 1947 ആഗസ്റ്റ് 14ന് ധനകാര്യം മന്ത്രിസഭയിലെ ടി.കെ. നായരെ മഹാരാജാവ് ഏല്പിച്ച നടപടി പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടര്‍ന്നുള്ള പ്രതിഷേധമാണ് 1947 ഒക്ടോബര്‍ 18ന് രാജേന്ദ്ര മൈതാനത്ത് ലാത്തിചാര്‍ജില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് മന്ത്രിമാര്‍ രാജിവച്ചു. പിന്നീട് ടി.കെ. നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗമന്ത്രിസഭ അധികാരത്തില്‍ വന്നു. 1948 സെപ്റ്റംബറില്‍ കൊച്ചി നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം വ്യക്തമായ ഭൂരിപക്ഷം നേടി. ഇക്കണ്ടവാരിയര്‍ പ്രധാനമന്ത്രിയായിട്ടുള്ള മന്ത്രിസഭ അധികാരമേറ്റു. പിന്നീട് പ്രജാമണ്ഡലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിച്ചു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്നതുവരെ ഇക്കണ്ടവാരിയര്‍ മന്ത്രിസഭ തുടര്‍ന്നു.

മലബാര്‍ രാഷ്ട്രീയം

1935ലെ ഇന്ത്യാ ഗവണ്മെന്റ് ആക്ട് അനുസരിച്ച് മലബാര്‍ ജില്ല ഉള്‍പ്പെട്ട മദ്രാസ് പ്രവിശ്യയില്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍, മദ്രാസ് ലജിസ്ലേറ്റീവ് അസംബ്ലി എന്നീ രണ്ട് മണ്ഡലങ്ങള്‍ ഉണ്ടായി. 1937 മുതല്‍ 1956 വരെ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ കോഴിപ്പുറത്ത് മാധവമേനോന്‍, എം. നാരായണമേനോന്‍, എസ്.കെ. ഷേഖ് റാവുത്തര്‍ സാഹിബ്, ഉപ്പി സാഹിബ്, ടി.ടി.പി. കുഞ്ഞിപോക്കര്‍, നരസപ്പ, കെ. ഗോപാലന്‍, പി.പി. ഉമ്മര്‍കോയ എന്നിവര്‍ അംഗങ്ങളായിരുന്നു. മദ്രാസ് ലജിസ്ലേറ്റീവ് അസംബ്ലിയില്‍ അച്ചുതന്‍, പി.എം. അറ്റകോയ തങ്ങള്‍, എം.പി. ദാമോദരന്‍, എ.കെ. ഖാദര്‍കുട്ടി, ഇ. കണ്ണന്‍, എ. കരുണാകര മേനോന്‍, പി.ഐ. കുഞ്ഞഹമ്മദ് കുട്ടി ഹാജി, എ.വി. കുട്ടിമാളു അമ്മ, പി. മാധവന്‍, പി. മൊയ്തീന്‍കുട്ടി, മുഹമ്മദ് അബ്ദുറഹ്മാന്‍, ആര്‍. രാഘവമേനോന്‍, കെ. രാമന്‍ മേനോന്‍, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, എസ്.കെ. ഷേഖ് റാവുത്തര്‍, വി.കെ. ഉണ്ണിക്കമ്മു തുടങ്ങിയവര്‍ 1946 വരെയുള്ള കാലഘട്ടങ്ങളില്‍ മലബാറിനെ പ്രതിനിധികരിച്ച് അംഗങ്ങളായിട്ടുണ്ട്. 1937ല്‍ രാജഗോപാലാചാരി പ്രധാനമന്ത്രിയായി ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നു. അതിലെ മലബാറിനും പ്രാതിനിധ്യം ലഭിച്ചു. കോങ്ങാട്ടില്‍ രാമന്‍മേനോന്‍ (കെ. രാമന്‍ മേനോന്‍) ആണ് മലബാറില്‍ നിന്നുള്ള ആദ്യത്തെ മന്ത്രി. ജയില്‍ കോടതി വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ 1939ല്‍ അദ്ദേഹം അന്തരിച്ചു. ആ ഒഴിവിലേക്ക് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.എം.എസ്. ആയിരുന്നു. 1939 മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായി. അവരുടെ നേതൃത്വത്തില്‍ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. തലശ്ശേരി, മട്ടന്നൂര്‍, കയ്യൂര്‍ തുടങ്ങിയ സമരങ്ങള്‍ പ്രധാനമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പല പ്രാവശ്യവും മലബാറില്‍ നിരോധിത സംഘടനയായി മാറി. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരം മലബാറിനെ ഇളക്കിമറിച്ചു. ഈ സമയത്ത് കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് വിഭാഗമാണ് അവിടെ സമരങ്ങള്‍ സംഘടിപ്പിച്ചത്. പ്രകടനങ്ങളും യോഗങ്ങളും പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങളും റെയില്‍വേ സ്റ്റേഷന്‍ തകര്‍ക്കലും മുറയ്ക്ക് നടന്നു. നിരവധിപേര്‍ അറസ്റ്റിലായി. അക്കാലത്ത് മലബാറില്‍ നടന്ന പ്രധാന സംഭവം ആണ് കീഴരിയൂര്‍ ബോംബ് കേസ്.

"തിരുകൊച്ചി" സംസ്ഥാനം രൂപംകൊള്ളുന്നു

ഐക്യകേരളരൂപീകരണത്തിന്റെ മുന്നോടിയായി സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജാക്കന്മാര്‍ ഭരിച്ചിരുന്ന തിരുവിതാംകൂറിനേയും കൊച്ചിയേയും ഒന്നാക്കി തിരുകൊച്ചി സംസ്ഥാനമാക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ തീരുമാനിച്ചു. ആ സമയത്ത് കൊച്ചി ഭരിച്ചത് പരിഷത്ത് തമ്പുരാന്‍ (രാമവര്‍മ്മ) ആയിരുന്നു. ഐക്യകേരളം സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന കേരളവര്‍മ്മയുടെ പിന്‍ഗാമിയായിരുന്നു പണ്ഡിതനായ അദ്ദേഹം. സംയോജനത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പരിഷത്ത് തമ്പുരാന്‍ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തി. വയോധികനായ അദ്ദേഹത്തിന്റെ ആദ്യത്തെ വിമാനയാത്രയായിരുന്നു അത്. തിരുവിതാംകൂറിനേയും കൊച്ചിയേയും ഒന്നിച്ചാക്കുന്നതിന് ഒരു ഉപാധിയും പരിഷത്ത് തമ്പുരാന്‍ മുന്നോട്ടുവച്ചില്ല. തന്റെ മുന്‍ഗാമിയെപ്പോലെ നാളെ ഇന്ത്യയിലെ പ്രജകളാണെന്ന് അഭിമാനത്തോടെ പറയാന്‍ കൊച്ചിയിലെ ജനങ്ങള്‍ക്ക് ഇടവരാതിരിക്കാന്‍ ഒരു നടപടിയും തന്നില്‍ നിന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. തിരുവിതാംകൂറില്‍ രാജാവിന് "രാജപ്രമുഖ"സ്ഥാനം നല്‍കാന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും ഒരു സ്ഥാനത്തിനും വേണ്ടി പരിഷത്ത് തമ്പുരാന്‍ ആവശ്യപ്പെട്ടില്ല. കൊച്ചി സര്‍ക്കാര്‍ പ്രസില്‍ അച്ചടിച്ച പഞ്ചാംഗം മാത്രം ആണ്ടുതോറും തന്നാല്‍ മതി എന്ന പരിക്ഷിത്ത് തമ്പുരാന്റെ വാചകം രാജ്യതന്ത്രന്മാരെ അത്ഭുതപ്പെടുത്തി. ഒടുവില്‍ ഹൈക്കോടതിയുടെ ആസ്ഥാനം കൊച്ചിയില്‍ ആയാല്‍ കൊള്ളാമെന്ന് മാത്രം രാജാവ് ആവശ്യപ്പെട്ടു.

1949 ജൂലൈ ഒന്നിന് സെക്രട്ടേറിയറ്റിനോടനുബന്ധിച്ച് നിയമസഭാഹാളിലായിരുന്നു ലയനചടങ്ങുകള്‍ നടന്നത്. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിനെ ഇന്ത്യാ സര്‍ക്കാര്‍ "രാജപ്രമുഖന്‍" (ഗവര്‍ണര്‍ക്ക് തുല്യം) ആയി പ്രഖ്യാപിച്ചിരുന്നു. കൊച്ചി മഹാരാജാവ് പെന്‍ഷന്‍ വാങ്ങി സാധാരണ പൗരനായി. ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി സെക്രട്ടറി എം.കെ. വെള്ളോടി ഐ.സി.എസ്. കേന്ദ്രത്തിന്റെ ഉത്തരവ് വായിച്ചു. നാട്ടുരാജ്യമന്ത്രാലയത്തിന്റെ സെക്രട്ടറി വി.പി. മേനോന്‍ ആണ് പുതിയ സംസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 9155 സ്ക്വയര്‍ മൈല്‍ വിസ്തീര്‍ണവും 75 ലക്ഷം ജനങ്ങളും സംസ്ഥാനത്തിനുണ്ടായിരുന്നു. തിരുവനന്തപുരം, കോട്ടയം, കൊല്ലം, തൃശൂര്‍ എന്നിവ ജില്ലകളും 36 താലൂക്കുകളും പുതിയ സംസ്ഥാനത്തിനുണ്ടായിരുന്നു. തിരുവനന്തപുരം ആയിരുന്നു തലസ്ഥാനം.

ഐക്യകേരളം യാഥാര്‍ഥ്യമാകുന്നു

തിരുകൊച്ചി സംസ്ഥാനം കൊണ്ട് മലയാളികള്‍ തൃപ്തരായില്ല. മലയാളം സംസാരിക്കുന്ന മറ്റ് ഭൂവിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഐക്യകേരളം രൂപീകരിക്കണമെന്ന് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കാനുള്ള കമ്മീഷനു മുമ്പാകെ നിവേദനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. സയ്യദ് ഹസ്സന്‍ അലി ചെയര്‍മാനും പണ്ഡിറ്റ് ഹൃദയനാഥ കുല്‍സ്രു, സര്‍ദാര്‍ കെ.എം. പണിക്കര്‍ അംഗങ്ങളായുമുള്ള കമ്മിഷന്‍ ഐക്യകേരളത്തിന് പച്ചക്കൊടി കാട്ടി. കമ്മിഷന്റെ ശുപാര്‍ശ പ്രകാരം മലബാര്‍ ജില്ലയും തെക്കന്‍ കാനറയിലെ കാസര്‍കോടും തിരുകൊച്ചിയോട് ചേര്‍ത്തു. തിരുകൊച്ചിയിലെ തെക്കന്‍ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട് എന്നീ തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളും ചെങ്കോട്ടയിലെ ഒരു ഭാഗവും മദ്രാസിനോട് ചേര്‍ത്തും ആണ് ഐക്യകേരളം രൂപീകരിച്ചത്. 1956 നവംബര്‍ ഒന്നിനായിരുന്നു പുതിയ സംസ്ഥാനത്തിന്റെ ഉദ്ഘാടനം. രാജപ്രമുഖന്റെ ഉപദേഷ്ടാവ് ആയിരുന്ന പി.എസ്. റാവു ആക്ടിംഗ് ഗവര്‍ണറായി. പിന്നീട് ഡോ. ബി. രാമകൃഷ്ണറാവു ഗവര്‍ണറായി എത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ നടന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സ്വതന്ത്രന്മാര്‍ക്കും ആയിരുന്നു ഭൂരിപക്ഷം. 1957 ഏപ്രില്‍ 5ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ മന്ത്രിസഭ അധികാരമേറ്റു.
തുടക്കം അഞ്ച് ജില്ല
ഐക്യകേരളത്തിന്റെ തുടക്കം അഞ്ച് ജില്ലയും 46 താലൂക്കുമായിരുന്നു. മലബാര്‍ (10 താലൂക്ക്), തൃശൂര്‍ (8 താലൂക്ക്), കോട്ടയം (9 താലൂക്ക്), കൊല്ലം (12 താലൂക്ക്), തിരുവനന്തപുരം (4 താലൂക്ക്) എന്നീ ജില്ലകളാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഏറെ താമസിയാതെ 9 ജില്ലകളും 55 താലൂക്കുകളുമായി പുനഃസംഘടിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്നത് കൂടാതെ ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവയായിരുന്നു പുതിയ ജില്ലകള്‍.
കേരളത്തിന്റെ തുടക്കത്തിലെ ഏകദേശരൂപം ഇതാണ്.
വിസ്തീര്‍ണം : 14,992 സ്ക്വ. മൈല്‍ (95,94,686 ഏക്കര്‍)
തുടക്കത്തില്‍ ജില്ലകളുടെ എണ്ണം : 5
പുനഃസംഘടിച്ചപ്പോള്‍ ജില്ലകള് : 9
താലൂക്കുകള്‍ : 55
വില്ലേജുകള്‍ : 4615
നഗരങ്ങള്‍ : 88
മുന്‍സിപ്പാലിറ്റി : 27
പഞ്ചായത്ത് : 897
കോര്‍പ്പറേഷന് : 1
നിയമസഭാംഗങ്ങള്‍ : 127 (ഒരു നോമിനേറ്റ് ഉള്‍പ്പെടെ)
ലോക്സഭാംഗങ്ങള്‍ : 18
രാജ്യസഭാംഗങ്ങള്‍ : 9
വനം : 195556 (24,32,644 ഏക്കര്‍)
കൃഷിസ്ഥലം : 54,65,424 ഏക്കര്‍
ജനസംഖ്യ (1951 സെന്‍സസ്) : 1,35,51,529
പുരുഷന്മാര്‍ : 66,82,861
സ്ത്രീകള്‍ : 68,68,668
സാക്ഷരത : 54,73,765
നിരക്ഷരര്‍ : 80,77,764
ദിനപത്രങ്ങള്‍ : 29
ലൈബ്രറികള്‍ : 2095
സ്കൂളുകള്‍ (മൊത്തം) : 10,058
സര്‍ക്കാര്‍ സ്കൂള്‍ : 2121
പ്രൈവറ്റ് (എയിഡഡ്) : 7791
അണ്‍ എയിഡഡ് : 146
സെക്കണ്ടറി സ്കൂള്‍ : 762
സര്‍ക്കാര്‍ : 140
എയിഡഡ് : 612
അണ്‍ എയിഡഡ് : 10
യു.പി. സ്കൂള്‍ : 1589
ഗവണ്മെന്റ് : 255
എയിഡഡ് : 1314
അണ്‍ എയിഡഡ് : 73
എല്‍.പി. സ്കൂള്‍ : 6699
ഗവണ്മെന്റ് : 1627
എയിഡഡ് : 4999
അണ്‍ എയിഡഡ് : 73
കോളേജുകള്‍
ആര്‍ട്സ്, സയന്‍സ് : 44
ട്രെയിനിംഗ് കോളേജ് : 13
സംസ്കൃത കോളേജ് : 3
അറബിക് കോളേജ് : 3
ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് : 2
മെഡിക്കല്‍ കോളേജ് : 2
എന്‍ജിനീയറിംഗ് കോളേജ് : 3
വെറ്ററിനറി കോളേജ് : 1
കാര്‍ഷിക കോളേജ് : 1
ആശുപത്രികള് : 53
ഡിസ്പെന്‍സറി : 198
പോസ്റ്റാഫീസ് : 2270
പബ്ലിക് കാള്‍ ഓഫീസ് : 191
ടെലഗ്രാഫ് ഓഫീസ് : 215
ലെറ്റര്‍ ബോക്സ് : 5882
റേഡിയോ ഉള്ളവര്‍ : 19964
ടെലിവിഷന് ഉള്ളവര്‍ ഇല്ല
വിമാനത്താവളം ഒന്ന്

സ്വാതന്ത്യലബ്ധി വരെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ തിരുവിതാംകൂര്‍

സ്വാതന്ത്യലബ്ധി സമയത്തെ തിരുവിതാംകൂറിന്റെ സ്ഥിതിയാണ് താഴെ വിവരിക്കുന്നത്.

വേണാട് എന്ന ചെറിയ രാജ്യത്തെ 1729നും 1758നും മധ്യേ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, അനേകം കൊച്ചുരാജ്യങ്ങളെ ജയിച്ച് കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിയോളം വിസ്തൃതമാക്കിയ നാടാണ് തിരുവിതാംകൂര്‍, അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തിക തിരുനാള്‍ (1758-1798) മഹാരാജാവിന്റെ കാലത്ത് ഇതിന്റെ വടക്കേ അതിര് പറവൂരും, തെക്കേ അതിര് കന്യാകുമാരിയും ആയിരുന്നു. തിരുവിതാംകൂറിന്റെ വിസ്തൃതി 7651.75 സ്ക്വയര്‍ മൈലും ജനസംഖ്യ (1941ലെ സെന്‍സസ് പ്രകാരം) 6070018 ഉം ആയിരുന്നു. ഇതില്‍ 3045102 പുരുഷന്മാരും 3024916 സ്ത്രികളും ആയിരുന്നു.
194647 കാലത്ത് തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ മൂന്ന് ഡിവിഷനുകള്‍ അഥവാ ജില്ലകളാണ് ഉണ്ടായിരുന്നത്. മലബാറിലെ കളക്ടര്‍ക്ക് തുല്യമായ ഡിവിഷന്‍ പേഷ്ക്കാര്‍ ആയിരുന്നു ഓരോ ഡിവിഷന്‍റേയും മേധാവി. അദ്ദേഹത്തിന്റെ കീഴില്‍ അസിസ്റ്റന്റ് പേഷ്ക്കാര്‍മാര്‍ ഉണ്ടായിരുന്നു. ഡിവിഷനുകളെ തഹസില്‍ദാര്‍മാര്‍ ഭരിക്കുന്ന 30 താലൂക്കുകളായും താലൂക്കുകളെ 422 പകുതി അഥവാ വില്ലേജുകളായും തിരിച്ചിരുന്നു. "പാര്‍വ്വ്യകാര്‍" ആയിരുന്നു പകുതികളുടെ അധികാരി. തിരുവിതാംകൂറിലാകെ സ്വാതന്ത്ര്യലബ്ധി സമയത്ത് 256 ചന്തകളുണ്ടായിരുന്നു.

മഹാരാജാവായിരുന്നു അധികാരത്തിന്റെ ഉത്ഭവസ്ഥാനം. അദ്ദേഹത്തിന്റെ കീഴില്‍ ദിവാന്‍ (മന്ത്രി)യായിരുന്നു ഭരണം നിര്‍വഹിച്ചിരുന്നത്. സെക്രട്ടേറിയറ്റില്‍ പല വകുപ്പുകളുണ്ടായിരുന്നു. സെക്രട്ടറിമാരുടെ മുകളില്‍ ചീഫ് സെക്രട്ടറി മേല്‍നോട്ടം വഹിച്ചു. ഇതുകൂടാതെ പ്രധാന വകുപ്പുകള്‍ക്ക് അധ്യക്ഷന്മാരുണ്ടായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരും മഹാരാജാവും തമ്മിലുള്ള ബന്ധം റസിഡന്റ് (ചില സമയത്ത് പൊളിറ്റിക്കല്‍ ഏജന്റ് ) വഴിയായിരുന്നു. ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷണര്‍ ഉണ്ടായിരുന്നു.

സംസ്ഥാനത്ത് സ്വന്തമായി പോസ്റ്റല്‍ സര്‍വീസ് (അഞ്ചല്‍), റേഡിയോ സ്റ്റേഷന്‍, വൈദ്യുതനിലയം, സര്‍വ്വകലാശാല, നിരവധി വ്യവസായശാലകള്‍ എന്നിവ ഉണ്ടായിരുന്നു. ചെമ്പിലും വെള്ളിയിലും നാണയങ്ങള്‍ അച്ചടിക്കാന്‍ സംസ്ഥാനത്തിനവകാശം ഉണ്ടായിരുന്നു. 1789ല്‍ ആണ് സംസ്ഥാനത്ത് ആദ്യമായി കമ്മട്ടം സ്ഥാപിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്തിനു മുമ്പ് കണ്ണൂരിലെ ആലിരാജയ്ക്ക് "പണം", കോഴിക്കോട് സാമൂതിരിക്ക് "വീരരായന്‍ പണം", തിരുവിതാംകൂറിന് "അനന്തരായന്‍ പണം" എന്നീ നാണയങ്ങള്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് കൊച്ചി നാണയങ്ങള്‍ അച്ചടിച്ചുവെങ്കിലും പിന്നീട് നിര്‍ത്തി. തിരുവിതാംകൂറിന് സ്വന്തമായ നാണയം പിന്നീടും അടിക്കാന്‍ അനുവദിച്ചുവെങ്കിലും "ബ്രിട്ടീഷ് രൂപ"യ്ക്ക് നിയമസാധുത ഉണ്ടായിരുന്നു. തിരുവിതാംകൂര്‍ അടിച്ച നാണയങ്ങള്‍ക്ക് "സര്‍ക്കാര്‍ നാണയങ്ങള്‍" എന്നാണ് പറഞ്ഞിരുന്നത്. അരരൂപയില്‍ താഴെയുള്ള നാണയങ്ങളേ അടിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ചെമ്പിലുള്ള "കാശ്" ആയിരുന്നു തിരുവിതാംകൂറിലെ ചെറിയ നാണയം. മൂല്യത്തില്‍ ലോകത്തെ ഏറ്റവും ചെറിയ നാണയമായിരുന്നു ഇത്. ഇതിന്റെ വില ബ്രിട്ടീഷ് രൂപയുടെ 1/456 ആയിരുന്നു. 16 കാശ് വിലയുള്ള ഒരു ചക്രവും 8 കാശ് വിലയുള്ള അരചക്രവും 4 കാശുവിലയുള്ള കാല്‍ചക്രം, നാലുചക്രം വിലയുള്ള ഒരു വെള്ളിപ്പണം, 7 ചക്രം വിലയുള്ള കാല്‍രൂപ, 14 ചക്രം വിലയുള്ള അരരൂപ ഇവയായിരുന്നു തിരുവിതാംകൂര്‍ നാണയം. ഒരു ചക്രത്തില്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ചിത്രം ആലേഖനം ചെയ്യാന്‍ പിന്നീട് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചു.

1888ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്ത് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലാദ്യമായി തിരുവിതാംകൂര്‍ നിയമനിര്‍മാണസഭ രൂപീകരിച്ചു. ഇതോടുകൂടി നിയമങ്ങള്‍ പാസാക്കാനുള്ള വേദിയായി. 1904ല്‍ ഭരണത്തില്‍ ജനഹിതം അറിയാന്‍ ശ്രീമൂലം പോപ്പുലര്‍ അസംബ്ലി രൂപീകരിച്ചു. ഈ രണ്ടു സഭകളും കാലാകാലങ്ങളില്‍ പരിഷ്കരിച്ചുകൊണ്ടിരുന്നു. വിദ്യാഭ്യാസം, കരംതീരുവ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത്. 1932ല്‍ സഭകളെ വീണ്ടും പരിഷ്കരിച്ചു. അതനുസരിച്ച് ശ്രീചിത്തിര കൗണ്‍സില്‍, ശ്രീമൂലം അസംബ്ലി എന്നീ രണ്ടു മണ്ഡലങ്ങള്‍ നിയമസഭയ്ക്ക് ഉണ്ടായി. ആദ്യകാലം മുതല്‍ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അനുവാദം ഉണ്ടായിരുന്നു. 1947ല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രാപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്വഭരണം സ്ഥാപിക്കപ്പെട്ടു. തിരുകൊച്ചി സംയോജനം വരെ ആ സ്ഥിതി തുടര്‍ന്നു.

1894ല്‍ തിരുവിതാംകൂറില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിലവില്‍വന്നു. ആ വര്‍ഷമാണ് തിരുവനന്തപുരം, നാഗര്‍കോവില്‍, ആലപ്പുഴ, കൊല്ലം, കോട്ടയം നഗരപരിഷ്കരണ കമ്മിറ്റികള്‍ നിലവില്‍ വന്നത്. പിന്നീട് ഇവ മുന്‍സിപ്പാലിറ്റികളായി. 1940ല്‍ തിരുവനന്തപുരം കേരളത്തിലെ ആദ്യത്തെ മുന്‍സിപ്പാലിറ്റിയായി.

തിരുവിതാംകൂറിന് സ്വന്തമായി പട്ടാളം ഉണ്ടായിരുന്നു. നായര്‍ ബ്രിഗേഡ് എന്നായിരുന്നു പേര്. എന്നാല്‍ 1935ല്‍ ഇത് ഇന്ത്യന്‍ സ്റ്റേറ്റ് ഫോഴ്സിന്റെ കീഴിലായി.

തിരുവിതാംകൂറിന് ബ്രിട്ടീഷ് ഇന്ത്യയിലെ ഐ.സി.എസ്. പോലെ സ്വന്തമായ സിവില്‍ സര്‍വീസ് ഉണ്ടായിരുന്നു. "തിരുവിതാംകൂര്‍ സിവില്‍ സര്‍വീസ്" എന്നായിരുന്നു അതിന്റെ പേര്.

കൊച്ചി

സ്വാതന്ത്ര്യലബ്ധി സമയത്ത് കൊച്ചിക്ക് 1480 ചതുരശ്ര മൈല്‍ വിസ്തീര്‍ണവും പതിനാലര ലക്ഷം ജനങ്ങളും (1941ലെ കണക്ക്) ഉണ്ടായിരുന്നത്. പോര്‍ട്ടുഗീസുകാരും, ഡച്ചുകാരും ആദ്യം ഇവിടുത്തെ ഭരണത്തില്‍ പിടിമുറുക്കി. പിന്നീട് മൈസൂര്‍ ആക്രമണകാലത്ത് ആദ്യമായി അവരുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. അതിനുശേഷം ഇംഗ്ലീഷുകാരുടെ മേധാവിത്വം ആദ്യം അംഗീകരിച്ചത് കൊച്ചിയായിരുന്നു. ശക്തന്‍ തമ്പുരാന്‍ (1790-1805) ആണ് കൊച്ചി ഭരിച്ച ശക്തനായ മഹാരാജാവ്. തിരുവിതാംകൂര്‍ വേലുത്തമ്പിയും കൊച്ചിയിലെ പ്രധാനമന്ത്രി പാലിയത്തച്ചനും ചേര്‍ന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ നടത്തിയ കലാപത്തിനുശേഷം രണ്ട് സ്ഥലത്തേയും രാഷ്ട്രീയാധികാരം പൂര്‍ണമായി നഷ്ടപ്പെട്ടു. ഇംഗ്ലീഷ് റസിഡന്റ് കേണല്‍ മണ്‍റോ രണ്ട് സ്ഥലത്തേയും ദിവാനായി. സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിനുശേഷം ശങ്കരവാര്യര്‍ അടക്കം പ്രഗത്ഭരായ പല ദിവാന്മാരും കൊച്ചി ഭരിച്ചു. ഭരണം രാജാവില്‍ നിക്ഷിപ്തമായിരുന്നു. ദിവാന്‍ ആണ് ഭരണകാര്യങ്ങളുടെ ചുമതല. സെക്രട്ടേറിയറ്റും, ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. അതിന്റെ കീഴില്‍ ആയിരുന്നു വകുപ്പുകള്‍. ദിവാന്‍ പേഷ്ക്കാര്‍ റവന്യൂ വകുപ്പിന്റെയും ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്മജിസ്ട്രേറ്റുമാരുടേയും മേധാവിയിരുന്നു. നീതിനിര്‍വ്വഹണത്തിന് കോടതികളും ഹൈക്കോടതിയും ഉണ്ടായിരുന്നു. 1924ല്‍ ആണ് കൊച്ചി നിയമസഭ നിലവില്‍ വന്നത്. 1938ല്‍ പാസാക്കിയ പുതിയ ആക്ട് പ്രകാരം നിയമസഭയോട് ഉത്തരവാദിത്വമുള്ള ഒരു മന്ത്രിയുടെ തസ്തിക സൃഷ്ടിച്ച് അദ്ദേഹത്തിന് കുറെ അധികാരം കൈമാറാന്‍ കൊച്ചി മഹാരാജാവ് തയ്യാറായി. അതുകൊണ്ട് നിയമനിര്‍മാണസഭ ആദ്യം തിരുവിതാംകൂര്‍ രൂപീകരിച്ചുവെങ്കിലും ജനകീയ ഭരണത്തിന് തുടക്കം കുറിച്ചത് കൊച്ചി ആണെന്ന് പറയാം. 1902ല്‍ സാനിട്ടറി ബോര്‍ഡുകള്‍ രൂപീകരിച്ചതോടെയാണ് കൊച്ചിയില്‍ നഗരഭരണം ആദ്യമായി ആരംഭിച്ചത്. 1913ല്‍ നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ പഞ്ചായത്തുകള്‍ രൂപീകരിച്ചു. കൊച്ചിക്കും തിരുവിതാംകൂറിനെപ്പോലെ അഞ്ചല്‍ ഉണ്ടായിരുന്നു.

മലബാര്‍

പ്രതാപശാലികളായ രാജാക്കന്മാരും പ്രഭുക്കന്മാരും ഭരിച്ചിരുന്ന മലബാര്‍ പ്രദേശങ്ങള്‍ 1792ല്‍ ടിപ്പുസുല്‍ത്താനും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഇംഗ്ലീഷുകാര്‍ക്ക് ലഭിച്ചത്. അവിടുത്തെ രാജാക്കന്മാര്‍ക്ക് "മാലിഖാന്‍" നല്‍കി ഒരുക്കിയശേഷം 1793 മാര്‍ച്ച് 30ന് കോഴിക്കോട് ആസ്ഥാനമായി മലബാറിനെ ഒറ്റ ജില്ലയായി ഇംഗ്ലീഷുകാര്‍ പ്രഖ്യാപിച്ചു. ഒരു സൂപ്പര്‍വൈസര്‍ ആയിരുന്നു ഭരണമേധാവി. ചീഫ് മജിസ്ട്രേട്ടിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ഭരണസൗകര്യത്തിനുവേണ്ടി സൂപ്പര്‍വൈസറുടെ കീഴില്‍ മലബാറിനെ തലശ്ശേരി കേന്ദ്രീകരിച്ച വടക്കേ മലബാര്‍ എന്നും ചെര്‍പ്പളശ്ശേരി കേന്ദ്രീകരിച്ചതൊക്കെ മലബാര്‍ എന്നും വിഭജിച്ചു. സൂപ്രണ്ടന്മാര്‍ ആയിരുന്നു ഇതിലെ മേധാവികള്‍. മലബാര്‍ ജില്ല രൂപീകരിക്കുമ്പോള്‍ അത് മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായിരുന്നു. എന്നാല്‍ 1800ല്‍ അതിനെ മദ്രാസ് പ്രസിഡന്‍സിയോട് ചേര്‍ത്തു. 1801 മുതല്‍ "കളക്ടര്‍" ആയി ജില്ലയുടെ പ്രധാന ഭരണാധികാരി വില്യം ലോഗനെപ്പോലെ പ്രഗല്‍ഭരായ ധാരാളം കളക്ടര്‍മാര്‍ അവിടെ ഭരിച്ചു.
ഇംഗ്ലീഷുകാര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ മലബാറില്‍ വടക്ക് കോലത്തുനാടു മുതല്‍ തെക്ക് തെമ്മലനാടുവരെ ഇരുപത്തി രണ്ട് കോയ്മകള്‍ (അധികാരം കൈകാര്യം ചെയ്തവര്‍) ഉണ്ടായിരുന്നു. ഇതില്‍ പ്രധാനം സാമൂതിരിയായിരുന്നു. ഇംഗ്ലീഷുകാര്‍ കളക്ടറെക്കൂടാതെ അവരെ സഹായിക്കാന്‍ സബ് കളക്ടര്‍മാരേയും പിന്നീട് നിയമിച്ചു.

മലബാറില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഭരണത്തിന്റെ അടിസ്ഥാനഘടകം ദേശങ്ങളും നാടുകളുമായിരുന്നു. ദേശത്തലവനെ "ദേശവാഴി" എന്നുവിളിച്ചിരുന്നു. ദേശത്തിന്റെ പരമാധികാരിയായ അദ്ദേഹത്തെ സഹായിക്കാന്‍ ഒന്നോ രണ്ടോ പ്രമാണിമാര്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഭരണത്തില്‍ ഏതാനും ദേശങ്ങളെ ഒന്നിച്ചുചേര്‍ത്ത് ഒരു "അംശം" ആക്കി. 1822ല്‍ ഗ്രാമസമ്പ്രദായം പുനഃസംഘടിപ്പിച്ചു. മുമ്പുണ്ടായിരുന്ന 2202 ദേശങ്ങളെ 492 അംശങ്ങളാക്കി. ഓരോ അംശത്തേയും അധികാരിയുടെ കീഴിലാക്കി. അധികാരികളെ സഹായിക്കാന്‍ ഒരു മേനോന്‍ അല്ലെങ്കില്‍ കണക്കപിള്ള (അക്കൗണ്ടന്റ് )യേയും ഏതാനും "കോല്‍ക്കാര്‍" (ശിപായി)കളേയും നിയമിച്ചു. പിന്നീട് അംശങ്ങളുടെ എണ്ണം 736 ആക്കി. കളക്ടര്‍ ആണ് ഭരണത്തലവന്‍. താലൂക്കിന്റെ ചുമതല തഹസീല്‍ദാര്‍ക്ക് ആയിരുന്നു. 1860ല്‍ പുനഃസംഘടന നടന്നപ്പോള്‍ താലൂക്കുകളുടെ എണ്ണം 17ല്‍ നിന്നും 10 ആയി കുറവുചെയ്തു. ഇതിലും പിന്നീട് മാറ്റംവന്നു. താലൂക്കുകളെ "ഫര്‍ക്ക" എന്നു പറയപ്പെടുന്ന അഞ്ചോ ആറോ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഓരോ ഫര്‍ക്കയ്ക്കും റവന്യൂ ഉദ്യോഗസ്ഥനുണ്ടായിരുന്നു. വില്ലേജ് ജീവനക്കാരുടെ ജോലിയുടെ മേല്‍നോട്ടം വഹിക്കുകയും തഹസീല്‍ദാരന്മാരെ സഹായിക്കുകയുമായിരുന്നു ഇവരുടെ ചുമതല. കളക്ടര്‍ക്ക് നിയമസമാധാന പരിപാലനത്തിനുള്ള ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എന്നുള്ള അധികാരം കൂടി ഉണ്ടായിരുന്നു. മദ്രാസ് സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങളാണ് മലബാറിന് ബാധകം.

മലബാറില്‍ പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ തുടക്കം 1871 ല്‍ പാസാക്കിയ ആക്ട് പ്രകാരമാണ്. ഇതുപ്രകാരം ഒരു ലോക്കല്‍ ബോര്‍ഡോടുകൂടിയ ലോക്കല്‍ ഫണ്ടും സര്‍ക്കിളും ജില്ലയില്‍ നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ ബോര്‍ഡിന്റെ എക്സഫിഷ്റൊ പ്രസിഡന്‍റായിരുന്നു. ഉദ്യോഗസ്ഥന്മാരും അനൗദ്യോഗിക അംഗങ്ങളും അടങ്ങിയ ഈ ബോര്‍ഡിന് സ്കൂളുകളുടേയും റോഡുകളുടേയും അറ്റകുറ്റപ്പണി, ആശുപത്രി ശുചീകരണം, സത്രങ്ങളുടെ ചുമതല തുടങ്ങിയ പലതിലും അധികാരം നല്‍കിയിരുന്നു. ക്രമേണ തെരഞ്ഞെടുപ്പുവഴിയായി അനൗദ്യോഗിക അംഗങ്ങളെ നിയമിക്കാന്‍ തുടങ്ങി. ലോക്കല്‍ ബോര്‍ഡ് ആക്ട് കാലാകാലങ്ങളില്‍ പരിഷ്ക്കരിച്ചുകൊണ്ടിരുന്നതുകാരണം കൂടുതല്‍ അധികാരങ്ങള്‍ ബോര്‍ഡിനു കിട്ടി. പില്‍ക്കാലത്ത് മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ടും ഡിസ്ട്രിക്റ്റ് മുന്‍സിപ്പാലിറ്റീസ് ആക്ടും പാസാക്കി.

മദ്രാസ് സ്റ്റേറ്റിലെ ഇതരഭാഗങ്ങളെപ്പോലെ തന്നെ ആയിരുന്നു മലബാറിലേയും നീതിന്യായ പരിപാലനം. മലബാറില്‍ ഉള്ള കോടതിവിധിയ്ക്ക് അപ്പീല്‍ നല്‍കേണ്ടത് മദ്രാസ് ഹൈക്കോടതിയിലായിരുന്നു.

മഹാരാജാവിന്റെ ഉപദേശകനായി എത്തി;
കേരളം ഭരിച്ചു

സാമൂതിരിരാജാവും തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മയും എല്ലാം കേരളം മുഴുവന്‍ തന്റെ കൊടിക്കീഴില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച രാജാക്കന്മാരാണ്. സാമൂതിരി രാജാക്കന്മാര്‍ "കേരളചക്രവര്‍ത്തി" എന്നത് ഒരു സ്വപ്നമായി കണ്ടു. സാമൂതിരി ഇതിനുവേണ്ടി കച്ചവടത്തിന് എത്തിയ യൂറോപ്പ്യന്‍ ശക്തികളുമായി കരാര്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് സാമൂതിരിയുടെ സ്വപ്നം തകര്‍ത്തത്. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടത്തിന് ഡച്ചുകാര്‍ വിഘ്നം സൃഷ്ടിച്ചു. എന്നാല്‍ കേരളരാജാക്കന്മാരെ വിറപ്പിച്ചുകൊണ്ട് മൈസൂര്‍ ആക്രമണം ഉണ്ടായി. അതോടെ പൊതുശത്രുവിനെ നേരിടാന്‍ എല്ലാവരും വൈരം വെടിഞ്ഞു. കൊച്ചി രാജാവും സാമൂതിരിയുമെല്ലാം തിരുവിതാംകൂര്‍ സന്ദര്‍ശിച്ചു. എന്നാല്‍ കേരളം മുഴുവന്‍ ആദ്യം ഭരിക്കാന്‍ ഭാഗ്യം കിട്ടിയത് പി.എസ്. റാവുവിനായിരുന്നു. തിരുകൊച്ചി മന്ത്രിസഭയുടെ പതനത്തെ തുടര്‍ന്ന് രാജപ്രമുഖന്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ ഉപദേഷ്ടാവായിട്ടാണ് അദ്ദേഹം എത്തിയത്. അതിനിടയിലാണ് മലബാറും കൂട്ടിച്ചേര്‍ത്ത് ഐക്യകേരളം 1956 നവംബര്‍ ഒന്നിന് നിലവില്‍വന്നത്. അതോടെ രാജപ്രമുഖന് സ്ഥാനം നഷ്ടപ്പെട്ടു. അപ്പോള്‍ കേരളം മുഴുവന്‍ ആക്ടിംഗ് ഗവര്‍ണര്‍ പി.എസ്. റാവുവിന്റെ ചുമതലയിലാണ്. പി.എസ്. റാവുവിനെ ആക്ടിംഗ് ഗവര്‍ണര്‍ ആക്കിക്കൊണ്ട് ഇന്ത്യാ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1956 നവംബര്‍ ഒന്നിന് രാവിലെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ആക്ടിംഗ് ഗവര്‍ണറുടെ സത്യപ്രതിജ്ഞ.

തിരുകൊച്ചി ചീഫ് ജസ്റ്റിസിനെ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പി.എസ്. റാവു സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിന്റെ അധികാരം ഏറ്റെടുത്തു. അതിനുശേഷം കേരള ചീഫ് ജസ്റ്റിസ് ആക്ടിംഗ് ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. പിന്നീടാണ് ആക്ടിംഗ് ഗവര്‍ണര്‍ സെക്രട്ടേറിയറ്റിനു പിറകിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഐക്യകേരളപ്പിറവി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. നവംബര്‍ 22ന് ഡോ. ബി. രാമകൃഷ്ണറാവു ഗവര്‍ണര്‍ ആയി എത്തുന്നതുവരെ പി.എസ്. റാവു തുടര്‍ന്നു.

രാഷ്ട്രീയ റെക്കോര്‍ഡുകള്‍

കേരള നിയമസഭയില്‍ എതിരില്ലാതെ തിരഞ്ഞെടുത്ത ആദ്യ മെമ്പര്‍ ഉമേഷ് റാവു (1957 ഫെബ്രുവരിയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും കര്‍ണാടക പ്രാന്തീയ സമതി സ്ഥാനാര്‍ഥിയായിട്ടാണ് ഉമേഷ് റാവു നിയമസഭയിലെത്തിയത്.
ആദ്യത്തെ ഉപതെരഞ്ഞെടുപ്പ് : ആദ്യനിയമസഭയില്‍ അംഗവും ആദ്യത്തെ പ്രോടൈം സ്പീക്കറുമായ സി.പി.ഐ.യിലെ റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് ദേവികുളം മണ്ഡലത്തില്‍ 1958 മേയ് 18ന് ഉപതെരഞ്ഞെടുപ്പ് നടന്നു. റോസമ്മ പുന്നൂസ് വീണ്ടും വിജയിച്ചു.
ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രി ഇ.കെ. നയനാര്‍
ഏറ്റവും കുറച്ചുകാലം ഭരിച്ച മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ
കൂടുതല്‍ കാലം നിയമസഭാംഗം കെ.എം. മാണി
കുറച്ചുകാലം മാത്രം നിയമസഭാംഗമായ വ്യക്തി സി. ഹരിദാസ്
കുറച്ചുകാലം മാത്രം മന്ത്രിയായ വ്യക്തി എം.പി. വീരേന്ദ്രകുമാര്‍
കുറച്ചുകാലം മാത്രം ഭരിച്ച മന്ത്രിസഭ കെ. കരുണാകരന്റെ 1977ലെ മന്ത്രിസഭ
ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായത് വക്കം പുരുഷോത്തമന്‍
കുറച്ചുകാലത്തെ സ്പീക്കര്‍ എ.സി. ജോസ്
മുഖ്യമന്ത്രിമാരില്‍ പ്രായംകൂടിയ വ്യക്തി വി.എസ് അച്യുതാനന്ദന്‍
ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എ.കെ. ആന്‍റണി
തിരുവിതാംകൂറിലും തിരുകൊച്ചിയിലും കേരളത്തിലും ഭരണത്തലവനായ വ്യക്തി പട്ടം എം. താണുപിള്ള
കേരളനിയമസഭയിലെ ആദ്യത്തെ സ്പീക്കര്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി
കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച വ്യക്തി വി.ആര്‍. കൃഷ്ണയ്യര്‍
അവിശ്വാസപ്രമേയം വഴി ഭരണം നഷ്ടപ്പെട്ട മുഖ്യമന്ത്രി ആര്‍. ശങ്കര്‍
നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയും പിന്നീട് മരണമടയുകയും ചെയ്ത മന്ത്രി കെ. ടി. ജോര്‍ജ് (1972)

രാഷ്ട്രീയ ഡയറി - 1957 മുതല്‍

01 നവംബര്‍ 1956
1956 നവംബര്‍ ഒന്ന് : ഐക്യകേരളം നിലവില്‍വന്നു. തിരുകൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് അധികാരം ഒഴിഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു പി.എസ്. റാവു. നവംബര്‍ ഒന്നിന് രാവിലെ കേരളത്തിന്റെ ആദ്യത്തെ ആക്ടിംഗ് ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ ഐക്യകേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. പക്ഷെ മലയാളികളുടെ സംസ്കാരതനിമയും ചരിത്രവും തുടികൊട്ടി നില്‍ക്കുന്ന കന്യാകുമാരിയും പദ്മനാഭപുരം കൊട്ടാരവും ഉള്‍ക്കൊള്ളുന്ന തെക്കന്‍ താലൂക്കുകളായ വിളവന്‍കോട്, അഗസ്തീശ്വരം, കല്‍കുളം, തോവാള എന്നിവയും ചെങ്കോട്ടയിലെ ഒരു ഭാഗവും മദ്രാസിലായി. അതേസമയം തെക്കന്‍ കാനറയിലെ കാസര്‍കോട് കേരളത്തിനുകിട്ടി.
ഡോ. ബി. രാമകൃഷ്ണറാവു കേരളഗവര്‍ണറായി.
1957 ഫെബ്രുവരി 28 മാര്‍ച്ച് 11 വരെ
കേരളത്തിലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ്
നിയമസഭാ മണ്ഡലം ഒറ്റനോട്ടത്തില്‍
നിയമസഭാ മണ്ഡലങ്ങള്‍ 114
സീറ്റുകള്‍ 126
ഏകാംഗമണ്ഡലങ്ങള്‍ 102
ദ്വയാംഗമണ്ഡലങ്ങള്‍ 12
പട്ടികജാതി സംവരണം 11
പട്ടികവര്‍ഗ സംവരണം 1
മത്സരിച്ച സ്ഥാനാര്‍ഥികള്‍ 389
ആകെ വോട്ടര്‍മാര്‍ 7514629
പോള്‍ ചെയ്തത് 5899822
പോളിംഗ് ശതമാനം 66.62%
ജയിച്ച സിറ്റുകള്‍ (ബ്രാക്കറ്റില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം)
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 43 (124)
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 60 (100)
പി.എസ്.പി. 9 (62)
ആര്‍.എസ്.പി. 0 (27)
മുസ്ലിംലീഗ് 8 (17)
സ്വതന്ത്രന്മാര്‍ (കമ്മ്യൂണിസ്റ്റ്) 5
എതിരില്ലാതെ സ്വതന്ത്രന്‍ 1
നോമിനേറ്റഡ് 1
പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ടിംഗ് ശതമാനം
കോണ്‍ഗ്രസ് (ഐ.എന്‍.സി.) 37.84%
പി.എസ്.പി. 10.76%
സി.പി.ഐ. 35.28%
ആര്‍.എസ്.പി. 3.22%
മുസ്ലിം ലീഗും സ്വതന്ത്രന്മാരും 12.87%

04 ഏപ്രില്‍ 1957
ഒന്നാം നിയമസഭ
1957 ഏപ്രില്‍ 4 സ്വതന്ത്രന്മാരുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മന്ത്രിസഭ ഇ.എം.എസ്. നന്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തിലധികാരത്തില്‍ വന്നു.

1959 ഏപ്രില്‍ 5 മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രതിപക്ഷം അഴിമതിദിനം ആചരിച്ചു.

1959 ഏപ്രില്‍ 16 കോണ്‍ഗ്രസ് നേതാവ് പനന്പള്ളി ഗോവിന്ദമേനോന്‍, സര്‍ക്കാരിനെതിരെ വിമോചനസമരം പ്രഖ്യാപിച്ചു.

1959 ജൂണ്‍ 12 സംസ്ഥാനവ്യാപകമായ പൊതുഹര്‍ത്താല്‍
ജൂണ്‍ 13 അങ്കമാലിയില്‍ വെടിവയ്പ്. രണ്ടുപേര്‍ മരിച്ചു.
ജൂണ്‍ 15 വെട്ടുകാട് പുല്ലുവിള വെടിവയ്പ്.
ജൂലൈ 3 ചെറിയതുറയില്‍ വെടിവയ്പ്. ഫോറി എന്ന ഗര്‍ഭിണി മരിച്ചു.
ജൂലൈ 15 അങ്കമാലിയില്‍ നിന്നും മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പുറപ്പെട്ട ദീപശിഖ തിരുവനന്തപുരത്ത്.

ജൂലൈ 31 ഭരണഘടനയുടെ 355ാം വകുപ്പ് ഉപയോഗിച്ച് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായ കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ ഡിസ്മിസ് ചെയ്തു. കേരളം പ്രസിഡന്റ് ഭരണത്തിലായി.


22 ഫെബ്രുവരി 1960
രണ്ടാം നിയമസഭ
പട്ടം എ. താണുപിള്ള മുഖ്യമന്ത്രി (22.2.1960 - 26.9.1962)
1960 വിമോചനസമരത്തേയും ഇ.എം.എസ്. മന്ത്രിയുടെ ഡിസ്മിസിനേയും തുടര്‍ന്ന് പ്രസിഡന്റ് ഭരണത്തിലായ കേരളത്തില്‍ 1960 ഫെബ്രുവരി ഒന്നിന് രണ്ടാം തിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസും പി.എസ്.പി.യും മുസ്ലിംലീഗും ഒന്നിച്ചാണ് മത്സരിച്ചത്.തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 63ഉം, സി.പി.ഐ.ക്ക് 29 ഉം, മുസ്ലിം ലീഗിന് 11ഉം ആര്‍.എസ്.പി.ക്ക് ഒന്നും, കര്‍ണാടക സമിതിക്ക് ഒന്നും, സ്വതന്ത്രന് ഒന്നും സീറ്റ് ലഭിച്ചു. തിരഞ്ഞെടുപ്പുസമയത്ത് പട്ടംതാണുപിള്ളയെ മുഖ്യമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതുകാരണം പി.എസ്.പി. നേതാവ് പട്ടംതാണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റു. മുസ്ലിംലീഗിനെ മന്ത്രിസഭയില്‍ എടുക്കുന്നതിനെ കോണ്‍ഗ്രസ്സിന്റെ അഖില്യോ നേതൃത്വം എതിര്‍ത്തു. ഇതേത്തുടര്‍ന്ന് മുസ്ലീംലീഗ് നേതാവ് കെ.എം. സീതിസാഹിബിനെ സ്പീക്കറാക്കി.

1961 ഏപ്രില്‍ 17 സ്പീക്കര്‍ സീതിസാഹിബ് അന്തരിച്ചു.
ജൂണ്‍ 9 സി.എച്ച്. മുഹമ്മദ് കോയ സ്പീക്കറായി.
നവംബര്‍ 9 ലീഗ് ഭരണമുന്നണിയില്‍ നിന്നും പിന്‍വലിക്കാന്‍ തീരുമാനിച്ചു.
ഡിസംബര്‍ 13 അലക്സാണ്ടര്‍ പറന്പിത്തറ സ്പീക്കറായി.
1962 ആഗസ്റ്റ് 26 മന്ത്രി വേലപ്പന്‍ അന്തരിച്ചു.

സെപ്റ്റംബര്‍ 25 പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണര്‍ ആയി നിയമിതനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
26 സെപ്റ്റംബര്‍ 1964
മൂന്നാം മന്ത്രിസഭ
ആര്‍. ശങ്കര്‍ മുഖ്യമന്ത്രി (26.9.1962 -10.9.1964)
1962 സെപ്റ്റംബര്‍ 26 ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി
ഒക്ടോബര്‍ 8 പി.എസ്.പി. മന്ത്രിമാരായ കെ. ചന്ദ്രശേഖരന്‍, ഡി. ദാമോദരന്‍ പോറ്റി എന്നിവര്‍ രാജിവച്ചു. ഇതോടെ ഭരണത്തില്‍ കോണ്‍ഗ്രസ് മാത്രമായി.
1964 ഫെബ്രുവരി 20 പി.ടി. ചാക്കോ മന്ത്രിസ്ഥാനം രാജിവച്ചു.

സെപ്റ്റംബര്‍ 2 15 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ കോണ്‍ഗ്രസിന് പിന്തുണ പിന്‍വലിച്ചു.

സെപ്റ്റംബര്‍ 8 ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരെ നിയമസഭയില്‍ അവിശ്വാസപ്രമേയം പാസായി.
സെപ്റ്റംബര്‍ 10 നിയമസഭ പിരിച്ചുവിട്ടു; കേരളം പ്രസിഡന്റ് ഭരണത്തില്‍.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും പിളരുന്നു.

ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരെ അവിശ്വാസം പാസാകുന്നതിനു മുന്പുതന്നെ കോണ്‍ഗ്രസ്സിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേരിതിരിവ് ആരംഭിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖില്യോ തലത്തില്‍ തന്നെ പിളര്‍പ്പിലേക്ക് നീങ്ങി. കോണ്‍ഗ്രസ്സിന്റേത് കേരളത്തിലും. 1962 മുതലാണ് സി.പി.ഐ.യില്‍ ചേരിതിരിവ് തുടങ്ങിയത്. ആശയപരമായ സംഘട്ടനവും ചൈനയോടും റഷ്യയോടുമുള്ള സമീപനവുമാണ് ഈ ചേരിതിരിവിന് കാരണമായത്. സി.പി.ഐ. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ എസ്.എ. ഡാങ്കയെ അധ്യക്ഷപീഠത്തില്‍ നിന്നും മാറ്റണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. ഡാങ്ക വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് 96ല്‍ 32 അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഇവരെ സി.പി.ഐ.യില്‍ നിന്നും പുറത്താക്കി. ചൈനീസ് ആക്രമണത്തോടെ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമായി. ഇടതുപക്ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അനുകൂലിക്കുന്നവരായിരുന്നു. സി.പി.ഐ.യിലെ ഏഴ് എം.പി.മാര്‍ എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി. ഇതോടെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷി എന്ന സ്ഥാനം സി.പി.ഐ.യ്ക്ക് നഷ്ടപ്പെട്ടു.

ഇടതുപക്ഷ വിഭാഗത്തിന്റെ സമ്മേളനം കല്‍ക്കട്ടയില്‍ കൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഔദ്യോഗികപക്ഷം ബോംബേയില്‍ കൂടി തങ്ങളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അവകാശപ്പെട്ടു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.എം. (മാര്‍ക്സിസ്റ്റ്)നെ അംഗീകരിച്ചതോടെ കേരളത്തിലുള്‍പ്പെടെ നൂറുകണക്കിന് നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് കേരളത്തിലും ബാധിച്ചു. കേരളത്തില്‍ സി.പി.ഐ.യ്ക്ക് എം.എന്‍. ഗോവിന്ദന്‍ നായരും, സി.പി.ഐ.(എം)ന് ഇ.എം.എസും നേതൃത്വം നല്‍കി. കേരള നിയമസഭയിലും പിളര്‍പ്പ് പ്രകടമായി. ഇ.എം.എസ്സിന് 11 പേരുടെ പിന്തുണയേ ലഭിച്ചുള്ളൂ. 19 പേരുടെ പിന്തുണ ലഭിച്ച സി. അച്ചുതമേനോന്‍ പ്രതിപക്ഷത്തെ പ്രധാന നേതാവായി. എന്നാല്‍ രണ്ടുവിഭാഗവും ആര്‍. ശങ്കര്‍ക്ക് എതിരെ പി.കെ. കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു.

കേരള കോണ്‍ഗ്രസ് രൂപം കൊള്ളുന്നു.
പി.ടി. ചാക്കോയുടെ രാജിയില്‍ തുടങ്ങിയ കോണ്‍ഗ്രസിലെ ഭിന്നത എത്തിയത് ആ പാര്‍ട്ടിയിലെ പിളര്‍പ്പിലേക്കാണ്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ചാക്കോ പരാജയപ്പെട്ടു. ചാക്കോയുടെ മരണത്തോടെ പ്രശ്നം രൂക്ഷമായി. ചാക്കോയെ അനുകൂലിച്ചിരുന്ന എം.എല്‍.എ.മാരില്‍ 15 പേര്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചു. ഉപനേതാവ് ആര്‍. ബാലകൃഷ്ണപിള്ളയായിരുന്നു. ഇതാണ് പിന്നീട് കേരളാ കോണ്‍ഗ്രസ് ആയി മാറിയത്. ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരെ വന്ന അവിശ്വാസ പ്രമേയത്തെ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വിഭാഗം പിന്തുണച്ചു.

കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പുകള്‍ക്കുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്

കോണ്‍ഗ്രസ്, സി.പി.ഐ. പിളര്‍പ്പിനുശേഷം 1965 മാര്‍ച്ചില്‍ കേരളത്തില്‍ തുടക്കക്കാല തെരഞ്ഞെടുപ്പ് നടന്നു. ഈ സമയത്ത് സി.പി.ഐ. (എം) നേതാക്കളില്‍ പലരും ജയിലിലായിരുന്നു. എന്നാല്‍ സി.പി.ഐ. (എം) തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായി. അവര്‍ക്ക് സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 44 സീറ്റുകള്‍ ലഭിച്ചു. സി.പി.ഐ.യ്ക്ക് മൂന്ന് സീറ്റേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് 36, മുസ്ലീം ലീഗ് 6, സ്വതന്ത്രപാര്‍ട്ടി ഒന്ന്, കേരളാ കോണ്‍ഗ്രസ് 24, എസ്.എസ്.പി. 13 എന്നിങ്ങനെയായിരുന്നു കക്ഷിനില.

സി.പി.ഐ. (എം) ഉം, കേരള കോണ്‍ഗ്രസും ശക്തി തെളിയിച്ച ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. നിയമസഭയില്‍ എം.എല്‍.എ.മാരുടെ സത്യപ്രതിജ്ഞ പോലും നടക്കാന്‍ കഴിയാതെ സഭ പിരിച്ചുവിട്ടു. ഇതേത്തുടര്‍ന്ന് കേരളം പ്രസിഡന്റ് ഭരണത്തിലായി.

രാഷ്ട്രീയസമവാക്യങ്ങള്‍ മാറുന്നു;
പുതിയ കൂട്ടുകെട്ടുകള്‍

ഒറ്റയ്ക്ക് ഭൂരിപക്ഷം ആര്‍ക്കും കിട്ടില്ലെന്ന് മനസ്സിലാക്കിയ സി.പി.ഐ. (എം) അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നണി ഉണ്ടാക്കാന്‍ തീരുമാനിച്ചു. എതിരാളായ സി.പി.ഐ.യേയും ഉള്‍പ്പെടുത്താന്‍ ആലോചന തുടങ്ങി. സി.പി.ഐ. (എം.), സി.പി.ഐ., മുസ്ലീം ലീഗ്, ആര്‍.എസ്.പി., എസ്.എസ്.പി., കെ.എസ്.പി., കെ.ടി.പി. എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് സപ്തമുന്നണി രൂപീകരിച്ചു. കേരള കോണ്‍ഗ്രസും പി.എസ്.പി.യും സ്വതന്ത്രപാര്‍ട്ടിയും കൂട്ടുകക്ഷിയായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. 1967 മാര്‍ച്ചിലെ കേരളത്തിന്റെ നാലാം തെരഞ്ഞെടുപ്പ് പുതിയ മുന്നണി രാഷ്ട്രീയത്തിന്റെ തുടക്കമായി. സി.പി.ഐ. (എം.)ന് സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 54ഉം, സി.പി.ഐ.യ്ക്ക് സ്വതന്ത്രനുള്‍പ്പെടെ 20ഉം, എസ്.എസ്.പി.ക്ക് 19ഉം, മുസ്ലീം ലീഗിന് 14ഉം, ആര്‍.എസ്.പി.യ്ക്ക് 6ഉം സീറ്റ് ലഭിച്ചു. കെ.ടി.പി.യ്ക്ക് രണ്ടും, കെ.എസ്.പി.ക്ക് ഒന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ഒന്‍പതും കേരള കോണ്‍ഗ്രസ്സിന് അഞ്ചും സീറ്റുകളാണ് ലഭിച്ചത്.
06 മാര്‍ച്ച് 1967
മൂന്നാം കേരള നിയമസഭ
നാലാം മന്ത്രിസഭ

ഇ.എം.എസ്. നന്പൂതിരിപ്പാട് മുഖ്യമന്ത്രി (1967 മാര്‍ച്ച് 6 - 1969 നവംബര്‍ 1)
ആദ്യമാദ്യം സുഖകരമായിട്ടാണ് ഭരണം മുന്പോട്ടുപോയത്. എന്നാല്‍ സി.പി.ഐ.സി.പി.ഐ. (എം.) തമ്മിലുള്ള ബന്ധം അപ്പോഴും സുഖകരമായിരുന്നില്ല. പിന്നാലെ പല പ്രശ്നങ്ങളും തലപൊക്കി. അഴിമതി ആരോപണം, പാര്‍ട്ടികളിലെ പിളര്‍പ്പ്, പരസ്പരം ചെളിവാരി എറിഞ്ഞുകൊണ്ടുള്ള പ്രസ്താവന തുടങ്ങിയവ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ തുടങ്ങി.

ധനമന്ത്രി പി.കെ. കുഞ്ഞിനെതിരെ കോണ്‍ഗ്രസ് അഴിമതി ആരോപണം ഉയര്‍ത്തി. എസ്.എസ്.പി. പിളര്‍പ്പിന് ഒരുവിഭാഗം ഐ.എസ്.പി.യായി. പി.കെ. കുഞ്ഞിനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന മുഖ്യമന്ത്രിയുടെ നിഗമനത്തെ തുടര്‍ന്ന് 1969 മേയ് 13ന് അദ്ദേഹം രാജിവച്ചു. മുഖ്യമന്ത്രിയുടെ നടപടി ഏകപക്ഷീയമാണെന്ന് സി.പി.ഐ.യും ഐ.എസ്.പി.യും അഭിപ്രായപ്പെട്ടു. 1969 ജൂണ്‍ 16ന് മലപ്പുറം ജില്ലാ രൂപീകരിച്ചതിനെ തുടര്‍ന്ന് ലീഗും മുന്നണിയില്‍ നിന്നും അകന്നുതുടങ്ങി. ഭരണമുന്നണിക്ക് അകത്ത് "ഒരു മിനിമുന്നണി\' ഉണ്ടായി. കെ.ടി.പി. അംഗമായ വെല്ലിങ്ടണിനെതിരെയുള്ള അഴിമതി അന്വേഷണം വേണമെന്ന് ഒക്ടോബര്‍ 4ന് പ്രമേയം പാസായതോടെ മന്ത്രിസഭ ഉലയാന്‍ തുടങ്ങി. പിന്നീട് മിനി മുന്നണിയിലെ എം.എന്‍. ഗോവിന്ദന്‍നായര്‍, ടി.വി. തോമസ്, പി.ആര്‍. കുറുപ്പ്, ടി.കെ. ദിവാകരന്‍, അവുക്കാദുകുട്ടി നഹ, സി.എച്ച്. മുഹമ്മദ് കോയ എന്നിവര്‍ ഒക്ടോബര്‍ 21ന് രാജിവച്ചു. അപ്പോള്‍ തന്നെ വെല്ലിങ്ടണും രാജിവച്ചു. കെ.ആര്‍. ഗൗരി, എം.കെ. കൃഷ്ണന്‍, ഇ.കെ. ഇന്പിച്ചിബാബ, മത്തായി മാഞ്ഞുരാന്‍ തുടങ്ങിയ മന്ത്രിമാര്‍ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന പ്രമേയം സി.പി.ഐ.യിലെ ടി.പി. മജീദ് കൊണ്ടുവന്നു. പ്രമേയം പാസായതോടെ ഇ.എം.എസ്. രാജിവയ്ക്കാന്‍ തീരുമാനിച്ചു. 1969 നവംബര്‍ ഒന്നിന് ഇ.എം.എസ്. മന്ത്രിയുടെ രാജി പ്രാബല്യത്തില്‍ വന്നു.
01 നവംബര്‍ 1969
അഞ്ചാം മന്ത്രിസഭ
സി. അച്ചുതമേനോന്‍ മുഖ്യമന്ത്രി (1969 നവംബര്‍ 1 മുതല്‍ - 1970 ആഗസ്റ്റ് 3 വരെ)
ഇ.എം.എസ്സിന്റെ രാജിയെത്തുടര്‍ന്ന് രാജ്യസഭാംഗവും സി.പി.ഐ. നേതാവുമായ സി. അച്ചുതമേനോന്‍ 1969 നവംബര്‍ ഒന്നിന് മുഖ്യമന്ത്രിയായി. എട്ടംഗ മന്ത്രിസഭയില്‍ സി.പി.ഐ.യെക്കൂടാതെ ഐ.എസ്.പി., ആര്‍.എസ്.പി., ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളും അംഗമായി. മാര്‍ച്ചില്‍ അച്ചുതമേനോന്‍ മന്ത്രിസഭ നിയമസഭയില്‍ വിശ്വാസവോട്ട് നേടി.ഈ സമയത്ത് കോണ്‍ഗ്രസ് ഇന്ദിരാ കോണ്‍ഗ്രസ് സംഘടന കോണ്‍ഗ്രസ് എന്ന് രണ്ടുവിഭാഗം രൂപപ്പെട്ടിരുന്നു. ഇന്ദിരാ കോണ്‍ഗ്രസിലെ അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ അനുകൂലിച്ചു. കൊട്ടാരക്കര മണ്ഡലത്തില്‍ നിന്ന് ഈ ചന്ദ്രശേഖരന്‍ നായര്‍ രാജിവച്ചു. അവിടെ സംസ്ഥാന നിയമസഭയിലേക്ക് അച്ചുതമേനോന്‍ മത്സരിച്ചു ജയിച്ചു. പക്ഷെ ഐ.എസ്.പി.യിലെ പ്രശ്നങ്ങള്‍ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ പ്രശ്നം സൃഷ്ടിച്ചു. മുന്‍മന്ത്രി പി.കെ. കുഞ്ഞിന്റെ പേരിലുള്ള അന്വേഷണ നടപടികള്‍ ഹൈക്കോടതി റദ്ദുചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിയാക്കാനും, എന്‍.കെ. ശേഷനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കാനുമുള്ള തീരുമാനമാണ് പ്രശ്നം വഷളാക്കിയത്.

മന്ത്രിസ്ഥാനം രാജിവച്ച ശേഷന്‍ രണ്ട് എം.എല്‍.എ.മാരോടൊപ്പം പി.എസ്.പി.യായി. ഒടുവില്‍ പ്രശ്നം നേരിടാന്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന തീരുമാനത്തില്‍ ഭരണമുന്നണി എത്തി. ആഗസ്റ്റ് നാലിന് കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി. സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ. (എം), എസ്.എസ്.പി., ഐ.എസ്.പി., കെ.ടി.പി., കെ.എസ്.പി., ഇടതുപക്ഷ മുന്നണിയും കോണ്‍ഗ്രസ്, സി.പി.ഐ., മുസ്ലീം ലീഗ്, പി.എസ്.പി., ആര്‍.എസ്.പി. എന്നീ കക്ഷികള്‍ ചേര്‍ന്ന് കോണ്‍ഗ്രസ് ഐക്യമുന്നണിയായും, കേരള കോണ്‍ഗ്രസ്സും സംഘടന കോണ്‍ഗ്രസ്സും പ്രത്യേക ജനാധിപത്യ മുന്നണിയായും മത്സരിച്ചു. കോണ്‍ഗ്രസ് 32, സി.പി.ഐ. 16, മുസ്ലീം ലീഗ് 12, ആര്‍.എസ്.പി. 6, പി.എസ്.പി. 3, സി.പി.എം. 32, എസ്.എസ്.പി. 7, ഐ.എസ്.പി. 3, കെ.ടി.പി. 2, കെ.എസ്.പി. 2, കേരള കോണ്‍ഗ്രസ് 14, സംഘടനാ കോണ്‍ഗ്രസ് 4 ഇതായിരുന്നു ഫലം. ഇതേത്തുടര്‍ന്ന് അച്ചുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി.
01 ഒക്ടോബര്‍ 1970
നാലാം നിയമസഭ
ആറാം മന്ത്രിസഭ
സി. അച്ചുതമേനോന്‍ മുഖ്യമന്ത്രി (1970 ഒക്ടോബര്‍ 4 മുതല്‍ - 1977 മാര്‍ച്ച് 25 വരെ)
സി.പി.ഐ., മുസ്ലീം ലീഗ്, ആര്‍.എസ്.പി., പി.എസ്.പി. എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊണ്ട ഈ മന്ത്രിസഭയില്‍ 1971 സെപ്റ്റംബറില്‍ കോണ്‍ഗ്രസ് ചേര്‍ന്നു. കെ. കരുണാകരന്‍, കെ.ടി. ജോര്‍ജ്, ഡോ. കെ.ജി. അടിയോടി, വക്കം പുരുഷോത്തമന്‍, വെള്ള ഈച്ചരന്‍ എന്നിവരായിരുന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍. മന്ത്രിസഭ പുനഃസംഘടനയെത്തുടര്‍ന്ന് സി.പി.ഐ. മന്ത്രിമാരായ എന്‍.ഇ. ബലറാം, പി.എസ്. ശ്രീനിവാസന്‍, പി.കെ. രാഘവന്‍ എന്നിവര്‍ രാജിവച്ചു. പകരം എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ് എന്നിവര്‍ മന്ത്രിമാരായി. 1972 ഏപ്രില്‍ മൂന്നിന് ധനമന്ത്രി കെ.ടി. ജോര്‍ജ് അന്തരിച്ചു. വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ്കോയ പാര്‍ലമെന്‍റില്‍ മത്സരിക്കാന്‍ 1973 മാര്‍ച്ച് ഒന്നാം തീയതി രാജിവച്ചു. ഇതേത്തുടര്‍ന്ന് ചാക്കേരി അഹമ്മദ്കുട്ടി വിദ്യാഭ്യാസമന്ത്രിയായി.

1975 ഡിസംബര്‍ 26ാം തീയതി ആര്‍. ബാലകൃഷ്ണപിള്ള മന്ത്രിയായി. 1976 ജൂണില്‍ അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്ന് കെ.എം. ജോര്‍ജ് മന്ത്രിയായി. അതേവര്‍ഷം ഡിസംബറില്‍ അദ്ദേഹം മരിച്ചു. പിന്നീട് 1977 ജനുവരിയില്‍ പി. നാരായണക്കുറുപ്പ് മന്ത്രിയായി. 1976 ജനുവരി 19ന് പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് കെ. പങ്കജാക്ഷന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അടിയന്തിരാവസ്ഥക്കാലത്തിലൂടെയാണ് അച്ചുതമേനോന്‍ മന്ത്രിസഭ കടന്നുപോയത്. അടിയന്തിരാവസ്ഥ പിന്‍വലിച്ചശേഷമുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നടന്നത് അച്ചുതമേനോന്റെ കാലത്താണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അച്ചുതമേനോന്‍ മത്സരിച്ചില്ല.
25 മാര്‍ച്ച് 1977
അഞ്ചാം നിയമസഭ
ഏഴാം മന്ത്രിസഭ
കെ. കരുണാകരന്‍ മുഖ്യമന്ത്രി (1977 മാര്‍ച്ച് 25 - 1977 ഏപ്രില്‍ 25)
1977 ഫെബ്രുവരി 21ന് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തിലുണ്ടായിരുന്ന ഐക്യജനാധിപത്യ മുന്നണി 111 സീറ്റ് നേടി. കോണ്‍ഗ്രസ്, എന്‍.ഡി.പി., സി.പി.ഐ., ആര്‍.എസ്.പി., കേരള കോണ്‍ഗ്രസ് (മാണി), ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, പി.എസ്.പി. എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നതായി ഐക്യജനാധിപത്യ മുന്നണി. സി.പി.ഐ.(എം.), അഖില്യോ മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് (പിള്ള), ജനതാപാര്‍ട്ടി തുടങ്ങിയവരായിരുന്നു ഇടതുപക്ഷ മുന്നണി. കോണ്‍ഗ്രസ് 38, സി.പി.ഐ. 23, കേരളാ കോണ്‍ഗ്രസ് (എം.) 20, മുസ്ലീം ലീഗ് 13, ആര്‍.എസ്.പി. 9, എന്‍.ഡി.പി. 5, പി.എസ്.പി. 3, സി.പി.ഐ. (എം.) 17, ജനതാ പാര്‍ട്ടി 6, കേരളാ കോണ്‍ഗ്രസ് (പിള്ള) 2, അഖില്യോ മുസ്ലീം ലീഗ് 3 ആയിരുന്നു കക്ഷിനില. ഇതേത്തുടര്‍ന്ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി 1977 മാര്‍ച്ച് 25ന് സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റുചെയ്ത് തടങ്കലിലാക്കിയ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്തി രാജനെ ഹാജരാക്കാന്‍ അച്ഛന്‍ ഈശ്വരവാര്യര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള ഹൈക്കോടതിവിധിയെ തുടര്‍ന്ന് ഏപ്രില്‍ 25ന് കെ. കരുണാകരന്‍ മന്ത്രിസഭ നിലംപതിച്ചു.
27 ഏപ്രില്‍ 1977
എട്ടാം മന്ത്രിസഭ
എ.കെ. ആന്‍റണി മുഖ്യമന്ത്രി (1977 ഏപ്രില്‍ 27 - 1978 ഒക്ടോബര്‍ 27)
അടിയന്തിരാവസ്ഥക്കാലത്തെ അതിക്രമങ്ങളെ സംബന്ധിച്ച അന്വേഷണങ്ങള്‍, അഖില്യോ തലത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ അഭിപ്രായഭിന്നത, ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടല്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ആന്‍റണി സര്‍ക്കാര്‍ കടന്നുപോയത്. എ.കെ. ആന്‍റണി നിയമസഭാംഗം ആയിരുന്നില്ല. കഴക്കൂട്ടം മണ്ഡലത്തിലെ തലേക്കുന്നില്‍ ബഷീറിനെ രാജിവയ്പിച്ച് ആന്‍റണി അവിടെ മത്സരിച്ച് ജയിച്ച് നിയമസഭാംഗമായി. അഖില്യോ തലത്തില്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ് കേരളത്തിലും ബാധിക്കാന്‍ തുടങ്ങി. ഇന്ദിരാഗാന്ധിയെ അനുകൂലിക്കുന്നവരില്‍ കെ. കരുണാകരനും, എതിര്‍ക്കുന്നവരില്‍ എ.കെ. ആന്‍റണിയും നിലയുറപ്പിച്ചു. കരുണാകരന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി. അതേവരെ ഇ.എം.എസ്. ആയിരുന്നു പ്രതിപക്ഷ നേതാവ്. ഇതിനിടയില്‍ കോണ്‍ഗ്രസ് (ഐ)യ്ക്ക് ഇലക്ഷന്‍ കമ്മീഷന്‍ "കൈപ്പത്തി" അടയാളമായി നല്‍കി. 1978 ഒക്ടോബര്‍ 27ന് എ.കെ. ആന്‍റണി രാജിവച്ചു.
07 ഒക്ടോബര്‍ 1979
ഒന്‍പതാം മന്ത്രിസഭ
പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി (1978 ഒക്ടോബര്‍ 29 - 1979 ഒക്ടോബര്‍ 7)
ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയ്ക്ക് സീറ്റ് നല്‍കിയ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി ബോര്‍ഡിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എ.കെ. ആന്‍റണി രാജിവച്ചതിനെത്തുടര്‍ന്ന് മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി. ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പൊട്ടിത്തെറിയും മാണിഗ്രൂപ്പും, ജോസഫ് ഗ്രൂപ്പും തമ്മിലുള്ള വഴക്കും വക്കാണവും മന്ത്രിസഭയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇഷ്ടദാനബില്ലിനെ സംബന്ധിച്ച തര്‍ക്കവും അഖിലേന്ത്യാതലത്തില്‍ ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനവും സി.പി.ഐ.യും ആര്‍.എസ്.പി.യും മുന്നണി മാറാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് പി.കെ.വി. മുഖ്യമന്ത്രിസ്ഥാനം 1979 ഒക്ടോബര്‍ 7ന് രാജിവച്ചു.
12 ഒക്ടോബര്‍ 1979
പത്താം മന്ത്രിസഭ
സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രി (1979 ഒക്ടോബര്‍ - 12 1979 ഡിസംബര്‍ 1)
പി.കെ.വി. മന്ത്രിസഭയുടെ പതനത്തെ തുടര്‍ന്ന് മുസ്ലീം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. 1979 ഒക്ടോബര്‍ 12ന് അധികാരമേറ്റു. അധികം താമസിയാതെ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് പ്രതിപക്ഷത്തുചേര്‍ന്നു. ജനതാപാര്‍ട്ടിയിലും പിളര്‍പ്പ് ഉണ്ടായി. എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് (യു) പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായി. ഇതിനിടയില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാന്‍ പ്രതിപക്ഷശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ട സി.എച്ച്. മന്ത്രിസഭ 1979 ഡിസംബര്‍ ഒന്നിന് രാജിവച്ചു.
25 ജനുവരി 1980
ആറാം നിയമസഭ
പതിനൊന്നാം മന്ത്രിസഭ

ഇ.കെ. നയനാര്‍ മുഖ്യമന്ത്രി (1980 ജനുവരി 25 - 1981 ഒക്ടോബര്‍ 20)
അഖില്യോ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റേയും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതിന്റേയും പശ്ചാത്തലത്തിലാണ് 1980 ജനുവരിയില്‍ കേരളത്തില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

സി.പി.ഐ. (എം.), സി.പി.ഐ., കോണ്‍ഗ്രസ് (യു) (ആന്‍റണി ഗ്രൂപ്പ്), ആര്‍.എസ്.പി., കേരള കോണ്‍ഗ്രസ് (മാണി), കേരള കോണ്‍ഗ്രസ് (പിള്ള), അഖില്യോ മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി, കോണ്‍ഗ്രസ് (ഐ.) നേതൃത്വത്തില്‍ മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് (ജെ.), ജനത, എന്‍.ഡി.പി., പി.എസ്.പി. എന്നീ പാര്‍ട്ടികള്‍ ഐക്യജനാധിപത്യ മുന്നണിയിലും മത്സരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടര്‍ന്ന് 1980 ജനുവരി 25ന് ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

അഖിലേന്ത്യാതലത്തില്‍ വീണ്ടും രാഷ്ട്രീയസംഭവവികാസങ്ങളുടെ കാലമായിരുന്നു നയനാര്‍ മന്ത്രിസഭയുടേത്. ഇന്ദിരാഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ചതോടെ ദേവരരാജ് അരശ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് (യു)ന് ദേശീയപാര്‍ട്ടി എന്ന അംഗീകാരം പിന്‍വലിച്ചു. പിന്നീട് കോണ്‍ഗ്രസ് (യു.) രണ്ടായി പിളര്‍ന്നു. ഒരുവിഭാഗത്തിന്റെ പ്രസിഡന്‍റായി ശരദ്പവാറിനെ തെരഞ്ഞെടുത്തു. അതോടെ കോണ്‍ഗ്രസ് (യു.), കോണ്‍ഗ്രസ് (എസ്.) ആയി. നയനാര്‍ മന്ത്രിസഭയില്‍ അംഗമായ കോണ്‍ഗ്രസ് (എസ്.)ന് പലകാര്യങ്ങളിലും അഭിപ്രായഭിന്നത തുടങ്ങി. അത് ദിവസംതോറും രൂക്ഷമായിക്കൊണ്ടിരുന്നു. കേരള കോണ്‍ഗ്രസ് (മാണി)ന്റെ സ്ഥിതിയും അതുതന്നെയായിരുന്നു. കോണ്‍ഗ്രസ് (എസ്) മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കാന്‍ തീരുമാനിച്ചു. പിന്നാലെ കേരള കോണ്‍ഗ്രസ്സും (മാണി) മന്ത്രിമാരെ പിന്‍വലിച്ചു. ഇതേത്തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട നയനാര്‍ മന്ത്രിസഭ 1981 ഒക്ടോബര്‍ 20ന് രാജിവച്ചു. കോണ്‍ഗ്രസ് (എസ്.) പിന്നീട് പിളര്‍ന്ന് എ.കെ. ആന്‍റണിയുടെ മുഖ്യവിഭാഗം കോണ്‍ഗ്രസ് (ഐ.)യില്‍ ചേര്‍ന്നു.
28 ഡിസംബര്‍ 1981
പന്ത്രണ്ടാമത് മന്ത്രിസഭ
കെ. കരുണാകരന്‍ മുഖ്യമന്ത്രി (1981 ഡിസംബര്‍ 28 - 1982 മാര്‍ച്ച് 17)
കരുണാകരന്‍ മുഖ്യമന്ത്രിയും സി.എച്ച്. മുഹമ്മദ്കോയ ഡെപ്യൂട്ടി മുഖ്യമന്ത്രിയും ആയുള്ള ഈ മന്ത്രിസഭയില്‍ പി.ജെ. ജോസഫ്, കെ.എം. മാണി, ഉമ്മന്‍ചാണ്ടി, കെ. ശിവദാസന്‍, സി.എം. സുന്ദരം, ആര്‍. സുന്ദരേശന്‍ നായര്‍ എന്നിവര്‍ മന്ത്രിമാരായി. കോണ്‍ഗ്രസ് (എസ്.)ലെ എ.സി. ജോസ് ആയിരുന്നു സ്പീക്കര്‍. എന്നാല്‍ അവിശ്വാസപ്രമേയം സഭയില്‍ വന്നപ്പോള്‍ സ്പീക്കര്‍ക്ക് കാസ്റ്റിംഗ് വോട്ട് ചെയ്യേണ്ടിവന്നു. സമസമമായിരുന്ന കക്ഷിനില തകിടം മറിഞ്ഞത് കേരള കോണ്‍ഗ്രസ് (എം)ലെ അംഗം ലോനപ്പന്‍ നന്പാടന്‍ ഭരണമുന്നണിയില്‍ പിന്‍മാറിയതാണ്. ഇതോടെ 1982 മാര്‍ച്ച് 17ന് മന്ത്രിസഭ രാജിവച്ചു. ഇതേത്തുടര്‍ന്ന് കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി.
24 മേയ് 1982
ഏഴാം നിയമസഭ
പതിമൂന്നാം മന്ത്രിസഭ

കെ. കരുണാകരന്‍ മുഖ്യമന്ത്രി (1982 മേയ് 24 - 1987 മാര്‍ച്ച് 25)
മേയ് മാസം നടന്ന പൊതുതെരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യമുന്നണിയും തമ്മിലായിരുന്നു പ്രധാനമത്സരം. കോണ്‍ഗ്രസ് (ഐ.), കോണ്‍ഗ്രസ് ആന്‍റണി വിഭാഗം, കേരളാ കോണ്‍ഗ്രസ് (എം.), കേരള കോണ്‍ഗ്രസ് (ജെ.), ജനത (ജി.), എന്‍.ഡി.പി., എസ്.ആര്‍.പി., ആര്‍.എസ്.പി. (എസ്.), പി.എസ്.പി., എന്‍.ഡി.പി. എന്നിവരും ഒരു സ്വതന്ത്രനും ഉള്‍പ്പെട്ട 77 അംഗങ്ങള്‍ ഐക്യജനാധിപത്യ മുന്നണിക്ക് ലഭിച്ചു. സി.പി.ഐ. (എം.), സി.പി.ഐ., കോണ്‍ഗ്രസ് (എസ്.), ജനത, അഖില്യോ മുസ്ലീം ലീഗ്, ആര്‍.എസ്.പി., ഡി.എസ്.പി., ഇടതുപക്ഷ മുന്നണിയ്ക്കും സ്വതന്ത്രന്മാര്‍ക്കും കൂടി 63 സീറ്റ് കിട്ടി. കെ. കരുണാകരന്‍ 1982 മാര്‍ച്ച് 24ന് സത്യപ്രതിജ്ഞ ചെയ്തു. പ്രതിസന്ധികളുടെ ഘോഷയാത്രയായിരുന്നു ഈ മന്ത്രിസഭയ്ക്ക് നേരിടേണ്ടിവന്നത്. ഡിസംബറില്‍ കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കോണ്‍ഗ്രസ് (ഐ.)യില്‍ ലഭിച്ചു. 1983 സെപ്റ്റംബര്‍ 28 ഉപമുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ അന്തരിച്ചതിനെ തുടര്‍ന്ന് അവുക്കാദര്‍കുട്ടി നഹ ആ സ്ഥാനത്ത് എത്തി.

പഞ്ചാബ് പ്രസംഗത്തിന്റെ പേരില്‍ മന്ത്രി ബാലകൃഷ്ണപിള്ളയ്ക്ക് നേരെ ഉയര്‍ന്ന ആരോപണം, പിന്നീട് അദ്ദേഹത്തിന്റെ രാജി, പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ചുകൊടുത്തു എന്നതിന്റെ പേരില്‍ മന്ത്രി എം.പി. ഗംഗാധരന് എതിരെയുള്ള കോടതിവിധിയും രാജിയും, അഴിമതിയുടെ പേരില്‍ മന്ത്രി എന്‍. ശ്രീനിവാസന്റെ രാജി, മന്ത്രി കെ.ജി.ആര്‍. കര്‍ത്തയുടെ രാജി തുടങ്ങിയ രാഷ്ട്രീയസംഭവങ്ങള്‍ ഇക്കാലത്ത് നടന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗില്‍ അഖില്യോ മുസ്ലീം ലീഗ് ലയിച്ചു. സി.പി.ഐ. (എം.)ല്‍ ഉണ്ടായ പ്രധാന പൊട്ടിത്തെറി എം.വി. രാഘവനെ പുറത്താക്കിയതാണ്. അദ്ദേഹവും കൂട്ടരും കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി.എം.പി.), രൂപീകരിച്ചു. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ കരുണാകരന്‍ മന്ത്രിസഭ 1987 മാര്‍ച്ച് 25ന് രാജിവച്ചു.
26 മാര്‍ച്ച് 1987
എട്ടാം നിയമസഭ
പതിനാലാം മന്ത്രിസഭ

ഇ.കെ. നയനാര്‍ മുഖ്യമന്ത്രി (1987 മാര്‍ച്ച് 26 - 1991 ജൂണ്‍ 17)
1987 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ. (എം.), സി.പി.ഐ., ലോക്ദള്‍, ജനതാ, കോണ്‍ഗ്രസ് (എസ്.) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന ഇടതുപക്ഷ മുന്നണി 78 സീറ്റ് നേടി. ഇതേത്തുടര്‍ന്ന് ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായി മാര്‍ച്ച് 26ന് സത്യപ്രതിജ്ഞ ചെയ്തു. ഒരുമാസം തികയുന്നതിനു മുന്പ് ലോക്ദള്‍ പാര്‍ട്ടിയിലുണ്ടായ അഭിപ്രായഭിന്നത മന്ത്രി എം.പി. വീരേന്ദ്രകുമാറിന്റെ രാജിയില്‍ കലാശിച്ചു. ഇ.കെ. നയനാര്‍ ഭരണകാലത്ത് സി.പി.ഐ. (എം.)നകത്തും ചില പ്രശ്നങ്ങളുണ്ടായി. ഈ മന്ത്രിസഭയുടെ കാലത്താണ് രാജീവ്ഗാന്ധി പെരുന്പുത്തൂരില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷം ബാക്കിയുള്ളപ്പോള്‍ നയനാര്‍ മന്ത്രിസഭ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു. 1991ല്‍ മന്ത്രിസഭ രാജിവച്ചു.
24 ജൂണ്‍ 1991
ഒന്‍പതാം കേരള നിയമസഭ
പതിനഞ്ചാം മന്ത്രിസഭ

കെ. കരുണാകരന്‍ മുഖ്യമന്ത്രി (1991 ജൂണ്‍ 24 - 1995 മാര്‍ച്ച് 16)
1991 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയില്‍പ്പെട്ട കോണ്‍ഗ്രസ് (ഐ.)യ്ക്ക് 57ഉം, മുസ്ലീം ലീഗിന് 19ഉം കേരള കോണ്‍ഗ്രസ് (എം.)ന് 10ഉം, കേരള കോണ്‍ഗ്രസ് (ബി.)യ്ക്ക് രണ്ടും, എന്‍.സി.പി.യ്ക്ക് രണ്ടും, സി.എം.പി.യ്ക്ക് ഒന്നും, സ്വതന്ത്രന് ഒരു സീറ്റും ലഭിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ സി.പി.ഐ. (എം.) 29, സി.പി.ഐ. 12, ജനതാദള്‍ 3, കോണ്‍ഗ്രസ് (എസ്.) 2, ആര്‍.എസ്.പി. 2, കേരള കോണ്‍ഗ്രസ് (ജോസഫ്) 1, സ്വതന്ത്രന്‍ ഒരു സീറ്റും ഉള്‍പ്പെടെ യു.ഡി.എഫിന് 92 സീറ്റ് ലഭിച്ചു. എല്‍.ഡി.എഫ്.ന് 48 സീറ്റേ ലഭിച്ചുള്ളൂ. 1991 ജൂണ്‍ 24ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭ അധികാരമേറ്റു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ ആന്‍റണിയുടേയും, കരുണാകരന്റേയും വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മന്ത്രിസഭയില്‍ തുടക്കത്തില്‍ നിഴലിച്ചു. വി.എം. സുധീരനെ മന്ത്രിയാക്കണമെന്ന ആവശ്യം കരുണാകരവിഭാഗം തള്ളി. ഇതുകാരണം കോണ്‍ഗ്രസ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നീണ്ടുപോയി. ഏറ്റുമാനൂര്‍ നിയമസഭയില്‍ നിന്നും കേരള കോണ്‍ഗ്രസിലെ തോമസ് ചാഴിക്കാടന്‍ ജയിച്ചുവന്നതോടെ മന്ത്രിസഭയിലെ ഭരണമുന്നണിയുടെ ശക്തി കൂടി. അതിനുമുന്പ് ജൂലൈ രണ്ടിന് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാ ഘടകകക്ഷികളിലേയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മന്ത്രിസഭയെ അലട്ടിക്കൊണ്ടിരുന്നു.

ഇടതുപക്ഷ മുന്നണിയിലും ഈ സമയത്ത് പ്രശ്നങ്ങള്‍ തലപൊക്കി. പ്രധാന രാഷ്ട്രീയസംഭവവികാസം 1993ല്‍ സി.പി.ഐ. (എം.)ല്‍ ഉണ്ടായ പ്രശ്നമാണ്. പാര്‍ട്ടി നേതാവ് കെ.ആര്‍. ഗൗരിയമ്മയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയതിനെ തുടര്‍ന്ന് അവര്‍ രാജിവച്ചു. കുറച്ചുകാലമായി അവരും പാര്‍ട്ടിയും തമ്മില്‍ ഉരസല്‍ ആയിരുന്നു. ഗൗരിയമ്മ ജനാധിപത്യ സംരക്ഷണസമിതി എന്ന സംഘടന രൂപീകരിച്ചു.

കോണ്‍ഗ്രസ് (ഐ.)യിലെ പ്രശ്നങ്ങള്‍ എ.കെ. ആന്‍റണി കേന്ദ്രമന്ത്രിയായിട്ടും തീര്‍ന്നില്ല. കേരള കോണ്‍ഗ്രസ്സിലും, മുസ്ലീം ലീഗിലും ഈ സമയത്ത് പ്രശ്നങ്ങള്‍ ഉരുണ്ടുകൂടി. മുസ്ലീം ലീഗ് പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ടും സംസ്ഥാന ഘടകവുമായി ഉരസല്‍ തുടങ്ങി. 1993ല്‍ കേരള കോണ്‍ഗ്രസ് (എം.)ല്‍ നിന്നും വിട്ട പി.എം. മാത്യു എം.എല്‍.എ. ചെയര്‍മാനും, ടി.എം. ജേക്കബ് പാര്‍ലമെന്‍ററി നേതാവുമായി പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. രാജ്യസഭാ സീറ്റാണ് ഭരണമുന്നണിയില്‍ അടുത്ത പ്രശ്നം. ഭരണമുന്നണിക്ക് ലഭിക്കേണ്ട രണ്ടുസീറ്റുകളില്‍ ഓരോന്ന് ആന്‍റണി, കരുണാകര വിഭാഗത്തിന് നല്‍കാന്‍ തീരുമാനമായി. തുടര്‍ന്ന് വയലാര്‍ രവിയും, ഡോ. എം.എ. കുട്ടപ്പനും നാമനിര്‍ദ്ദേശപത്രിക നല്‍കി. ഈ സമയത്താണ് ലീഗ് ഒരു സീറ്റ് ആവശ്യപ്പെട്ടത് കെ.പി.സി.സി. ഡോ. എം. കുട്ടപ്പനോട് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. വയലാര്‍ രവിയും മുസ്ലീം ലീഗിലെ അബ്ദുള്‍ സമദ് സമ്ദാനിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. ആന്‍റണി വിഭാഗത്തിനും ഇത് തിരിച്ചടിയായി. ഇതേത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രിസ്ഥാനം ഒഴിയുമെന്ന സ്ഥിതിയിലെത്തി. പക്ഷെ അത് വേണ്ടെന്നുവച്ചു. കെ. കരുണാകരനെ നേതൃത്വത്തില്‍ നിന്നും മാറ്റാന്‍ 20 എം.എല്‍.എ.മാര്‍ ഒപ്പുവച്ച നിവേദനം എ.ഐ.സി.സി.ക്ക് നല്‍കി. ഇതില്‍ ഒപ്പിട്ടതിന്റെ പേരില്‍ കെ.പി. വിശ്വനാഥനോട് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വഴക്കുംവക്കാണവും സസ്പെന്‍ഷനും തുടര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് (ഐ.)യിലെ എം.എല്‍.എ., പി.ടി. തോമസിനെ സസ്പെന്‍ഡ് ചെയ്തു. ഇതിനിടയിലാണ് അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് എന്‍.ഡി.പി. മന്ത്രി ആര്‍. രാമചന്ദ്രന്‍ നായരുടെ രാജി.

ഗവണ്മെന്‍റിന്റെ വിദ്യാഭ്യാസനയത്തിനെതിരെ ഡി.വൈ.എഫ്.ഐ. നടത്തിയ സമരം ശക്തമായി. കൂത്തുപറന്പില്‍ മന്ത്രി എം.വി. രാഘവനെ തടഞ്ഞ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ മരിച്ചു. ഇതോടെ അവരുടെ പ്രക്ഷോഭത്തിന് ശക്തികൂടി. മുസ്ലീം ലീഗില്‍ നിന്നും രാജിവച്ച ഇബ്രാഹിം സുലൈമാന്‍ സേഠ് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പാര്‍ട്ടി രൂപീകരിച്ചു. ഗുരുവായൂര്‍ എം.എല്‍.എ. പി.എം. അബൂബേക്കറും, തിരൂരങ്ങാടി എം.എല്‍.എ., യു.എ. ബീരാനും രാജിവച്ച് സേട്ടിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഗുരുവായൂരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രന്‍ പി.ടി. കുഞ്ഞുമുഹമ്മദ് വിജയിച്ചു.

1994ല്‍ തിരുവനന്തപുരം ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ നടന്നതായി ആരോപിച്ച ചാരവൃത്തി കേസില്‍ ചില പോലീസ് ഉദ്യോഗസ്ഥന്മാരെ സഹായിച്ചു എന്ന പേരില്‍ ഭരണമുന്നണിയില്‍ പ്രശ്നം രൂക്ഷമായി. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിലെ വഴക്ക് അവസാനം എത്തിച്ചത് മുഖ്യമന്ത്രി കെ. കരുണാകരന്റെ രാജിയിലായിരുന്നു. 1995 മാര്‍ച്ച് 16ന് അദ്ദേഹം രാജിവച്ചു.
22 മാര്‍ച്ച് 1995
പതിനാറാം മന്ത്രിസഭ
എ.കെ. ആന്‍റണി മുഖ്യമന്ത്രി (1995 മാര്‍ച്ച് - 22 1996 മേയ് 9)
കരുണാകരന്റെ രാജിയെത്തുടര്‍ന്ന് കേന്ദ്ര സിവില്‍ സപ്ലൈസ് മന്ത്രിസ്ഥാനം രാജിവച്ച് എത്തിയ എ.കെ. ആന്‍റണി 1995 മാര്‍ച്ച് 22ന് മുഖ്യമന്ത്രിയായി. മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ തുടക്കത്തിലേ ബുദ്ധിമുട്ട് കോണ്‍ഗ്രസ് (ഐ.)യ്ക്ക് ഉണ്ടായി. സി.വി. പത്മരാജന്‍ (കോണ്‍ഗ്രസ്ഐ.), പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ടി.എം. ജേക്കബ്, ആര്‍. ബാലകൃഷ്ണപിള്ള, എം.വി. രാഘവന്‍ എന്നിവര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ഏപ്രില്‍ 30ന് വി.എം. സുധീരന്‍, ജി. കാര്‍ത്തികേയന്‍, ആര്യാടന്‍ മുഹമ്മദ്. കടവൂര്‍ ശിവദാസന്‍ എന്നീ കോണ്‍ഗ്രസ് (ഐ.) മന്ത്രിമാരും ഇ.ടി. മുഹമ്മദ് ബഷീര്‍, സി.ടി. അഹമ്മദാലി, പി.കെ. ബാവ എന്നീ മുസ്ലീം ലീഗ് മന്ത്രിമാരും അധികാരമേറ്റു. മേയ് 3ന് പന്തളം സുധാകരന്‍, എം.ടി. പത്മ, പി.പി. തങ്കച്ചന്‍, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നീ കോണ്‍ഗ്രസ് (ഐ.) മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇതിനിടയില്‍ എം.എല്‍.എ. സ്ഥാനം രാജിവച്ച കെ. കരുണാകരനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു.
20 മേയ് 1996
പത്താംനിയമസഭ
പതിനേഴാം മന്ത്രിസഭ

ഇ.കെ. നയനാര്‍ മുഖ്യമന്ത്രി (1996 മേയ് 20 - 2001 മേയ് 13)
1996 മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഭൂരിപക്ഷം കിട്ടി. സി.പി.ഐ. (എം.), സി.പി.ഐ., ജനതാദള്‍, കോണ്‍ഗ്രസ് (എസ്.), കേരള കോണ്‍ഗ്രസ് (ജെ.), ആര്‍.എസ്.പി. എന്നിവരുള്‍പ്പെട്ട ഇടതുപക്ഷ മുന്നണിക്ക് 80ഉം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് (എം.), കേരള കോണ്‍ഗ്രസ് (ജെ.), ജെ.എസ്.എസ്., കേരള കോണ്‍ഗ്രസ് (ബി.), സി.പി.എം. എന്നീ പാര്‍ട്ടികളായിരുന്നു യു.ഡി.എഫില്‍ ഉണ്ടായിരുന്നത്. 1996 മേയ് 5ന് ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ മന്ത്രിസഭയിലുണ്ടായിരുന്ന പിണറായി വിജയന്‍ 98 ഒക്ടോബര്‍ 19ന് രാജിവെച്ചത് സി.പി.ഐ. (എം.) സംസ്ഥാന സെക്രട്ടറിയാകാനായിരുന്നു. 97 മേയ് 29ന് കൃഷിമന്ത്രി വി.കെ. രാജന്‍ അന്തരിച്ചു. 2000 ജനുവരി 19 എ.സി. ഷണ്‍മുഖദാസ് രാജിവച്ച ഒടുവില്‍ വി.സി. കബീര്‍ മന്ത്രിയായി. 98 ജനുവരി 7ന് മന്ത്രി ബേബി ജോണ്‍ രാജിവച്ചു. പകരം വി.പി. രാമകൃഷ്ണപിള്ള മന്ത്രിയായി. മന്ത്രി പി.ആര്‍. കുറുപ്പ്, നീലലോഹിതദാസന്‍ നാടാര്‍ എന്നിവരുടേയും രാജികളും സി.കെ. നാണുവിന്റെ പുതിയ മന്ത്രിയായുള്ള ചുമതല ഏല്‍ക്കുകയും ഈ കാലഘട്ടത്തിലുണ്ടായി.
17 മേയ് 2001
പതിനൊന്നാം നിയമസഭ
പതിനെട്ടാം മന്ത്രിസഭ

എ.കെ. ആന്‍റണി മുഖ്യമന്ത്രി (2001 മേയ് 17 2004 ആഗസ്റ്റ് 29)
2001 മേയ് 10ന് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് 99ഉം, ഇടതുപക്ഷ മുന്നണിയ്ക്ക് 40 സീറ്റുമാണ് ലഭിച്ചത്. മേയ് 17ന് എ.കെ. ആന്‍റണിയുടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ഭരണകാര്യങ്ങളില്‍ നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള ആഭ്യന്തരപ്രശ്നങ്ങള്‍ മന്ത്രിസഭയെ ഉലയ്ക്കാന്‍ തുടങ്ങി. സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയായപ്പോള്‍ എ.കെ. ആന്‍റണി 2004 ഏപ്രില്‍ആഗസ്റ്റ് 28ന് മഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
31 ആഗസ്റ്റ് 2004
പത്തൊന്‍പതാം മന്ത്രിസഭ
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി 2004 ആഗസ്റ്റ് 31 മുതല്‍ 2006 മേയ് 12 വരെ
എ.കെ. ആന്‍റണിയുടെ രാജിയെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി. വിശ്വനാഥന്‍ എന്നിവരുടെ രാജിയാണ് ഈ മന്ത്രിസഭയുടെ കാലത്തെ പ്രധാന സംഭവങ്ങള്‍.
18 മേയ് 2006
പന്ത്രണ്ടാം നിയമസഭ
ഇരുപതാം മന്ത്രിസഭ

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി 2006 മേയ് 18 2011 മേയ് 14
2006ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക് 98ഉം ഐക്യജനാധിപത്യ മുന്നണിക്ക് 42ഉം സീറ്റുകളാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി 2006 മേയ് 18ന് സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐ.(എം.)ലെ പ്രശ്നങ്ങള്‍ മന്ത്രിസഭയ്ക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചു. മുഖ്യമന്ത്രി അച്യുതാനന്ദനും സി.പി.ഐ.(എം.) ഔദ്യോഗിക ഗ്രൂപ്പും രണ്ടുചേരിയിലായി. ഇത് ഭരണത്തെ ബാധിച്ചു. പി.ജെ. ജോസഫിന്റെ വിമാനയാത്ര അപഖ്യാതിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജി അതിനുശേഷം സത്യപ്രതിജ്ഞ ചെയ്ത ടി.യു. കുരുവിളയ്ക്ക് എതിരെ ഭൂമി സംബന്ധമായ അഴിമതിയ ആരോപണത്തെ തുടര്‍ന്നുള്ള രാജി, വീണ്ടും പി.ജെ. ജോസഫിന് സത്യപ്രതിജ്ഞ ചെയ്യാന്‍ മന്ത്രി മോന്‍സ് ജോസഫിന്റെ രാജി, കേരള കോണ്‍ഗ്രസ് (എം.)ല്‍ ലയിക്കാന്‍ പിന്നീട് പി.ജെ. ജോസഫിന്റെ രാജി ജനതാദളിലെ പ്രശ്നങ്ങളുടെ പേരില്‍ മന്ത്രി മാത്യു ടി. തോമസിന്റെ രാജിയും ജോസ് തെറ്റയിലിന്റെ സത്യപ്രതിജ്ഞയും ഈ മന്ത്രിസഭാകാലത്തെ എടുത്തുപറയേണ്ട സംഭവങ്ങളാണ്. മന്ത്രിസഭയുടെ അവസാനകാലത്ത് കടന്നപ്പള്ളി രാമചന്ദ്രനും (കോണ്‍ഗ്രസ്എസ്.), വി. സുരേന്ദ്രന്‍പിള്ളയും (കേരള കോണ്‍ഗ്രസ് ലയനവിരുദ്ധവിഭാഗം) മന്ത്രിമാരായി.
18 മേയ് 2011
പതിമൂന്നാം നിയമസഭ
ഇരുപത്തിഒന്നാം മന്ത്രിസഭ

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി (2011 മേയ് 18 ....)
ഏപ്രില്‍ 13ന് നടന്ന സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 38, മുസ്ലീം ലീഗ് 20, കേരള കോണ്‍ഗ്രസ് (എം.) 9, സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി 2, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) 1, കേരള കോണ്‍ഗ്രസ് (ബി.) 1, ആര്‍.എസ്.പി. (ബേബിജോണ്‍) 1 ഇങ്ങനെ ഐക്യജനാധിപത്യ മുന്നണിക്ക് 72 സീറ്റും ലഭിച്ചു. സി.എം.പി., ജെ.എസ്.എസ്. എന്നീ പാര്‍ട്ടിക്ക് സീറ്റ് ലഭിച്ചില്ല.

ഇടതുപക്ഷ മുന്നണിക്ക് സി.പി.ഐ.(എം.) 47, സി.പി.ഐ. 13, ജനതാദള്‍ (എസ്.) 4, ആര്‍.എസ്.പി. 2, എന്‍.സി.പി. 2 എന്നിങ്ങനെ 68 സീറ്റുകള്‍ കിട്ടി. മുന്നണിയിലെ കേരള കോണ്‍ഗ്രസ് (ലയനവിഭാഗം), ഐ.എന്‍.എല്‍. കോണ്‍ഗ്രസ് (എസ്.) എന്നീ പാര്‍ട്ടികള്‍ക്ക് സീറ്റും ലഭിച്ചില്ല.

ഇതേത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭ 2011 മേയ് 18ന് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ അംഗവും പിറവം എം.എല്‍.എ.യുമായ ടി.എം. ജേക്കബിന്റെ മരണത്തെത്തുടര്‍ന്ന് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് അവിടെ നിന്നും വിജയിച്ചു. അദ്ദേഹം മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. മറ്റൊരു പ്രധാന സംഭവം സി.പി.ഐ. (എം.)ലെ നെയ്യാറ്റിന്‍കര നിയമസഭാംഗം പാര്‍ട്ടിവിട്ടതാണ്. അദ്ദേഹം നിയമസഭാംഗത്വം രാജിവച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു.

പ്രാചീനകേരളം

പ്രാചീന കേരളം

പ്രാക് ചരിത്ര കാലം തൊട്ട് കുല ശേഖര സാമ്രാജ്യത്തിന്റെ അസ്തമയ കാലമായ 12-ാം നൂറ്റാണ്ടു വരെ നീളുന്നതാണ് കേരളത്തിന്റെ പ്രാചീന ചരിത്രഘട്ടം.

മഹാശിലാസ്മാരകങ്ങള്‍
പല സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള കല്ലുപകരണങ്ങളും വയനാട്ടിലെ എടക്കല്‍, തൊവരി, ഇടുക്കിയിലെ മറയൂരിനടുത്ത് കുടക്കാട് വനം, കൊല്ലം ജില്ലയിലെ തെന്മലയിലെ ചെന്തരുണി എന്നിവിടങ്ങളിലെ ഗുഹകളും കേരളത്തിലെ അതിപുരാതന ജനജീവിതത്തിന്റെ തെളിവുകളാണ്. ഇത്തരം പൗരാണികാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെക്കുറിച്ചു വ്യക്തമായ തെളിവു നല്‍കുന്നത് മഹാശിലാസ്മാരകങ്ങള്‍ (megaliths)ആണ്. ബി. സി. 500 - എ. ഡി. 300 കാലഘട്ടത്തിലേതാണ് ഈ ശവസ്മാരകങ്ങളെന്നു കരുതുന്നു. “മഹാശില എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശവം സംസ്കരിക്കാനോ മരിച്ചവരുടെ ഓര്‍മ നിലനിര്‍ത്താനോ കൂറ്റന്‍ കല്ലുകള്‍ കൊണ്ടു പടുത്തുണ്ടാക്കിയ അറകളെയും സ്തംഭങ്ങളെയുമാണ്. തെക്കേ ഇന്ത്യയില്‍ പൊതുവേ ദൃശ്യമായിരുന്ന മഹാശിലാ പ്രസ്ഥാനത്തിന്റെ ഭാഗവും പ്രേതാരാധനത്തോടു ബന്ധപ്പെട്ടതുമാണ് കേരളത്തിലെ മഹാശിലാ നിര്‍മിതികള്‍” കൊടും കല്ലറകള്‍, പഴുതറകള്‍, നടുകല്ലുകള്‍, കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, ശിലാഗുഹകള്‍ മുതലായ പലതരം മഹാശിലാ സ്മാരകങ്ങളുണ്ട്. നടുകല്ല്, തൊപ്പിക്കല്ല്, പടക്കല്ല്, പുലച്ചിക്കല്ല്, പാണ്ടു കുഴി, നന്നങ്ങാടി, പുതുമക്കത്താഴി തുടങ്ങിയ പല പേരുകളില്‍ അവ അറിയപ്പെടുന്നു. വലിയ മണ്‍പാത്രങ്ങളിലും മറ്റുമാണ് ശവങ്ങള്‍ അടക്കിയിരുന്നത്. പ്രാചീന ജനജീവിതത്തിന്റെ ചിത്രം അവതരിപ്പിക്കുന്നുവെങ്കിലും മഹാശിലാവശിഷ്ടങ്ങള്‍ സ്ഥിരമായ പാര്‍പ്പിടങ്ങളുടെ വളര്‍ച്ചയെ കാണിക്കുന്നുവെന്നു പറയാന്‍ സാധിക്കുകയില്ല.


വിദേശബന്ധങ്ങള്‍
അതി പ്രാചീനകാലം തൊട്ടു തന്നെ കേരളവും വിദേശരാജ്യങ്ങളും തമ്മില്‍ ബന്ധങ്ങളുണ്ടായിരുന്നു. മുഖ്യമായും വാണിജ്യാധിഷ്ഠിതമായിരുന്ന ഈ ബന്ധം കേരളത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രം രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങള്‍ പുരാതന കാലത്തു തന്നെ കേരളത്തില്‍ പ്രചരിക്കാന്‍ ഇടയാക്കിയത് വിദേശബന്ധമാണ്.

കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങളാണ് പ്രാചീന കാലത്തു തന്നെ വിദേശികളെ ആകര്‍ഷിച്ചത്. ബി. സി. 3000 മുതല്‍ തന്നെ വിദേശീയര്‍ കേരളത്തിലെത്തിയിരുന്നു. പ്രാചീന സുമേറിയന്‍ (മെസൊപ്പൊട്ടേമിയ) നാഗരികത വളര്‍ത്തിയെടുത്ത അസീറിയക്കാരും ബാബിലോണിയക്കാരും കേരളത്തിലെത്തി ഏലം, കറുവപ്പട്ട (ഇലവര്‍ങ്ഗം) തുടങ്ങിയവ കൊണ്ടു പോയി. അറബികളും ഫിനീഷ്യരുമാണ് കേരളവുമായുള്ള സുഗന്ധ വ്യജ്ഞന വ്യാപാരത്തില്‍ ആദ്യം പ്രവേശിച്ചത്. ഒമാനിലെയും പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്തെയും അറബികളാവണം സമുദ്രമാര്‍ഗം ആദ്യമായി ഇവിടെ എത്തിയത്. ഉത്തരേന്ത്യയിലൂടെയും കേരളത്തിന്റ സുഗന്ധ ദ്രവ്യങ്ങള്‍ മധ്യേഷ്യയിലെത്തി. ബി. സി. അവസാന ശതകങ്ങളില്‍ ഗ്രീക്കുകാരും റോമക്കാരും കേരളവുമായി വ്യപാരത്തിലേര്‍പ്പെട്ടു. പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ദിയോസ്രോര്‍ദീസിന്റെ 'മെറ്റീരിയ മെഡിക്ക' എന്ന വൈദ്യഗ്രന്ഥത്തില്‍ ഏലം, കറുവപ്പട്ട, മഞ്ഞള്‍, ഇഞ്ചി എന്നിവയുടെ ഔഷധഗുണത്തെപ്പറ്റി വിവരിക്കുന്നുണ്ട്.

ബി. സി. ഒന്നാം നൂറ്റാണ്ടില്‍ റോമക്കാര്‍ ഈജിപ്ത് ആക്രമിച്ചതോടെ അറബികള്‍ക്ക് കേരളവുമായുണ്ടായിരുന്ന സുഗന്ധ വ്യജ്ഞന വ്യാപാരക്കുത്തക പൊളിഞ്ഞു. ആ സ്ഥാനത്ത് റോമക്കാര്‍ കടന്നു വന്നു. ഒട്ടേറെ റോമന്‍ നാണയങ്ങള്‍ കേരളത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. എ.ഡി. 45-ല്‍ ഈജിപ്ഷ്യന്‍ നാവികനായ ഹിപ്പാലസ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാലവര്‍ഷക്കാറ്റിന്റെ ഗതി കണ്ടു പിടിച്ചതോടെ കേരളത്തിലേക്കുള്ള സമുദ്രയാത്ര എളുപ്പമായി. കുരുമുളകായിരുന്നു കേരളത്തില്‍ നിന്ന് വിദേശത്തെത്തിയ ചരക്കുകളില്‍ ഏറ്റവും വിലപിടിച്ചത്.

കേരളവുമായി വ്യാപാരത്തിലേര്‍പ്പെട്ട മറ്റൊരു വിദേശജനതയായിരുന്നു ചൈനക്കാര്‍. ചൈനീസ് കപ്പലുകള്‍ കേരളത്തിലെ തുറമുഖങ്ങളില്‍ എത്തിയത് ഒരു പക്ഷെ ഗ്രീക്കുകാര്‍ക്കും റോമക്കാര്‍ക്കും മുമ്പുതന്നെയായിരുന്നിരിക്കണം. പ്രാചീന ചൈനീസ് നാണയങ്ങള്‍ കേരളത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. ചീനക്കളിമണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ചീനച്ചട്ടിയും ചീനവലയും കേരളത്തിലെത്തിയ വഴിയും മറ്റൊന്നല്ല.


പ്രാചീന തുറമുഖങ്ങള്‍
പ്രാചീനമായ നാവിക പാരമ്പര്യവും സൗകര്യങ്ങളുള്ള തുറമുഖങ്ങളും പ്രാചീന കേരളത്തിനുണ്ടായിരുന്നു. ആ തുറമുഖങ്ങള്‍ വഴിയാണ് വിദേശവ്യാപാരം അഭിവൃദ്ധിപ്പെട്ടത്. മുസിരിസ് (കൊടുങ്ങല്ലൂര്‍), തിണ്ടിസ്, ബറക്കേ, നെല്‍ക്കിണ്ട എന്നീ പ്രധാന തുറമുഖങ്ങളെപ്പറ്റി പ്രാചീനരായ വിദേശസഞ്ചാരികള്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുസിരിസ് ഒഴികെയുള്ളവ എവിടെയാണെന്ന കാര്യത്തില്‍ ചരിത്ര ഗവേഷകര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. പ്രാചീന ഭാരതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായിരുന്നു മുസിരിസ്. മേല്‍പരാമര്‍ശിച്ചതല്ലാത്ത ഒട്ടേറെ ചെറു തുറമുഖങ്ങളും പ്രാചീന കേരളത്തില്‍ ഉണ്ടായിരുന്നിരിക്കണം. പില്‍ക്കാലത്ത് കൊല്ലം, കോഴിക്കോട്, കൊച്ചി എന്നിവ പ്രധാന തുറമുഖങ്ങളായി ഉയര്‍ന്നു വന്നു.


സംഘകാലം
ക്രിസ്തു വര്‍ഷത്തിന്റെ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകള്‍ കേരള ചരിത്രം രൂപപ്പെട്ടു തുടങ്ങുന്ന കാലഘട്ടമാണെന്ന് പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ അഭിപ്രായപ്പെടുന്നു. തമിഴ് സാഹിത്യത്തിലെ പ്രസിദ്ധമായ സംഘകാലമാണിത്. അന്ന് തമിഴകത്തിന്റെ ഭാഗമായിരുന്നു കേരളവും.

പഴന്തമിഴ് പാട്ടുകള്‍ എന്നു വിളിക്കപ്പെടുന്ന സംഘസാഹിത്യത്തില്‍ നിന്ന് ഈ കാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നു. ബി. സി. ഒന്നാം ശതകത്തിനും എ. ഡി. ആറാം ശതകത്തിനും ഇടയ്ക്കാണ് സംഘകാലമെന്ന് പൊതുവെ എല്ലാ ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. എ. ഡി. ആദ്യ മൂന്നു ശതകങ്ങളാണ് ഇക്കാലമെന്ന് ഡോ. എസ്. കൃഷ്ണസ്വാമി അയ്യങ്കാര്‍, നീലകണ്ഠശാസ്ത്രി, കനകസഭ, ശേഷയ്യര്‍, പി. കെ. ഗോപാലകൃഷ്ണന്‍ എന്നീ ചരിത്രകാരന്മാരും Cambridge History of Indiaയും അഭിപ്രായപ്പെടുന്നു. എ. ഡി. ഒന്നു മുതല്‍ അഞ്ചു വരെ ശതകങ്ങളെന്ന് എ. ശ്രീധരമേനോനും എ.ഡി. അഞ്ച്, ആറ് ശതകങ്ങളെന്ന് ഇളംകുളവും സമര്‍ഥിച്ചിട്ടുണ്ട്. സംഘസാഹിത്യവും മഹാശിലാസ്മാരകങ്ങളും ഏതാണ്ട് ഒരേ കാലത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ആധുനിക ചരിത്ര ഗവേഷകര്‍ സ്ഥാപിച്ചിട്ടുണ്ട്.

സംഘകാല തമിഴകത്തെ പ്രബല രാജാധികാരങ്ങളായിരുന്നു തൊണ്ടൈമണ്ഡലം, ചോളം, പാണ്ഡ്യം, ചേരം, കൊങ്ങുനാട് എന്നിവ. ചേരനാടാണ് പില്ക്കാല കേരളം. വഞ്ചിയായിരുന്നു തലസ്ഥാനം. ദക്ഷിണഭാഗത്തെ ആയ് വംശവും ഏഴിമല ആസ്ഥാനമാക്കിയ (പൂഴിനാട്) നന്നവംശവും ഇവയ്ക്കിടയിലുള്ള പ്രദേശം ഭരിച്ച ചേരവംശവുമായിരുന്നു സംഘകാല കേരളത്തിലെ പ്രബലരാജാക്കന്മാര്‍.

സംഘം കൃതികളില്‍ നിന്ന് സംഘകാലകേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്കാരികാവസ്ഥകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കുന്നു. ഗോത്രവര്‍ഗാടിസ്ഥാനത്തില്‍ പലവര്‍ഗങ്ങളായി തിരിഞ്ഞ സമൂഹമായിരുന്നു ഇക്കാലത്തുണ്ടായിരുന്നത്. സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനഘടകം കുടുംബമായിരുന്നു. ഗ്രാമകാരണവന്മാരടങ്ങിയ മന്‍റം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു. ഗോത്രഭരണവ്യവസ്ഥയില്‍ നിന്ന് രാജവാഴ്ചയിലേക്കുള്ള പരിവര്‍ത്തന കാലമാണിതെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.

കേരളത്തില്‍ കാര്‍ഷിക പ്രധാനമായ ഒരു സമ്പദ് വ്യവസ്ഥ ഉരുത്തിരിഞ്ഞു തുടങ്ങിയത് സംഘകാലത്താണ്. ഭൂമിയെ അഞ്ചു തിണകള്‍ (നിലങ്ങള്‍) ആയിത്തിരിച്ചിരുന്നു. പര്‍വതങ്ങള്‍ നിറഞ്ഞ 'കുറിഞ്ഞി' തിണപ്രദേശത്ത് കുറവര്‍, കാനവര്‍ തുടങ്ങിയ ഗോത്രക്കാരും മണല്‍ക്കാടുകളായ 'പാല' തിണയില്‍ മറവര്‍, വേടര്‍ എന്നിവരും കാട്ടുപ്രദേശമായ 'മുല്ല' തിണയില്‍ ഇടയന്മാരും ആയരും നാട്ടുപ്രദേശമായ 'മരുത'യില്‍ കൃഷിക്കാരായ ഉഴവരും കടല്‍ത്തീരമായ 'നെയ്തലി'ല്‍ പരതവര്‍, നുളൈയര്‍, അളവര്‍ എന്നിവരും വസിച്ചു. കൃഷിക്കൊപ്പം കച്ചവടവും അഭിവൃദ്ധി പ്രാപിച്ചിരുന്നു. മുസിരിസ് (മുയിരി), നൗറ, തുണ്ടിസ്, നെല്‍കിന്ദ, ബകരെ, കൊട്ടനാര എന്നിവ സംഘകാലകേരളത്തിലെ പ്രധാന തുറമുഖങ്ങളായിരുന്നു. യവനരുടെ വലിയ കപ്പലുകള്‍ ചേരരാജാവിനു ചേര്‍ന്ന മനോഹരമായ ചുള്ളിയിലെ (പെരിയാര്‍) നുരകളിളക്കി മുയിരിപ്പട്ടണത്തിലെത്തി സ്വര്‍ണം കൊടുത്ത് കുരുമുളക് വാങ്ങിക്കൊണ്ടു പോയെന്ന് അകനാന്നൂറില്‍ പാട്ടുണ്ട്. മുയിരി എന്ന മുസിരിസ് (Mousiris) കൊടുങ്ങല്ലൂരാണെന്നാണ് അഭിപ്രായം.


കൃഷിയിലും വാണിജ്യത്തിലും ഉണ്ടായ പുരോഗതിയുടെ ഫലമായി സമൃദ്ധിയുടെയും സന്തോഷത്തിന്റെയും അന്തരീക്ഷം രാജ്യമെങ്ങും നിറഞ്ഞു (പതിറ്റുപ്പത്ത് VI, 6) ഇതോടൊപ്പം ഉഴവര്‍ (കൃഷിക്കാര്‍), ചാന്റോര്‍ (മദ്യോല്‍പാദകര്‍), വണിക്കുകള്‍ (വ്യാപാരികള്‍) എന്നിവരില്‍ നിന്ന് ഒരു സമ്പന്നവര്‍ഗ്ഗം (മേലോര്‍) ഉയര്‍ന്നു വന്നു. ഉഴവര്‍ക്കായിരുന്നു കൂടുതല്‍ സ്വകാര്യസ്വത്തിന്റെയും അവകാശം. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കള്ളുകുടിച്ചിരുന്ന നാട്ടില്‍ മദ്യോല്‍പാദകരുടെ സംരക്ഷകരായിരുന്നു ('ചാന്റോര്‍ മെയ്മ്മറൈ' - പതിറ്റു VI, 8)രാജാക്കന്മാര്‍. പുലവര്‍, പറവര്‍, പാണര്‍, പൊരുനര്‍ എന്നിവര്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്ന അംഗീകാരമാണുണ്ടായിരുന്നത്. വിനൈഞര്‍ (തൊഴിലാളികള്‍), അടിയോര്‍ (ദാസന്മാര്‍) എന്നിവര്‍ താഴേക്കിടയിലായിരുന്നു (കീഴോര്‍). എന്നാല്‍ കുലവ്യത്യാസം കൂടാതെ വിവാഹങ്ങള്‍ നടന്നിരുന്നു. പില്‍ക്കാലത്ത് ബ്രാഹ്മണ മതത്തിന് ആധിപത്യം ലഭിച്ചപ്പോഴുണ്ടായ വര്‍ണ-ജാതി വ്യവസ്ഥ സംഘകാലത്ത് നിലവിലുണ്ടായിരുന്നില്ല.

കളവ്, കര്‍പ്പ് എന്നിങ്ങനെ രണ്ടു രീതിയിലുള്ള വിവാഹം പ്രചാരത്തിലിരുന്നു. പ്രേമവിവാഹമായ 'കളവി'ല്‍ നിന്ന് ചടങ്ങുകളോടു കൂടി 'കര്‍പ്പി'ലേക്കുള്ള മാറ്റം മാതൃമേധാവിത്വത്തില്‍ നിന്ന് പിതൃമേധാവിത്വത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സൂചനയാണെന്ന് വാദമുണ്ട്. പെണ്‍കുട്ടികള്‍ സാധാരണ 'തഴയുട' ധരിക്കുന്നു. നൊച്ചിപ്പൂക്കളും ആമ്പല്‍പ്പൂക്കളും കോര്‍ത്തിണക്കി അരയില്‍ ധരിക്കുന്ന പൂവാടയാണിത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ പരുത്തിയിലോ പട്ടിലോ ഉള്ള വസ്ത്രങ്ങളണിയുന്നു. അരക്കു മീതേ മറച്ചിരുന്നില്ല. ചിലമ്പ്, പൂമാല, മുത്തുമാല, പുലിപ്പല്‍ താലി, വള, തോട തുടങ്ങിയ ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. പുരുഷന്‍മാര്‍ മാറില്‍ ചന്ദനം പൂശി, പരുത്തിയിലോ പട്ടിലോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കും. യുദ്ധത്തിനു പോകുമ്പോള്‍ പുരുഷന്മാര്‍തുമ്പപ്പൂമാല ചൂടുന്നു. വീരന്മാരായ പൂര്‍വികരായിരുന്നു (നടുകല്ല്) ദൈവം. ഉഴവര്‍ 'വേന്തന്‍' (ഇന്ദ്രന്‍), 'മായോന്‍' (വിഷ്ണു) എന്നിവരെയും പരതവര്‍ 'വരുണ'നെയും കുറവര്‍ 'ചേയോനെ'യും (മുരുകന്‍) മറവര്‍ 'കൊറ്റവൈ' (ദേവി) യെയും ആരാധിച്ചു പോന്നു. ശിവന്‍, യമന്‍, ബലരാമന്‍ എന്നീ ദൈവങ്ങളെക്കുറിച്ചും സംഘംകൃതികളില്‍ പരാമര്‍ശമുണ്ട്. ചിട്ടയോടു കൂടിയ ഒരു മതവിശ്വാസം സംഘകാലത്ത് പ്രചരിച്ചിരുന്നില്ല.

ആദിചേരന്മാര്‍
ഉതിയന്‍ ചേരല്‍ ആതന്‍, നെടും ചേരല്‍ ആതന്‍, പല്‍യാനൈ ചെല്‍ കെഴുകുട്ടുവന്‍, നാര്‍മുടിചേരല്‍, വേല്‍ കെഴു കുട്ടുവന്‍, ആടുകോട് പാട്ട് ചേരല്‍ ആതന്‍, ചെല്‍വകടും കോവാഴി ആതന്‍, പെരും ചേരല്‍ ഇരുമ്പൊറൈ, ഇളം ചേരല്‍ ഇരുമ്പൊറൈ തുടങ്ങിയവരായിരുന്നു ചേരനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട രാജാക്കന്മാര്‍. ആദി ചേരന്മാര്‍ എന്നും ഇവരെ വിളിക്കാറുണ്ട്.


ആയ് രാജാക്കന്മാര്‍
തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന ആയ് രാജവംശത്തിന്റെ ഉദ്ഭവത്തെപ്പറ്റി മതിയായ രേഖകളൊന്നുമില്ല. അണ്ടിരന്‍, തിതിയന്‍, അതിയന്‍ എന്നിവരാണ് സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആയ് രാജാക്കന്മാര്‍. സംഘസാഹിത്യ കൃതികള്‍ ഇവരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. എ.ഡി. എട്ടാം നൂറ്റാണ്ടിനു ശേഷം കരുനന്തന്‍, കരുനന്തടക്കന്‍, വിക്രമാദിത്യ വരഗുണന്‍ തുടങ്ങിയ രാജാക്കന്മാര്‍ ആയ് വംശത്തിലുണ്ടായി. വിക്രമാദിത്യവരഗുണനു ശേഷം ആയ് വംശത്തിന് പ്രത്യേക രാജവംശം എന്ന സ്ഥാനം നഷ്ടമായി. പിന്നീട് ആയ് വംശം
അപ്രത്യക്ഷമായി.

കുലശേഖര സാമ്രാജ്യം
സംഘകാലത്തിനു ശേഷം എ.ഡി. ഒമ്പതാം നൂറ്റാണ്ടു വരെയുള്ള കേരളത്തിന്റെ തെളിമയുള്ള ചിത്രം അവതരിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ക്കു കഴിഞ്ഞിട്ടില്ല. ജനജീവിതത്തെയോ രാഷ്ട്രീയ സ്ഥിതിഗതികളെയോ സാംസ്കാരിക വികാസത്തെയോ കുറിച്ചുള്ള വ്യക്തമായ ചിത്രമില്ലാത്ത ഏകദേശം മൂന്നു നൂറ്റാണ്ടിലധികം വരുന്ന ഈ കാലയളവിനെ 'നീണ്ടരാത്രി'യെന്നു വിശേഷിപ്പിക്കാറുണ്ട്. എ.ഡി. 800-ന് അടുത്ത് ആ നീണ്ട രാത്രിക്ക് അന്ത്യം കുറിച്ചു കൊണ്ട് കുലശേഖരന്മാര്‍ എന്നു പ്രസിദ്ധരായ രാജാക്കന്മാര്‍ക്കു കീഴില്‍ ഒരു ചേര സാമ്രാജ്യം ഉയര്‍ന്നു വന്നു. രണ്ടാം ചേര സാമ്രാജ്യം, കുലശേഖര സാമ്രാജ്യം എന്നീ പേരുകളില്‍ ചരിത്ര ഗവേഷകര്‍ വിളിക്കുന്ന ഈ സാമ്രാജ്യം 12-ാം നൂറ്റാണ്ടു വരെ നിലനിന്നു. 800 മുതല്‍ 1102 വരെയുള്ള കാലയളവാണ് കുലശേഖരകാലമായി ഗണിക്കുന്നത്.

ആധുനിക കേരളത്തിന് അടിത്തറയൊരുക്കിയത് കുലശേഖര സാമ്രാജ്യമായിരുന്നു. ഇന്നത്തെ കൊടുങ്ങല്ലൂര്‍, തിരുവഞ്ചിക്കുളം, പ്രദേശങ്ങളിലാണെന്നു പൊതുവേ കരുതപ്പെടുന്ന മഹോദയപുരമായിരുന്നു കുലശേഖരന്മാരുടെ തലസ്ഥാനം. 13 കുലശേഖര ചക്രവര്‍ത്തിമാര്‍ ഈ പ്രാചീന സാമ്രാജ്യം ഭരിച്ചു. കുലശേഖര ആഴ്‌വാര്‍ (800 - 820), രാജശേഖര വര്‍മ (820 - 844), സ്ഥാണു രവിവര്‍മ (844 - 885), രാമവര്‍മ കുലശേഖരന്‍ (885 - 917), ഗോദ രവിവര്‍മ (917 - 944), ഇന്ദുക്കോതവര്‍മ (944 - 962), ഭാസ്കര രവിവര്‍മ ഒന്നാമന്‍ (962 - 1019), ഭാസ്കര രവി വര്‍മ (1019 - 1021), വീരകേരളന്‍ (1022 - 1028), രാജസിംഹന്‍ (1028 - 1043), ഭാസ്കര രവി വര്‍മ മൂന്നാമന്‍ (1043 - 1082), രവി രാമവര്‍മ (1082 - 1090), രാമവര്‍മ കുലശേഖരന്‍ (1090 - 1102) എന്നിവരാണവര്‍.

ചോളരാജാക്കന്മാരുടെ ആക്രമണമാണ് രണ്ടാം ചേരസാമ്രാജ്യത്തിന് അന്ത്യം കുറിച്ചത്. ചോള ചക്രവര്‍ത്തിയായ കുലോത്തുംഗന്റെ സൈന്യം മഹോദയപുരം ചുട്ടെരിച്ചതായി പറയപ്പെടുന്നു(7). അവസാനത്തെ ചേര ചക്രവര്‍ത്തി (ചേരമാന്‍ പെരുമാള്‍) രാജ്യം പലര്‍ക്കായി വീതം വച്ചശേഷം ഇസ്‌ലാം മതം സ്വീകരിച്ച് അറേബ്യയിലേക്കു പോയി എന്നൊരു ഐതിഹ്യമുണ്ട്. ഈ ചേരമാന്‍ കഥയെ ഏതെങ്കിലും സമകാലിക രേഖയോ തെളിവോ സ്ഥിരീകരിക്കുന്നില്ല. പ്രാചീന കാലത്തോ മധ്യകാലത്തോ കേരളം സന്ദര്‍ശിച്ചിട്ടുള്ള സഞ്ചാരികളാരും തങ്ങളുടെ രേഖകളില്‍ ഇതിനെക്കുറിച്ചു സൂചിപ്പിച്ചിട്ടുമില്ല(8).

കുലശേഖരകാലത്തെ കേരളം
കുലശേഖര ഭരണകാലയളവില്‍പ്പെട്ട ഒമ്പതും പത്തും നൂറ്റാണ്ടുകള്‍ കേരള ചരിത്രത്തിലെ സുവര്‍ണയുഗമായിരുന്നു. ഒട്ടേറെ നാടുകളായി കുലശേഖരന്മാര്‍ രാജ്യത്തെ ഭരണസൗകര്യത്തിനു വേണ്ടി വിഭജിച്ചു. നാടുകളെ ദേശങ്ങളായും വേര്‍തിരിച്ചു. കരയായിരുന്നു ഏറ്റവും ചെറിയ ദേശഘടകം. പതവാരം എന്നറിയപ്പെട്ട പലതരം നികുതികള്‍ അന്നുണ്ടായിരുന്നു. വാണിജ്യം, ശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളം പുരോഗതി നേടി. മഹോദയപുരത്ത് ജ്യോതിശ്ശാസ്ത്രജ്ഞനായ ശങ്കരനാരായണന്റെ മേല്‍നോട്ടത്തില്‍ ഒരു ഗോളനിരീക്ഷണാലയം പ്രവര്‍ത്തിച്ചിരുന്നു.

കാന്തളൂര്‍, കൊല്ലം, വിഴിഞ്ഞം, കൊടുങ്ങല്ലൂര്‍ എന്നീ തുറമുഖങ്ങള്‍ കുലശേഖരകാലത്തെ വിദേശവ്യാപാരത്തിന്റെ കേന്ദ്രങ്ങളായിരുന്നു. ചൈനയുമായാണ് ഏറ്റവുമധികം വ്യാപാരം നടന്നിരുന്നത്. സുലൈമാന്‍, മസൂദി, തുടങ്ങിയ അറബി സഞ്ചാരികള്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് സംഘടനകള്‍ ഉണ്ടായിരുന്നു. അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയര്‍, നാനാദേശികര്‍ എന്നിവയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ സംഘടനകള്‍.


ഭാഷ, സാഹിത്യം
മലയാളം സ്വതന്ത്രഭാഷയായി ഉരുത്തിരിയാന്‍ ആരംഭിച്ചത് കുലശേഖര കാലത്താണ്. അന്നത്തെ കേരളത്തില്‍ പ്രചരിച്ചിരുന്ന കൊടും തമിഴ് എന്ന ഭാഷാഭേദത്തില്‍ നിന്നാണ് മലയാളം ഉരുത്തിരിഞ്ഞതെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഭാഷോത്പത്തി സിദ്ധാന്തം. കുലശേഖരകാലം മലയാളത്തിന്റെ ആവിര്‍ഭാവദശയായിരുന്നതിനാല്‍ അന്ന് സാഹിത്യ കൃതികളൊന്നും ഉണ്ടായില്ല. തമിഴിലും സംസ്കൃതത്തിലുമായിരുന്നു കേരളീയര്‍ സാഹിത്യ സൃഷ്ടി നടത്തിയിരുന്നത്. ആദ്യത്തെ കുലശേഖര രാജാവായ കുലശേഖര ആഴ്‌വാരാണ് 'പെരുമാള്‍ തിരുമൊഴി' എന്ന തമിഴ് കൃതിയും 'മുകുന്ദമാല' എന്ന സംസ്കൃതകാവ്യവും രചിച്ചതെന്നു കരുതപ്പെടുന്നു. 'തപതീസംവരണം', 'സുഭദ്രാധനഞ്ജയം', 'വിച്ഛിന്നാഭിഷേകം' എന്നീ സംസ്കൃത നാടകങ്ങളും 'ആശ്ചര്യമഞ്ജരി' എന്ന ഗദ്യഗ്രന്ഥവും എഴുതിയത് ഒരു കുലശേഖര രാജാവാണെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 'യുധിഷ്ഠിര വിജയം' എന്ന സംസ്കൃത മഹാകാവ്യം രചിച്ച വാസുദേവന്‍ കുലശേഖര കാലത്തെ കവിയായിരുന്നു.

തത്ത്വചിന്ത, ശാസ്ത്രം എന്നീ രംഗങ്ങളിലും ഒട്ടേറെ ഗ്രന്ഥങ്ങളുണ്ടായി. അദൈ്വത വേദാന്തിയായ ശങ്കരാചാര്യര്‍, കവിയായ തോലന്‍, 'ആശ്ചര്യ ചൂഡാമണി' എന്ന നാടകമെഴുതിയ ശക്തിഭദ്രന്‍ 'ശങ്കരനാരായണീയ'മെഴുതിയ ജ്യോതിശ്ശാസ്ത്രജ്ഞനായ ശങ്കരനാരായണന്‍ം തമിഴ് മഹാകാവ്യമായ 'ചിലപ്പതികാര'മെഴുതിയ ഇളംകോ അടികള്‍ തുടങ്ങിയ ഒട്ടേറെ പ്രതിഭാശാലികള്‍ കുലശേഖര കാലത്തെ കേരളത്തില്‍ വെളിച്ചം പരത്തി.


മതം
സംഘടിതമതത്തിന്റെ സ്വഭാവമില്ലാത്ത ദ്രാവിഡാചാരങ്ങളും അനുഷ്ഠാനങ്ങളുമായിരുന്നു പ്രാചീന കേരളത്തില്‍ നിലനിന്നിരുന്നത്. കുലദൈവങ്ങളെയും പ്രകൃതി ശക്തികളെയും കൊറ്റവൈ എന്ന യുദ്ധദേവതയെയും അവര്‍ ആരാധിച്ചു. പരേതരെ ആരാധിക്കുന്നതും പതിവുണ്ടായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിനു മുമ്പുള്ള വര്‍ഷങ്ങളില്‍ പുറത്തുനിന്നും ജൈന, ബുദ്ധ, ബ്രാഹ്മണ മതങ്ങള്‍ ഇങ്ങോട്ടു കടന്നു വന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് അവ ദ്രാവിഡാചാരങ്ങളെ കീഴ്‌പ്പെടുത്തി കേരളത്തില്‍ മേധാവിത്വമുറപ്പിച്ചു. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ എത്തിയ ജൈന, ബുദ്ധ മതങ്ങള്‍ക്ക് കേരളത്തില്‍ നിര്‍ണായകമായ സ്വാധീനതയുണ്ടായിരുന്നു. അവര്‍ക്കു പിന്നാലേ തന്നെ ആര്യവംശജരായ ബ്രാഹ്മണരും തങ്ങളുടെ മതവിശ്വാസവുമായി കേരളത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ എ.ഡി. എട്ടാം നൂറ്റാണ്ടു മുതലാണ് ശക്തമായ ബ്രാഹ്മണാധിനിവേശമുണ്ടായത്. ഇതോടെ ഹിന്ദുമതം വേരുറപ്പിച്ചു. ജൈന, ബുദ്ധമതങ്ങളുടെ സ്വാധീനത ഇല്ലാതാക്കിയ ബ്രാഹ്മണ ഹിന്ദുമതം ദ്രാവിഡ സങ്കല്പങ്ങളെയും ദേവതകളെയുമെല്ലാം സ്വാംശീകരിച്ചു വളര്‍ന്നു.

കുലശേഖര ചക്രവര്‍ത്തിമാരുടെ കാലത്താണ് ഹിന്ദുമതം വമ്പിച്ച വളര്‍ച്ച നേടിയത്. ശങ്കരാചാര്യര്‍ (788 - 820) നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെന്നല്ല ഇന്ത്യയില്‍ ഉടനീളം തന്നെ ഹിന്ദുമതത്തിന് ഉണര്‍വും സംഘടിത സ്വഭാവവും നല്‍കി. ഇന്ത്യന്‍ തത്ത്വചിന്തക്ക് മഹത്തായ സംഭാവനകളാണ് തന്റെ കൃതികളിലൂടെ ശങ്കരാചാര്യര്‍ നല്‍കിയത്. ഹിന്ദുമതത്തിന്റെ വളര്‍ച്ച സ്വാഭാവികമായും ക്ഷേത്രങ്ങളുടെ രൂപപ്പെടലിനും വഴി തെളിച്ചു. എ.ഡി. ഒമ്പതാം നൂറ്റാണ്ടു മുതല്‍ ഒട്ടേറെ ക്ഷേത്രങ്ങള്‍ ഉയര്‍ന്നു വന്നു. ദ്രാവിഡ ദൈവങ്ങള്‍ പലതും ഹിന്ദു ദൈവങ്ങളായി മാറ്റപ്പെടുകയും ചെയ്തു. ക്ഷേത്രഭരണസമിതികളും ഇതിനു പിന്നാലേ ഉണ്ടായി. ക്ഷേത്രഭരണത്തിനുള്ള നിയമങ്ങളും വ്യവസ്ഥകളും രേഖപ്പെടുത്തിയിട്ടുള്ള മൂഴിക്കുളം കച്ചം പ്രസിദ്ധമാണ്. എറണാകുളത്തെ പറവൂരിനടുത്തുള്ള മൂഴിക്കുളത്ത് നാടുവാഴികളും ക്ഷേത്രാധികാരികളും ഒമ്പതാം നൂറ്റാണ്ടില്‍ ചേര്‍ന്ന പൊതുയോഗത്തെയാണ് മൂഴിക്കുളം കച്ചം എന്നു പറയുന്നത്. ഒട്ടേറെ മറ്റു കച്ചങ്ങളുമുണ്ട്. അക്കാലത്തെ രാജകീയ ശാസനങ്ങള്‍ കച്ചങ്ങളെയും ക്ഷേത്രങ്ങളെയും പറ്റിയുള്ള വില പിടിച്ച പരാമര്‍ശങ്ങള്‍ നല്‍കിയിട്ടുണ്ട്.

മതവും ക്ഷേത്രങ്ങളും കലയ്ക്കും വിജ്ഞാന വിതരണത്തിനും പ്രോത്സാഹനം നല്‍കി. കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ ഉണ്ടായത് ഒമ്പതാം നൂറ്റാണ്ടു മുതലാണ്. ശില്പ കലയും വാസ്തു വിദ്യയും ഒപ്പം വികസിച്ചു. മൂഴിക്കുളം ശാല, തിരുവല്ലാശാല തുടങ്ങിയവ പോലുള്ള ഒട്ടേറെ വിദ്യാകേന്ദ്രങ്ങളും കുലശേഖരകാലത്ത് കേരളത്തില്‍ പലഭാഗങ്ങളിലായി ഉണ്ടായി. ക്ഷേത്രങ്ങളില്‍ വേദപാരായണവും മതസംഹിതകളില്‍ പരീക്ഷകളും ഉണ്ടായിരുന്നു. ഋഗ്വേദ വൈദഗ്ധ്യം പരീക്ഷിക്കുന്ന കടവല്ലൂര്‍ അന്യോന്യം ഇതിനു മാതൃകയാണ്. ബുദ്ധ ജൈന മതങ്ങള്‍ പിന്തള്ളപ്പെട്ടുവെങ്കിലും ക്രിസ്തുമതത്തിനും ജൂതമതത്തിനും ഒട്ടേറെ അവകാശങ്ങള്‍ കുലശേഖര കാലത്ത് ലഭിച്ചിരുന്നു.


യുഗാന്ത്യം
ചോളന്മാരുമായി നടന്ന യുദ്ധങ്ങള്‍ അന്തിമമായി കുലശേഖര സാമ്രാജ്യത്തിന്റെ തകര്‍ച്ചയിലാണു കലാശിച്ചത്. യുദ്ധം കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരുടെ സ്വാധീനശക്തി വളര്‍ത്തി. ക്ഷേത്രങ്ങള്‍ക്കു ലഭിച്ച വമ്പിച്ച ഭൂസ്വത്തിന്റെ അധിപന്മാര്‍ എന്ന നിലയില്‍ ബ്രാഹ്മണര്‍ സാമ്പത്തിക ശക്തി കേന്ദ്രങ്ങളായി മാറി. ജന്മി സമ്പ്രദായം രൂപം കൊണ്ടതും മക്കത്തായം തിരോഭവിച്ച് മരുമക്കത്തായം ഉടലെടുത്തതും ഇക്കാലത്താണ്. ബ്രാഹ്മണമേധാവിത്തം ശക്തമായതോടെ അതുവരെ കുലശേഖര സാമ്രാജ്യത്തെ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന സാമൂഹിക ബന്ധങ്ങളും രാഷ്ട്രീ

ഋതുക്കള്‍
ഇന്ത്യയുടെ തെക്കുപടിഞ്ഞാറേയറ്റത്തു കേരളം, ഒരുഭാഗത്ത്് കടല്‍തീരവും മറുഭാഗത്ത്് പശ്ചിമഘട്ട മലനിരകളും അതിരിടുന്ന കേരളം ഒരു ഉഷ്ണമേഖലാ പ്രദേശമാണ്. ഇവിടെ പ്രകടമായി അനുഭവേദ്യമാകുന്ന ഋതുഭേദങ്ങള്‍ വര്‍ഷവും (ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയും) വേനലുമാണ് (ഫെബ്രുവരി മുതല്‍ മെയ് വരെ). എന്നാല്‍ 28o മുതല്‍ 32o C വരെയുള്ള സാധാരണ താപനിലയില്‍ നിന്ന് നേരിയ കുറവു മാത്രമാണ് ശിശിരകാലത്തുള്ളത്. 
 
ഭൂമിശാസ്ത്രം
 
 
പടിഞ്ഞാറ് അറബിക്കടലും കിഴക്ക് സമുദ്രനിരപ്പില്‍ നിന്ന് 500 മുതല്‍ 2700 വരെ മീറ്റര്‍ ഉയരമുള്ള പശ്ചിമഘട്ടവും തലങ്ങും വിലങ്ങുമായി നാല്‍പത്തിനാല് നദികളുമുള്ള കേരളത്തിന് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണുള്ളത്. ഉന്നത ഗിരിനിരകളും അഗാധ താഴ്‌വാരങ്ങളും മുതല്‍ അനവധി കായലുകളും വിശാലമായ സാഗര തീരവും വരെ എല്ലാം ഇവിടെയുണ്ട്.

ദൈവത്തിന്റെ സ്വന്തം നാട് (God's Own Country) എന്ന പരസ്യവാക്യം കേരളത്തെ സംബന്ധിച്ച് അതിശയോക്തിയല്ല. ഉഷ്ണമേഖലാ കാലാവസ്ഥയും സമൃദ്ധമായ മഴക്കാലങ്ങളും സുന്ദരമായ ഭൂപ്രകൃതിയും ജലസമ്പത്തും വനങ്ങളും നീണ്ട കടല്‍ത്തീരവും നാല്പതിലധികം നദികളും കേരളത്തെ അനുഗ്രഹിക്കുന്നു. ഉത്തര അക്ഷാംശം 8 ഡിഗ്രി 17' 30" നും 12 ഡിഗ്രി 47' 40" നും ഇടയ്ക്കും പൂര്‍വ്വരേഖാംശം 74 ഡിഗ്രി 7' 47" നും 77 ഡിഗ്രി 37' 12" നും ഇടയ്ക്കുമാണ് ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ സ്ഥാനം. സഹ്യാദ്രിക്കും അറബിക്കടലിനുമിടയില്‍ ഹരിതാഭമായ ഒരു അരഞ്ഞാണം പോലെ കിടക്കുന്ന ഈ ഭൂപ്രദേശത്തിന്റെ ഉത്പത്തിയെപ്പറ്റിയുള്ള പ്രഖ്യാതമായ പുരാവൃത്തമാണ് പരശുരാമ കഥ. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലൊരാളായ പരശുരാമന്‍ മഴു എറിഞ്ഞ് കടലില്‍ നിന്ന് ഉയര്‍ത്തിയെടുത്ത പ്രദേശമാണ് കേരളമെന്നാണ് ഐതിഹ്യം.

ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ പലതായി വിഭജിക്കാറുണ്ട്. മലനാട്, ഇടനാട്, തീരപ്രദേശം എന്ന സാമാന്യ വിഭജനത്തിനാണു കൂടുതല്‍ പ്രചാരം. കുറേക്കൂടി സൂക്ഷ്മമായി കിഴക്കന്‍ മലനാട് (Eastern Highland), അടിവാരം (Foot Hill Zone), ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍ (Hilly Uplands), പാലക്കാട് ചുരം, തൃശ്ശൂര്‍ - കാഞ്ഞങ്ങാട് സമതലം, എറണാകുളം - തിരുവനന്തപുരം റോളിങ്ങ് സമതലം, പടിഞ്ഞാറന്‍ തീരസമതലം എന്നീ പ്രകൃതി മേഖലകളായും വിഭജിക്കാറുണ്ട്. സഹ്യാദ്രിയോടു ചേര്‍ന്ന് തെക്കു വടക്കായി നീണ്ടു കിടക്കുന്നതാണ് മലനാട് അഥവാ കിഴക്കന്‍ മലനാട്. വന്യമൃഗങ്ങള്‍ നിറഞ്ഞ കാടുകളാണ് ഈ മേഖലയില്‍ ഏറിയപങ്കും. ഉഷ്ണ മേഖലാ നിത്യഹരിത വനങ്ങളും ചോലവനങ്ങളും ഇവിടെയുണ്ട്. കേരളത്തിലെ പ്രധാന നദികളെല്ലാം ഉദ്ഭവിക്കുന്നതും മലനാട്ടില്‍ നിന്നു തന്നെ. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്തുള്ള സൈലന്റ് വാലിയാണ് ഏറ്റവും പ്രശസ്തമായ നിത്യഹരിത വനം. സൈലന്റ് വാലിയും ഇരവികുളവും ദേശീയോദ്യാനങ്ങളാണ്. ആനമുടി (2695 മീ.)യാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി. അഗസ്ത്യകൂടം (1869 മീ.) തെക്കേയറ്റത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയും. സഹ്യാദ്രിക്കു സമാന്തരമാണ് തെക്കു വടക്കു നീളത്തിലുള്ള പടിഞ്ഞാറന്‍ തീരസമതലം. മലനാടിനും തീരസമതലത്തിനും ഇടയ്ക്കാണ് ഇടനാട്. കുന്നുകളും സമതലങ്ങളും അടങ്ങിയ ഭൂപ്രകൃതിയാണിവിടെ.

പടിഞ്ഞാറ് അറബിക്കടലിലേക്കോ കായലുകളിലേക്കോ ഒഴുകുന്ന 41 നദികള്‍, കിഴക്കോട്ടൊഴുകുന്ന മൂന്നു നദികള്‍, കായലുകള്‍, തോടുകള്‍ തുടങ്ങിയവ കേരളത്തെ ജലസമ്പന്നമാക്കുന്നു.
 
ജനങ്ങള്‍
 
 ഇന്ത്യയില്‍ ഏറ്റവും അധികം സാക്ഷരരും സാമൂഹ്യ ഔന്നിത്യം ആര്‍ജ്ജിച്ചവരുമായ കേരള ജനതയുടെ സവിശേഷമായ സാര്‍വലൗകിക വീക്ഷണം അവരുടെ സഹിഷ്ണതയും ഉദാരതയും നിറഞ്ഞ സമീപനങ്ങളില്‍ പ്രകടമാണ്. ലോകത്തങ്ങോളമിങ്ങോളമുള്ള വ്യത്യസ്ത നാടുകളുടെയും ജനവിഭാഗങ്ങളുടെയും അംശങ്ങള്‍ സ്വാംശീകരിച്ചിട്ടുള്ള കേരളത്തിന്റെ സമ്മിശ്ര സംസ്‌കാരമാകാം ഇതിന് കാരണം.

നൂറ്റാണ്ടുകളായി മനുഷ്യ പ്രയത്‌നത്തിന്റെ സമസ്ത മേഖലകളിലും പുതിയ സംസ്‌കാരങ്ങളും മൂല്യങ്ങളും സര്‍വ്വാത്മനാ സ്വീകരിക്കാനുള്ള കഴിവ് കേരളം പ്രകടിപ്പിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും വെല്ലുവിളികള്‍ നേരിടാനും കേരളീയര്‍ക്ക് സാധിച്ചു.

ഉന്നതമായ അവബോധവും രാഷ്ട്രീയധാരണയും കേരളീയര്‍ക്കുണ്ട്. വിദ്യഭ്യാസ മേഖലയിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്കായി. ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ത്രീസാക്ഷരതാ നിരക്ക് ഇവിടെയാണ്. കുടുംബത്തിനകത്തും പുറത്തും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം ലഭിക്കാനും ഇത് കാരണമായിട്ടുണ്ട്. 

ചരിത്രം

കേരളത്തിന്റെ ചരിത്രം, അടുത്തകാലംവരെ സുഗന്ധവ്യഞ്ജന കയറ്റുമതിക്കു ചുറ്റുമായി തിരിഞ്ഞു കൊണ്ടിരുന്ന അതിന്റെ വാണിജ്യവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനതീരം എന്ന് കീര്‍ത്തികേട്ട കേരളം ഗ്രീക്കുകാര്‍, റോമാക്കാര്‍, അറബികള്‍, ചൈനാക്കാര്‍, പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ആതിഥ്യമരുളി. വാസ്തുവിദ്യ, ഭക്ഷണശൈലി, സാഹിത്യം തുടങ്ങിയ വിവിധമേഖലകളില്‍ ഈ സഞ്ചാരികള്‍ തങ്ങളുടേതായ മുദ്രകള്‍ ഇവിടെ അവശേഷിപ്പിക്കുകയും ചെയ്തു.

കേരളം എന്ന വാക്ക് എവിടെ നിന്നുണ്ടായി എന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ പലതരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിന്റെ പേരിനെപ്പറ്റി അഭിപ്രായയൈക്യമില്ലെങ്കിലും 'ചേര്‍' (കര, ചെളി...) 'അളം' (പ്രദേശം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് 'കേരളം' ഉണ്ടായതെന്ന വാദമാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. കടലില്‍ നിന്നുണ്ടായ ഭൂപ്രദേശമെന്നും പര്‍വതവും കടലും തമ്മില്‍ ചേരുന്ന പ്രദേശമെന്നുമുള്ള അര്‍ത്ഥങ്ങള്‍ ഈ വാക്കുകള്‍ സൂചിപ്പിക്കുന്ന. പ്രാചീന വിദേശ സഞ്ചാരികള്‍ കേരളത്തെ 'മലബാര്‍' എന്നും വിളിച്ചിട്ടുണ്ട്.

ആയിരക്കണക്കിനു വര്‍ഷം മുമ്പു തന്നെ കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചിരുന്നു. മലയോരങ്ങളിലാണ് ആദ്യമായി മനുഷ്യവാസം തുടങ്ങിയത്. പ്രാചീന ശിലായുഗത്തിലെ ഏതാനും അവശിഷ്ടങ്ങള്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്. ഈ പ്രാക് ചരിത്രാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെപ്പറ്റി വിപുലമായ തെളിവുകള്‍ നല്‍കുന്നത് മഹാശിലാസ്മാരകങ്ങള്‍ (megalithic monuments) ആണ്. ശവപ്പറമ്പുകളാണ് മിക്ക മഹാശിലാസ്മാരകങ്ങളും. കുടക്കല്ല്, തൊപ്പിക്കല്ല്, കന്മേശ, മുനിയറ, നന്നങ്ങാടി തുടങ്ങിയ വിവിധതരം മഹാശിലാ ശവക്കല്ലറകള്‍ കണ്ടെടുത്തിട്ടുണ്ട്. ബി. സി. 500 - എ.ഡി. 300 കാലമാണ് ഇവയുടേതെന്നു കരുതുന്നു. മലമ്പ്രദേശങ്ങളില്‍ നിന്നാണ് മഹാശിലാവശിഷ്ടങ്ങള്‍ ഏറിയപങ്കും കിട്ടിയിട്ടുള്ളത് എന്നതില്‍ നിന്നും ആദിമ ജനവാസമേഖലകളും അവിടെയായിരുന്നുവെന്നു മനസ്സിലാക്കാം.

കേരളത്തിലെ ആവാസകേന്ദ്രങ്ങള്‍ വികസിച്ചതിന്റെ അടുത്തഘട്ടം സംഘകാലമാണ്. പ്രാചീന തമിഴ് സാഹിത്യകൃതികള്‍ ഉണ്ടായ കാലമാണിത്. സംഘകാലമായ എ.ഡി. മൂന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ കേരളത്തിലേക്ക് ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് കുടിയേറ്റങ്ങളുണ്ടായി. ബുദ്ധ, ജൈന മതങ്ങളും ഇക്കാലത്ത് പ്രചരിച്ചു. ബ്രാഹ്മണരും കേരളത്തിലെത്തി. 64 ബ്രാഹ്മണ ഗ്രാമങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉയര്‍ന്നു വന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്തുമതം കേരളത്തിലെത്തിയതായി കരുതപ്പെടുന്നു. എ. ഡി. 345-ല്‍ കാനായിലെ തോമസിന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഏഴു ഗോത്രങ്ങളില്‍പ്പെട്ട 400 ക്രൈസ്തവര്‍ എത്തിയതോടെ ക്രിസ്തുമതം പ്രബലമാകാന്‍ തുടങ്ങി. സമുദ്രവ്യാപാരത്തിലൂടെ അറേബ്യയുമായി ബന്ധപ്പെട്ടിരുന്ന കേരളത്തില്‍ എ. ഡി. എട്ടാം നൂറ്റാണ്ടോടെ ഇസ്‌ലാം മതവും എത്തിച്ചേര്‍ന്നു.

തമിഴകത്തിന്റെ ഭാഗമായാണ് പ്രാചീന കേരളത്തെ ചരിത്ര രചയിതാക്കള്‍ പൊതുവേ പരിഗണിക്കുന്നത്. കേരളത്തിലെ ജനങ്ങളും ഭൂപ്രകൃതിയുമായുള്ള ബന്ധവും ആവാസകേന്ദ്രങ്ങളുടെയും ഉത്പാദന സമ്പ്രദായത്തിന്റെയും ഭാഷയുടെയും വികാസവും സവിശേഷതകളും കേരളത്തിന്റെ തനതു വ്യക്തിത്വം രൂപപ്പെടാന്‍ സഹായിച്ചു. കൃഷിയിലും വിഭവങ്ങളിലുമുള്ള നിയന്ത്രണം ഇവിടെത്തന്നെ വളര്‍ന്നു വന്ന സാമൂഹികശക്തികള്‍ക്കായപ്പോള്‍ കേരളം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സാമൂഹിക മാറ്റങ്ങള്‍ക്കു വിധേയമായി ചെറു നാടുകളുടെയും വലിയ രാജ്യങ്ങളുടെയും സവിശേഷ സാമൂഹിക സ്ഥാപനങ്ങളുടെയും രൂപപ്പെടല്‍ ഉണ്ടായി.

സാമ്രാജ്യങ്ങളും യുദ്ധങ്ങളും ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസവും വൈദേശിക ശക്തികളുടെ വരവും നീണ്ടകാലത്തെ കോളനി വാഴ്ചയും ജാതിവ്യവസ്ഥയും ചൂഷണവും വിദ്യാഭ്യാസപുരോഗതിയും ശാസ്ത്രമുന്നേറ്റവും, വ്യാപാര വളര്‍ച്ചയും സാമൂഹിക നവോത്ഥാന, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവുമെല്ലാം ചേര്‍ന്ന ചരിത്രമാണത്.

സൗകര്യത്തിനു വേണ്ടി കേരളത്തിന്റെ ചരിത്രത്തെ പ്രാചീന ചരിത്രം, മധ്യകാല ചരിത്രം, ആധുനിക ചരിത്രം എന്നു മൂന്നായി വിഭജിക്കാം.
 

പ്രാചീന കേരളം

പ്രാക് ചരിത്ര കാലം തൊട്ട് കുല ശേഖര സാമ്രാജ്യത്തിന്റെ അസ്തമയ കാലമായ 12-ാം നൂറ്റാണ്ടു വരെ നീളുന്നതാണ് കേരളത്തിന്റെ പ്രാചീന ചരിത്രഘട്ടം.

മഹാശിലാസ്മാരകങ്ങള്‍
പല സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള കല്ലുപകരണങ്ങളും വയനാട്ടിലെ എടക്കല്‍, തൊവരി, ഇടുക്കിയിലെ മറയൂരിനടുത്ത് കുടക്കാട് വനം, കൊല്ലം ജില്ലയിലെ തെന്മലയിലെ ചെന്തരുണി എന്നിവിടങ്ങളിലെ ഗുഹകളും കേരളത്തിലെ അതിപുരാതന ജനജീവിതത്തിന്റെ തെളിവുകളാണ്. ഇത്തരം പൗരാണികാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെക്കുറിച്ചു വ്യക്തമായ തെളിവു നല്‍കുന്നത് മഹാശിലാസ്മാരകങ്ങള്‍ (megaliths)ആണ്. ബി. സി. 500 - എ. ഡി. 300 കാലഘട്ടത്തിലേതാണ് ഈ ശവസ്മാരകങ്ങളെന്നു കരുതുന്നു. “മഹാശില എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശവം സംസ്കരിക്കാനോ മരിച്ചവരുടെ ഓര്‍മ നിലനിര്‍ത്താനോ കൂറ്റന്‍ കല്ലുകള്‍ കൊണ്ടു പടുത്തുണ്ടാക്കിയ അറകളെയും സ്തംഭങ്ങളെയുമാണ്. തെക്കേ ഇന്ത്യയില്‍ പൊതുവേ ദൃശ്യമായിരുന്ന മഹാശിലാ പ്രസ്ഥാനത്തിന്റെ ഭാഗവും പ്രേതാരാധനത്തോടു ബന്ധപ്പെട്ടതുമാണ് കേരളത്തിലെ മഹാശിലാ നിര്‍മിതികള്‍” കൊടും കല്ലറകള്‍, പഴുതറകള്‍, നടുകല്ലുകള്‍, കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, ശിലാഗുഹകള്‍ മുതലായ പലതരം മഹാശിലാ സ്മാരകങ്ങളുണ്ട്. നടുകല്ല്, തൊപ്പിക്കല്ല്, പടക്കല്ല്, പുലച്ചിക്കല്ല്, പാണ്ടു കുഴി, നന്നങ്ങാടി, പുതുമക്കത്താഴി തുടങ്ങിയ പല പേരുകളില്‍ അവ അറിയപ്പെടുന്നു. വലിയ മണ്‍പാത്രങ്ങളിലും മറ്റുമാണ് ശവങ്ങള്‍ അടക്കിയിരുന്നത്. പ്രാചീന ജനജീവിതത്തിന്റെ ചിത്രം അവതരിപ്പിക്കുന്നുവെങ്കിലും മഹാശിലാവശിഷ്ടങ്ങള്‍ സ്ഥിരമായ പാര്‍പ്പിടങ്ങളുടെ വളര്‍ച്ചയെ കാണിക്കുന്നുവെന്നു പറയാന്‍ സാധിക്കുകയില്ല.


വിദേശബന്ധങ്ങള്‍
അതി പ്രാചീനകാലം തൊട്ടു തന്നെ കേരളവും വിദേശരാജ്യങ്ങളും തമ്മില്‍ ബന്ധങ്ങളുണ്ടായിരുന്നു. മുഖ്യമായും വാണിജ്യാധിഷ്ഠിതമായിരുന്ന ഈ ബന്ധം കേരളത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രം രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങള്‍ പുരാതന കാലത്തു തന്നെ കേരളത്തില്‍ പ്രചരിക്കാന്‍ ഇടയാക്കിയത് വിദേശബന്ധമാണ്.

കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങളാണ് പ്രാചീന കാലത്തു തന്നെ വിദേശികളെ ആകര്‍ഷിച്ചത്. ബി. സി. 3000 മുതല്‍ തന്നെ വിദേശീയര്‍ കേരളത്തിലെത്തിയിരുന്നു. പ്രാചീന സുമേറിയന്‍ (മെസൊപ്പൊട്ടേമിയ) നാഗരികത വളര്‍ത്തിയെടുത്ത അസീറിയക്കാരും ബാബിലോണിയക്കാരും കേരളത്തിലെത്തി ഏലം, കറുവപ്പട്ട (ഇലവര്‍ങ്ഗം) തുടങ്ങിയവ കൊണ്ടു പോയി. അറബികളും ഫിനീഷ്യരുമാണ് കേരളവുമായുള്ള സുഗന്ധ വ്യജ്ഞന വ്യാപാരത്തില്‍ ആദ്യം പ്രവേശിച്ചത്. ഒമാനിലെയും പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്തെയും അറബികളാവണം സമുദ്രമാര്‍ഗം ആദ്യമായി ഇവിടെ എത്തിയത്. ഉത്തരേന്ത്യയിലൂടെയും കേരളത്തിന്റ സുഗന്ധ ദ്രവ്യങ്ങള്‍ മധ്യേഷ്യയിലെത്തി. ബി. സി. അവസാന ശതകങ്ങളില്‍ ഗ്രീക്കുകാരും റോമക്കാരും കേരളവുമായി വ്യപാരത്തിലേര്‍പ്പെട്ടു. പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ദിയോസ്രോര്‍ദീസിന്റെ 'മെറ്റീരിയ മെഡിക്ക' എന്ന വൈദ്യഗ്രന്ഥത്തില്‍ ഏലം, കറുവപ്പട്ട, മഞ്ഞള്‍, ഇഞ്ചി എന്നിവയുടെ ഔഷധഗുണത്തെപ്പറ്റി വിവരിക്കുന്നുണ്ട്.

ബി. സി. ഒന്നാം നൂറ്റാണ്ടില്‍ റോമക്കാര്‍ ഈജിപ്ത് ആക്രമിച്ചതോടെ അറബികള്‍ക്ക് കേരളവുമായുണ്ടായിരുന്ന സുഗന്ധ വ്യജ്ഞന വ്യാപാരക്കുത്തക പൊളിഞ്ഞു. ആ സ്ഥാനത്ത് റോമക്കാര്‍ കടന്നു വന്നു. ഒട്ടേറെ റോമന്‍ നാണയങ്ങള്‍ കേരളത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. എ.ഡി. 45-ല്‍ ഈജിപ്ഷ്യന്‍ നാവികനായ ഹിപ്പാലസ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാലവര്‍ഷക്കാറ്റിന്റെ ഗതി കണ്ടു പിടിച്ചതോടെ കേരളത്തിലേക്കുള്ള സമുദ്രയാത്ര എളുപ്പമായി. കുരുമുളകായിരുന്നു കേരളത്തില്‍ നിന്ന് വിദേശത്തെത്തിയ ചരക്കുകളില്‍ ഏറ്റവും വിലപിടിച്ചത്.

കേരളവുമായി വ്യാപാരത്തിലേര്‍പ്പെട്ട മറ്റൊരു വിദേശജനതയായിരുന്നു ചൈനക്കാര്‍. ചൈനീസ് കപ്പലുകള്‍ കേരളത്തിലെ തുറമുഖങ്ങളില്‍ എത്തിയത് ഒരു പക്ഷെ ഗ്രീക്കുകാര്‍ക്കും റോമക്കാര്‍ക്കും മുമ്പുതന്നെയായിരുന്നിരിക്കണം. പ്രാചീന ചൈനീസ് നാണയങ്ങള്‍ കേരളത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. ചീനക്കളിമണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ചീനച്ചട്ടിയും ചീനവലയും കേരളത്തിലെത്തിയ വഴിയും മറ്റൊന്നല്ല.


പ്രാചീന തുറമുഖങ്ങള്‍
പ്രാചീനമായ നാവിക പാരമ്പര്യവും സൗകര്യങ്ങളുള്ള തുറമുഖങ്ങളും പ്രാചീന കേരളത്തിനുണ്ടായിരുന്നു. ആ തുറമുഖങ്ങള്‍ വഴിയാണ് വിദേശവ്യാപാരം അഭിവൃദ്ധിപ്പെട്ടത്. മുസിരിസ് (കൊടുങ്ങല്ലൂര്‍), തിണ്ടിസ്, ബറക്കേ, നെല്‍ക്കിണ്ട എന്നീ പ്രധാന തുറമുഖങ്ങളെപ്പറ്റി പ്രാചീനരായ വിദേശസഞ്ചാരികള്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുസിരിസ് ഒഴികെയുള്ളവ എവിടെയാണെന്ന കാര്യത്തില്‍ ചരിത്ര ഗവേഷകര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. പ്രാചീന ഭാരതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായിരുന്നു മുസിരിസ്. മേല്‍പരാമര്‍ശിച്ചതല്ലാത്ത ഒട്ടേറെ ചെറു തുറമുഖങ്ങളും പ്രാചീന കേരളത്തില്‍ ഉണ്ടായിരുന്നിരിക്കണം. പില്‍ക്കാലത്ത് കൊല്ലം, കോഴിക്കോട്, കൊച്ചി എന്നിവ പ്രധാന തുറമുഖങ്ങളായി ഉയര്‍ന്നു വന്നു.


സംഘകാലം
ക്രിസ്തു വര്‍ഷത്തിന്റെ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകള്‍ കേരള ചരിത്രം രൂപപ്പെട്ടു തുടങ്ങുന്ന കാലഘട്ടമാണെന്ന് പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ അഭിപ്രായപ്പെടുന്നു. തമിഴ് സാഹിത്യത്തിലെ പ്രസിദ്ധമായ സംഘകാലമാണിത്. അന്ന് തമിഴകത്തിന്റെ ഭാഗമായിരുന്നു കേരളവും.

പഴന്തമിഴ് പാട്ടുകള്‍ എന്നു വിളിക്കപ്പെടുന്ന സംഘസാഹിത്യത്തില്‍ നിന്ന് ഈ കാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നു. ബി. സി. ഒന്നാം ശതകത്തിനും എ. ഡി. ആറാം ശതകത്തിനും ഇടയ്ക്കാണ് സംഘകാലമെന്ന് പൊതുവെ എല്ലാ ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. എ. ഡി. ആദ്യ മൂന്നു ശതകങ്ങളാണ് ഇക്കാലമെന്ന് ഡോ. എസ്. കൃഷ്ണസ്വാമി അയ്യങ്കാര്‍, നീലകണ്ഠശാസ്ത്രി, കനകസഭ, ശേഷയ്യര്‍, പി. കെ. ഗോപാലകൃഷ്ണന്‍ എന്നീ ചരിത്രകാരന്മാരും Cambridge History of Indiaയും അഭിപ്രായപ്പെടുന്നു. എ. ഡി. ഒന്നു മുതല്‍ അഞ്ചു വരെ ശതകങ്ങളെന്ന് എ. ശ്രീധരമേനോനും എ.ഡി. അഞ്ച്, ആറ് ശതകങ്ങളെന്ന് ഇളംകുളവും സമര്‍ഥിച്ചിട്ടുണ്ട്. സംഘസാഹിത്യവും മഹാശിലാസ്മാരകങ്ങളും ഏതാണ്ട് ഒരേ കാലത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ആധുനിക ചരിത്ര ഗവേഷകര്‍ സ്ഥാപിച്ചിട്ടുണ്ട്.

സംഘകാല തമിഴകത്തെ പ്രബല രാജാധികാരങ്ങളായിരുന്നു തൊണ്ടൈമണ്ഡലം, ചോളം, പാണ്ഡ്യം, ചേരം, കൊങ്ങുനാട് എന്നിവ. ചേരനാടാണ് പില്ക്കാല കേരളം. വഞ്ചിയായിരുന്നു തലസ്ഥാനം. ദക്ഷിണഭാഗത്തെ ആയ് വംശവും ഏഴിമല ആസ്ഥാനമാക്കിയ (പൂഴിനാട്) നന്നവംശവും ഇവയ്ക്കിടയിലുള്ള പ്രദേശം ഭരിച്ച ചേരവംശവുമായിരുന്നു സംഘകാല കേരളത്തിലെ പ്രബലരാജാക്കന്മാര്‍.

സംഘം കൃതികളില്‍ നിന്ന് സംഘകാലകേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്കാരികാവസ്ഥകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കുന്നു. ഗോത്രവര്‍ഗാടിസ്ഥാനത്തില്‍ പലവര്‍ഗങ്ങളായി തിരിഞ്ഞ സമൂഹമായിരുന്നു ഇക്കാലത്തുണ്ടായിരുന്നത്. സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനഘടകം കുടുംബമായിരുന്നു. ഗ്രാമകാരണവന്മാരടങ്ങിയ മന്‍റം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു. ഗോത്രഭരണവ്യവസ്ഥയില്‍ നിന്ന് രാജവാഴ്ചയിലേക്കുള്ള പരിവര്‍ത്തന കാലമാണിതെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.

കേരളത്തില്‍ കാര്‍ഷിക പ്രധാനമായ ഒരു സമ്പദ് വ്യവസ്ഥ ഉരുത്തിരിഞ്ഞു തുടങ്ങിയത് സംഘകാലത്താണ്. ഭൂമിയെ അഞ്ചു തിണകള്‍ (നിലങ്ങള്‍) ആയിത്തിരിച്ചിരുന്നു. പര്‍വതങ്ങള്‍ നിറഞ്ഞ 'കുറിഞ്ഞി' തിണപ്രദേശത്ത് കുറവര്‍, കാനവര്‍ തുടങ്ങിയ ഗോത്രക്കാരും മണല്‍ക്കാടുകളായ 'പാല' തിണയില്‍ മറവര്‍, വേടര്‍ എന്നിവരും കാട്ടുപ്രദേശമായ 'മുല്ല' തിണയില്‍ ഇടയന്മാരും ആയരും നാട്ടുപ്രദേശമായ 'മരുത'യില്‍ കൃഷിക്കാരായ ഉഴവരും കടല്‍ത്തീരമായ 'നെയ്തലി'ല്‍ പരതവര്‍, നുളൈയര്‍, അളവര്‍ എന്നിവരും വസിച്ചു. കൃഷിക്കൊപ്പം കച്ചവടവും അഭിവൃദ്ധി പ്രാപിച്ചിരുന്നു. മുസിരിസ് (മുയിരി), നൗറ, തുണ്ടിസ്, നെല്‍കിന്ദ, ബകരെ, കൊട്ടനാര എന്നിവ സംഘകാലകേരളത്തിലെ പ്രധാന തുറമുഖങ്ങളായിരുന്നു. യവനരുടെ വലിയ കപ്പലുകള്‍ ചേരരാജാവിനു ചേര്‍ന്ന മനോഹരമായ ചുള്ളിയിലെ (പെരിയാര്‍) നുരകളിളക്കി മുയിരിപ്പട്ടണത്തിലെത്തി സ്വര്‍ണം കൊടുത്ത് കുരുമുളക് വാങ്ങിക്കൊണ്ടു പോയെന്ന് അകനാന്നൂറില്‍ പാട്ടുണ്ട്. മുയിരി എന്ന മുസിരിസ് (Mousiris) കൊടുങ്ങല്ലൂരാണെന്നാണ് അഭിപ്രായം.


കൃഷിയിലും വാണിജ്യത്തിലും ഉണ്ടായ പുരോഗതിയുടെ ഫലമായി സമൃദ്ധിയുടെയും സന്തോഷത്തിന്റെയും അന്തരീക്ഷം രാജ്യമെങ്ങും നിറഞ്ഞു (പതിറ്റുപ്പത്ത് VI, 6) ഇതോടൊപ്പം ഉഴവര്‍ (കൃഷിക്കാര്‍), ചാന്റോര്‍ (മദ്യോല്‍പാദകര്‍), വണിക്കുകള്‍ (വ്യാപാരികള്‍) എന്നിവരില്‍ നിന്ന് ഒരു സമ്പന്നവര്‍ഗ്ഗം (മേലോര്‍) ഉയര്‍ന്നു വന്നു. ഉഴവര്‍ക്കായിരുന്നു കൂടുതല്‍ സ്വകാര്യസ്വത്തിന്റെയും അവകാശം. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കള്ളുകുടിച്ചിരുന്ന നാട്ടില്‍ മദ്യോല്‍പാദകരുടെ സംരക്ഷകരായിരുന്നു ('ചാന്റോര്‍ മെയ്മ്മറൈ' - പതിറ്റു VI, 8)രാജാക്കന്മാര്‍. പുലവര്‍, പറവര്‍, പാണര്‍, പൊരുനര്‍ എന്നിവര്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്ന അംഗീകാരമാണുണ്ടായിരുന്നത്. വിനൈഞര്‍ (തൊഴിലാളികള്‍), അടിയോര്‍ (ദാസന്മാര്‍) എന്നിവര്‍ താഴേക്കിടയിലായിരുന്നു (കീഴോര്‍). എന്നാല്‍ കുലവ്യത്യാസം കൂടാതെ വിവാഹങ്ങള്‍ നടന്നിരുന്നു. പില്‍ക്കാലത്ത് ബ്രാഹ്മണ മതത്തിന് ആധിപത്യം ലഭിച്ചപ്പോഴുണ്ടായ വര്‍ണ-ജാതി വ്യവസ്ഥ സംഘകാലത്ത് നിലവിലുണ്ടായിരുന്നില്ല.

കളവ്, കര്‍പ്പ് എന്നിങ്ങനെ രണ്ടു രീതിയിലുള്ള വിവാഹം പ്രചാരത്തിലിരുന്നു. പ്രേമവിവാഹമായ 'കളവി'ല്‍ നിന്ന് ചടങ്ങുകളോടു കൂടി 'കര്‍പ്പി'ലേക്കുള്ള മാറ്റം മാതൃമേധാവിത്വത്തില്‍ നിന്ന് പിതൃമേധാവിത്വത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സൂചനയാണെന്ന് വാദമുണ്ട്. പെണ്‍കുട്ടികള്‍ സാധാരണ 'തഴയുട' ധരിക്കുന്നു. നൊച്ചിപ്പൂക്കളും ആമ്പല്‍പ്പൂക്കളും കോര്‍ത്തിണക്കി അരയില്‍ ധരിക്കുന്ന പൂവാടയാണിത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ പരുത്തിയിലോ പട്ടിലോ ഉള്ള വസ്ത്രങ്ങളണിയുന്നു. അരക്കു മീതേ മറച്ചിരുന്നില്ല. ചിലമ്പ്, പൂമാല, മുത്തുമാല, പുലിപ്പല്‍ താലി, വള, തോട തുടങ്ങിയ ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. പുരുഷന്‍മാര്‍ മാറില്‍ ചന്ദനം പൂശി, പരുത്തിയിലോ പട്ടിലോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കും. യുദ്ധത്തിനു പോകുമ്പോള്‍ പുരുഷന്മാര്‍തുമ്പപ്പൂമാല ചൂടുന്നു. വീരന്മാരായ പൂര്‍വികരായിരുന്നു (നടുകല്ല്) ദൈവം. ഉഴവര്‍ 'വേന്തന്‍' (ഇന്ദ്രന്‍), 'മായോന്‍' (വിഷ്ണു) എന്നിവരെയും പരതവര്‍ 'വരുണ'നെയും കുറവര്‍ 'ചേയോനെ'യും (മുരുകന്‍) മറവര്‍ 'കൊറ്റവൈ' (ദേവി) യെയും ആരാധിച്ചു പോന്നു. ശിവന്‍, യമന്‍, ബലരാമന്‍ എന്നീ ദൈവങ്ങളെക്കുറിച്ചും സംഘംകൃതികളില്‍ പരാമര്‍ശമുണ്ട്. ചിട്ടയോടു കൂടിയ ഒരു മതവിശ്വാസം സംഘകാലത്ത് പ്രചരിച്ചിരുന്നില്ല.

ആദിചേരന്മാര്‍
ഉതിയന്‍ ചേരല്‍ ആതന്‍, നെടും ചേരല്‍ ആതന്‍, പല്‍യാനൈ ചെല്‍ കെഴുകുട്ടുവന്‍, നാര്‍മുടിചേരല്‍, വേല്‍ കെഴു കുട്ടുവന്‍, ആടുകോട് പാട്ട് ചേരല്‍ ആതന്‍, ചെല്‍വകടും കോവാഴി ആതന്‍, പെരും ചേരല്‍ ഇരുമ്പൊറൈ, ഇളം ചേരല്‍ ഇരുമ്പൊറൈ തുടങ്ങിയവരായിരുന്നു ചേരനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട രാജാക്കന്മാര്‍. ആദി ചേരന്മാര്‍ എന്നും ഇവരെ വിളിക്കാറുണ്ട്.


ആയ് രാജാക്കന്മാര്‍
തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന ആയ് രാജവംശത്തിന്റെ ഉദ്ഭവത്തെപ്പറ്റി മതിയായ രേഖകളൊന്നുമില്ല. അണ്ടിരന്‍, തിതിയന്‍, അതിയന്‍ എന്നിവരാണ് സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആയ് രാജാക്കന്മാര്‍. സംഘസാഹിത്യ കൃതികള്‍ ഇവരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. എ.ഡി. എട്ടാം നൂറ്റാണ്ടിനു ശേഷം കരുനന്തന്‍, കരുനന്തടക്കന്‍, വിക്രമാദിത്യ വരഗുണന്‍ തുടങ്ങിയ രാജാക്കന്മാര്‍ ആയ് വംശത്തിലുണ്ടായി. വിക്രമാദിത്യവരഗുണനു ശേഷം ആയ് വംശത്തിന് പ്രത്യേക രാജവംശം എന്ന സ്ഥാനം നഷ്ടമായി. പിന്നീട് ആയ് വംശം
അപ്രത്യക്ഷമായി.

കുലശേഖര സാമ്രാജ്യം
സംഘകാലത്തിനു ശേഷം എ.ഡി. ഒമ്പതാം നൂറ്റാണ്ടു വരെയുള്ള കേരളത്തിന്റെ തെളിമയുള്ള ചിത്രം അവതരിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ക്കു കഴിഞ്ഞിട്ടില്ല. ജനജീവിതത്തെയോ രാഷ്ട്രീയ സ്ഥിതിഗതികളെയോ സാംസ്കാരിക വികാസത്തെയോ കുറിച്ചുള്ള വ്യക്തമായ ചിത്രമില്ലാത്ത ഏകദേശം മൂന്നു നൂറ്റാണ്ടിലധികം വരുന്ന ഈ കാലയളവിനെ 'നീണ്ടരാത്രി'യെന്നു വിശേഷിപ്പിക്കാറുണ്ട്. എ.ഡി. 800-ന് അടുത്ത് ആ നീണ്ട രാത്രിക്ക് അന്ത്യം കുറിച്ചു കൊണ്ട് കുലശേഖരന്മാര്‍ എന്നു പ്രസിദ്ധരായ രാജാക്കന്മാര്‍ക്കു കീഴില്‍ ഒരു ചേര സാമ്രാജ്യം ഉയര്‍ന്നു വന്നു. രണ്ടാം ചേര സാമ്രാജ്യം, കുലശേഖര സാമ്രാജ്യം എന്നീ പേരുകളില്‍ ചരിത്ര ഗവേഷകര്‍ വിളിക്കുന്ന ഈ സാമ്രാജ്യം 12-ാം നൂറ്റാണ്ടു വരെ നിലനിന്നു. 800 മുതല്‍ 1102 വരെയുള്ള കാലയളവാണ് കുലശേഖരകാലമായി ഗണിക്കുന്നത്.

ആധുനിക കേരളത്തിന് അടിത്തറയൊരുക്കിയത് കുലശേഖര സാമ്രാജ്യമായിരുന്നു. ഇന്നത്തെ കൊടുങ്ങല്ലൂര്‍, തിരുവഞ്ചിക്കുളം, പ്രദേശങ്ങളിലാണെന്നു പൊതുവേ കരുതപ്പെടുന്ന മഹോദയപുരമായിരുന്നു കുലശേഖരന്മാരുടെ തലസ്ഥാനം. 13 കുലശേഖര ചക്രവര്‍ത്തിമാര്‍ ഈ പ്രാചീന സാമ്രാജ്യം ഭരിച്ചു. കുലശേഖര ആഴ്‌വാര്‍ (800 - 820), രാജശേഖര വര്‍മ (820 - 844), സ്ഥാണു രവിവര്‍മ (844 - 885), രാമവര്‍മ കുലശേഖരന്‍ (885 - 917), ഗോദ രവിവര്‍മ (917 - 944), ഇന്ദുക്കോതവര്‍മ (944 - 962), ഭാസ്കര രവിവര്‍മ ഒന്നാമന്‍ (962 - 1019), ഭാസ്കര രവി വര്‍മ (1019 - 1021), വീരകേരളന്‍ (1022 - 1028), രാജസിംഹന്‍ (1028 - 1043), ഭാസ്കര രവി വര്‍മ മൂന്നാമന്‍ (1043 - 1082), രവി രാമവര്‍മ (1082 - 1090), രാമവര്‍മ കുലശേഖരന്‍ (1090 - 1102) എന്നിവരാണവര്‍.

ചോളരാജാക്കന്മാരുടെ ആക്രമണമാണ് രണ്ടാം ചേരസാമ്രാജ്യത്തിന് അന്ത്യം കുറിച്ചത്. ചോള ചക്രവര്‍ത്തിയായ കുലോത്തുംഗന്റെ സൈന്യം മഹോദയപുരം ചുട്ടെരിച്ചതായി പറയപ്പെടുന്നു(7). അവസാനത്തെ ചേര ചക്രവര്‍ത്തി (ചേരമാന്‍ പെരുമാള്‍) രാജ്യം പലര്‍ക്കായി വീതം വച്ചശേഷം ഇസ്‌ലാം മതം സ്വീകരിച്ച് അറേബ്യയിലേക്കു പോയി എന്നൊരു ഐതിഹ്യമുണ്ട്. ഈ ചേരമാന്‍ കഥയെ ഏതെങ്കിലും സമകാലിക രേഖയോ തെളിവോ സ്ഥിരീകരിക്കുന്നില്ല. പ്രാചീന കാലത്തോ മധ്യകാലത്തോ കേരളം സന്ദര്‍ശിച്ചിട്ടുള്ള സഞ്ചാരികളാരും തങ്ങളുടെ രേഖകളില്‍ ഇതിനെക്കുറിച്ചു സൂചിപ്പിച്ചിട്ടുമില്ല(8).

കുലശേഖരകാലത്തെ കേരളം
കുലശേഖര ഭരണകാലയളവില്‍പ്പെട്ട ഒമ്പതും പത്തും നൂറ്റാണ്ടുകള്‍ കേരള ചരിത്രത്തിലെ സുവര്‍ണയുഗമായിരുന്നു. ഒട്ടേറെ നാടുകളായി കുലശേഖരന്മാര്‍ രാജ്യത്തെ ഭരണസൗകര്യത്തിനു വേണ്ടി വിഭജിച്ചു. നാടുകളെ ദേശങ്ങളായും വേര്‍തിരിച്ചു. കരയായിരുന്നു ഏറ്റവും ചെറിയ ദേശഘടകം. പതവാരം എന്നറിയപ്പെട്ട പലതരം നികുതികള്‍ അന്നുണ്ടായിരുന്നു. വാണിജ്യം, ശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളം പുരോഗതി നേടി. മഹോദയപുരത്ത് ജ്യോതിശ്ശാസ്ത്രജ്ഞനായ ശങ്കരനാരായണന്റെ മേല്‍നോട്ടത്തില്‍ ഒരു ഗോളനിരീക്ഷണാലയം പ്രവര്‍ത്തിച്ചിരുന്നു.

കാന്തളൂര്‍, കൊല്ലം, വിഴിഞ്ഞം, കൊടുങ്ങല്ലൂര്‍ എന്നീ തുറമുഖങ്ങള്‍ കുലശേഖരകാലത്തെ വിദേശവ്യാപാരത്തിന്റെ കേന്ദ്രങ്ങളായിരുന്നു. ചൈനയുമായാണ് ഏറ്റവുമധികം വ്യാപാരം നടന്നിരുന്നത്. സുലൈമാന്‍, മസൂദി, തുടങ്ങിയ അറബി സഞ്ചാരികള്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് സംഘടനകള്‍ ഉണ്ടായിരുന്നു. അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയര്‍, നാനാദേശികര്‍ എന്നിവയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ സംഘടനകള്‍.


ഭാഷ, സാഹിത്യം
മലയാളം സ്വതന്ത്രഭാഷയായി ഉരുത്തിരിയാന്‍ ആരംഭിച്ചത് കുലശേഖര കാലത്താണ്. അന്നത്തെ കേരളത്തില്‍ പ്രചരിച്ചിരുന്ന കൊടും തമിഴ് എന്ന ഭാഷാഭേദത്തില്‍ നിന്നാണ് മലയാളം ഉരുത്തിരിഞ്ഞതെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഭാഷോത്പത്തി സിദ്ധാന്തം. കുലശേഖരകാലം മലയാളത്തിന്റെ ആവിര്‍ഭാവദശയായിരുന്നതിനാല്‍ അന്ന് സാഹിത്യ കൃതികളൊന്നും ഉണ്ടായില്ല. തമിഴിലും സംസ്കൃതത്തിലുമായിരുന്നു കേരളീയര്‍ സാഹിത്യ സൃഷ്ടി നടത്തിയിരുന്നത്. ആദ്യത്തെ കുലശേഖര രാജാവായ കുലശേഖര ആഴ്‌വാരാണ് 'പെരുമാള്‍ തിരുമൊഴി' എന്ന തമിഴ് കൃതിയും 'മുകുന്ദമാല' എന്ന സംസ്കൃതകാവ്യവും രചിച്ചതെന്നു കരുതപ്പെടുന്നു. 'തപതീസംവരണം', 'സുഭദ്രാധനഞ്ജയം', 'വിച്ഛിന്നാഭിഷേകം' എന്നീ സംസ്കൃത നാടകങ്ങളും 'ആശ്ചര്യമഞ്ജരി' എന്ന ഗദ്യഗ്രന്ഥവും എഴുതിയത് ഒരു കുലശേഖര രാജാവാണെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 'യുധിഷ്ഠിര വിജയം' എന്ന സംസ്കൃത മഹാകാവ്യം രചിച്ച വാസുദേവന്‍ കുലശേഖര കാലത്തെ കവിയായിരുന്നു.

തത്ത്വചിന്ത, ശാസ്ത്രം എന്നീ രംഗങ്ങളിലും ഒട്ടേറെ ഗ്രന്ഥങ്ങളുണ്ടായി. അദൈ്വത വേദാന്തിയായ ശങ്കരാചാര്യര്‍, കവിയായ തോലന്‍, 'ആശ്ചര്യ ചൂഡാമണി' എന്ന നാടകമെഴുതിയ ശക്തിഭദ്രന്‍ 'ശങ്കരനാരായണീയ'മെഴുതിയ ജ്യോതിശ്ശാസ്ത്രജ്ഞനായ ശങ്കരനാരായണന്‍ം തമിഴ് മഹാകാവ്യമായ 'ചിലപ്പതികാര'മെഴുതിയ ഇളംകോ അടികള്‍ തുടങ്ങിയ ഒട്ടേറെ പ്രതിഭാശാലികള്‍ കുലശേഖര കാലത്തെ കേരളത്തില്‍ വെളിച്ചം പരത്തി.


മതം
സംഘടിതമതത്തിന്റെ സ്വഭാവമില്ലാത്ത ദ്രാവിഡാചാരങ്ങളും അനുഷ്ഠാനങ്ങളുമായിരുന്നു പ്രാചീന കേരളത്തില്‍ നിലനിന്നിരുന്നത്. കുലദൈവങ്ങളെയും പ്രകൃതി ശക്തികളെയും കൊറ്റവൈ എന്ന യുദ്ധദേവതയെയും അവര്‍ ആരാധിച്ചു. പരേതരെ ആരാധിക്കുന്നതും പതിവുണ്ടായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിനു മുമ്പുള്ള വര്‍ഷങ്ങളില്‍ പുറത്തുനിന്നും ജൈന, ബുദ്ധ, ബ്രാഹ്മണ മതങ്ങള്‍ ഇങ്ങോട്ടു കടന്നു വന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് അവ ദ്രാവിഡാചാരങ്ങളെ കീഴ്‌പ്പെടുത്തി കേരളത്തില്‍ മേധാവിത്വമുറപ്പിച്ചു. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ എത്തിയ ജൈന, ബുദ്ധ മതങ്ങള്‍ക്ക് കേരളത്തില്‍ നിര്‍ണായകമായ സ്വാധീനതയുണ്ടായിരുന്നു. അവര്‍ക്കു പിന്നാലേ തന്നെ ആര്യവംശജരായ ബ്രാഹ്മണരും തങ്ങളുടെ മതവിശ്വാസവുമായി കേരളത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ എ.ഡി. എട്ടാം നൂറ്റാണ്ടു മുതലാണ് ശക്തമായ ബ്രാഹ്മണാധിനിവേശമുണ്ടായത്. ഇതോടെ ഹിന്ദുമതം വേരുറപ്പിച്ചു. ജൈന, ബുദ്ധമതങ്ങളുടെ സ്വാധീനത ഇല്ലാതാക്കിയ ബ്രാഹ്മണ ഹിന്ദുമതം ദ്രാവിഡ സങ്കല്പങ്ങളെയും ദേവതകളെയുമെല്ലാം സ്വാംശീകരിച്ചു വളര്‍ന്നു.

കുലശേഖര ചക്രവര്‍ത്തിമാരുടെ കാലത്താണ് ഹിന്ദുമതം വമ്പിച്ച വളര്‍ച്ച നേടിയത്. ശങ്കരാചാര്യര്‍ (788 - 820) നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെന്നല്ല ഇന്ത്യയില്‍ ഉടനീളം തന്നെ ഹിന്ദുമതത്തിന് ഉണര്‍വും സംഘടിത സ്വഭാവവും നല്‍കി. ഇന്ത്യന്‍ തത്ത്വചിന്തക്ക് മഹത്തായ സംഭാവനകളാണ് തന്റെ കൃതികളിലൂടെ ശങ്കരാചാര്യര്‍ നല്‍കിയത്. ഹിന്ദുമതത്തിന്റെ വളര്‍ച്ച സ്വാഭാവികമായും ക്ഷേത്രങ്ങളുടെ രൂപപ്പെടലിനും വഴി തെളിച്ചു. എ.ഡി. ഒമ്പതാം നൂറ്റാണ്ടു മുതല്‍ ഒട്ടേറെ ക്ഷേത്രങ്ങള്‍ ഉയര്‍ന്നു വന്നു. ദ്രാവിഡ ദൈവങ്ങള്‍ പലതും ഹിന്ദു ദൈവങ്ങളായി മാറ്റപ്പെടുകയും ചെയ്തു. ക്ഷേത്രഭരണസമിതികളും ഇതിനു പിന്നാലേ ഉണ്ടായി. ക്ഷേത്രഭരണത്തിനുള്ള നിയമങ്ങളും വ്യവസ്ഥകളും രേഖപ്പെടുത്തിയിട്ടുള്ള മൂഴിക്കുളം കച്ചം പ്രസിദ്ധമാണ്. എറണാകുളത്തെ പറവൂരിനടുത്തുള്ള മൂഴിക്കുളത്ത് നാടുവാഴികളും ക്ഷേത്രാധികാരികളും ഒമ്പതാം നൂറ്റാണ്ടില്‍ ചേര്‍ന്ന പൊതുയോഗത്തെയാണ് മൂഴിക്കുളം കച്ചം എന്നു പറയുന്നത്. ഒട്ടേറെ മറ്റു കച്ചങ്ങളുമുണ്ട്. അക്കാലത്തെ രാജകീയ ശാസനങ്ങള്‍ കച്ചങ്ങളെയും ക്ഷേത്രങ്ങളെയും പറ്റിയുള്ള വില പിടിച്ച പരാമര്‍ശങ്ങള്‍ നല്‍കിയിട്ടുണ്ട്.

മതവും ക്ഷേത്രങ്ങളും കലയ്ക്കും വിജ്ഞാന വിതരണത്തിനും പ്രോത്സാഹനം നല്‍കി. കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ ഉണ്ടായത് ഒമ്പതാം നൂറ്റാണ്ടു മുതലാണ്. ശില്പ കലയും വാസ്തു വിദ്യയും ഒപ്പം വികസിച്ചു. മൂഴിക്കുളം ശാല, തിരുവല്ലാശാല തുടങ്ങിയവ പോലുള്ള ഒട്ടേറെ വിദ്യാകേന്ദ്രങ്ങളും കുലശേഖരകാലത്ത് കേരളത്തില്‍ പലഭാഗങ്ങളിലായി ഉണ്ടായി. ക്ഷേത്രങ്ങളില്‍ വേദപാരായണവും മതസംഹിതകളില്‍ പരീക്ഷകളും ഉണ്ടായിരുന്നു. ഋഗ്വേദ വൈദഗ്ധ്യം പരീക്ഷിക്കുന്ന കടവല്ലൂര്‍ അന്യോന്യം ഇതിനു മാതൃകയാണ്. ബുദ്ധ ജൈന മതങ്ങള്‍ പിന്തള്ളപ്പെട്ടുവെങ്കിലും ക്രിസ്തുമതത്തിനും ജൂതമതത്തിനും ഒട്ടേറെ അവകാശങ്ങള്‍ കുലശേഖര കാലത്ത് ലഭിച്ചിരുന്നു.


യുഗാന്ത്യം
ചോളന്മാരുമായി നടന്ന യുദ്ധങ്ങള്‍ അന്തിമമായി കുലശേഖര സാമ്രാജ്യത്തിന്റെ തകര്‍ച്ചയിലാണു കലാശിച്ചത്. യുദ്ധം കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരുടെ സ്വാധീനശക്തി വളര്‍ത്തി. ക്ഷേത്രങ്ങള്‍ക്കു ലഭിച്ച വമ്പിച്ച ഭൂസ്വത്തിന്റെ അധിപന്മാര്‍ എന്ന നിലയില്‍ ബ്രാഹ്മണര്‍ സാമ്പത്തിക ശക്തി കേന്ദ്രങ്ങളായി മാറി. ജന്മി സമ്പ്രദായം രൂപം കൊണ്ടതും മക്കത്തായം തിരോഭവിച്ച് മരുമക്കത്തായം ഉടലെടുത്തതും ഇക്കാലത്താണ്. ബ്രാഹ്മണമേധാവിത്തം ശക്തമായതോടെ അതുവരെ കുലശേഖര സാമ്രാജ്യത്തെ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന സാമൂഹിക ബന്ധങ്ങളും രാഷ്ട്രീയമായ കെട്ടുറപ്പും അപ്രത്യക്ഷമായി.
മധ്യകാല കേരളം

കുലശേഖല സാമ്രാജ്യം ശിഥിലമായ 12-ാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ കോളനി ശക്തികള്‍ ആധിപത്യം പൂര്‍ണ്ണമാക്കിയ 17-ാം നൂറ്റാണ്ടുവരെയുള്ള കാലയളവിനെ കേരള ചരിത്രത്തിലെ മധ്യകാല ഘട്ടമായി കണക്കാക്കാം. ഒട്ടേറെ ചെറു രാജ്യങ്ങളായി കേരളം ചിതറിക്കിടക്കുകയും അവ പാശ്ചാത്യശക്തികളുടെ വരുതിയിലാവുകയും ചെയ്ത കാലമാണിത്. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സുപ്രധാനമായ വികാസ പരിണാമങ്ങള്‍ ഉണ്ടായ ഘട്ടം കൂടിയാണിത്.

ചോളന്മാരുമായുള്ള യുദ്ധത്തോടെ കുലശേഖരന്മാരുടെ വാഴ്ച അവസാനിച്ചതോടെ കേരളം ഒട്ടേറെ ചെറു നാടുകളായി മാറി. വേണാട്, എളയിടത്തു സ്വരൂപം, ആറ്റിങ്ങല്‍, ദേശിങ്ങനാട് (കൊല്ലം), കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, കായംകുളം (ഓടനാട്), പുറക്കാട് (ചെമ്പകശ്ശേരി), പന്തളം, തെക്കുംകൂര്‍, വടക്കുംകൂര്‍, പൂഞ്ഞാര്‍, കരപ്പുറം (ചേര്‍ത്തല), കൈമള്‍മാരുടെ നേതൃത്വത്തിലായിരുന്ന എറണാകുളം പ്രദേശങ്ങള്‍, ഇടപ്പള്ളി, കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, അയിരൂര്‍, തലപ്പിളളി, വള്ളുവനാട്, പാലക്കാട്, കൊല്ലങ്കോട്, കവളപ്പാറ, വെട്ടത്തുനാട്, പരപ്പനാട്, കുറുമ്പുറനാട് (കുറുമ്പ്രനാട്), കോഴിക്കോട്, കടത്തനാട്, കോലത്തുനാട് (വടക്കന്‍ കോട്ടയം), കുറങ്ങോട്, രണ്ടു തറ, ആലി രാജാവിന്റെ കണ്ണൂര്‍, നീലേശ്വരം, കുമ്പള എന്നിവയായിരുന്നു ആ കേരള രാജ്യങ്ങള്‍. ഇവയില്‍ വേണാട്, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നിവയായിരുന്നു ഏറ്റവും ശക്തം. രാഷ്ട്രീയമായ പരമാധികാരം ഉണ്ടായിരുന്നതും ഈ നാലു രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കു മാത്രമായിരുന്നു. അവരെ ആശ്രയിച്ചു നിന്നവരോ ഇടപ്രഭുക്കളോ മാടമ്പിമാരോ മാത്രമായിരുന്നു മറ്റു നാടുകളിലെ ഭരണാധികാരികള്‍. ക്ഷത്രിയരും ബ്രാഹ്മണരും, നായന്മാരുമുണ്ടായിരുന്നു അവരില്‍; ഒരു മുസ്‌ലിം രാജവംശവും (കണ്ണൂരിലെ അറയ്ക്കല്‍ രാജവംശം).

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കപ്പെട്ടത് മധ്യകാലത്താണ്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യം കേരളത്തില്‍ പിടി മുറുക്കിയതോടെ ആ കാലഘട്ടം അവസാനിക്കുന്നു. 16, 17 നൂറ്റാണ്ടുകളാണ് മധ്യകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങള്‍. നാടുവാഴിത്തത്തില്‍ അധിഷ്ഠിതമായിരുന്നു അന്നത്തെ സാമൂഹികഘടന. നാടുവാഴിക്കായിരുന്നു രാജ്യാധിപത്യമെങ്കിലും നായര്‍ മാടമ്പിമാര്‍ക്കായിരുന്നു യഥാര്‍ത്ഥത്തില്‍ അധികാരത്തിന്റെ നിയന്ത്രണം. സ്വകാര്യ സൈന്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ആയുധ പരിശീലനം നല്‍കുന്ന കളരികളും അങ്കം എന്ന ദ്വന്ദ്വയുദ്ധവും വ്യക്തികളോ ദേശങ്ങളോ തമ്മിലുള്ള സ്വകാര്യസമരമായ പൊയ്ത്തും പരമ്പരയായി തുടര്‍ന്നിരുന്ന കുടിപ്പകയും അന്നത്തെ സാമൂഹിക ഘടനയുടെ ഭാഗമായിരുന്നു. വടക്കന്‍ പാട്ടുകള്‍ ഈ സാമൂഹിക സ്ഥാപനങ്ങളുടെ ചിത്രം അവതരിപ്പിക്കുന്നു.

വ്യവസ്ഥാപിതമായ നീതിനിര്‍വഹണ സമ്പ്രദായമോ ലിഖിതമായ നിയമസംഹിതയോ ഉണ്ടായിരുന്നില്ല. പൊതുവേ ബ്രാഹ്മണര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. സത്യ പരീക്ഷകള്‍ നടത്തിയായിരുന്നു കുറ്റം തെളിയിച്ചിരുന്നത്. കുറ്റവാളിയെന്ന് ആരോപിതനായ ആളെ തിളച്ച എണ്ണയില്‍ കൈമുക്കി സത്യം തെളിയിക്കുന്നത് ഇത്തരം രീതികളില്‍ ഒന്നായിരുന്നു. കൈപൊള്ളിയാല്‍ കുറ്റവാളി എന്നര്‍ത്ഥം. ശുചീന്ദ്രം, ഏറ്റുമാനൂര്‍, തിരുവളയനാട്, ചെങ്ങന്നൂര്‍ തുടങ്ങിയ പല ക്ഷേത്രങ്ങളിലും കൈമുക്കു പരീക്ഷകള്‍ ഉണ്ടായിരുന്നു.

മരുമക്കത്തായമായിരുന്നു പ്രധാന ദായക്രമം. ബഹുഭര്‍ത്തൃത്വവും സാധാരണമായിരുന്നു. ജാതിക്ക് പരമ പ്രാധാന്യമുണ്ടായിരുന്ന മധ്യകാല ഹിന്ദു സമൂഹത്തില്‍ ബ്രാഹ്മണരായിരുന്നു അറിവിന്റെയും അധികാരത്തിന്റെയും മേല്‍ത്തട്ടില്‍. പടയാളിവര്‍ഗമായ നായന്മാരാണ് ജനസംഖ്യയിലും സ്വാധീന ശക്തിയിലും മുന്നിട്ടു നിന്നത്. തൊടീല്‍, തീണ്ടല്‍, കണ്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങളും സാമൂഹിക വിവേചനങ്ങളും മധ്യകാല സമൂഹത്തില്‍ ഭയാനകരൂപത്തില്‍ നില നിന്നിരുന്നു. അടിമ സമ്പ്രദായവും വ്യാപകമായിരുന്നു. പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയവയായിരുന്നു മറ്റു ദുരാചാരങ്ങള്‍. ക്രൈസ്തവര്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഉന്നത സ്ഥാനമുണ്ടായിരുന്നു അക്കാലത്ത്. മലബാറില്‍ മുസ്‌ലീങ്ങളും മധ്യ, ദക്ഷിണ കേരളത്തില്‍ ക്രൈസ്തവരുമായിരുന്നു പ്രധാന ഹൈന്ദവേതര വിഭാഗങ്ങള്‍.

സാമൂഹികമായ അനാചാരങ്ങളും കടുത്ത വിവേചനവും ബ്രാഹ്മണ മേധാവിത്തവും നിലനിന്ന മധ്യകാല സമൂഹത്തില്‍ നിന്നാണ് സാംസ്കാരിക വളര്‍ച്ചയുടെ പുതുപൂക്കളം വികസിച്ചു വന്നത്. ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ഗണിത ശാസ്ത്രം എന്നിവയില്‍ മഹത്തായ സംഭാവനകള്‍ ഉണ്ടായി. സംഗമ ഗ്രാമമാധവന്‍, വടശ്ശേരി പരമേശ്വരന്‍ തുടങ്ങിയ മഹാന്മാരായ ഗണിതജ്ഞര്‍ ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. മലയാളത്തിലെ ആദികാവ്യമായ 'രാമചരിതം' എഴുതിയ ചീരാമനും കണ്ണശ്ശ കവികളും തൊട്ട് തുഞ്ചത്ത് എഴുത്തച്ഛന്‍ വരെയുള്ള കവികള്‍ ഉയര്‍ന്നു വന്നതും മലയാള സാഹിത്യത്തിന് അടിത്തറയിട്ടതും ഇക്കാലത്താണ്.


വേണാട്
മധ്യകാല കേരളത്തിലെ ഏറ്റവും പ്രബലമായ രാജ്യമായിരുന്നു വേണാട് കുലശേഖര സാമ്രാജ്യത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നാടായിരുന്ന വേണാട് എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയ്ക്കുള്ള ഒരു ചെറുപ്രദേശം മാത്രമായിരുന്നു. തിരുവനന്തപുരവും തെക്കോട്ടുള്ള പ്രദേശങ്ങളും അക്കാലം വരെ ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു. 12-ാം നൂറ്റാണ്ടോടെ വേണാട് സ്വതന്ത്രരാജ്യത്തിന്റെ പദവി സ്വായത്തമാക്കി. രാജാവ് ചിറവാ മൂപ്പനെന്നും യുവരാജാവ് തൃപ്പാപ്പൂര്‍ മൂപ്പനെന്നും അറിയപ്പെട്ടു. കൊല്ലത്തെ പനങ്കാവായിരുന്നു ചിറവാമൂപ്പന്റെ ആസ്ഥാനം. തിരുവനന്തപുരത്തിനടുത്തുള്ള തൃപ്പാപ്പൂര്‍ ആസ്ഥാനമാക്കിയ യുവരാജാവ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഭരണം നിര്‍വഹിച്ചു.

അയ്യനടികള്‍ തിരുവടികള്‍ ആണ് വേണാട്ടിലെ ആദ്യ ഭരണാധികാരിയെന്നു കരുതപ്പെടുന്നു. എ.ഡി. 849 -ല്‍ അദ്ദേഹം കൊല്ലത്തെ തരിസാപ്പള്ളിക്ക് എഴുതിക്കൊടുത്ത ചെപ്പേട് (തരിസാപ്പള്ളി ചെപ്പേട്) പ്രസിദ്ധമാണ്. വേണാട്ടിലെ ആദ്യകാല ഭരണാധികാരികളുടെ വിവരങ്ങള്‍ വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. ശ്രീ വല്ലഭന്‍ കോത, ഗോവര്‍ദ്ധന മാര്‍ത്താണ്ഡന്‍ തുടങ്ങിയവരാണ് അയ്യനടികളെ തുടര്‍ന്നു വന്ന ഭരണാധികാരികള്‍.

ചോളന്മാര്‍ യുദ്ധത്തില്‍ തലസ്ഥാനമായ മഹോദയപുരം ചുട്ടെരിച്ചപ്പോള്‍ അവസാനത്തെ കുലശേഖര ചക്രവര്‍ത്തിയായ രാമവര്‍മ കുലശേഖരന്‍ അവരെ നേരിടാന്‍ സൈന്യവുമായി കൊല്ലത്ത് ആസ്ഥാനമുറപ്പിച്ചുവെന്നും ചോളന്മാര്‍ പിന്‍വാങ്ങിയപ്പോള്‍ അവിടെ താമസമുറപ്പിച്ചുവെന്നും അദ്ദേഹത്തെ വേണാട് രാജവംശത്തിന്റെ സ്ഥാപകനായി കരുതാമെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കുലശേഖരപ്പെരുമാള്‍ എന്ന സ്ഥാനപ്പേര് വേണാട്ടിലെയും പിന്നീട് തിരുവിതാംകൂറിലെയും രാജാക്കന്മാര്‍ സ്വീകരിച്ചിരുന്നു. കോതവര്‍മ (1102 - 1125), കോതകേരളവര്‍മ അഥവാ വീര കേരള വര്‍മ (1125 - 1155), വീര രവിവര്‍മ (1155 - 1165) ആദിത്യ വര്‍മ (1165 - 1175), ഉദയ മാര്‍ത്താണ്ഡ വര്‍മ (1175 - 1195), വീരരാമ വര്‍മ (1195 - 1205), വീര രാമ കേരളവര്‍മ അഥവാ ദേവധരന്‍ കേരളവര്‍മ (1205 - 1215), രവി കേരളവര്‍മ (1215 - 1240), പദ്മനാഭ മാര്‍ത്താണ്ഡവര്‍മ (1240 - 1253), രവിവര്‍മ കുലശേഖരന്‍ (1299 - 1314) എന്നിവരായിരുന്നു തുടര്‍ന്നുള്ള വേണാട്ടു രാജാക്കന്മാര്‍.

കൊല്ലമായിരുന്നു ഈ രാജാക്കന്മാരുടെ തലസ്ഥാനം. തിരക്കേറിയ തുറമുഖമായിരുന്നു അന്ന് കൊല്ലം. രവിവര്‍മ കുലശേഖരനു കീഴില്‍ വേണാട് സര്‍വതോമുഖമായ വളര്‍ച്ച നേടി. അദ്ദേഹത്തിന്റെ കാലം വരെ മക്കത്തായമനുസരിച്ചാണ് രാജാക്കന്മാര്‍ അധികാരത്തില്‍ വന്നിരുന്നത്. രവി വര്‍മ കുലശേഖരനു ശേഷം മരുമക്കത്തായ ക്രമമനുസരിച്ചായി രാജവാഴ്ച. വീര ഉദയ മാര്‍ത്താണ്ഡവര്‍മ (1314 - 1344) ആയിരുന്നു ഈ ദായക്രമത്തിലെ ആദ്യത്തെ രാജാവ്. കുന്നുമ്മേല്‍ വീര കേരള വര്‍മ തിരുവടി (1344 - 1350) ഇരവി ഇരവി വര്‍മ (1350 - 1383), ആദിത്യ വര്‍മ സര്‍വാംഗനാഥന്‍ (1376 - 1388), ചേര ഉദയ മാര്‍ത്താണ്ഡവര്‍മ (1383 - 1444), രവി വര്‍മ (1444 - 1458), വീരരാമ മാര്‍ത്താണ്ഡ വര്‍മ കുലശേഖരന്‍ (1458 - 1469), കോത ആദിത്യ വര്‍മ (1469 - 1484), രവി രവി വര്‍മ (1484 - 1512), രവി കേരളവര്‍മ (1512 - 1514), ജയസിംഹ കേരളവര്‍മ (1514 - 1516), ഭൂതലവീര ഉദയ മാര്‍ത്താണ്ഡ വര്‍മ (1516 - 1535), ഭൂതല വീര രവി വര്‍മ, രാമ കേരള വര്‍മ, ആദിത്യ വര്‍മ (മൂവരുടെയും ഭരണകാലം വ്യക്തമല്ല), ശ്രീ വീരകേരള വര്‍മ (1544 - 1545), രാമ വര്‍മ (1545 - 1556), ഉണ്ണി കേരള വര്‍മ, ശ്രീ വീര ഉദയമാര്‍ത്താണ്ഡ വര്‍മ, ശ്രീ വീര രവി വര്‍മ, ആദിത്യ വര്‍മ, രാമവര്‍മ, രവി വര്‍മ (1611 - 1663) എന്നിവരായിരുന്നു ഈ പരമ്പരയില്‍ തുടര്‍ന്നുണ്ടായ ഭരണാധികാരികള്‍.

രവി വര്‍മ (1611 - 1663)യുടെ കാലത്ത് തമിഴ് നാട്ടിലെ മധുരയിലെ രാജാവായ തിരുമല നായ്ക്കന്‍ വേണാട് ആക്രമിച്ചു. വേണാടിന്റെ ഭാഗമായിരുന്നതും ഇന്ന് തമിഴ് നാട്ടില്‍പ്പെടുന്നതുമായ നാഞ്ചിനാട് പ്രദേശങ്ങളിലേക്കായിരുന്നു തിരുമല നായ്ക്കന്റെ ആക്രമണം. മധുരപ്പടയോടു യുദ്ധം ചെയ്തു മരിച്ച ഇരവിക്കുട്ടിപ്പിള്ള എന്ന വേണാട്ടു വീരന്റെ കഥ പറയുന്ന തെക്കന്‍ പാട്ടുകാവ്യമായ 'ഇരവിക്കുട്ടിപ്പിള്ളപ്പോര്' പ്രശസ്തമാണ്. രവിവര്‍മയുടെ കാലത്ത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി വിഴിഞ്ഞത്ത് ഒരു വ്യാപാര ശാല സ്ഥാപിച്ചു.

രവി വര്‍മക്കു ശേഷം വന്ന രവിവര്‍മ (1663 - 1672), ആദിത്യ വര്‍മ (1672 - 1677) എന്നീ രാജാക്കന്മാര്‍ ദുര്‍ബലരായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ കര്‍ത്താക്കളായ എട്ടരയോഗവും ഈ രാജാക്കന്മാരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. ക്ഷേത്ര സ്വത്തുക്കളില്‍ നിന്നു കരം പിരിക്കല്‍ എട്ടു ദിക്കുകളിലെ എട്ട് നായര്‍ മാടമ്പിമാരെ (എട്ടു വീട്ടില്‍ പിള്ളമാര്‍) എട്ടര യോഗം ചുമതലപ്പെടുത്തി. മതപരമായ അധികാരം നേടിയ യോഗക്കാരും രാഷ്ട്രീയ ശക്തി നേടിയ എട്ടു വീടരും രാജാധിപത്യത്തിനു കടുത്ത വെല്ല വിളി ഉയര്‍ത്തി. രാജ്യം ആഭ്യന്തര കലാപത്തിന്റെ വക്കിലെത്തുകയും ചെയ്തു. ഇന്ന് തമിഴ് നാട്ടില്‍പ്പെടുന്ന കല്‍ക്കുളമായിരുന്നു അന്ന് വേണാടിന്റെ തലസ്ഥാനം.

അടുത്ത രാജ്യാവകാശിയായ രവി വര്‍മയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 1677 മുതല്‍ 1684 വരെ അദ്ദേഹത്തിന്റെ മാതൃസഹോദരിയായ ഉമയമ്മ റാണി രാജ്യം ഭരിച്ചു. ഇക്കാലത്ത് മുഗള്‍ സര്‍ദാര്‍ (മുകിലന്‍) എന്ന സാഹസികനായ ഒരു മുസ്‌ലിം വേണാടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ആക്രമണം നടത്തി. മുകിലന്‍ തിരുവനന്തപുരം കീഴടക്കിയതോടെ റാണി നെടുമങ്ങാട് കൊട്ടാരത്തില്‍ അഭയം തേടി. വടക്കന്‍ കോട്ടയത്തെ കേരള വര്‍മയാണ് ഈ സന്ദര്‍ഭത്തില്‍ സഹായത്തിനെത്തിയത്. റാണി അദ്ദേഹത്തെ ഇരണിയല്‍ രാജകുമാരന്‍ എന്ന നിലയില്‍ വേണാട് രാജകുടുംബത്തിലേക്കു ദത്തെടുത്ത് ആ സഹായത്തിന് ഔദ്യോഗികാംഗീകാരം നല്‍കി. തിരുവട്ടാര്‍ വച്ചു നടന്ന യുദ്ധത്തില്‍ കേരളവര്‍മ മുകിലനെ വധിച്ചു. തുടര്‍ന്നുള്ള കാലം കേരള വര്‍മയായിരുന്നു ഉമയമ്മ റാണിയുടെ മുഖ്യ ഉപദേഷ്ടാവ്. അദ്ദേഹത്തിന്റെ നയങ്ങള്‍ നായര്‍ മാടമ്പിമാരില്‍ അനിഷ്ടം സൃഷ്ടിച്ചു. 1696 - ല്‍ അവര്‍ കേരള വര്‍മയെ ഗൂഢാലോചനയിലൂടെ വധിച്ചു. പുലപ്പേടി, മണ്ണാപ്പേടി എന്നീ ദുരാചാരങ്ങള്‍ വേണാട്ടില്‍ നിരോധിച്ചത് (1696) കേരള വര്‍മയാണ്.

ഉമയമ്മ റാണിക്കു ശേഷം രവി വര്‍മ (1684 - 1718), ആദിത്യ വര്‍മ (1718 - 1721), രാമ വര്‍മ (1721 - 1729) എന്നിവരായിരുന്നു ഭരണത്തിലെത്തിയത്. മധുരയിലെ നായ്ക്കവംശത്തിന്റെ ആക്രമണങ്ങള്‍ ഇക്കാലത്ത് വേണാട്ടിനെ തളര്‍ത്തി. 1697 - ല്‍ മധുരപ്പട വേണാട്ടിനു മേല്‍ നിര്‍ണ്ണായക വിജയം നേടി. കടുത്ത വ്യവസ്ഥകള്‍ അംഗീകരിപ്പിച്ചു. നാഞ്ചിനാട്ടിലെ കര്‍ഷകരാണ് ഇതിന്റെ ദുതിതം മുഴുവന്‍ അനുഭവിച്ചത്. കരം പിരിവുകാരായ ഉദ്യോഗസ്ഥര്‍ കുടിയാന്മാരായ കര്‍ഷകരെ ആവോളം പിഴിയുകയും ചെയ്തു. രാമവര്‍മയുടെ കാലത്ത് ഉദ്യോഗസ്ഥരും കുടിയാന്മാരും തമ്മില്‍ പലതവണ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. എട്ടരയോഗക്കാരും എട്ടു വീട്ടില്‍ പിള്ളമാരും രാജാവിനെതിരായി തിരിയുകയും ചെയ്തു. തന്റെ നില ഭദ്രമാക്കാനായി രാജാവ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായും (1723) മധുരയിലെ നായ്ക്കരുമായും (1726) ഉടമ്പടികള്‍ ഉണ്ടാക്കി. പിന്നീട് മാര്‍ത്താണ്ഡവര്‍മയുടെ അധികാരമേറ്റെടുക്കലിലേക്കും തിരുവിതാംകൂറിന്റെ രൂപവത്കരണത്തിലേക്കും വഴി തെളിച്ച സംഭവങ്ങളുടെ അരങ്ങൊരുങ്ങിയത് ഇക്കാലത്താണ്.


കൊച്ചീ രാജ്യം
മധ്യകാല കേരളത്തിലെ പ്രബല രാജ്യങ്ങളിലൊന്നായിരുന്നു കൊച്ചി. കുലശേഖര സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ഉയര്‍ന്നു വന്ന ചെറു നാടുകളില്‍ കൊച്ചിയും വേണാടും കോഴിക്കോടും കോലത്തു നാടുമായിരുന്നു ഏറ്റവും പ്രബലം.

പെരുമ്പടപ്പു സ്വരൂപം എന്നാണ് കൊച്ചീ രാജവംശം അറിയപ്പെട്ടിരുന്നത്. ഈ വംശത്തിന്റെ ഉദ്ഭവം അമ്മ വഴിയ്ക്ക് മഹോദയപുരത്തെ കുലശേഖരന്മാരില്‍ നിന്നാണ് എന്നാണ് ഐതിഹ്യം. 13-ാം നൂറ്റാണ്ടു വരെ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തില്‍പ്പെടുന്ന വന്നേരിയായിരുന്നു പെരുമ്പടപ്പു സ്വരൂപത്തിന്റെ ആസ്ഥാനം. ഈ നൂറ്റാണ്ടിന്റെ അവസാനം കോഴിക്കോട് സാമൂതിരി വള്ളുവനാട് ആക്രമിച്ചപ്പോള്‍ അവര്‍ മഹോദയപുരത്തേക്കു താമസം മാറ്റി. 14-ാം നൂറ്റാണ്ടില്‍ കൊച്ചി ആസ്ഥാനമായി. 15-ാം നൂറ്റാണ്ടില്‍ പെരുമ്പടപ്പു വംശം അഞ്ചു തായ്‌വഴികളായി (മൂത്ത താവഴി, ഇളയ താവഴി, പള്ളുരുത്തി താവഴി, മാടത്തുങ്കല്‍ അഥവാ മുരിങ്ങൂര്‍ താവഴി, ചാഴൂര്‍ താവഴി) പിരിഞ്ഞു. അഞ്ചെണ്ണത്തിലും വച്ച് ഏറ്റവും പ്രായം കൂടിയ ആള്‍ രാജാവാകും എന്നതായിരുന്നു വ്യവസ്ഥ. ഇത് രാജവംശീയര്‍ക്കിടയില്‍ ആഭ്യന്തര ശൈഥില്യത്തിനു കളമൊരുക്കി. 1498 - ല്‍ വാസ്‌കോ ഡ ഗാമ എത്തിയതിനെ തുടര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ വ്യാപാര ലക്ഷ്യവുമായി കൊച്ചിയില്‍ വരുമ്പോള്‍ ആഭ്യന്തര ശൈഥില്യം രൂക്ഷമായിരുന്നു.

പോര്‍ച്ചുഗീസ് കപ്പിത്താനായ പെദ്രോ ആല്‍വറസ് കബ്രാള്‍ (Pedro Alvarez Cabral)കൊച്ചിയില്‍ എത്തുമ്പോള്‍ ഉണ്ണിരാമ കോയില്‍ ഒന്നാമനായിരുന്നു രാജാവ്. അദ്ദേഹം പോര്‍ച്ചുഗീസുകാര്‍ക്ക് വാണിജ്യ സൗകര്യങ്ങള്‍ അനുവദിച്ചു. ഉണ്ണിരാമ കോയില്‍ രണ്ടാമന്‍ (1503 - 1537), വീരകേരള വര്‍മ (1537 - 1565) കേശവരാമ വര്‍മ (1566 - 1601) എന്നിവരായിരുന്നു അടുത്ത രാജാക്കന്മാര്‍. മികച്ച ഭരണമാണ് കേശവ രാമ വര്‍മ നടത്തിയത്. ജൂതന്മാര്‍ കൊച്ചിയില്‍ ആസ്ഥാനമുറപ്പിച്ചത് ഇക്കാലത്താണ്. ഗൗഡ സാരസ്വത ബ്രാഹ്മണര്‍ക്ക് തിരുമല ക്ഷേത്രം നിര്‍മിക്കാന്‍ മട്ടാഞ്ചേരിയില്‍ നികുതി ഒഴിവാക്കി അദ്ദേഹം സ്ഥലമനുവദിച്ചു. 'രാജരത്‌നാവലീയം ചമ്പു', 'നൈഷധം ചമ്പു' എന്നിവ എഴുതിയ മഴമംഗലം നാരായണന്‍ നമ്പൂതിരി, 'രാമവര്‍മവിലാസം', 'രത്‌നകേതുദയം' എന്നീ കാവ്യങ്ങളെഴുതിയ ബാലകവി എന്നിവര്‍ കേശവരാമവര്‍മ്മയുടെ സദസ്യരായിരുന്നു. കേരളത്തിലെ ക്രിസ്തുമതത്തിന്റെ ചരിത്രത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ച ഉദയം പേരൂര്‍ സൂനഹദോസ് (1599) നടന്നത് ഇക്കാലത്താണ്. വാര്‍ധക്യത്തില്‍ കാശിയിലേക്കു പോയ രാജാവ് 1601 മേയ് മൂന്നിന് അവിടെ വച്ച് അന്തരിച്ചു.

വീരകേരള വര്‍മ (1601 - 1615), രവി വര്‍മ (1615 - 1624), വീരകേരള വര്‍മ (1624 - 1637), ഗോദവര്‍മ (1637 - 1645), വീര രായിര വര്‍മ (1645 - 1646), വീരകേരള വര്‍മ (1646 - 1650), രാമ വര്‍മ (1650 - 1656) എന്നിവരായിരുന്നു തുടര്‍ന്നു ഭരിച്ച രാജാക്കന്മാര്‍. രാമവര്‍മയ്ക്കു ശേഷം റാണി ഗംഗാധരലക്ഷ്മി (1656 - 1658) സ്ഥാനമേറ്റു. കൊച്ചീരാജ്യത്തിന്റെ ചരിത്രത്തിലെ ഏക രാജ്ഞിയാണ് ഗംഗാധര ലക്ഷ്മി. അവര്‍ക്കു ശേഷം വെട്ടത്തുനാട് രാജ്യത്തു (ഇന്നത്തെ പൊന്നാനി - തിരൂര്‍ താലൂക്കുകളിലായി വ്യാപിച്ചിരുന്ന പഴയ നാട്ടുരാജ്യം) നിന്നു ദത്തെടുത്ത രാമവര്‍മ (1658 - 1662) രാജാവായി. 1662 ഫെബ്രുവരി മട്ടാഞ്ചേരിയില്‍ നടന്ന യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. വെട്ടത്തു നാട്ടില്‍ നിന്നു തന്നെ ദത്തെടുത്ത ഗോദവര്‍മ (1662 - 1663) രാജാവായെങ്കിലും അദ്ദേഹത്തെ ഡച്ചുകാര്‍ സ്ഥാന ഭ്രഷ്ടനാക്കി.

ഗോദവര്‍മയെ പുറത്താക്കിയ ഡച്ചുകാര്‍ വീര കേരള വര്‍മയെ (1663 - 1687) രാജാവാക്കി. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി കൊച്ചിയുടെ ഭരണത്തില്‍ നിര്‍ണ്ണായക ശക്തിയാവുകയും ചെയ്തു. പാലിയത്ത് അച്ചന്‍മാരായിരുന്നു പരമ്പരാഗത പ്രധാന മന്ത്രിമാര്‍. 1678 - മേയില്‍ ഒരു ഉടമ്പടിയിലൂടെ ഭരണ നിയന്ത്രണവും ഡച്ചുകാര്‍ കൈപ്പിടിയിലാക്കി. ദത്തെടുക്കേണ്ടത് രാജകുടുംബത്തിന്റെ ഏതു താവഴിയില്‍ നിന്നായിരിക്കണമെന്ന തര്‍ക്കവും കോഴിക്കോട് സാമൂതിരിയും ഡച്ചുകാരുമായുള്ള വ്യാപാരബന്ധവും കൊച്ചിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. രാമവര്‍മ (1687 - 1693), രവി വര്‍മ (1693 - 1697), രാമവര്‍മ (1697 - 1701) എന്നീ രാജാക്കന്മാരുടെ കാലത്ത് ഈ പ്രതിസന്ധികള്‍ മൂര്‍ച്ചിച്ചു.

രാമവര്‍മ രാജാവിന്റെ (1710 - 1722) കാലത്ത് സാമൂതിരി കൊച്ചിയെ ആക്രമിച്ചു. 1710 - ല്‍ സന്ധി ചെയ്ത് യുദ്ധം അവസാനിപ്പിച്ചെങ്കിലും 1715-ല്‍ വീണ്ടും ആക്രമണമുണ്ടായി. 1717 - ലെ സന്ധിപ്രകാരം യുദ്ധം അവസാനിച്ചു. യുദ്ധം രാജ്യത്തെ ദുര്‍ബലമാക്കി. നായര്‍ മാടമ്പിമാര്‍ ശക്തരാവുകയും ചെയ്തു. രാമ വര്‍മ (1731 - 1746), കേരള വര്‍മ (1746 - 1749), രാമവര്‍മ (1749 - 1760) തുടങ്ങിയ രാജാക്കന്മാരുടെ കാലത്ത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. മൂപ്പിളമത്തര്‍ക്കം അതിന് ആക്കം കൂട്ടി.

കേരളവര്‍മ രാജാവ് (1760 - 1775) തിരുവിതാംകൂറുമായി നല്ല ബന്ധം സ്ഥാപിച്ചു. സാമൂതിരിയുടെ ആക്രമണമുണ്ടായപ്പോള്‍ തിരുവിതാംകൂര്‍ പട്ടാളം കൊച്ചിയെ സഹായിക്കാനെത്തിയത് അങ്ങനെയാണ്. 1764 - ല്‍ തിരുവിതാംകൂര്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ സഹായത്തിനു പ്രതിഫലമായി കൊച്ചിയുടെ ഭാഗമായിരുന്ന ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു ലഭിച്ചു. 1776 - ല്‍ മൈസൂര്‍ സൈന്യം കൊച്ചിയുടെ ഭാഗമായ തൃശ്ശൂര്‍ കീഴടക്കുകയും കേരളവര്‍മയെ കപ്പം നല്‍കുന്നതിനു നിര്‍ബന്ധിതനാക്കുകയും ചെയ്തു.

രാമവര്‍മ (1775 - 1790) എന്ന അടുത്ത രാജാവ് ദുര്‍ബലനായിരുന്നതിനാല്‍ ഭരണ നിയന്ത്രണം കൈയാളിയത് ഇളമുറത്തമ്പുരാനായ രാമവര്‍മയായിരുന്നു. തിരുവിതാംകൂറിന്റെയും ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ഇരുപതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാമവര്‍മ പിന്നീട് ശക്തന്‍ തമ്പുരാന്‍ എന്ന പേരില്‍ പ്രശസ്തനായി. 1769 മുതല്‍ തന്നെ ഭരണം നിര്‍വഹിച്ചിരുന്നുവെങ്കിലും 1790-ല്‍ മാത്രമാണ് ശക്തന്‍ തമ്പുരാന്‍ രാജാവായത്.

കൊച്ചിയിലെ ഏറ്റവും മഹാനായ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍. നായര്‍ മാടമ്പിമാരെ ഒതുക്കി കേന്ദ്രീകൃതഭരണം ആരംഭിച്ച അദ്ദേഹം കൊച്ചിയെ പുരോഗതിയിലേക്കു നയിച്ചു. കൊച്ചിയുടെ വാണിജ്യ പുരോഗതിക്കും അദ്ദേഹം അടിത്തറയിട്ടു. ബ്രാഹ്മണ പൗരോഹിത്യ മേധാവിത്വത്തിനു തടയിട്ട ശക്തന്‍ തമ്പുരാന്‍ ലത്തീന്‍ ക്രൈസ്തവരോടും ഗൗഡ സാരസ്വതരോടും അനുകൂല നിലപാടല്ല സ്വീകരിച്ചത.് എന്നാല്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് അദ്ദേഹം ആവോളം സഹായം നല്‍കി. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രവും പെരുമനം (പെരുവനം) ക്ഷേത്രവും തിരുവില്വാമല ക്ഷേത്രവും സര്‍ക്കാര്‍ ഏറ്റെടുത്തു. ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത് തകര്‍ക്കപ്പെട്ട ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം പുനരുദ്ധരിച്ചു.

തിരുവഞ്ചിക്കുളം ക്ഷേത്രവും പുതുക്കിപ്പണിതു. തൃശ്ശൂര്‍ പൂരം ആരംഭിച്ചതും ശക്തന്‍ തമ്പുരാനാണ്.


കോഴിക്കോട് രാജ്യം
മധ്യകാല കേരളത്തിലെ ഏറ്റവും പ്രബലമായ രാജ്യങ്ങളിലൊന്നായിരുന്നു കോഴിക്കോട്. സാമൂതിരി എന്ന സ്ഥാനപ്പേരിലാണ് കോഴിക്കോട്ടെ രാജാക്കന്മാര്‍ അറിയപ്പെട്ടിരുന്നത്. സാമൂതിരി വാഴ്ചക്കാലത്താണ് 1498 - ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ കോഴിക്കോട്ടിനടുത്ത് കാപ്പാട്ട് കപ്പലിറങ്ങിയത്. ആ സംഭവം ഇന്ത്യയിലെ ദീര്‍ഘമായ യൂറോപ്യന്‍ കോളനി വാഴ്ചക്കു തുടക്കം കുറിച്ചു. കേരള സംസ്കാരത്തിന് കോഴിക്കോടും സാമൂതിരിമാരും ശ്രേഷ്ഠമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

എ.ഡി. 13-ാം നൂറ്റാണ്ടു മുതലാണ് കോഴിക്കോട് ശക്തമായ രാജ്യമായി വികസിച്ചത്. പോര്‍ളാതിരിമാര്‍ ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു കുലശേഖര സാമ്രാജ്യകാലത്ത് കോഴിക്കോടും പരിസര ദേശങ്ങളും. അക്കാലത്ത് ഇന്നത്തെ മലപ്പുറം ജില്ലയില്‍പ്പെട്ട ഏറനാട് താലൂക്കിലെ നെടിയിരിപ്പിലുള്ള ഏറാടിമാര്‍ സമുദ്രവാണിജ്യ ലക്ഷ്യവുമായി പോര്‍ളാതിരിയുമായി പലതവണ ഏറ്റുമുട്ടി. പോളനാടു പിടിച്ചെടുത്ത ഏറാടിമാര്‍ അവരുടെ ആസ്ഥാനം നെടിയിരിപ്പില്‍ നിന്നു കോഴിക്കോട്ടേയ്ക്കു മാറ്റി. നെടിയിരുപ്പു സ്വരൂപം എന്ന് കോഴിക്കോട്ടു രാജവംശത്തിനു പേരു വരാന്‍ കാരണം നെടിയിരിപ്പുമായുള്ള ഈ ബന്ധമാണ്. 14-ാം നൂറ്റാണ്ടോടെ കോഴിക്കോട് സുപ്രധാന ശക്തിയായി മാറി.

കോഴിക്കോട് തുറമുഖത്തിന്റെ വളര്‍ച്ചയാണ് സാമൂതിരിമാരുടെ ഭരണത്തിന്റെ വളര്‍ച്ചയ്ക്കും സഹായിച്ചത്. സുഗന്ധദ്രവ്യങ്ങളും തുണിയുമെല്ലാം കോഴിക്കോട്ടു നിന്നു വിദേശങ്ങളിലേക്കയച്ചിരുന്നു. വിദേശക്കപ്പലുകള്‍ തുറമുഖത്ത് നിര്‍ബാധം എത്തിച്ചേര്‍ന്നിരുന്നു. അറബികളും ചൈനാക്കാരുമായിരുന്നു വിദേശവ്യാപാരികളില്‍ പ്രമുഖര്‍. അറബികള്‍ക്കായിരുന്നു വ്യാപാരക്കുത്തക. ഈ വാണിജ്യ ബന്ധങ്ങള്‍ കോഴിക്കോടിനെ സാമ്പത്തികമായും സൈനികമായും സമ്പന്നമാക്കി.

മാമാങ്കം
അയല്‍ രാജ്യങ്ങളായ ബേപ്പൂര്‍, പരപ്പനാട്, വെട്ടത്തുനാട്, കുറുമ്പ്രനാട് തുടങ്ങിയവയെ സാമൂതിരിമാര്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടു വന്നു. എന്നാല്‍ വള്ളുവനാട് രാജാവ് (വള്ളുവക്കോനാതിരി) സാമൂതിരിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചില്ല. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന മഹോത്സവമായ മാമാങ്ക (മാഘമകം) ത്തിന്റെ അധ്യക്ഷസ്ഥാനം വള്ളുവനാട്ടു രാജാവിനായിരുന്നു. രാഷ്ട്രീയ പ്രാധാന്യമുള്ള ആ പദവി കൈക്കലാക്കാന്‍ വേണ്ടി സാമൂതിരി വള്ളുവനാട് ആക്രമിച്ചു. നമ്പൂതിരി ഗ്രാമങ്ങളായ പന്നിയൂര്‍, ചൊവ്വര എന്നിവ തമ്മിലുള്ള കിടമത്സര (കുറുമത്സരം) ത്തില്‍ പങ്കുചേര്‍ന്നു കൊണ്ടാണ് സാമൂതിരി വള്ളുവനാടിനെ നേരിട്ടത്. പന്നിയൂര്‍ പക്ഷത്തായിരുന്നു സാമൂതിരി; വള്ളുവക്കോനാതിരി ചൊവ്വര പക്ഷത്തും. മറ്റു നാട്ടുരാജാക്കന്മാരും ഇവ്വിധം കക്ഷി ചേര്‍ന്നു. യുദ്ധത്തില്‍ സാമൂതിരി വള്ളുവനാടു പക്ഷത്തെ തോല്‍പ്പിച്ച് മാമാങ്കത്തിന്റെ അധ്യക്ഷപദവി (രക്ഷാപുരുഷ സ്ഥാനം) സ്വന്തമാക്കി.

തുടര്‍ന്നു തലിപ്പിള്ളി രാജ്യവും (ഇന്നത്തെ തൃശ്ശൂര്‍ ജില്ലയില്‍) സാമൂതിരി കീഴ്‌പെടുത്തി. കൊച്ചി രാജ്യത്തെ രാജവംശജര്‍ക്കിടയിലെ മൂപ്പിളമത്തര്‍ക്കത്തില്‍ ഇടപെട്ട സാമൂതിരി പലതവണ കൊച്ചിയില്‍ ആക്രമണങ്ങള്‍ നടത്തി. 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുമ്പോള്‍ വടക്കന്‍ കേരളത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി സാമൂതിരിയായിരുന്നു. ബദ്ധശത്രുക്കളായിരുന്ന കോലത്തുനാടിനെയും ഇക്കാലത്ത് സാമൂതിരി സ്വാധീന പരിധിയിലാക്കിയിരുന്നു.

1498-ല്‍ എത്തിയ വാസ്‌കോ ഡ ഗാമയ്ക്ക് ഹൃദ്യമായ വരവേല്പാണ് സാമൂതിരി നല്‍കിയത്. 1500-ല്‍ പെദ്രോ ആല്‍വറെസ് കബ്രാളിന്റെ നേതൃത്വത്തില്‍ അടുത്ത പോര്‍ച്ചുഗീസ് സംഘമെത്തി. അവര്‍ക്ക് കോഴിക്കോട് വ്യാപാരശാല പണിയാന്‍ സാമൂതിരി അനുവാദം നല്‍കി. വ്യാപാരക്കുത്തകയുണ്ടായിരുന്ന അറബികളെ പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ചത് സാമൂതിരിയുടെ എതിര്‍പ്പിനിടയാക്കി. നാട്ടുകാര്‍ പോര്‍ച്ചുഗീസ് വ്യാപാരശാല നശിപ്പിച്ചതോടെ കബ്രാള്‍ കൊച്ചിയിലേക്കു നീങ്ങി. കൊച്ചിയില്‍ വ്യാപാര ബന്ധമുറപ്പിച്ച ശേഷം കണ്ണൂരിലേക്കു നീങ്ങിയ കബ്രാളിന്റെ സംഘത്തെ കോഴിക്കോടന്‍ കപ്പല്‍പ്പട ആക്രമിച്ചു.

1502-ല്‍ വീണ്ടും ഇന്ത്യയിലെത്തിയ വാസ്‌കോ ഡ ഗാമ സാമൂതിരിയെ സന്ദര്‍ശിച്ചെങ്കിലും ശത്രുത അയഞ്ഞില്ല. കോഴിക്കോട്ടു നിന്ന് അറബി മുസ്‌ലീം വ്യാപാരികളെ പറഞ്ഞയക്കണമെന്ന ഗാമയുടെ ആവശ്യത്തിന് സാമൂതിരി വഴങ്ങിയില്ല. കൊച്ചിയും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള സൗഹൃദത്തില്‍ അസ്വസ്ഥനായ സാമൂതിരി പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കൊച്ചീരാജാവ് ഇതു നിരസിച്ചതിനാല്‍ 1503 മാര്‍ച്ച് ഒന്നിന് കോഴിക്കോട്ടു സൈന്യം കൊച്ചിയിലേക്കു നീങ്ങി. പോര്‍ച്ചുഗീസ് സഹായമുണ്ടായിട്ടും കൊച്ചിക്കു പിടിച്ചു നില്‍ക്കാനായില്ല. രാജാവ് ഇളങ്കുന്നപ്പുഴ ക്ഷേത്രത്തില്‍ അഭയം തേടി. സെപ്തംബറില്‍ എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസ് സേന കോഴിക്കോട്ടുകാരെ തോല്പിച്ച് കൊച്ചീരാജാവിനെ പുന : പ്രതിഷ്ഠിച്ചു. 1504-ല്‍ സാമൂതിരി വീണ്ടും ആക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടു പിന്‍ വാങ്ങി. സാമൂതിരിയുടെ കൈവശമുള്ള കൊടുങ്ങല്ലൂര്‍ പോര്‍ച്ചുഗീസുകാര്‍ കീഴടക്കുകയും ചെയ്തു.

പോര്‍ച്ചുഗീസ് ശക്തിയെ ചെറുത്തു നിന്ന മധ്യകാല കേരളഭരണകൂടം സാമൂതിരിയുടേതു മാത്രമായിരുന്നു. പൗരസ്ത്യ ദേശത്തെ പോര്‍ച്ചുഗീസ് പ്രദേശങ്ങളുടെ പ്രതിനിധിയായി 1505-ല്‍ നിയമിതനായ ഫ്രാന്‍സിസ്‌കോ അല്‍മെയ്ദ കണ്ണൂരിലും കൊച്ചിയിലും കോട്ടകള്‍ കെട്ടി. കോലത്തിരി പോര്‍ച്ചുഗീസ് മിത്രമാവുകയും ചെയ്തു. എന്നാല്‍ സാമൂതിരിയുടെ സ്വാധീനതയാല്‍ പിന്നീട് കോലത്തിരി പോര്‍ച്ചുഗീസുകാര്‍ക്കെതിരായി. പല തവണ പോര്‍ച്ചുഗീസുകാരുമായി സാമൂതിരിയുടെ സൈന്യം ഏറ്റുമുട്ടി.

പോര്‍ച്ചുഗീസുകാരുമായുള്ള ഏറ്റുമുട്ടലുകളില്‍ സാമൂതിരിയുടെ ശക്തി കുഞ്ഞാലി മരയ്ക്കാര്‍മാരുടെ നേതൃത്വത്തിലുള്ള നാവികപ്പടയായിരുന്നു. പന്തലായിനിക്കൊല്ലമായിരുന്നു കുഞ്ഞാലിമാരുടെ ആസ്ഥാനം. കേരള ചരിത്രത്തിലെ ധീരമായ അധ്യായമാണ് കുഞ്ഞാലിമാര്‍ നടത്തിയ യുദ്ധങ്ങളുടേത്. 1531-ല്‍ വെട്ടത്തുനാട്ടിലെ ചാലിയത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കോട്ട സാമൂതിരിക്ക് കനത്ത ഭീഷണിയായിരുന്നു. 1540-ല്‍ സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ സന്ധി ചെയ്തുവെങ്കിലും അതൊരു താത്കാലിക യുദ്ധവിരാമം മാത്രമായിരുന്നു. കൊച്ചിയും വടക്കുംകൂറും തമ്മിലുള്ള തര്‍ക്കത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഇടപെട്ടത് വീണ്ടും യുദ്ധത്തിന് (1550) ഇടയാക്കി. തന്റെ മിത്രമായ വടക്കുംകൂര്‍ രാജാവ് വധിക്കപ്പെട്ടതോടെ സാമൂതിരി കൊച്ചി ആക്രമിച്ചു. കൊച്ചിയുടെ പക്ഷത്തായിരുന്ന പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുടെ പ്രദേശങ്ങളും ആക്രമിച്ചു. 1555-ല്‍ വീണ്ടും സമാധാനം നിലവില്‍ വന്നെങ്കിലും അടുത്ത വര്‍ഷം കോലത്തിരി സാമൂതിരിയുടെ പിന്തുണയോടെ പോര്‍ച്ചുഗീസുകാരുടെ കണ്ണൂര്‍ക്കോട്ട ആക്രമിച്ചു.

1570-ല്‍ ബിജപ്പൂര്‍, അഹമ്മദ് നഗര്‍ എന്നിവിടങ്ങളിലെ മുസ്‌ലീം ഭരണാധികാരികളുമായി സഖ്യം സ്ഥാപിച്ച് സാമൂതിരി പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു. 1571-ല്‍ കുഞ്ഞാലിമാരുടെ നേതൃത്വത്തില്‍ കോഴിക്കോട് സേന ചാലിയം കോട്ട പിടിച്ചെടുത്തു. നാവികയുദ്ധങ്ങളില്‍ ഒന്നിലേറെ തവണ പോര്‍ച്ചുഗീസുകാരെ തോല്പിച്ച കുഞ്ഞാലിമാര്‍ ശക്തരായി മാറി. പരാജിതരായെങ്കിലും പോര്‍ച്ചുഗീസുകാര്‍ 1584-ല്‍ പൊന്നാനിയില്‍ വ്യാപാരശാല കെട്ടാനുള്ള അനുമതി സാമൂതിരിയില്‍ നിന്നു നേടിയെടുത്തു. ഇത് കുഞ്ഞാലിമാരുടെ എതിര്‍പ്പിനിടയാക്കി. കുഞ്ഞാലിമാരുടെ പ്രമാണിത്തം വര്‍ധിച്ചതില്‍ സാമൂതിരിയും അസഹിഷ്ണുവായിരുന്നു. 1588-ല്‍ പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട് സാമൂതിരിയുടെ അനുമതിയോടെ ആസ്ഥാനമുറപ്പിച്ചു. കുഞ്ഞാലിമാര്‍ക്കെതിരേ സാമൂതിരിയും പോര്‍ച്ചുഗീസുകാരും ഒരുമിച്ചു. 1600-ല്‍ സാമൂതിരിയുടെ പട്ടാളം കുഞ്ഞാലിമാരുടെ കോട്ട ആക്രമിച്ചു. മാപ്പു നല്‍കാമെന്ന സാമൂതിരിയുടെ വാഗ്ദാനം വിശ്വസിച്ച് കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ കീഴടങ്ങി. വാഗ്ദാനം ലംഘിച്ച സാമൂതിരി അദ്ദേഹത്തെ പോര്‍ച്ചുഗീസുകാര്‍ക്കു വിട്ടു കൊടുത്തു. കുഞ്ഞാലി നാലാമനെയും അനുയായികളെയും അവര്‍ ഗോവയില്‍ കൊണ്ടു പോയി വധിച്ചു. കുഞ്ഞാലിമാരെ തകര്‍ത്തെങ്കിലും കേരളത്തിലെ പോര്‍ച്ചുഗീസ് മേധാവിത്തം വൈകാതെ അവസാനിച്ചു. ഡച്ചുകാരാണ് അവരെ പുറത്താക്കി മേധാവിത്തം ഉറപ്പിച്ചത്. തുടര്‍ന്ന് ഡച്ചുകാരുമായും സാമൂതിരിമാര്‍ ഒട്ടേറെ ഏറ്റുമുട്ടലുകള്‍ നടത്തി. 1755-ല്‍ ഡച്ചുകാര്‍ക്കു കീഴിലുള്ള കൊച്ചി പ്രദേശങ്ങള്‍ മുഴുവന്‍ സാമൂതിരി പിടിച്ചെടുത്തു.

ശക്തിയുടെ പാരമ്യത്തില്‍ നിന്ന കോഴിക്കോടിനെ തകര്‍ത്തത് 18-ാം നൂറ്റാണ്ടില്‍ മൈസൂര്‍ നടത്തിയ ആക്രമണങ്ങളാണ്. ഹൈദര്‍ അലിയും മകന്‍ ടിപ്പു സുല്‍ത്താനും നടത്തിയ ആക്രമണങ്ങള്‍ ചെറുത്തു നിര്‍ത്താന്‍ സാമൂതിരിക്കു കഴിഞ്ഞില്ല. 1766-ല്‍ ഹൈദറിന്റെ സൈന്യം വടക്കന്‍ കേരളത്തില്‍ പ്രവേശിച്ചു. കടത്തനാടും കുറുമ്പ്രനാടും കീഴടക്കി മൈസൂര്‍പ്പട കോഴിക്കോട്ടേക്കു നീങ്ങിയതോടെ കുടുംബാംഗങ്ങളെ പൊന്നാനിക്കയച്ച ശേഷം സാമൂതിരി കൊട്ടാരത്തിനു തീകൊളുത്തിയിട്ട് ആത്മഹത്യ ചെയ്തു.

പിന്നീട് ടിപ്പുവിനായി കോഴിക്കോടിന്റെ മേല്‍ക്കോയ്മ. ടിപ്പു ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങിയതോടെ ശ്രീരംഗപട്ടണം സന്ധി (1792) പ്രകാരം കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ പ്രദേശം മുഴുവന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായി. ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മദ്രാസിന്റെ ഒരു ജില്ല മാത്രമായി മാറിയ മലബാര്‍ ഐക്യ കേരള രൂപവത്കരണ (1956) ത്തോടെ കേരള സംസ്ഥാനത്തിന്റെ ഭാഗമായി.


കോലത്തുനാട്
വടക്കേ മലബാര്‍ പ്രദേശമാണ് കോലത്തുനാട് എന്നറിയപ്പെടുന്നത്. സംഘകാലത്ത് ഏഴിമല ആസ്ഥാനമാക്കിയ നന്നരാജവംശത്തിന്റെ കീഴിലായിരുന്നു പ്രദേശം. ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ശതകങ്ങളില്‍ വടക്കേ മലബാറിലെ വയനാട്, തലശ്ശേരി പ്രദേശങ്ങള്‍ കുലശേഖരന്മാരുടെ ആധിപത്യത്തിലായിരുന്നപ്പോള്‍ കാസര്‍കോട്, ചിറയ്ക്കല്‍ പ്രദേശങ്ങള്‍ എഴിമലയ്ക്കടുത്ത് ആസ്ഥാനമുറപ്പിച്ചിരുന്ന മൂഷക വംശത്തിന്റെ ഭരണത്തിലായിരുന്നു ഏഴിമല. നന്നന്റെ പിന്‍തുടര്‍ച്ചക്കാരാവണം മൂഷകര്‍. കുലശേഖരകാലത്ത് തന്നെ ഒരു സ്വതന്ത്ര രാജ്യമായിരുന്നു ഇതെന്ന് ചില ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്. കുലശേഖര സാമ്രാജ്യത്തിന്റെ പതനത്തോടെയാവണം പ്രബലമായ സ്വതന്ത്രരാജ്യമായി മാറിയത് എന്നും വാദമുണ്ട്. മൂഷകരാജ്യമാണ് 14-ാം ശതകത്തില്‍ കോലത്തുനാട് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. രാജാക്കന്മാരെ കോലത്തിരി (കോല സ്ത്രീ എന്ന് യൂറോപ്യന്‍ വിവരണങ്ങള്‍) എന്നു വിളിച്ചു പോന്നു. 
 
ആധുനിക കേരളം

കേരള ചരിത്രത്തിലെ ആധുനിക ഘട്ടം 18-ാം നൂറ്റാണ്ടു മുതല്‍ ആരംഭിക്കുന്നു. ബ്രിട്ടീഷ് കോളനി വാഴ്ച പൂര്‍ണ്ണമായതു മുതല്‍ ഇന്നു വരെയുള്ള ചരിത്രഘട്ടമാണിത്. ആധുനിക കേരള സമൂഹത്തിന്റെ രൂപവത്കരണം നടന്നതും ഈ കാലയളവിലാണ്. നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം നിലവിലില്ലായിരുന്ന തിരുവിതാംകൂര്‍ ആയിരുന്നു ഈ കാലഘട്ടത്തിലെ ഏറ്റവും പ്രബലമായ
രാജ്യം.

തിരുവിതാംകൂര്‍
കേരളത്തിന്റെ തെക്കേയറ്റത്ത് പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയ്ക്കുള്ള ഫലഭൂയിഷ്ടമായ പഴയ നാട്ടുരാജ്യം. ശ്രീ വാഴുങ്കോട് (സമൃദ്ധിയുടെ നാട്) അഥവാ തിരുവാരങ്കോട് എന്നതിന്റെ ഗ്രാമ്യരൂപമായ തിരുവന്‍കോടില്‍ നിന്നാണ് തിരുവിതാംകൂര്‍ എന്ന പേരിന്റെ ഉദ്ഭവം.

എ.ഡി. ആദ്യശതകങ്ങളില്‍ ആയ് രാജാക്കന്മാര്‍ ഭരിച്ചിരുന്ന ഈ പ്രദേശം പിന്നീട് വേണാട് എന്നറിയപ്പെട്ടു. വേണാട് കൊച്ചി വരെ വ്യാപിച്ച് തിരുവിതാംകൂര്‍ എന്ന് പ്രസിദ്ധി നേടിയത് മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ (1729 - 1758) കാലത്താണ്. രാജ്യത്തെ ആഭ്യന്തര കലഹങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ആറ്റിങ്ങല്‍, കൊല്ലം, കൊട്ടാരക്കര, കായംകുളം, അമ്പലപ്പുഴ നാട്ടുരാജ്യങ്ങള്‍ കീഴടങ്ങി തിരുവിതാംകൂര്‍ എന്ന പ്രബല രാഷ്ട്രത്തിന് അടിത്തറയൊരുക്കുകയും ചെയ്തത് മാര്‍ത്താണ്ഡവര്‍മയാണ്. തുടര്‍ന്നു ഭരിച്ച ധര്‍മ്മരാജാവ് എന്നറിയപ്പെട്ട കാര്‍ത്തിക തിരുനാള്‍ രാമവര്‍മയ്ക്ക് (1758 - 1798) മൈസൂറിലെ ടിപ്പുവിന്റെ ആക്രമണത്തെ നേരിടേണ്ടി വന്നുവെങ്കിലും രാജ്യാഭിവൃദ്ധി ലക്ഷ്യമാക്കി നിരവധി ഭരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് അവിട്ടം തിരുനാള്‍ ബാലരാമവര്‍മ (1798 - 1810), റാണി ഗൗരിലക്ഷ്മീബായി (1810 - 1815) റാണി ഗൗരി പാര്‍വതീബായി (1815 - 1829), സ്വാതി തിരുനാള്‍ (1829 - 1847), ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1829 - 1860), ആയില്യം തിരുനാള്‍ (1860 - 1880), വിശാഖം തിരുനാള്‍ (1880 - 1885), ശ്രീമൂലം തിരുനാള്‍ (1885 - 1924), റാണി സേതു ലക്ഷ്മീബായി (1924 - 1931), ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ (1931 - 1949) എന്നിവര്‍ തിരുവിതാംകൂര്‍ ഭരിച്ചു. പത്മനാഭപുരവും തിരുവനന്തപുരവും ആയിരുന്നു ആധുനിക തിരുവിതാംകൂറിന്റെ തലസ്ഥാനങ്ങള്‍. തിരുവനന്തപുരത്തേക്ക് സ്ഥിരമായി തലസ്ഥാനം മാറ്റിയത് ധര്‍മരാജായാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ വേലുത്തമ്പി ദളവയും പണ്ഡിതനും സംഗീത ചക്രവര്‍ത്തിയുമായ സ്വാതി തിരുനാളും ക്ഷേത്രപ്രവേശന വിളംബരം നടത്തിയ അവസാന ഭരണാധികാരി ചിത്തിര തിരുനാളും തിരുവിതാംകൂര്‍ ചരിത്രത്തില്‍ എന്നെന്നും ഓര്‍ക്കപ്പെടും.

1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ തിരുവിതാംകൂര്‍ സ്വതന്ത്ര രാജ്യമാകുമെന്ന ദിവാന്‍ സി. പി. രാമസ്വാമി അയ്യരുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തിനൊടുവില്‍ തിരു വിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ആദ്യത്തെ ജനകീയ മന്ത്രിസഭ നിലവില്‍ വന്നു (1948 മാര്‍ച്ച്). തിരുവിതാംകൂറും കൊച്ചിയുമായി യോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം 1949 ജൂലൈ 1 -നും മലബാറുമായി ചേര്‍ന്ന് കേരള സംസ്ഥാനം 1956 നവംബര്‍ 1 - നും രൂപം കൊണ്ടു. കേരള സംസ്ഥാന രൂപീകരണം വരെ തിരുവിതാംകൂറിന്റെയും തിരുകൊച്ചിയുടെയും രാജപ്രമുഖ പദവി ചിത്തിര തിരുനാളിനായിരുന്നു.


ബ്രിട്ടീഷ് ആധിപത്യം
മറ്റു യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ വ്യാപാര ലക്ഷ്യവുമായി എത്തിയ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി 1664-ല്‍ കോഴിക്കോട് ഒരു വ്യാപാരശാല സ്ഥാപിച്ചു. 1684-ല്‍ അവര്‍ തിരുവിതാംകൂറിലെ അഞ്ചുതെങ്ങ് പ്രദേശം ആറ്റിങ്ങല്‍ റാണിയില്‍ നിന്നു സ്വന്തമാക്കി. 1695 -ല്‍ അവിടെ ഒരു കോട്ടയും പണി തീര്‍ത്തു. ഇതേകാലത്ത് തലശ്ശേരിയിലും അവര്‍ ആസ്ഥാനമുറപ്പിച്ചു. 1723 ഏപ്രിലില്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തിരുവിതാംകൂറും ഉടമ്പടി സ്ഥാപിച്ചു. 1792-ല്‍ ശ്രീരംഗപട്ടണം സന്ധി പ്രകാരം ടിപ്പു സുല്‍ത്താന്റെ കൈവശത്തു നിന്നും മലബാര്‍ ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചു. 1791-ല്‍ കൊച്ചിയുമായും കമ്പനി ഉടമ്പടിയുണ്ടാക്കി. ഇതനുസരിച്ച് പ്രതിവര്‍ഷം കപ്പം നല്‍കി കൊച്ചി രാജാവ് ബ്രിട്ടീഷ് സാമന്തനായി. 1800 മുതല്‍ കൊച്ചി മദ്രാസിലെ ബ്രിട്ടീഷ് സര്‍ക്കാരിനു കീഴിലായി. 1795-ലെ ഉടമ്പടിയനുസരിച്ച് തിരുവിതാംകൂറും ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ചു. ഇതനുസരിച്ച് ഒരു ബ്രിട്ടീഷ് റസിഡെന്റ് തിരുവനന്തപുരത്തു താമസിച്ച് ഭരണമേല്‍നോട്ടം വഹിച്ചു. പ്രതിവര്‍ഷം എട്ടുലക്ഷം രൂപയായിരുന്നു തിരുവിതാംകൂര്‍ നല്‍കേണ്ടിയിരുന്ന കപ്പം. 1805-ല്‍ ഒപ്പു വച്ച ഉടമ്പടി പ്രകാരം തിരുവിതാംകൂറില്‍ ഉണ്ടാകുന്ന ആഭ്യന്തര മത്സരങ്ങളിലും ലഹളകളിലും ഇടപെടാനുള്ള അധികാരവും ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചു. ഇതോടു കൂടി ഫലത്തില്‍ കേരളം മുഴുവന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായി.


ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരേ
ബ്രിട്ടീഷ്‌ മേല്‍ക്കോയ്മയ്‌ക്കെതിരെ സ്വാഭാവികമായും ദേശാഭിമാനികളുടെ പ്രതിഷേധമുയര്‍ന്നു. കേരള വര്‍മ പഴശ്ശിരാജാവും വേലുത്തമ്പി ദളവയും പാലിയത്തച്ഛനും ഇങ്ങനെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആയുധമെടുത്തു. അവരുടെ വിപ്ലവങ്ങള്‍ പരാജയപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് വിരോധവും ദേശാഭിമാനവും ജനങ്ങളില്‍ വളര്‍ത്താന്‍ അവ സഹായിച്ചു.

ബ്രിട്ടീഷുകാര്‍ മലബാറില്‍ ഏര്‍പ്പെടുത്തിയ നികുതി സമ്പ്രദായത്തിനെതിരേയായിരുന്നു കോട്ടയം രാജവംശത്തിലെ പഴശ്ശിരാജാ സായുധസമരം നടത്തിയത്. നാട്ടുരാജാക്കന്മാരില്‍ നിന്നായിരുന്നു ബ്രിട്ടീഷുകാര്‍ നികുതി പിരിച്ചത്; രാജാക്കന്മാര്‍ ജനങ്ങളില്‍ നിന്നും കോട്ടയത്തെ നികുതി പിരിക്കാനുള്ള അവകാശം ബ്രിട്ടീഷുകാര്‍ നല്‍കിയത് പഴശ്ശിരാജാവിനുപകരം അമ്മാവനായ കുറുമ്പ്ര നാട്ടു രാജാവിനായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 1795 ജൂണ്‍ 28ന് പഴശ്ശിരാജാവ് എല്ലാനികുതി പിരിവും നിര്‍ത്തിവയ്പിച്ചു. 1793 - 1797, 1800 - 1805 കാലങ്ങളിലായി ഒട്ടേറെത്തവണ പഴശ്ശിരാജാവിന്റെ പടയാളികളും ഇംഗ്ലീഷ് സൈന്യവും ഏറ്റുമുട്ടി. വയനാടന്‍ കാടുകളിലേക്കു പിന്‍വാങ്ങി ഒളിയുദ്ധമാരംഭിച്ച പഴശ്ശിരാജാവ് 1805 നവംബര്‍ 30ന് വെടിയേറ്റു മരിച്ചു. അതോടെ അദ്ദേഹം ഉയര്‍ത്തിയ പ്രതിരോധം തകര്‍ന്നു.

തിരുവിതാംകൂറില്‍ റെസിഡന്റ് മെക്കാളെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതിനെതിരേ ദളവയായ വേലുത്തമ്പി ഉയര്‍ത്തിയ എതിര്‍പ്പ് തുറന്ന യുദ്ധത്തിലാണു കലാശിച്ചത്. കൊച്ചിയിലെ പ്രധാനമന്ത്രി പാലയത്തച്ചനുമായി ചേര്‍ന്ന് വേലുത്തമ്പി ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു. ബ്രിട്ടീഷ് മേധാവിത്തത്തിനെതിരേ അണിനിരക്കാന്‍ ആഹ്വാനം ചെയ്യുന്ന കുണ്ടറ വിളംബരം 1809 നവംബര്‍ 11 ന് വേലുത്തമ്പി പുറപ്പെടുവിച്ചു. ജനങ്ങള്‍ ആവേശപൂര്‍വം ആ സമരാഹ്വാനം സ്വീകരിച്ചെങ്കിലും ബ്രിട്ടീഷ് സൈന്യം തിരുവിതാംകൂര്‍ സേനയുടെ ശക്തി കേന്ദ്രങ്ങള്‍ ഒന്നൊന്നായി കീഴടക്കി. പരാജയം മുന്നില്‍ കണ്ട വേലുത്തമ്പി ആത്മഹത്യ ചെയ്തു. 1812-ല്‍ വയനാട്ടിലെ ആദിവാസി ജനവിഭാഗങ്ങളായ കുറിച്യരും കുറുമ്പരും ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്തുവെങ്കിലും പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടു.

പുരോഗതിയുടെ ഉദയം : തിരുവിതാംകൂര്‍

18, 19 നൂറ്റാണ്ടുകളില്‍ ഭരണരംഗത്തുണ്ടായ ആധുനിക നയങ്ങള്‍ കാരണം കേരളം സാമൂഹികപുരോഗതിയുടെ ഘട്ടത്തിലേക്കു പ്രവേശിച്ചു. തിരുവിതാംകൂറില്‍ റോഡുകളുടെ നിര്‍മാണവും നീതിന്യായ പരിഷ്കരണവും നികുതി വ്യവസ്ഥ പരിഷ്കരണവുമുണ്ടായി. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാര്‍ത്താണ്ഡവര്‍മയും കാര്‍ത്തിക തിരുനാളും ബലിഷ്ഠമായ രാജ്യത്തിനാണ് അടിത്തറയൊരുക്കിയത്. ഗൗരി ലക്ഷ്മീബായി, ഗൗരി പാര്‍വതീ ബായി എന്നീ റാണിമാരുടെ ഭരണകാലത്തും ഒട്ടേറെ സാമൂഹിക പരിഷ്കരണ നടപടികള്‍ ഉണ്ടായി. സ്വാതി തിരുനാള്‍ രാമവര്‍മ (1829 - 1847) യുടെ ഭരണകാലമായിരുന്നു തിരുവിതാംകൂറിന്റെ സുവര്‍ണകാലം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കമിട്ട അദ്ദേഹം കലകളുടെയും ശാസ്ത്രത്തിന്റെയും പ്രോത്സാഹകനായിരുന്നു. തിരുവനന്തപുരത്ത് 1836-ല്‍ അദ്ദേഹം വാനനിരീക്ഷണാലയം (നക്ഷത്രബംഗ്ലാവ്) ആരംഭിച്ചു. 1834-ല്‍ തിരുവനന്തപുരത്താരംഭിച്ച ഇംഗ്ലീഷ് സ്കൂള്‍ 1866-ല്‍ ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജായി മാറി. 1836-ല്‍ തിരുവിതാംകൂറില്‍ സെന്‍സസും നടന്നു.

ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് (1847 - 1860) ചാന്നാര്‍ (നാടാര്‍) സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദം നല്‍കി. 1859-ല്‍ തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്കു വേണ്ടി തുടങ്ങിയ സ്കൂളാണ് ഇന്നത്തെ ഗവണ്‍മെന്റ് വിമന്‍സ് കോളേജായി മാറിയത്. 1857-ല്‍ ആലപ്പുഴയിലെ തിരുവിതാംകൂറിലെ ആദ്യത്തെ പോസ്‌റ്റോഫീസും 1859-ല്‍ ആദ്യത്തെ ആധുനിക കയര്‍ ഫാക്ടറിയും തുടങ്ങി.

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ (1860 - 1880) ഭരണകാലത്തുണ്ടായ പണ്ടാരപ്പാട്ട വിളംബരം (1865), ജന്മി കുടിയാന്‍ വിളംബരം (1867) എന്നിവ ഭൂവുടമാ സമ്പ്രദായത്തില്‍ ഗണ്യമായ മാറ്റം വരുത്തി. 1858-ല്‍ ദിവാനായി നിയമിതനായ സര്‍ ടി. മാധവറാവു 1872 വരെയുള്ള ഭരണകാലത്ത് ഒട്ടേറെ പുരോഗതികള്‍ക്ക് അടിത്തറയിട്ടു.

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് (1885 - 1924) വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്കാണു കളമൊരുക്കിയത്. വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ച ഈ കാലഘട്ടം ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലെ തന്നെ ആദ്യത്തെ നിയമനിര്‍മ്മാണസഭയുടെ രൂപവത്കരണത്തിനും സാക്ഷിയായി. 1888-ല്‍ രൂപവത്കരിച്ച ലെജിസ്ലേറ്റീവ് കൗണ്‍സിലാണ് ശ്രീ മൂലം തിരുനാളിന്റെ ഭരണ നേട്ടങ്ങളില്‍ ഏറ്റവും പ്രമുഖം. സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ അടങ്ങിയ ശ്രീമൂലം പ്രജാസഭ (പോപ്പുലര്‍ അസംബ്ലി) യും 1904-ല്‍ ആരംഭിച്ചു. 1922-ലെ നിയമ പ്രകാരം ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ അംഗസംഖ്യ 50 ആക്കി ഉയര്‍ത്തി. സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കി.

ശ്രീമൂലം തിരുനാളിനെ തുടര്‍ന്ന് റീജന്റായി ഭരണം നടത്തിയ റാണി സേതുലക്ഷ്മീബായി 1925-ല്‍ കൊണ്ടുവന്ന നായര്‍ റഗുലേഷന്‍ നിയമം തിരുവിതാംകൂറില്‍ മരുമക്കത്തായം അവസാനിപ്പിച്ച് മക്കത്തായത്തിനു നിയമ സാധുത നല്‍കി. ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മയായിരുന്നു അടുത്ത രാജാവ്.

നിയമ നിര്‍മാണസഭാ പരിഷ്കരണവും വ്യവസായവത്കരണ നയവും സാമൂഹിക പരിഷ്കരണങ്ങളും കൊണ്ട് അവിസ്മരണീയമാണ് ചിത്തിര തിരുനാളിന്റെ ഭരണകാലം. ദേശീയ സ്വാതന്ത്ര്യ സമരത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കും ഈ കാലഘട്ടം സാക്ഷിയായി. ക്ഷേത്രപ്രവേശന വിളംബരം (1936) ചിത്തിര തിരുനാളിനെ ചരിത്രത്തില്‍ സുപ്രതിഷ്ഠനാക്കി. തിരുവിതാംകൂര്‍ സര്‍വകലാശാല (1937), ഭൂപണയബാങ്ക് (1932), ട്രാവന്‍കൂര്‍ റബര്‍ വര്‍ക്‌സ്, കുണ്ടറ കളിമണ്‍ ഫാക്ടറി, പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി, ഫാക്ട്, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതി, സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് തുടങ്ങിയവ ഇക്കാലത്താണ് ആരംഭിച്ചത്. ഇവ നടപ്പാക്കുന്നതിനു നേത്യത്വം നല്‍കിയ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ രാഷ്ട്രീയമായി ഏറ്റുമധികം എതിര്‍ക്കപ്പെട്ട വ്യക്തികളിലൊരാളുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നതോടെ തിരുവിതാംകൂറിലെ രാജവാഴ്ച
അവസാനിച്ചു.

കൊച്ചി
തിരുവിതാംകൂറിലെപ്പോലെ പുരോഗതിയുടെ വിവിധ ഘട്ടങ്ങള്‍ കൊച്ചിയിലും മലബാറിലുമുണ്ടായി. 1812 മുതല്‍ 1947 വരെ ബ്രിട്ടീഷുകാര്‍ നിയമിച്ച ദിവാന്‍മാരാണ് കൊച്ചിയുടെ ഭരണം നിര്‍വഹിച്ചത്. കേണല്‍ മണ്‍റോ (1812 - 1818), നഞ്ചപ്പയ്യ (1815 - 1825), ശേഷ ഗിരിറാവു (1825 - 1830), എടമന ശങ്കരമേനോന്‍ (1830 - 1835), വെങ്കട സുബ്ബയ്യ (1835 - 1840), ശങ്കര വാരിയര്‍ (1840 - 1856), വെങ്കട റാവു (1856 - 1860), തോട്ടയ്ക്കാട്ടു ശങ്കുണ്ണിമേനോന്‍ (1860 - 1879), തോട്ടയ്ക്കാട്ടു ഗോവിന്ദമേനോന്‍ (1879 - 1889), തിരുവെങ്കിടാചാര്യ (1889 - 1892), ജി. സുബ്രഹ്മണ്യ പിള്ള (1892 - 1896), പി. രാജഗോപാലാചാരി (1896 - 1901), എല്‍. ലോക്ക് (1901 - 1902). എന്‍. പട്ടാഭിരാമ റാവു (1902 - 1907), എ. ആര്‍. ബാനര്‍ജി (1907 - 1914), ജെ. ഡബ്ല്യു. ഭോര്‍ (1914 - 1919), ടി. വിജയരാഘവാചാരി (1919 - 1922), പി. നാരായണമേനോന്‍ (1922 - 1925), ടി. എസ്. നാരായണയ്യര്‍ (1925 - 1930), സി. ജി. ഹെര്‍ബര്‍ട്ട് (1930 - 1935), ആര്‍. കെ. ഷണ്‍മുഖം ചെട്ടി (1935 - 1941), എ. എഫ്. ഡബ്ല്യു. ഡിക്‌സണ്‍ (1941 - 1943), സര്‍ ജോര്‍ജ് ബോഗ് (1943 - 1944), സി. പി. കരുണാകര മേനോന്‍ (1944 - 1947) എന്നിവരായിരുന്നു സ്വാതന്ത്ര്യലബ്ധി വരെയുള്ള കൊച്ചി ദിവാന്‍മാര്‍.

കേണല്‍ മണ്‍റോ ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ കൊച്ചിയെ ആധുനികതയിലേക്കു നയിച്ചു. ഠാണാദാര്‍മാര്‍ എന്ന പോലീസ് സേനയുടെ രൂപവത്കരണം, എറണാകുളത്ത് ഹജ്ജൂര്‍ കച്ചേരി സ്ഥാപിക്കല്‍ തുടങ്ങിയ പരിഷ്കാരങ്ങള്‍ അദ്ദേഹം കൊണ്ടു വന്നു. ദിവാന്‍ നഞ്ചപ്പയ്യ 1821-ല്‍ അടിമകളെ ദണ്ഡിക്കുന്നതു നിരോധിച്ചു കൊണ്ട് വിളംബരം നടത്തി. പുത്തന്‍ എന്ന പുതിയ നാണയവും അദ്ദേഹം ഏര്‍പ്പെടുത്തി. ശങ്കര വാരിയരുടെ കാലത്താണ് അടിമസമ്പ്രദായം നിര്‍ത്തലാക്കിയത് (1854). 1845-ല്‍ സ്ഥാപിതമായ എലിമെന്ററി ഇംഗ്ലീഷ് സ്കൂള്‍ പില്ക്കാലത്ത് മഹാരാജാസ് കോളേജായി മാറി.

1889-ല്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ആദ്യത്തെ സ്കൂള്‍ തൃശ്ശൂരില്‍ സ്ഥാപിതമായി. ഷൊര്‍ണ്ണൂര്‍ - എറണാകുളം തീവണ്ടിപ്പാതയുടെ നിര്‍മാണം, എറണാകുളത്ത് ചീഫ് കോര്‍ട്ട് സ്ഥാപിക്കല്‍, കണ്ടെഴുത്തിന്റെ പൂര്‍ത്തീകരണം, പൊതുജനാരോഗ്യവകുപ്പ് രൂപവത്കരണം, എറണാകുളം നഗരത്തിലെ ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയവയിലൂടെ കൊച്ചി ആധുനികീകരിക്കപ്പെട്ടു. 1925-ല്‍ കൊച്ചിയില്‍ നിയമനിര്‍മാണസഭ നിലവില്‍ വന്നു. 1938 ജൂണ്‍ 18ന് ഹൈക്കോടതിയും ഉദ്ഘാടനം ചെയ്തു.


മലബാര്‍
ബ്രിട്ടീഷ് ഭരണത്തിലുള്ള മദ്രാസ് സംസ്ഥാനത്തിലെ ജില്ലയായിരുന്ന മലബാറിലും സമാനമായ ആധുനിക മുന്നേറ്റങ്ങളുണ്ടായി. റോഡുകളുടെയും തോട്ടങ്ങളുടെയും നിര്‍മാണത്തില്‍ ശ്രദ്ധവച്ച ബ്രിട്ടീഷ് ഭരണകൂടം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍കൈയെടുത്തു. 1848-ല്‍ ബാസല്‍ മിഷന്‍ കോഴിക്കോട്ടെ കല്ലായിയില്‍ ആരംഭിച്ച പ്രൈമറി സ്കൂളാണ് പില്‍ക്കാലത്ത് മലബാര്‍ ക്രിസ്ത്യന്‍ കോളേജായി മാറിയത്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെപ്പോലുള്ള ക്രിസ്തുമത പ്രചാരകര്‍ മലയാള ഭാഷയ്ക്ക് വലിയ സംഭാവനകള്‍ നല്‍കി. മദ്രാസ് നഗരവികസന നിയമപ്രകാരം 1866, 1867 വര്‍ഷങ്ങളില്‍ കോഴിക്കോട്. തലശ്ശേരി, കണ്ണൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ മുനിസിപ്പാലിറ്റികള്‍ നിലവില്‍ വന്നു. ഈ നേട്ടങ്ങള്‍ക്കിടയിലും ബ്രിട്ടീഷുകാരുടെ ചൂഷണം തുടരുക തന്നെയായിരുന്നു. ജന്മിമാരുടെയും അവരെ സഹായിച്ച ബ്രിട്ടീഷ് ഭരണാധികാരികളുടെയും നയങ്ങള്‍ 1836 - 1853 കാലത്ത് ഏറനാട് വള്ളുവനാടു താലൂക്കുകളില്‍ മാപ്പിളമാരുടെ കലാപങ്ങള്‍ക്കു വഴിതെളിച്ചു. ഇവയെ നേരിടാനാണ് 1854-ല്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് രൂപവത്കരിച്ചത്.

19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ അച്ചടി ശാലകളുടെ വ്യാപനവും പത്രങ്ങളുടെയും വിദ്യാലയങ്ങളുടെയും ആവിര്‍ഭാവവും സാഹിത്യത്തിന്റെ വികാസവും കേരളത്തെ സവിശേഷ പരിവര്‍ത്തനത്തിനു വിധേയമാക്കി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായ ഉണര്‍ച്ച ആരംഭിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികള്‍ കേരളത്തിലും മഹാതരംഗമായി മാറി.

കേരളസംസ്ഥാനം
ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളും അവയ്ക്കു പശ്ചാത്തലമായി ഉണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യന്‍കാളി, ബ്രഹ്മാനന്ദ ശിവയോഗി, വാഗ്ഭടാനന്ദ ഗുരു, വൈകുണ്ഠ സ്വാമികള്‍ തുടങ്ങിയ ഒട്ടേറെ നവോത്ഥാന നായകര്‍ ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ മഹത്തായ പങ്കു വഹിച്ചു. സാമുദായിക സംഘടനകളും മറ്റു പരിഷ്കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയ സംഘടനകളും നിര്‍വഹിച്ച സംഘടിതയത്‌നങ്ങളും വിദ്യാഭ്യാസപുരോഗതിയുമില്ലായിരുന്നെങ്കില്‍ ആധുനിക കേരളം സാധ്യമാകുമായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തോടൊപ്പം രാജവാഴ്ചയ്‌ക്കെതിരെ ഉത്തരവാദിത്ത ഭരണത്തിനും സാമൂഹികാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങളും സ്വാതന്ത്ര്യപൂര്‍വ കേരളത്തില്‍ അരങ്ങേറി.

1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചു. ടി. കെ. നാരായണ പിള്ളയായിരുന്നു ആദ്യ മുഖ്യമന്ത്രി. ഭാരതസര്‍ക്കാരിന്റെ 1956-ലെ സംസ്ഥാന പുന:സംഘടനാ നിയമ പ്രകാരം തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു തെക്കന്‍ താലൂക്കുകള്‍ തിരു-കൊച്ചിയില്‍ നിന്നു വേര്‍പെടുത്തി തമിഴ് നാടിനോടു (അന്ന് മദ്രാസ് സംസ്ഥാനം) ചേര്‍ത്തു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയും തെക്കന്‍ കനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും കേരളത്തോടും ചേര്‍ന്നു. 1956 നവംബര്‍ ഒന്നിന് ഇന്നത്തെ കേരള സംസ്ഥാനം രൂപമെടുത്തു.

 
 ജീവിതനിലവാരം
മൂന്നാം ലോകരാജ്യങ്ങളുടെ ഭാവിയെപ്പറ്റി ശുഭപ്രതീക്ഷയുണര്‍ത്തും വിധം വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്തതയോടെ കേരളം ഉയര്‍ന്നു നില്‍ക്കുന്നതായി നാഷണല്‍ ജോഗ്രാഫിക് ട്രാവലറിന്റെ ഒക്ടോബര്‍ ലക്കത്തില്‍ ബില്‍ മകിബൈന്‍ എഴുതുന്നു. നെല്‍വയലുകള്‍ നിറഞ്ഞ ഈ പ്രദേശം സ്ഥിതി വിവര കണക്കുകള്‍ പരിശോധിച്ചാല്‍ 'സാമൂഹ്യ വികസനത്തിന്റെ എവറസ്റ്റ് കൊടുമുടിയാണെന്നാണ്' അദ്ദേഹം വ്യക്തമാക്കിയത്.

സാമൂഹ്യക്ഷേമം ജീവിതനിലവാരം എന്നിവ കണക്കിലെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും പുരോഗതിനേടിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളം. സാക്ഷരതാ നിരക്കിലും ആയുര്‍ദൈര്‍ഘ്യത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കേരളം ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ്.

സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങളും അവസരങ്ങളും ലഭ്യമാണ്. ഇവയ്‌ക്കൊപ്പം ഭരണപങ്കാളിത്തവും സാധ്യമാണെന്നതുമാണ് മറ്റൊരു നേട്ടം. നഗരവല്‍ക്കരണ നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ള കേരളം ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാന നിലയിലുള്ള സംസ്ഥാനം കൂടിയാണ്.
 

കേരളം: സമൂഹവും സംസ്കാരവും


1956ലെ ഭാഷാ സംസ്ഥാന രൂപീകരണത്തോടെയാണ് ഇന്നത്തെ കേരളും രൂപപ്പെട്ടത്. പൌരാണിക ചരിത്രത്തെക്കുറിച്ച് പൊതുസ്വീകാര്യമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ല. നിലവിലുള്ള സര്‍വാംഗീകൃത ചരിത്രമാകട്ടെ തികച്ചും ആധികാരികമായി ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ചരിത്രം അപ്പാടെ മാറിമറിച്ചത് നൂറ്റാണ്ട് നീണ്ട ചോള^ചേര യുദ്ധമാണെന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ചരിത്രം. എന്നാല്‍ ഇങ്ങനെയൊരു യുദ്ധം തന്നെ നടന്നിട്ടില്ലെന്നും അതിന് ആകെയുള്ള തെളിവ് ഇക്കാര്യം ആദ്യം പറഞ്ഞ ചരിത്രകാരനായ ഇളംകുളം കുഞ്ഞന്‍പിള്ളക്ക് അങ്ങനെ തോന്നിപ്പോയി എന്നതുമാത്രമാണെന്നും താരതമ്യേന വിശ്വസിനീയമായ ചരിത്ര പഠനത്തിലൂടെ പി.കെ ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ അതിനിര്‍ണായക ചരിത്ര സന്ദര്‍ഭത്തെക്കുറിച്ചുപോലും ഇത്രയും ആഴമേറിയ വൈരുദ്ധ്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

കേരളം കണക്കുകളില്‍

മൊത്തം 38,86,287 ഹെക്ടര്‍ ഭൂ വിസ്തൃതി. ഇതില്‍ 17,234 ചതുരശ്ര കിലോമീറ്റര്‍ വനമാണ്. ഇത് മൊത്തം ഭൂ പ്രദേശത്തിന്റെ 44.58 ശതമാനം വരും. 27.02 ലക്ഷം ഹെക്ടറില്‍ വിവിധ കൃഷികളുണ്ട്. 4.51 ലക്ഷം ഹെക്ടര്‍ കാര്‍ഷികേതര ഭൂമിയും. റബറാണ് കൂടുതല്‍; 5.17 ലക്ഷം ഹെക്ടര്‍. നെല്‍ കൃഷി 2.34 ലക്ഷം ഹെക്ടറും. നെല്‍ കൃഷിയിടം കുറയുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. തെങ്ങ്, കശുവണ്ടി, കാപ്പി, ഏലം എന്നിവയുടെ കൃഷിയും കുറയുകയാണ്. എന്നാല്‍ തേയില, റബ്ബര്‍ കൃഷികള്‍ അഞ്ചു വര്‍ഷത്തിനിടെ കൂടിയിട്ടുണ്ട്.
കാര്‍ഷിക ഉല്‍പാദനത്തിന്റെ തോത് മൊത്തത്തില്‍ കുറയുന്നതായാണ് സമീപകാല കണക്കുകള്‍ പറയുന്നത്. 2002^03ല്‍ കാര്‍ഷിക വരുമാനം 13,400 കോടിയായിരുന്നത് 2008^09ല്‍ 13,116 കോടിയായി മാറി. ഇത് തൊട്ട് മുന്‍വര്‍ഷത്തേക്കാള്‍ 0.5 ശതമാനം കുറവുമാണ്. കൃഷി, മല്‍സ്യബന്ധനം തുടങ്ങിയവ ഉള്‍പെടുന്ന പ്രാഥമിക മേഖലയിലായിരുന്നു കേരളത്തിന്റെ ആഭ്യന്തര (gross domestic production) ഉല്‍പാദനത്തിന്റെ സിംഹഭാഗവും. 1960ല്‍ ഇത് 56 ശതമാനമായിരുന്നു. എന്നാല്‍ 2008^09 വര്‍ഷത്തെ കണക്കുപ്രകാരം ഇത് മൊത്തം ഉല്‍പാദനത്തിന്റെ വെറും 14.47 ശതമാനം മാത്രമാണ്. പകരം കുത്തനെ ഉയരുന്നത് ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ്, വാണിജ്യം തുടങ്ങിയവ ഉള്‍പെടുന്ന മൂന്നാം മേഖലയാണ്. ഇത് ഇപ്പോള്‍ 60.94 ശതമാനമാണ്. 1960ല്‍ 29 ശതമാനമായിരുന്നു. എന്നാല്‍ വൈദ്യുതി, വെള്ളം, മാനുഫാക്ചുറിംഗ് തുടങ്ങിയവ ഉള്‍പെടുന്ന സെക്കന്‍ഡറി സെക്ടറില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടില്ല.
കുടുംബശ്രീ പ്രവര്‍ത്തനം കാര്‍ഷിക മേഖലകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നെല്‍ കൃഷിയുടെ 29 ശതമാനവും വാഴ കൃഷിയുടെ 25 ശതമാനവും പച്ചക്കറി, മരച്ചീനി എന്നിവയുടെ 15 ശതമാനം വീതവും കുടുംബശ്രീ വഴിയാണ്. മറ്റൃഷികളുമടക്കം മൊത്തം 27,268.53 ഹെക്ടറില്‍ ഇവരുടെ കൃഷിയുണ്ട്. ഇതത്രയും പാട്ടഭൂമിയിലുമാണ്.
590 കിലോമീറ്റര്‍ തീര പ്രദേശമുള്ള കേരളത്തിലാണ് ദേശീയ മല്‍സ്യോപാദനത്തിന്റെ 20^25 ശതമാനം നടക്കുന്നത്. 11.33 ലക്ഷം മല്‍സ്യത്തൊഴിലാളികളുണ്ട്. 8.7 ലക്ഷം തീരദേശത്തും 2.6 ലക്ഷം ഉള്‍നാടുകളിലുമാണ്. 63,000ഓളം പേര്‍ അനുബന്ധ മേഖലയില്‍ തൊഴിലെടുക്കുന്നു. മല്‍സ്യ മേഖലയിലെ 45 ശതമാനം പേരും ദാരിദ്യ്ര രേഖക്ക് താഴെയുള്ളവരും 64 ശതമാനം പേരും കടക്കാരുമാണ്. ഈ രംഗത്തും ഉല്‍പാദനം കുറയുകയാണ്. 44 നദികളും 53 റിസര്‍വോയറുകളും 53 ജലാശയങ്ങളും കേരളത്തിലുണ്ട്.
കേരളത്തില്‍ മൊത്തം 23,120.207 കിലോമീറ്റര്‍ റോഡുണ്ട്. ഇതില്‍ 1542 കി.മീ ഒമ്പത് ദേശീയപാതകളിലായി കിടക്കുന്നു. 4,460.279 കി.മീ സംസ്ഥാന ഹൈവേയും 17,117.928 മേജര്‍ ഡിസ്ട്രിക്ട് റോഡുകളുമാണ്. NH 7 ശതമാനവും SH 19 ശതമാനവും MDR 74 ശതമാനവും ഉള്‍കൊള്ളുന്നു. ഇത്രയും റോഡിലായി 48.80 ലക്ഷം വാഹനങ്ങള്‍ ഓടുന്നു. പ്രതിവര്‍ഷം 4^5 ലക്ഷം വാഹനങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നു. ഒരു മേജര്‍ തുറമുഖവും 17 ചെറുതുറമുഖങ്ങളുമാണ് കേരത്തിലുള്ളത്. 1678 കി.മീ ഉള്‍നാടന്‍ ജല ഗാതാഗത വഴികളുണ്ട്. 41 നദികള്‍ സഞ്ചാരയോഗ്യമാണ്. 1,148 കി.മീ റയില്‍ പാതയുള്ള കേരളത്തില്‍ 13 റയില്‍ റൂട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളും.

ജനസംഖ്യ

3,18,38,619 ആണ് കേരളത്തിന്റെ ജനസംഖ്യ. ഇതില്‍ 1.54 കോടി പുരുഷന്‍മാരും 1.63 കോടി സ്ത്രീകളുമാണ്. 9 ലക്ഷം സ്ത്രീകള്‍ കൂടുതല്‍. സ്ത്രീ പുരുഷ അനുപാതവും സവിശേഷമാണ്. 1000 പുരുഷന്‍മാര്‍ക്ക് 1058 സ്ത്രീകള്‍. ഒരു ചതുരശ്ര കിലോമീറ്ററില്‍ 819 പേരാണ് കേരളത്തിലെ ജനസാന്ദ്രത. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണിത്. ഇന്ത്യയില്‍ കേരളത്തേക്കാള്‍ കൂടുതല്‍ ബീഹാറിലും ബംഗാളിലും മാത്രം.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ അതിവേഗം നഗരവല്‍കരണം നടക്കുന്നുണ്ട്്. ഇവിടെ ഒരേസമയം ഗ്രാമങ്ങള്‍ നഗരങ്ങളായി മാറുകയും നഗരങ്ങള്‍ സമീപ ഗ്രാമങ്ങളിലേക്ക് വളരുകയും ചെയ്യുന്നു. മറ്റിടങ്ങളില്‍ ഈ പ്രവണതയില്ലെന്ന് സംസഥാന സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ പറയുന്നു. കേരളത്തില്‍ 25.97 ശതമനാമണ് നഗരവാസികള്‍. 1981ല്‍ 106 പട്ടണങ്ങളാണ് സെന്‍സസില്‍ അയാളപ്പെടുത്തിയത്. 1991ല്‍ അത് 197 ആയി. 2001ല്‍ നഗര ജനസംഖ്യ 25.97 ശതമാനം വര്‍ധിച്ചു. അതേസമയം നഗരവാസികളുടെ 0.78 ശതമാനം ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. 13 നഗരങ്ങളിലായി 64,556 പേര്‍. ഇതില്‍ 8,645 പേര്‍ കുട്ടികളാണ്. സാക്ഷരതാ നിരക്കിലും നഗരവാസികളേക്കാള്‍ പിന്നിലാണ് ചേരി നിവാസികള്‍. ചേരി വീടുളകിലെ നാലിലൊന്ന് കുടുംബത്തിന് മാത്രമാണ് വൈദ്യുതിയുള്ളത്.
21.93 ലക്ഷം മലയാളികള്‍ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരാണ്. ഇതില്‍ 9.18 ലക്ഷം യു.എ.ഇയിലും 5.03 ലക്ഷം സൌദി അറേബ്യയിലുമാണ്. മൊത്തം കുടിയേറ്റക്കാരില്‍ 85 ശതാമനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. സി.ഡി.എസ് പഠനമനുസരിച്ച് 2007ല്‍ 8.9 ലക്ഷം പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം ക്രമേണ കുറയുകയാണ്. നാല് വര്‍ഷത്തിനിടെ ഇത് 3.5 ലക്ഷത്തിന്റെ കുറവുണ്ടായി. ബാക്കി 8.7 ലക്ഷം. പ്രവാസി മലയാളികള്‍ കൂടുതല്‍ മുസ്ലിംകളാണ്. 48.2 ശതമാനം. ഹിന്ദുക്കള്‍ 33.3 ശതമാനവും ക്രിസ്ത്യാനികള്‍ 18.5 ശതമാനവുമാണ്.
കേരളത്തില്‍ കുട്ടികളുടെ എണ്ണം കുറയുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യയില്‍ 14 വയസുവരെയുള്ളവര്‍ 26.1 ശതമാനമാണ്. ഇത് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അതേസമയം 15^59 വയസുകാര്‍ 63.7 ശതമാനമുണ്ട്. 60 വയസിന് മുകളിലുള്ളവര്‍ 10.5 ശതമാനമുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 1991 മുതല്‍ 2001 വരെ പത്ത് വര്‍ഷത്തിനിടെ കുട്ടികള്‍ 4.24 ശതമാനം കുറഞ്ഞു. എന്നാല്‍ വൃദ്ധര്‍ 30.22 ശതമാനവും മധ്യവയസ്കര്‍ 12.91 ശതമാനവും വര്‍ധിക്കുകയും ചെയ്തു. അതേസമയം ഇന്ത്യയില്‍ കുട്ടികള്‍ 22 ശതമാനം കൂടുകയാണ് ചെയ്തത്.

ജനസംഖ്യാ വളര്‍ച്ച

കേരളത്തില്‍ ഹിന്ദു ജനസംഖ്യ 1.48 ശതമാനവും ക്രിസ്ത്യന്‍ ജനസംഖ്യ 0.32 ശതമാനവും കുറയുന്നതായാണ് 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സെന്‍സസ് കമീഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്്. (ദി ഹിന്ദു, 2004 സെപ്തംബര്‍ 23). എന്നാല്‍ 1991ലെ സെന്‍സിനെ അപേക്ഷിച്ച് 1.70 ശതമാനം വര്‍ധനയാണ് മുസ്ലിം ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. ഹിന്ദുക്കള്‍ വിവിധ ജാതികള്‍ ചേര്‍ത്ത് ജനസംഖ്യയുടെ 56.2 ശതമാനവും മുസ്ലിംകള്‍ 24.7 ശതമാനവും ക്രൈസ്തവര്‍ 19 ശതമാനവും വരും. ജനസംഖ്യ യഥാക്രമം: 1.78 കോടി, 78 ലക്ഷം, 60 ലക്ഷം. 4,528 ജൈന മതവിശ്വാസികളും 2,762 സിക്കുകാരും 2,027 ബുദ്ധമതക്കാരും 2,256 മറ്റ് മതവിശ്വാസകിളുമുണ്ട്. മതമില്ലാത്തവരുടെ എണ്ണം 25,083. പത്ത് വര്‍ഷത്തിനിടെയുള്ള മൊത്തം ജനസംഖ്യാ വളര്‍ച്ച 9.42 ശതമാനം.
മലപ്പുറം ജില്ലയില്‍ മുസ്ലിംകളാണ് ഭൂരിപക്ഷം. കുറവ് ക്രൈസ്തവരും. മറ്റ് ജില്ലകളില്‍ ഹിന്ദുക്കളാണ് കൂടുതല്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ ആളെണ്ണത്തില്‍ മുസ്ലിംകള്‍ രണ്ടാമതുണ്ട്. എഴ് ജില്ലകളില്‍ ക്രൈസ്തവരാണ് രണ്ടാമത്തെ വിഭാഗം. ഹിന്ദുക്കള്‍ കൂടുതല്‍ തലസ്ഥാനത്തും കുറവ് വയനാട്ടിലുമാണ്. ക്ര്ൈസതവര്‍ കൂടുതല്‍ എറണാംകുളത്തും മുസ്ലിംകള്‍ കുറവ് പത്തനംതിട്ടയിലുമാണ്. സ്ത്രീ അനുപാതം കൂടുതല്‍ മുസ്ലിംകളിലാണ്. 1000ന് 1082. ഹൈന്ദവരില്‍ 1058ഉം ക്രൈസ്തവരില്‍ 1031ഉം. സാക്ഷരതാ നിരക്ക് കൂടുതല്‍ ക്രൈസ്തവരിലാണ്: ആണ്‍ 94.8% പെണ്‍ 93.5%. മുസ്ലിം സാക്ഷരത: ആണ്‍ 89.4% പെണ്‍ 85.5%. ഹിന്ദു സാക്ഷരത: ആണ്‍ 90.2% പെണ്‍ 86.7%. 35.7%ഹിന്ദുക്കള്‍ ജോലിയുള്ളരാണ്. ക്രൈസ്തവരില്‍ ഇത് 33.9%ഉം മുസ്ലിംകളില്‍ 23.5%ഉം ആണ്. തൊഴില്‍ മേഖലകളിലെ സ്ത്രീ പങ്കാളിത്തത്തിലെ കുറവാണ് മുസ്ലിം പ്രാതിനിധ്യക്കുറവിന് കാരണമായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.

പാര്‍പ്പിടവും ദാരിദ്യ്രവും

കേരള ജനസംഖ്യയില്‍ 37.5 ലക്ഷം ദാരിദ്യ്ര രേഖക്ക് താഴെയാണ്. നഗരവാസികളിലാണ് ദരിദ്രര്‍ കുടുതല്‍. 20.2 ശതമനം. ഗ്രാമീണ ജനസംഖ്യയുടെ 13.28 ശതമാനമാണ് ബി.പി.എല്‍. കേരളത്തിലെ ജനങ്ങളില്‍ 7.1 ലക്ഷം ജനങ്ങള്‍ വീടില്ലാത്തവരാണ്. ഇതില്‍ 3.32 ലക്ഷത്തിന് ഭൂമിയുമില്ല. വീടുള്ളവരില്‍ തന്നെ 8 ശതമാനം ജീര്‍ണിച്ച കെട്ടിടങ്ങളിലാണ് കഴിയുന്നത്. അതേസമയം കേരളത്തില്‍ 7.3 ലക്ഷം വീടുകള്‍ ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുന്നവയാണ്. ഇതില്‍ 5.1 ലക്ഷം വീടുകള്‍ ഗ്രാമങ്ങളിലും 2.2 ലക്ഷം നഗരങ്ങളിലുമാണ്. പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ വീടുകള്‍ കേരളത്തില്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഭൂപരിഷ്കരണ നിയമപ്രകാരം 2.81 ലക്ഷം ഏക്കര്‍ ഭുമി 1.58 ലക്ഷം പേര്‍ക്കായി 2009 വരെ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 59,168 പേര്‍ പട്ടിക ജാതി വിഭാഗങ്ങളും 7,529 പട്ടിക വര്‍ഗവും 91,652 പേര്‍ മറ്റ് വിഭാഗങ്ങളിലുമുള്ളവരാണ്. നഗരവാസികളില്‍ 20.6 ശതമാനം തൊഴില്‍ രഹിതരാണ്.

ലിംഗപദവി

മറ്റിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക വികസന മേഖലകളില്‍ സ്ത്രീ^പരുരുഷ പങ്കാളിത്തം കേരളത്തില്‍ ഏറെക്കുറെ തുല്ല്യമാണ്. സ്ത്രീ സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയവയിലെ നേട്ടങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ജന്‍ഡര്‍ ഇക്വാലിറ്റി ഇന്റക്സ്, ജന്‍ഡര്‍ എംപവര്‍മെന്റ് മെഷേഴ്സ് എന്നിവയില്‍ രാജ്യത്ത് ഒന്നാം സഥാനം കേരളത്തിനാണ്. അതേസമയം സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം സംസ്ഥാനത്ത് തീരെ കുറവാണ്. 22.9 ശതമാനം. ഗ്രാമീണ മേഖലയില്‍ 22 ശതമാനവും നഗരത്തില്‍ 33 ശതമാനവുമാണ് സ്ത്രീ തൊഴിലില്ലായ്മ. മൊത്തത്തില്‍ 24.3 ശതമാനം. പുരുഷന്‍മാരില്‍ ഇത് 6.5 ശതമാനം മാത്രമാണ്. ദേശീയ തലത്തിലാകട്ടെ സ്ത്രീ തൊഴിലില്ലായ്മ 3 ശതമാനവും പുരുഷന്‍മാരുടേത് 3.1 ശതമാനവുമാണ്. കേരളത്തിലെ പൊതുവെയുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും ഈ അവസ്ഥക്ക് കാരണമാണെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള സംസ്ഥാനത്ത് നിലനില്‍ക്കുന്ന സ്ത്രീ^പുരുഷ അന്തരം ആശ്ചര്യകരമാണ്. വിദ്യാസമ്പന്നരിലാണ് തൊഴിലില്ലായ്മ കൂടുതല്‍. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീ സാന്നിധ്യം വളരെ കുറവാണെന്നതും ഇതിന് കാരണമാണ്. സ്ത്രീധന മരണങ്ങള്‍ കേരളത്തില്‍ കുറവാണെങ്കിലും അതിക്രമം വലിയ തോതില്‍ നടക്കുന്നു. ഭര്‍ത്താവ്^ ഭര്‍തൃ ബന്ധുക്കള്‍ എന്നിവരുടെ പീഡനമാണ് കൂടുതല്‍.

തൊഴിലാളികള്‍

19 ലഷം സ്ത്രീകളടക്കം 83 ലക്ഷം തൊഴിലാളികളാണ് കേരളത്തിലുള്ളത്. ചുമട്ടുതൊഴില്‍ മുതല്‍ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. കുട്ടിത്തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യ ആദ്യ മൂന്ന് സ്ഥാനക്കാരിലെത്തുമെങ്കിലും കേരളത്തില്‍ ഇത് തീരെ കുറവാണ്. കേരളത്തിലുള്ളതില്‍ തന്നെ മഹാ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരുമാണ്. 100 വീടിന് 29 പേര്‍ എന്ന നിരക്കില്‍ പ്രവാസി തൊഴിലാളികളുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രവാസികള്‍ 19 ശതമാനം വര്‍ധിച്ചു. അവര്‍ പ്രതിവര്‍ഷം കേരളത്തിലെത്തിക്കുന്നത് 43,000 കോടി രൂപ. അഞ്ചുവര്‍ഷത്തിനിടെ വര്‍ധന 135 ശതമാനം.

ആത്മഹത്യ

ആത്മഹത്യാ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീ ആത്മഹത്യ കൂടുകയും പുരുഷ മരണം കുറയുകുയും ചെയ്യുന്നുവെന്നതാണ് ഇതിലെ ഏറ്റവും പുതിയ പ്രവണത. കുടുംബ ആത്മഹത്യകളും വര്‍ധിക്കുന്നു. കുടുംബ പ്രശ്നങ്ങളാണ് 42.3 ശതമാനത്തിന്റെയും മരണ കാരണം. 31.5 ശതമാനത്തിന് രോഗവും. സാമ്പത്തിക പ്രതിസന്ധി, സാമൂഹ്യ പദവിയിലെ തകര്‍ച്ച, തൊഴില്‍ പ്രശ്നം തുടങ്ങിയ കാരണങ്ങളാലെല്ലാം ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ടിെലും പ്രത്യയശാസ്ത്രപരമായ കാരണങ്ങളാലുള്ള സ്വയം മരണം കേരളത്തില്‍ ഇല്ലാതായിരിക്കുന്നു. 2005ല്‍ ഇക്കാരണത്താല്‍ 112 പേര്‍ മരിച്ചിട്ടുണ്ട്. അതിന് ശേഷം ഇക്കാരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിന് മുമ്പാകട്ടെ, ഒന്നും രണ്ടും മരണങ്ങളാണ് സമീപകാല കണക്ക്. അതിനാല്‍ തന്നെ 2005ലെ കണക്ക് സംശയാസ്പദമാണെന്ന് സാമൂഹ്യ ശാസ്ത്രഞ്ജര്‍ നിരീക്ഷിക്കുന്നു. വയനാട്ടിലാണ് ആത്മഹത്യ നിരക്ക് കൂടുതല്‍. പിന്നില്‍ ഇടുക്കിയും തിരുവന്തപുരവും. എറ്റവും കുറവ് മലപ്പുറത്താണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍

കേരളത്തില്‍ 6 ദേശീയ പാര്‍ട്ടികളും 4 സംസ്ഥാന പാര്‍ട്ടികളും 27 രജിസ്റ്റേര്‍ഡ് പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന പാര്‍ട്ടികളില്‍ എട്ടെണ്ണം വിവിധ സമുദായങ്ങളില്‍ കേന്ദ്രീകരിക്കുന്നു. 9 പാര്‍ട്ടികള്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളാണ്. രണ്ടെണ്ണം മാര്‍ക്സിസ്റ്റ് ഗ്രൂപ്പുകളും. തമിഴരുമായ ബന്ധപ്പെട്ട മൂന്ന് പാര്‍ട്ടികളുണ്ട്.

മതം, ജാതി

ചരിത്രരേഖകളില്‍ ഒമ്പതാം നൂറ്റാണ്ടിന് ശേഷമാണ് കേരളം സജീവ പരാമര്‍ശങ്ങള്‍ക്ക് വിധേയമാകുന്നത്. ആര്യാധിനിവേശം രൂക്ഷമാകുകയും ബുദ്ധ^ജൈന മതങ്ങള്‍ ക്ഷയിക്കുകയും ജാത്യാധിഷ്ഠിതമായ ഹിന്ദു സമൂഹം വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നതും ഈ സമയത്തുതന്നെ. ബി.സി 1750ല്‍ സിന്ധുനദീ തീരത്തെത്തിയ ആര്യസംഘം ബി.സി മൂന്നാം നൂറ്റാണ്ടില്‍ കേരളത്തിലെത്തി എന്നാണ് കരുതുന്നത്. എന്നാല്‍ ഒമ്പതാം നൂറ്റാണ്ടിലാണ് അധിനിവേശം ശക്തി പ്രാപിച്ചത്. കേരളീയ സാമൂഹ്യ ഘടന രൂപപ്പെടുത്തിയതില്‍ ഈ അധിനിവേശമാണ് നിര്‍ണായക പങ്കുവഹിച്ചത്. കേരളത്തില്‍ ചാതുര്‍വര്‍ണ്യം നിലവില്‍ വന്നത് ഇവരുടെ വരവോടെയാണ്. ആദ്യം ആര്യന്‍^അനാര്യന്‍ വിഭജനമാണുണ്ടായത്. ഇതില്‍ ആര്യന്‍മാര്‍ അവര്‍ക്കിടയില്‍ സ്വന്തം നിലയില്‍ നടത്തിയ തൊഴില്‍ വിഭജനമാണ് പില്‍ക്കാലത്ത് ജാതിയായി രൂപാന്തരപ്പെട്ടത് എന്നാണ് ഹൈന്ദവ പക്ഷപാതികളായ ചരിത്രകാരന്‍മാരുടെ വീക്ഷണം. ഇതില്‍ അനാര്യന്‍മാര്‍ ശൂദ്രരായി മാറിയെന്നും മറ്റ് മൂന്ന് വിഭാഗങ്ങളും ആര്യന്‍മാരില്‍ നിന്നുതന്നെയുണ്ടായി എന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഋഗ്വേദം തൊട്ട് സര്‍വ വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും സ്മൃതികളിലും ശ്രുതികളിലും ചാതുര്‍വര്‍ണ്യം പരാമര്‍ശിക്കപ്പെടുന്നതിനാല്‍ അത് വെറും തൊഴില്‍ വിഭജനം മാത്രമായി കാണുക പ്രയാസമാണ്. അംബേദ്കറും ഈ വാദത്തെ നിരാകരിച്ചിട്ടുണ്ട്. ഏതായാലു ഒമ്പതാം നൂറ്റാണ്ടിലാണ് കേരളീയ ജാതി സമൂഹത്തിന്റെ പരിണാമ പ്രകൃയ രൂപപ്പെട്ടത് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ജാത്യാതീതമായി ഒറ്റ വര്‍ഗമെന്ന നിലയില്‍ ജീവിച്ചിരുന്ന ദ്രാവിഡ സമൂഹങ്ങളെ അവരുടെ അതിവാസ കേന്ദ്രങ്ങളില്‍ നിന്ന് പുറന്തള്ളുകയോ കീഴ്പെടുത്തുകയോ ചെയ്തുകൊണ്ടാണ് വെളുത്തവരെന്ന് പറയപ്പെടുന്ന ആര്യന്‍മാര്‍ അധീശത്വം സ്ഥാപിച്ചത്. ഇവരുടെ അധിനിവേശകാലത്ത് കേരളത്തിലുണ്ടായിരുന്നത് കാടര്‍, കാണിക്കര്‍, മലമ്പണ്ടാരം, മുതുവര്‍ തുടങ്ങിയ പേരില്‍ ഇന്ന് അറിയപ്പെടുന്നവരുടെ മുന്‍തലമുറയാണ്. ചുരുണ്ട തലമുടിയും കറുത്ത തൊലിയുമുള്ളവര്‍. അധിനിവേശം നടന്നതോടെ ഇവര്‍ ഉള്‍പ്രദേശങ്ങളിലേക്ക് പിന്‍മാറി എന്ന് കരുതുന്നു. കേരളത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയ ആര്യന്‍മാരാണ് ബ്രാഹ്മണര്‍ എന്നറിയപ്പെടുന്നത്. അന്ന് നാട്ടില്‍ അധിപതികളായിരുന്നവരെ ക്ഷത്രിയരായും സമൂഹത്തില്‍ സ്വാധീനമുള്ളവരെ വൈശ്യരായും പേരിട്ട് വര്‍ണ വ്യവസ്ഥ നടപ്പാക്കി എന്നാണ് കരുതുന്നത്. അവശേഷിച്ച ദ്രാവിഡര്‍ ശൂദ്രരുമായി. ഇവരില്‍ തന്നെ താരതമ്യേന മെച്ചപ്പെട്ടവരെ മാത്രമേ ശൂദ്രരായി പരിഗണിച്ചുള്ളൂവെന്നും അല്ലാത്തവരെ അവര്‍ണരായി കണക്കാക്കിയെന്നും ചരിത്രകാരന്‍മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈഴവര്‍, പുലയര്‍, പറയര്‍, കുറവര്‍ എന്നിവരാണ് ഇങ്ങനെ ശൂദ്ര പദവി ലഭിച്ചവര്‍. നായന്‍മാരും ഇക്കൂട്ടത്തിലാണ് അന്ന് പെട്ടിരുന്നതെന്നും അല്ലെന്നും വാദങ്ങളുണ്ട്. ഈ വര്‍ണങ്ങള്‍ തമ്മിലെ മിശ്രവിവാഹിതരുടെയും ജാതി ഭ്രഷ്ടരുടെയും പിന്‍മുറക്കാരും അവര്‍ണരുടെ കൂട്ടത്തിലായി. ബ്രാഹമണ സ്ത്രീയില്‍ ശൂദ്രന് പിറന്നവര്‍ ചണ്ഡാളരായി. അങ്ങനെ ഉപജാതികളും അവാന്തര വിഭാഗങ്ങളുമുണ്ടായി. ഇതില്‍ ഈഴവര്‍ കേരളത്തില്‍ നിലവില്‍ 22.91 ശതമാനമുണ്ട്. പുലയര്‍ 3.27 ശതമാനവും.
കേരള ജനസംഖ്യയുടെ ഒരു ശതമാനമാണ് ബ്രാഹ്മണരുടെ പങ്കാളിത്തം. ആയിരത്തോളം വര്‍ഷം കേരളത്തിലെ ഭൂമിയുടെ ഏറെക്കുറെ മുഴുവനും കൈവശം വച്ച ഒരു സമൂഹം പരമദരിദ്രരായാണ് പില്‍ക്കാല ചരിത്രത്തില്‍ കാണപ്പെടുന്നത്. ലോകത്തുതന്നെ അത്യപൂര്‍വമായ വിഭാഗമായി ഇവരുടെ ഈ ഭൂ ഉടമാവകാശം മാറുന്നു. എന്നിട്ടും ഏറെ ദരിദ്രദരായി മാറിയ സമൂഹത്തെയാണ് പില്‍കാല ചരിത്രത്തില്‍ കാണുന്നത്. ഇവരെപ്പോലെ മണ്ടന്‍മാര്‍ ലോക ചരിത്രത്തിലില്ലെന്ന് നിരീക്ഷിച്ച ഗവേഷകര്‍ കേരളത്തിലുണ്ട്. കേരളത്തില്‍ 14.41 ശതമാനം വരുന്ന നായന്‍മാരെ പറ്റി 13 മുതല്‍ 19^ാം നൂറ്റാണ്ട് വരെ കാലഘട്ടത്തിലെ ചരിത്ര പരാമര്‍ശങ്ങളില്‍ സൈനിക വിഭാഗമെന്നാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ സംഘടിത സൈന്യമോ പരിശീലനം നേടിയവരോ ആയിരുന്നില്ല. ഒരു തരം ഗുണ്ടാ സംഘം. നാട്ടിലെ നിയമപാലകരും വിധി കര്‍ത്താക്കളും ഇവരായിരുന്നു. 'സൈനികരെന്നാല്‍, സദാ ആയുധ ധാരികളായി നടന്ന് ഗുണ്ടായിസം കളിക്കുക മാത്രമാണ് ചെയ്തിരുന്നത്' എന്നാണ് പി.കെ ബാലകൃഷണന്റെ കണ്ടെത്തല്‍. അന്നത്തെ സാമൂഹ്യാവസ്ഥ വിലയിരുത്തുമ്പോള്‍ ഇതുതന്നെയാകും കൂടുതല്‍ ശരി.

ദലിതര്‍

ദലിതരെന്ന പേരില്‍ ഇപ്പോള്‍ പറയപ്പെടുന്നത്് പട്ടിക ജാതി^പട്ടിക വര്‍ഗ വിഭാഗങ്ങളെയാണ്. ആദിവാസികളും ഇക്കൂട്ടത്തിലുണ്ട്. ചാതുര്‍വര്‍ണ്യ ഘടനയില്‍ അവര്‍ണരായും ജാതി സംവിധാനത്തില്‍ പുറം ജാതിക്കാരായും ജനാധിപത്യ രാഷ്ട്ര ഘടനയില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരായും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് പട്ടിക ജാതി^പട്ടിക വര്‍ഗ വിഭാഗങ്ങള്‍. എന്നാല്‍ വിചിത്രമായ വസ്തുത ഈ സമൂഹങ്ങള്‍ക്കിടയിലെ വിവിധ വിഭാഗങ്ങളും അയിത്തവും തൊട്ടുകൂടായ്മയും ജാതീയതയും നിലനിര്‍ത്തുന്നുവെന്നതാണ്.
കേരളത്തില്‍ 31.24 ലക്ഷം പട്ടിക ജാതിക്കാരുണ്ട്. ജനസംഖ്യയുടെ 9.81 ശതമാനം. സാക്ഷരതാ നിരക്ക് 82.66 ശതമാനം. സ്ത്രീ സാക്ഷരത 77.5 ശതമാനവും. 7.5 ശതമാനം പേര്‍ ചേരികളില്‍ താമസിക്കുന്നവരാണ്. പട്ടിക വര്‍ഗം 3.64 ലക്ഷമാണ്. ജനസംഖ്യയുടെ 1.14 ശതമാനം. സാക്ഷരതാ നിരക്ക് 64.35ശതമാനവും സ്ത്രീ സാക്ഷരതാ നിരക്ക് 58.11 ശതമാനവുമാണ്. പട്ടിക ജാതിയില്‍ ഉള്‍പെടുന്ന 53 വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. കോളനികളിലും ഒറ്റപ്പെട്ട ആവാസ കേന്ദ്രങ്ങളിലുമാണ് കൂടുതല്‍ പേര്‍ കഴിയുന്നത്. 81.8 ശതമാനവും ഗ്രാമങ്ങളില്‍ ജീവിക്കുന്നു. 33.3 ശതമാനം വരുന്ന പുലയ വിഭാഗമാണ് ഭൂരിപക്ഷം. ജനസംഖ്യ 10.41 ലക്ഷം. 3.16 ലക്ഷം വരുന്ന ചെറുമരാണ് രണ്ടാമത്. കുറവന്‍, പറയന്‍, കണ്ണകന്‍, തണ്ടാന്‍, വേട്ടുവര്‍ എന്നിവരും അംഗബലമുള്ള ജനസമൂഹമാണ്. ഈ 7 വിഭാഗം മാത്രം 77.7 ശതമാനം വരും. അവശേഷിക്കുന്നവരില്‍ 46 വിഭാഗങ്ങളുണ്ട്. 33.7 ശതമാനം കര്‍ഷക തൊഴിലാളികളും 61.9 ശതമാനം മറ്റ് ജോലികള്‍ ചെയ്യുന്നവരുമാണ്. 1.7 ശതമാനം കൃഷിക്കാരും 2.8 ശതമാനം കുലത്തൊഴില്‍ ചെയ്യുന്നവരുമാണ്. 99.9 ശതമാനവും ഹിന്ദുമത വിശ്വാസികളാണ്. 390പേര്‍ സിക്ക്^ബുദ്ധ മത വിശ്വാസികളാണെന്ന് കഴിഞ്ഞ സെന്‍സസില്‍ കണ്ടെത്തിയിരുന്നു.
പട്ടിക വര്‍ഗം ഗ്രാമീണ മേഖലയിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ കൂട്ടത്തോടെ ജീവിക്കുന്നവരാണ്. 36 വിഭാഗം പട്ടിക വര്‍ഗ സമൂഹങ്ങള്‍ കേരളത്തിലുണ്ട്. പണിയന്‍ വിഭാഗമാണ് ഭൂരിപക്ഷം. കുറിച്ച്യരാണ് രണ്ടാമത്. മുതുവാന്‍, കാണിക്കാര്‍, ഇരുളര്‍, കുറുമര്‍, മലയരയന്‍ എന്നിവര്‍ 20,000 ന് മേല്‍ ജനസംഖ്യയുള്ളവരാണ്. ഏഴ് വിഭാഗത്തിന് 5,000നും 16,000നും ഇടയില്‍ ജനസംഖ്യയുണ്ട്. 500ല്‍ കുറഞ്ഞ ആളുകളുള്ള 11 വിഭാഗങ്ങളും 50ല്‍ താഴെ മാത്രം ആളുകളുള്ള നാല് ട്രൈബുകളുമുണ്ട്. കാര്‍ഷിക മേഖലയാണ് ഇവരുടെ പ്രധാന തൊഴിലിടം. 47.1 ശതമാനം ഇവിടെ ജോലി ചെയ്യുന്നു. 11.2 ശതമാനം കര്‍ഷകരുണ്ട്. 38.6 ശതമാനം മറ്റ് ജോലികള്‍ ചെയ്യുന്നു. 93.7 ശതമാനവും ഹിന്ദുമത വിശ്വാസികളാണ്. 5.8 ശതമാനം ക്രിസ്ത്യാനികളും അര ശതമാനത്തില്‍ താഴെ മുസ്ലിംകളുമുണ്ട്.

പിന്നാക്ക ഹിന്ദുക്കള്‍

ഒ.ബി.സിയില്‍ 79 വിഭാഗങ്ങളുണ്ട്. ഇതില്‍ മുസ്ലിം, ആംഗ്ലോ ഇന്ത്യന്‍, ലത്തീന്‍ കത്തോലിക്കര്‍, നാടാര്‍^പട്ടിക ജാതി പരിവര്‍ത്തിത ക്രിസ്ത്യന്‍ എന്നിവ ഒഴികെ ബാക്കിയെല്ലാം ഹിന്ദു വിഭാഗമാണ്. ഈഴവരും ഒ.ബി.സിയാണ്. അദര്‍ ബാക്ക് വേര്‍ഡ് ഹിന്ദൂസ് എന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്ന അവശേഷിക്കുന്നവരില്‍ 70 ജാതികള്‍ ഉള്‍പെടുന്നു. വണിക^വൈശ്യര്‍, എഴുത്തച്ചന്‍, വിളക്കിത്തല നായര്‍ തുടങ്ങി 20 ഓളം ജാതികള്‍ താതമ്യേന ആള്‍ബലമുള്ളവയാണ്. ബാക്കിയുള്ളവയില്‍ ഇവയുടെ ഉപജാതികള്‍ മുതല്‍ പേരില്‍ മാത്രം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ വരെയുണ്ട്. ഇവര്‍ മൊത്തം 25 ലക്ഷം ജനസംഖ്യ സ്വയം അവകാശപ്പെടുന്നു.
സര്‍ക്കാര്‍ രേഖയില്‍ ഒ.ഇ.സി^അദര്‍ എലിജിബിള്‍ കമ്യൂണിറ്റി^ എന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്. ഇതില്‍ എട്ട് ഹിന്ദു ജാതികള്‍ ഉള്‍പെടുന്നു. ധീവരരാണ് കൂട്ടത്തില്‍ പ്രബലര്‍. പട്ടിക ജാതിക്കും ഒ.ബി.സിക്കും ഇടയിലുള്ളവര്‍ എന്നും ഇവരെ പറയാം. 20 ലക്ഷം ജനസംഖ്യ ഇവരും അവകാശപ്പെടുന്നു.

ക്രിസ്ത്യാനികള്‍

ജനസംഖ്യയുടെ 19 ശതമാനം വരുന്ന ക്രൈസ്തവരുടെ ആദ്യ തലമുറ എ.ഡി 52ല്‍ കേരളത്തിലെത്തിയെന്ന് കരുതുന്നു. വിവിധ സഭകളും വിഭാഗങ്ങളുമായി ഇവര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സഭകള്‍: സീറൊ മലബാര്‍ സഭ, മലങ്കര ഓര്‍തോഡൊക്സ്, മലങ്കര മാര്‍തോമ, അന്ത്യോക്യന്‍ സഭ, സി.എസ്.ഐ, പൌരസ്ത്യ കല്‍ദായ സഭ, തൊഴിയൂര്‍ (സ്വതന്ത്ര സുറിയാനി) സഭ, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ, ലത്തീന്‍ കത്തോലിക്ക സഭ, തിരു^കൊച്ചി ആംഗ്ലിക്കന്‍ സഭ.
എന്നാല്‍ പൌരോഹിത്യ ആധിപത്യത്തെ നിരാകരിക്കുന്ന നവാഗത സഭാസമൂഹങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നുണ്ട്. സെവന്‍ത് ഡേ അഡ്വന്റിസ്റ്റ്, സാല്‍വേഷന്‍ ആര്‍മി, ബ്രദറന്‍ സഭ, പെന്തിക്കോസ്ത് സഭ, പെന്തിക്കോസ്ത് ദൈവ സഭ, ഇന്തന്‍ പെന്തിക്കോസ്ത് സഭ, പെന്തിക്കോസ്ത് ദൈവ സമൂഹം, അപ്പോസ്തലിക് പെന്തിക്കോസ്ത് സഭ, ശാരോണ്‍ പെന്തിക്കോസ്ത് സഭ, സ്വതന്ത്ര ഇന്ത്യന്‍ പെന്തിക്കോസ്ത് സഭ, അധഃകൃത പെന്തിക്കോസ്ത് സഭ, ഫിലാഡല്‍ഫിയ പെന്തിക്കോസ്ത് സഭ, യഹോവ സാക്ഷികള്‍, യൂയോമയ സഭ തുടങ്ങഇയവ ഇക്കൂട്ടത്തില്‍ പെട്ടവയാണ്.

പിന്നാക്ക ക്രൈസ്തവര്‍

പത്തിലേറെ സഭകളിലും അതിന്റെയിരട്ടി നവാഗത സഭകളിലുമായി വിഭജിക്കപ്പെട്ടതാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. ഇവരില്‍ നിന്ന് ആചാരപരമായി പോലും വേറിട്ടുനില്‍ക്കുന്നവരാണ് ദലിത് ക്രൈസ്തവര്‍. 200 വര്‍ഷം മുമ്പ് ഈ സമൂഹത്തിന്റെ രൂപീകരണം തുടങ്ങിയതായി കരുതുന്നു. വിവിധ പട്ടിക ജാതി വിഭാഗങ്ങളില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണിവര്‍. കടുത്ത വിവേചനവും അവഗണനയും മറ്റ് സഭകളില്‍നിന്ന് നേരിടുന്ന ഇവര്‍ ഏറെക്കുറെ സ്വന്തം നിലയില്‍ ആചാരങ്ങളും അനുഷ്ടാനങ്ങളുമായി കഴിച്ചുകൂടുന്നു. അവരുടെ അവകാശവാദപ്രകാരം ജനസംഖ്യ 25^30 ലക്ഷമാണ്. ഇത് അതിരുകവിഞ്ഞ അവകാശവാദമാകാനാണ് സാധ്യത. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്വന്തം വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രാര്‍ഥനയും മറ്റ് മത പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഹൈന്ദവരായ സ്വജാതികളില്‍ നിന്നും ഇവര്‍ വിവാഹം കഴിക്കും. ഇവരേക്കാള്‍ പഴക്കമുള്ളതാണ് മുക്കുവ സമുദായത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ ലത്തീന്‍ കത്തോലിക്ക സഭ. 11 ലക്ഷം ജനസംഖ്യയുള്ള ഇവര്‍ സംഘടിതരും സ്വതന്ത്രസഭയായി പ്രവര്‍ത്തിക്കുന്നവരുമാണ്. ജനസംഖ്യയുടെ 1.04 ശതമാനം വരുന്ന നാടാര്‍ ക്രൈസ്തവരും പരിവര്‍ത്തിത സമൂഹമാണ്. ഈ മൂന്ന് വിഭാഗവും പിന്നാക്കക്കാരാണെങ്കിലും ഇവര്‍ക്കിടയിലും പരസ്പര വംശീയതയും ജാതി ശ്രേണി സങ്കല്‍പങ്ങളും അതിരൂക്ഷമായി നിലനില്‍ക്കുന്നു.

ഭാഷാ ന്യൂനപക്ഷങ്ങള്‍

മാതൃഭാഷ മലയാളമല്ലാത്ത ഭാഷാസമൂഹങ്ങളെയാണ് ഈ പേര് അര്‍ഥമാക്കുന്നത്. എന്നാല്‍ നൂറ്റാണ്ടുകള്‍ നീണ്ട സഹവാസത്തിനിടെ മാതൃഭാഷ പരിവര്‍ത്തിപ്പിക്കപ്പെട്ടവരും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്.

കൊങ്കണികള്‍

കൊങ്കണ്‍ എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ തീരത്തുനിന്ന് കുടിയേറിയ പ്രാചീന പഞ്ചാബിലെ സരസ്വതീ നദീ തീരവാസികളാണ് കൊങ്കണികള്‍ എന്നറിയപ്പെടുന്നത്. വിശ്വാസവും ആചാരപരവുമായ പാരമ്പര്യം സംരക്ഷിക്കാന്‍ പലായനം പതിവാക്കിയ ഇവര്‍ ഗോവയില്‍ ആധിപത്യമുണ്ടായിരുന്ന ബീജാപ്പുര്‍ സുല്‍ത്താനെ തുരത്താന്‍ പോര്‍ച്ചുഗുസുകാരെ കൊച്ചിയില്‍ നിന്ന് വിളിച്ചുവരുത്തിയിരുന്നു. ഈ ദൌത്യം പൂര്‍ത്തിയാക്കിയ പോര്‍ച്ചീഗുസുകാര്‍ പിന്നീട് കൊങ്കണികള്‍ക്കെതിരെ തിരിഞ്ഞു. കൊങ്കണി ഭാഷ നിരോധിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ത്ത് ചര്‍ച്ചുകള്‍ കെട്ടി. 1554ല്‍ ആയിരക്കണക്കിന് പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി. ഇതേതുടര്‍ന്ന് പലായനം തുടങ്ങിയവരില്‍ 12,000 കുടുംബങ്ങള്‍ 1560ല്‍ കേരളത്തിലെത്തിയതാണ് ഇവരുടെ ആദ്യ മലയാളി തലമുറ.
സാരസ്വതര്‍, ഗൌഡ സാരസ്വതര്‍, വാണിയര്‍, സോനാര്‍, ചെമ്പുകൊട്ടികള്‍, പപ്പട്, നായിക്, കുടുംബി, ഭട്ടര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഇതിലുണ്ട്. ജാതീയമായ വേര്‍തിരിവുകളും കടുത്ത വിവേചനവും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പരസ്പര വിവാഹമില്ല. കാസര്‍കോട് കൊങ്കണി തച്ചന്‍മാരും കുമ്പളയില്‍ മല്‍സ്യത്തൊഴിലാളികളായ കൊടകൊങ്കണികളുമുണ്ട്. കൊങ്കണികളില്‍ ക്രൈസ്തവരും മുസ്ലിംകളുമുണ്ടെന്ന് ഇതേപറ്റി പഠനം നടത്തിയ പോള്‍ മണലില്‍ പറയുന്നു. ഷേണായി, നായിക്,മല്ലര്‍, റാവു, കമ്മത്ത്, കിണി, ബാലിഗ, പ്രഭു, ഭട്ട് തുടങ്ങിയ വിശേഷണം പേരുകള്‍ക്കൊപ്പം ചേര്‍ക്കുന്നത് കൊങ്കണികളാണ്. പലിശയും കച്ചവടവും മുഖ്യ വരുമാന മാര്‍ഗമായി സ്വീകരിച്ച ഇവര്‍ പില്‍കാലത്ത് ഡച്ചുകാരുമായി സൌഹൃദം സ്ഥാപിച്ച് ചിലയിടങ്ങളില്‍ കരം പിരിക്കുവാനുള്ള അവകാശം വരെ നേടിയെടുത്തു.
കേരളത്തില്‍ മൊത്തം 85,000 ഓളം കൊങ്കണികളുണ്ടെന്നാണ് കരുതുന്നത്. കച്ചവട മേഖലയില്‍ കേന്ദ്രീകരിച്ച ഇവര്‍ക്കിടയില്‍ വന്‍ വ്യവപാരികളുണ്ട്. കുട്ടികളുടെ പ്രസിദ്ധീകരണമായ പൂമ്പാറ്റ മുതല്‍ ആലപ്പുഴ മെഡിക്കല്‍ ഗവ. കോളജ് വരെ ഇവരുടെ സമുദയാംഗങ്ങളുടെ സംഭാവനായണ്. ആചാരങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഇവര്‍ മറ്റ് ബ്രാഹ്മണരുമായും വിവാഹ ബന്ധമുണ്ടാക്കാറില്ല. വിധവകള്‍ക്ക് പുനര്‍ വിവാഹമില്ല. ആണ്‍കുട്ടികള്‍ക്ക് വേദ പഠനം നിര്‍ബന്ധമാണ്. കേരളത്തിന്റെ ഭക്ഷ്യ സംസ്കാരത്തില്‍ വലിയ സംഭാവനകള്‍ ചെയ്ത കൊങ്കണികളാണ് പപ്പടത്തിന്റെയും സാമ്പാറിന്റെയും ഉപഞ്ജാതാക്കളെന്നാണ് കരുതുന്നത്.

ആംഗ്ലോ ഇന്ത്യക്കാര്‍

യൂറോപ്യന്‍ വംശജര്‍ക്ക് ഇന്ത്യന്‍ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണ് ആംഗ്ലോ ഇന്ത്യക്കാര്‍. വാസ്കോഡ ഗാമയുടെ കാലം തൊട്ടേ ഇവരുണ്ടായി എന്ന് കരുതുന്നു. യൂറോപ്യന്‍ ലൈംഗീകാഭാസത്തിന്റെ സ്മാരക ശിലകളാണ് ഇവരെന്നാണ് ഖുശ്വന്ത് സിംഗിന്റെ നിരീക്ഷണം. പേര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, ജര്‍മന്‍, ഇറ്റാലിയന്‍ പാരമ്പര്യമുള്ളവരെല്ലാം ഇക്കൂട്ടത്തിലുണ്ടെങ്കിലും അറിയപ്പെടുന്നത് ആംഗ്ലോ ഇന്ത്യന്‍ എന്നാണ്. യൂറഷ്യേര്‍ എന്നായിരുന്നു ആദ്യ പേര്. ബ്രിട്ടീഷ് കാലത്ത് കിട്ടിയ സര്‍ക്കാര്‍ സംരക്ഷണമാണ് ക്രമേണ പേര് മാറ്റത്തിലെത്തിയത്. മാതൃഭാഷ ഇംഗ്ലീഷായതും ഇങ്ങനെ തന്നെ. സ്വാതന്ത്യ്രപൂര്‍വ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ വിശ്വസ്ത സേവകരായിരുന്നു. 1951 ലെ കണക്കനുസരിച്ച് 25,000 ആയിരുന്നു കേരളത്തില്‍ ഇവരുടെ ജനസംഖ്യ. എന്നാല്‍ 1971ലെ സെന്‍സസ് പ്രകാരം ഇത് 5,493 മാത്രമാണ്. വിദേശങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമാണ്.
ആഘോഷപൂര്‍ണമായ ജീവിത ശൈലി പിന്തുടരുന്ന ഇവര്‍ സംഗീതത്തിലും കലയിലും പ്രത്യേകം ശ്രദ്ധിക്കുന്നു. കുട്ടികള്‍ക്ക് വയലിന്‍/ഗിത്താര്‍ പഠനം നിര്‍ബന്ധം. സമത്വവും തുല്ല്യ ലിംഗ പദവിയും സവിശേഷ നിലപാടാണ്. സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ വരെ തുല്ല്യാവകാശമുണ്ട്. പ്രണയ വിവാഹത്തിനാണ് കുടുതല്‍ സ്വീകാര്യത. പ്രണയ ബന്ധമുള്ളവര്‍ക്കും വലിയ സാമൂഹ്യാംഗീകാരം കിട്ടും. കമിതാക്കള്‍ക്ക് ഇരുകുടുംബങ്ങളിലും പ്രത്യേക പരിഗണനയുണ്ടാകും. 11 പ്രൈമറി സ്കൂളുകളും വിവിധ രൂപതകള്‍ക്ക് കീഴിലായി 9 ഹൈസ്കൂളുമുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ തൊഴില്‍ സംവരണവും നിയമ സഭയില്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു സീറ്റുമുണ്ട്.

ഗുജറാത്തികള്‍

പതിനൊന്നാം നൂറ്റാണ്ടുമുതല്‍ ഗുജറാത്തികളുടെ കുടിയേറ്റം ആരംഭിച്ചതായാണ് കരുതുന്നത്. രാജ വിവാഹങ്ങള്‍ക്ക് അകമ്പടിയായാണ് ഇവര്‍ ആദ്യം കേരളത്തിലെത്തിയത്. ഇങ്ങനെ ദാസിമാരായി വന്നവരുടെ പിന്‍മുറക്കാര്‍ സൌരാഷ്ട്രിയര്‍ എന്നറിയപ്പെട്ടു. ഇപ്പോഴും ചില ഗുജറാത്തി ആചാരങ്ങള്‍ പുലര്‍ത്തുന്ന ഇവര്‍ വളരെ ന്യൂനപക്ഷമാണ്. ഗുജറാത്തികള്‍ എന്നറിയപ്പെടുന്നവരില്‍ 50 ശതമാനവും ജൈനമത വിശ്വാസികളാണ്. എന്നാല്‍ വയനാട്ടിലുള്ള ജൈനര്‍ ഇക്കൂട്ടത്തില്‍ പെടില്ല. ഇവര്‍ കര്‍ണാടകയില്‍നിന്ന് കുടിയേറിയ ഗൌഡര്‍ വിഭാഗമാണ്. ഇതിന് പുറമെ പാഴ്സികള്‍, ഭാട്യ, ലോഹാന, ബനിയ എന്നീ ഉപവിഭാഗങ്ങളുള്ള വൈഷ്ണവര്‍, ബോറ, ബ്രാഹ്മണര്‍, മുല്‍ത്താനികള്‍ എന്നീ വിഭാഗങ്ങളുണ്ട്. മൊത്തം ജനസംഖ്യ 4000ല്‍ താഴെ. ബോറയും മുല്‍ത്താനികളില്‍ ചില വലഭാഗങ്ങളും മുസ്ലിം ഗ്രൂപ്പുകളാണ്. ചാന്ദ്രയാനം അടിസ്ഥാനമാക്കിയ കലണ്ടള്‍ ഗുജറാത്തികളുടെ പ്രത്യേകതയാണ്. വന്‍കിട വ്യവസായികളും വ്യാപാരികളുമായി അറിയപ്പെടുന്ന ഇവര്‍ പൊതുവെ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയിലാണ് കഴിയുന്നത്.

യഹൂദര്‍

ഒരു മതം എന്നനിലയില്‍ കേരളത്തില്‍ ആദ്യമായുണ്ടായ കുടിയേറ്റം ജൂതരുടേതാണ്. ബി.സി 562ല്‍ ഇവര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെങ്കിലും എ.ഡി 70കളിലാണ് വന്‍തോതില്‍ കുടിയേറ്റമുണ്ടായത്. 68ല്‍ 10,000പേര്‍ കൊടുങ്ങല്ലൂരില്‍ എത്തിയതായി രേഖകള്‍ പറയുന്നു. കൊച്ചിയിലെ യഹൂദരാണ് ഇന്ത്യയിലെ ഏറ്റവും പഴയ വിഭാഗം. കറുത്ത യഹൂദരെന്നും വെളുത്ത യഹൂദരെന്നും രണ്ട് വിഭാഗങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. പരസ്പരം കടുത്ത വംശീയത ഇവര്‍ സൂക്ഷിക്കുന്നു. കേരളത്തില്‍ ആദ്യമെത്തിയവര്‍ കറുത്തവരാണെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ കുടിയേറിയെത്തിയ വെള്ളക്കാര്‍ നാട്ടുകാരെ അടിമകളാക്കിയെന്നും അവരുടെ പിന്‍മുറക്കാരാണ് കറുത്ത യഹൂദരെന്നുമാണ് മറ്റൊരു വാദം. തവിട്ടുനിറക്കാര്‍ എന്ന മറ്റൊരുകൂട്ടര്‍കൂടി ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അവരെയും പൊതുവെ കറുത്തവരായാണ് പരിഗണിക്കുന്നത്.
ഇംഗ്ലീഷ് മാതൃഭാഷയാക്കിയ ഇവര്‍, മലബാര്‍ യിഡ്ഢിഷ് എന്ന ഹിബ്രു കലര്‍ന്ന പ്രാദേശിക സംസാര ഭാഷ രൂപപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ സ്ഥാപിക്കപ്പെട്ടതോടെ തിരിച്ചും കുടിയേറ്റമുണ്ടായി. 1941ല്‍ 1528 ജൂതരുണ്ടായിരുന്നു കേരളത്തില്‍. എന്നാല്‍ അസാന സെന്‍സസ് പ്രകാരം അത് 115 മാത്രമാണ്. സ്ത്രീ സ്വത്തവകാശം ഇവര്‍ക്കിടയിലില്ല. എന്നാല്‍ സ്ത്രീധനത്തിന് അവകാശമുണ്ട്. പിതാവ് മരിച്ചാല്‍ മൂത്തമകന് കൂടുതല്‍ സ്വത്ത് കിട്ടും. മറ്റുള്ളവര്‍ക്ക് തുല്ല്യമായി വീതിക്കും. പ്രയാപൂര്‍ത്തിയായ ആണ്‍കുട്ടിയില്ലെങ്കില്‍ കുടുംബ ചുമതല അമ്മാവനായിരിക്കും. ഇവരുടെ പല ആചാരങ്ങളിലും മുസ്ലിം അനുഷ്ടാനങ്ങളുമായി സമാനതകളുണ്ട്.

ഫ്രഞ്ച് മലയാളികള്‍

മലയാളം സംസാരിക്കുമെങ്കിലും മലയാളികളല്ലാത്തവരാണ് മയ്യഴിയിലെ ഫ്രഞ്ച് മലയാളികള്‍. ഇവരെ സാങ്കേതികമായി കേരളീയരെന്നും പറയാനാവില്ല. ഇവരില്‍ ചിലര്‍ക്ക് ഫ്രാന്‍സില്‍ വോട്ടവകാശവുമുണ്ട്. ഫ്രഞ്ച് കേരളത്തിലെ ഔദ്യോഗിക ന്യൂനപക്ഷ ഭഷയല്ല. അതിനാല്‍ ഭാഷാന്യൂനപക്ഷ പദവിയുമില്ല. എന്നാല്‍ 1962ലെ ഇന്ത്യ^ഫ്രാന്‍സ് മാഹി ലയന കാരര്‍ പ്രകാരം ഇവിടുത്തെ ഫ്രഞ്ചുകാര്‍ക്ക് ഔദ്യോഗികമായി സവിശേഷ സംരക്ഷണം ലഭിക്കുന്നുണ്ട്. അതിനാല്‍ ഇവശര ഫ്രഞ്ച് ന്യൂനപക്ഷമായി പരിഗണിക്കാവുന്നതാണ്. കേരളത്തില്‍ മൂന്ന് തരം ഫ്രഞ്ചുകരുണ്ട്. വാണിജ്യം, യുദ്ധം, ഭരണം എന്നിവക്കായി മയ്യഴിയില്‍ കുടിയേറിയ ഫ്രഞ്ചുകാര്‍. ഇവര്‍ വിവാഹം കഴിച്ചുണ്ടായ ഇന്തോ^ഫ്രഞ്ച് സങ്കര വിഭാഗമാണ് രണ്ടാമത്തേത്. മൂന്നാം വിഭാഗം, മലയാളികളെങ്കിലും ഫ്രഞ്ച് പൌരത്വം സ്വീകരിച്ചതിനാല്‍ ഫ്രഞ്ചുകാരെന്നറിയപ്പെടുന്നവരാണ്. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലും ഇവരിപ്പോഴില്ല. ഫ്രഞ്ച് സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ഇവര്‍ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. മാഹിയില്‍ 1721ല്‍ ആണ് ഫ്രഞ്ച് ചരിത്രം തുടങ്ങുന്നത്. അതിനുമുമ്പേ കേരളവുമായി കച്ചവട ബന്ധങ്ങളുണ്ടായിരുന്നു. തലശേãരിയിലാണ് ആദ്യമെത്തിയത്. 1670ല്‍.
ഫ്രഞ്ച് ഭരണം ആരംഭിച്ചകാലം തൊട്ടുതന്നെ മയ്യഴിക്കാര്‍ ഫ്രഞ്ച് ജനതയായി അറിയപ്പെട്ടു. 1954 ല്‍ മയ്യഴി സവതന്ത്രമായതോടെ ഫ്രഞ്ച് മലയാളി കാലഘട്ടം തുടങ്ങി. 1962 ലെ കരാര്‍ അനുസരിച്ച് അന്ന് ഇഷട്മുള്ള പൌരത്വം സ്വീകരിക്കാന്‍ മയ്യഴിക്കാര്‍ക്ക് അവകാശം നല്‍കി. അന്ന് 190 പേര്‍ ഫ്രഞ്ചുകാരായി. ഇവരുടെ പിന്‍മുറക്കാര്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇഷ്ടമുള്ള പൌരത്വം തെരഞ്ഞെടുക്കാനുള്ള അവസരവും കാരര്‍ ഉറപ്പാക്കി. ഇത് ഇന്നും തുടരുന്നു. ഇപ്പോള്‍ 32 കുടുംബം, 80 പേര്‍. ആദ്യതലമുറ കേരളത്തിലുണ്ട്. രണ്ടും മൂന്നും തലമുറ ഏറെയും ഫ്രാന്‍സിലേക്ക് കുടിയേറി. 120 പേര്‍. ഫ്രാന്‍സ്കാണാത്ത ഫ്രഞ്ച് പൌരന്‍മാരും ഇവിടെയുണ്ട്. ഫ്രഞ്ച് പെന്‍ഷന്‍ ലഭിക്കുന്ന ഇവരുടെ മരണ ജനന വിവാഹങ്ങളെല്ലാം കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

തമിഴര്‍

കേരളത്തില്‍ ഏറ്റവും കൂടുതലുള്ള ഭാഷാന്യൂനപക്ഷം തമിഴ് വംശജരാണ്. ഇവര്‍ മൂന്ന് വിഭാഗമുണ്ട്. തമിഴ് മാതൃഭഷയായി സ്വീകരിച്ച തമിഴ് ബ്രാഹ്മണര്‍. ഇവര്‍ അഞ്ച് ലക്ഷം വരും. 900 മുതല്‍ ഇവരുടെ കുടിയേറ്റമുണ്ട്. മറ്റ് ജാതി^വര്‍ഗ വിഭാഗങ്ങളില്‍ പെട്ട തമിഴരാണ് രണ്ടാമത്തേത്. ഇവര്‍ ഭാഷയും തമിഴ് സംസ്കാരവും ബ്രാഹ്മണരെപ്പോലെ നിലനിര്‍ത്തിയില്ല. കേരളവുമായി ഇഴുകിച്ചേര്‍ന്നു. തട്ടാന്‍, കുശവന്‍, ചക്കാട്ടുകാര്‍, നാടാര്‍, ചെട്ട്യാര്‍, ചാക്യന്‍, ചാലിയ, ചാന്നാര്‍ തുടങ്ങിയവരും മൂശാരി, തച്ചന്‍, കല്ലാശãാരി, കൊല്ലന്‍, പാണ്ടിപ്പണ്ടാരം തുടങ്ങിയ കുലത്തൊഴില്‍ ചെയ്യുന്നവരും ആറന്‍മുള കണ്ണാടി നിര്‍മാതാക്കള്‍, വയനാടന്‍ ചെട്ടികള്‍, മുണ്ടാടന്‍ ചെട്ടികള്‍ തുടങ്ങിയവരടെ മൂനതലമുറ തമിഴരാണ്. ഇപ്പോള്‍ ജോലി തേടിയെത്തുന്നവരും അവരുടെ പിന്‍മുറക്കാരുമാണ് മൂന്നാം വിഭാഗം.

മറ്റ് ഭാഷാ വിഭാഗങ്ങള്‍

കേരളത്തിലെ മറ്റ് രണ്ട് ഭാഷാ സമൂഹം ചൈനീസും അറബിയും മാതൃഭാഷയായി സ്വീകരിച്ചവരാണ്. 1981ലെ സെന്‍സസ് പ്രകാരം ചൈനീസ് സംസാരിക്കുന്ന 204 പേര്‍ കേരളത്തിലുണ്ട്. അറബി മാതൃഭാഷയായി സ്വീകരിച്ച 567 പേരുണ്ട്. ഇതില്‍ 560 പേര്‍ ആലപ്പുഴയിലാണ്. 7 പേര്‍ മലപ്പുറത്തും. ഇവരടക്കം കന്നട, ബംഗാളി, നേപ്പാളി, ഹിന്ദി, തെലുങ്ക്, ഉറുദു, മറാഠി ഭാഷകള്‍ സംസാരിക്കുന്നവര്‍ കേരളത്തിലുണ്ടെങ്കിലും അവര്‍ക്കൊന്നും ഭാഷാ ന്യൂനപക്ഷ പദവി കിട്ടിയിട്ടില്ല. കന്നട സംസാരിക്കുന്നവര്‍ രണ്ട് ലക്ഷമുണ്ട്. കൊങ്കണികളിലെ താഴ്ന്ന ജാതിക്കാരായ കുടുംബികള്‍, കുടുംബി ഭാഷ സംസാരിക്കുന്നവരാണ്. തുളു സംസാരിക്കുന്ന തുളു ബ്രഹമണരും ഏതാനും സിക്ക് കുടുംബങ്ങളും കേരളത്തിലുണ്ട്. സിക്കുകാരില്‍ പഞ്ചാബി മാതൃഭാഷക്കാരുണ്ട്. പത്തനംതിട്ടയിലും ആലപ്പുഴയിലും മതം മാറിയ മലയാളി സിക്കുകാരുമുണ്ട്.
 

No comments:

Post a Comment